INDIA

അഭിമാന പ്രശ്നമാക്കരുത്; ചീറ്റകൾ ചാകുന്നത് പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ പരാജയം,മാറ്റി പാർപ്പിച്ചുകൂടെയെന്നും സുപ്രീംകോടതി

വെബ് ഡെസ്ക്

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റകള്‍ ചത്തൊടുങ്ങുന്ന സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാവുന്നത് ​ഗുരുതര വീഴ്‌ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രൊജക്റ്റ് ചീറ്റ പദ്ധതി അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും കേന്ദ്ര സർക്കാരിനോട് പറഞ്ഞു. ചില ചീറ്റപ്പുലികളെ രാജസ്ഥാനിലേക്ക് മാറ്റാമെന്നും കോടതി വാക്കാൽ നിർദേശിച്ചു.

ജസ്റ്റിസുമാരായ ബിആർ ഗവായ്, ജെബി പർദിവാല, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന എല്ലാ ചീറ്റകളെയും മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് മാത്രം അയച്ചത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ''കഴിഞ്ഞയാഴ്ച രണ്ട് മരണം കൂടി. എന്തുകൊണ്ടാണ് ഇത് ഒരു അഭിമാന പ്രശ്നമായി മാറുന്നത്? ദയവായി ചില പോസിറ്റീവ് നടപടികൾ സ്വീകരിക്കുക. ചീറ്റകളെ കൂട്ടത്തോടെ ഒന്നിച്ചു പാര്‍പ്പിക്കുന്നത് എന്തിനാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാകുന്നത് ഗുരുതര വീഴ്ചയാണ്''- ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടു.

എന്നാൽ ചീറ്റകളുടെ അപ്രതീക്ഷിതമല്ല എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. അൻപത് ശതമാനം ചീറ്റകളും ചത്തത് ആശങ്കാജനകമല്ലെന്നും യഥാർഥത്തിൽ ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ചീറ്റകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ബെഞ്ചിന് ഉറപ്പ് നൽകി. സ്വാഭാവിക പരിസ്ഥിതിയില്‍നിന്ന് മാറുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങൾ സ്വാഭാവികമാണെന്നും നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ 50 ശതമാനവും ചത്തേക്കുമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നതായും ഭാട്ടി വ്യക്തമാക്കി. അതിനിടെ, കാലാവസ്ഥയാണോ അതോ കിഡ്‌നി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണോ ചീറ്റകളുടെ മരണകാരണമെന്ന്‌ കോടതി ചോദിച്ചു. ഓരോ ചീറ്റയുടെ മരണത്തിന്റെയും വിശദമായ വിശകലനം നടത്തിവരികയാണെന്നും സ്റ്റാറ്റസ് റിപ്പോർട്ടിൽ ഇത് സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുമെന്നും ഭാട്ടി അറിയിച്ചു.

ചീറ്റകളെ രാജസ്ഥാനിലെ ജവായ് നാഷണൽ പാർക്ക് നാഷണൽ പാർക്കിലേക്ക് മാറ്റാനായിരുന്നു കോടതി നിർദേശം. എന്നാൽ മുൻപ് രാജസ്ഥാനിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയപ്പോൾ കടുവകൾ സമാനരീതിയിൽ ചത്തിരുന്നു എന്ന് ഭാട്ടി ചൂണ്ടിക്കാട്ടി. ചീറ്റകളെ മാറ്റുന്ന കാര്യം എല്ലാ വശവും നോക്കി പരിഗണിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ചീറ്റകളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ഭാട്ടി അറിയിച്ചു.

ചീറ്റകളെ രാജസ്ഥാനിലേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് കുഞ്ഞുങ്ങളടക്കം എട്ട് ചീറ്റകളാണ് കുനോ നാഷണല്‍ പാര്‍ക്കിൽ ചത്തത്. 2022 സെപ്തംബര്‍ 17നാണ് അഞ്ച് ആണും മൂന്ന് പെണ്ണും അടങ്ങുന്ന ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടത്. 2023 ഫെബ്രുവരി 12ന് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച 12 ചീറ്റകളെയും കുനോയില്‍ തുറന്നുവിട്ടിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിച്ച 20 ചീറ്റകളില്‍ 15 എണ്ണമാണ് ബാക്കിയുള്ളത്.

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തന്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി

പൂനെ പോർഷെ അപകടം: വാഹനമോടിച്ച പതിനേഴുകാരന്റെ പിതാവ് അറസ്റ്റിൽ, കൊലപാതകമെന്ന് മരിച്ച ടെക്കികളുടെ കുടുംബം

കാലാവസ്ഥ മാറ്റം, മലിനീകരണം: ലോകത്തുടനീളം ദേശാടന ശുദ്ധജലമത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നു; 80 ശതമാനത്തിലേറെ കുറഞ്ഞതായി പഠനം

ട്രംപിന്റെ ജീവിതകഥയുമായി 'ദി അപ്രൻ്റിസ്' കാനിൽ; ആദ്യ ഭാര്യ ഇവാനക്കെതിരായ ലൈംഗികാതിക്രമ രംഗങ്ങളും ചിത്രത്തിൽ

തുടങ്ങിയത് 'വിശ്വഗുരുവില്‍'; കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്കുശേഷം 'ട്രാക്ക് മാറ്റി' മോദി, പിന്നീട് വിദ്വേഷപ്രസംഗങ്ങൾ