INDIA

ഭൂമികയ്യേറ്റവും ലൈംഗികാരോപണങ്ങളും മൂലം പ്രതിരോധത്തിലാകുന്ന മമത; സിംഗൂരിന്റെ ആവര്‍ത്തനമാകുമോ തൃണമൂലിന് സന്ദേശ്ഖാലി?

സനു ഹദീബ

കർഷകരുടെ ഭൂമി കയ്യേറാനുള്ള സമീപകാല നീക്കങ്ങളെല്ലാം പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ ചെറുത്തുനിൽപ്പുകളിലാണ് കലാശിച്ചത്. സിംഗൂരും നന്ദിഗ്രാമും ഭാംഗറും കടന്ന് അത് സന്ദേശ്ഖാലിയിലെത്തിനിൽക്കുകയാണ്. സിംഗൂർ-നന്ദിഗ്രാം പ്രക്ഷോഭങ്ങളിൽ മുതലെടുത്ത് 34 വർഷത്തെ സിപിഎം തുടർഭരണത്തിന് അന്ത്യംകുറിച്ച തൃണമൂൽ കോൺഗ്രസിന്റെ കാര്യത്തിൽ സന്ദേശ്ഖാലി ചരിത്രത്തിന്റെ ആവർത്തനമാകുമോ?

ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സാധാരണ ഗ്രാമമായ സന്ദേശ്ഖാലി വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്കാണ് ഈ അടുത്ത ദിവസങ്ങളിൽ സാക്ഷ്യംവഹിക്കുന്നത്. ഭൂമികയ്യേറ്റവും ലൈംഗികാരോപണങ്ങളും ഉന്നയിച്ച് സ്ത്രീകൾ ഉൾപ്പെടയുള്ള ജനക്കൂട്ടം തെരുവിലിറങ്ങിയതോടെ പ്രതിരോധിക്കാൻ പ്രയാസപ്പെടുകയാണ് തൃണമൂൽ കോൺഗ്രസും മുഖ്യമന്ത്രി മമത ബാനർജിയും.

സന്ദേശ്ഖാലിയിൽനിന്ന് തൃണമൂലിനെ 2011ൽ അധികാരത്തിലെത്തിച്ച നന്ദിഗ്രാം, സിംഗൂർ സംഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അവിടെയുമുണ്ട് സമാനമായ ചിലത്. ഭൂമി കയ്യേറ്റത്തിന്റെ ആരോപണങ്ങളും ലൈംഗികാതിക്രമങ്ങളും ഭരണകൂടം വിറച്ച പ്രതിഷേധവും രക്തം ചിന്തലുമെല്ലാം. ഒപ്പം ബംഗാളിൽ ചിന്നഭിന്നമായിപോയ സിപിഎമ്മിന്റെ ചരിത്രം കൂടിയാണത്. പിന്നീടൊരിക്കലും ബംഗാളിൽ പച്ചപിടിക്കാൻ ഇടതുപക്ഷത്തിനായിട്ടില്ല. 2021ൽ നടന്ന അവസാന നിയമസഭാ തിരഞ്ഞടുപ്പിൽ സമ്പൂർണമായിരുന്നു സിപിഎമ്മിന്റെ തകർച്ച.

നന്ദിഗ്രാം

തുടര്‍ച്ചയായ 34 വര്‍ഷം ഭരിച്ച സിപിഎമ്മിന് പശ്ചിമ ബംഗാള്‍ നഷ്ടമാകാൻ കാരണമായ സംഭവമാണ് നന്ദിഗ്രാം വെടിവെപ്പ്. വ്യവസായ വികസനത്തിനായി സ്വകാര്യ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ഏതു പാതയും സ്വീകരിക്കാമെന്ന് അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നവലിബറൽ നയങ്ങളാണ് സി പി എമ്മിന്റെ തകർച്ചയുടെ വിത്തുപാകിയത്. തൊഴിലാളി സമരങ്ങളെയും ഹര്‍ത്താലുകളെയും പോലും അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു.

ഇന്തോനേഷ്യന്‍ ബിസിനസ് ഭീമന്മാരായ സലിം ഗ്രൂപ്പിന്റെ നിക്ഷേപത്തില്‍ നന്ദിഗ്രാമിൽ കെമിക്കല്‍ ഹബ്ബ് നിര്‍മിക്കുന്നതിനുള്ള പദ്ധതിയായിരുന്നു ബുദ്ധദേവ് സർക്കാരിന്റെ മനസ്സിൽ. പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് നന്ദിഗ്രാമിൽ 10,000 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വൻ പ്രതിഷേധമാണ് കർഷകരിൽനിന്നുണ്ടായത്.

എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു സർക്കാർ തീരുമാനം. ഭൂമി ഉച്ചദ് പ്രതിരോധ് കമ്മിറ്റി (ഭൂമി ഏറ്റെടുക്കൽ പ്രതിരോധ സമിതി) നേതൃത്വത്തിൽ കർഷകർ സമരം സജീവമാക്കി. 2007 ജനുവരി ആറിന് സമരം അടിച്ചമർത്താൻ ഉദ്ദേശിച്ച് നടത്തിയ പോലീസ് വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. പ്രതിഷേധങ്ങള്‍ ആളിക്കത്തി. ജനങ്ങളെ ശാന്തരാക്കാനുള്ള ഭരണകൂടത്തിന്റെയും പോലീസിന്റെയും ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടു. അയ്യായിരത്തോളം പോലീസാണ് നന്ദിഗ്രാമിന് ചുറ്റും നിലയുറപ്പിച്ചത്.

മാര്‍ച്ച് 14 നാണ് വീണ്ടും പോലീസ് വെടിവെപ്പ്. അന്ന് നന്ദിഗ്രാമിലെത്തിയ പോലീസുകാരെ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെട്ട മനുഷ്യമതിലുകൾ പ്രതിരോധിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പോലീസ് ശ്രമം കണ്ടില്ല. ഒടുവിൽ പോലീസ് വെടിവെക്കാൻ ആരംഭിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 14 പേരാണ് ആ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ആകെയുണ്ടായ പ്രക്ഷോഭങ്ങളിൽ 27 ഗ്രാമവാസികൾ കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ നടുക്കുന്ന ഓർമകളിൽ പലരും ഗ്രാമം തന്നെ വിട്ട് പോയി. സമാനമായി സിംഗൂരില്‍ ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ് പദ്ധതികള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളും അക്രമങ്ങളില്‍ ചെന്നവസാനിച്ചു.

കണക്കുകൂട്ടലുകൾ പിഴച്ചതോടെ സർക്കാർ പദ്ധതി പിൻവലിച്ചു. സംസ്ഥാനത്തെ അസ്ഥിര കാലാവസ്ഥയിൽ മമതയുടെ കണ്ണുടക്കി. സിപിഎമ്മിന്റെ കാലിനടിയിൽനിന്ന് മണ്ണ് പൂർണമായും ഒലിച്ചുപോയപ്പോഴേക്കും മമതയും തൃണമൂലും ബംഗാളിൽ കാലുറപ്പിച്ചുകഴിഞ്ഞിരുന്നു.

തപ്‌സി മാലിക്ക്: സിംഗൂരിന്റെ രക്തസാക്ഷി

ഭൂമിയേറ്റെടുക്കൽ പ്രക്ഷോഭങ്ങൾക്കൊപ്പം ബംഗാളിൽ വലിയ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു തപ്‌സി മാലിക് എന്ന പതിനാറുകാരിയുടെ കൊലപാതകം. ഭൂമിയേറ്റെടുക്കൽ വിരുദ്ധ സമരങ്ങളിൽ സജീവമായിരുന്ന തപ്‌സി മാലിക്കിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിക്കുകയായിരുന്നു. ഭരണകക്ഷിയായ സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കിയത് ഈ സംഭവമായിരുന്നു.

നന്ദിഗ്രാമിൽ ഇന്തോനേഷ്യൻ ഭീമൻ സലിം ഗ്രൂപ്പിനുവേണ്ടിയായിരുന്നു കൃഷിഭൂമിയേറ്റെടുക്കാനുള്ള നീക്കമെങ്കിൽ സിംഗൂരിലത് ഇന്ത്യൻ ഭീമൻ ടാറ്റയ്ക്കുവേണ്ടിയായിരുന്നു. ടാറ്റയുടെ നാനോ കാർ നിർമിക്കാനുള്ള ഫാക്ടറിക്കുവേണ്ടി ആയിരം ഏക്കർ ഏറ്റെടുക്കാനായിരുന്നു ശ്രമം. നന്ദിഗ്രാമിലെപോലെ സിംഗൂരിലും വലിയ ചെറുത്തുനിൽപ്പുണ്ടായി. സാഹചര്യം തൃണമൂൽ കോൺഗ്രസ് നന്നായി മുതലെടുത്തു.

തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സേവ് ഫാംലാൻഡ് കമ്മിറ്റിയുടെ സജീവ അംഗമായിരുന്നു തപ്‌സി. ഭൂമിയേറ്റെടുക്കലിനെതിരായ പ്രതിഷേധ പരിപാടികൾ കഴിഞ്ഞ് മടങ്ങവെയാണ് സിംഗൂരിൽ തപ്‍സിക്കെതിരെ ആക്രമണമുണ്ടായത്. 2006 ഡിസംബർ 18-ന് സിംഗൂരിലെ ടാറ്റ മോട്ടോഴ്‌സിൻ്റെ പ്രോജക്ട് സൈറ്റിനോട് ചേർന്നുള്ള വയലിൽനിന്ന് തപസി മാലിക്കിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തു.

അതിനും ദിവസങ്ങൾക്ക് മുൻപ് ഡിസംബർ 12-നാണ് തപ്‌സിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ അന്നത്തെ സി പി എം സോണൽ കമ്മിറ്റി അംഗം ദേബു മാലിക്കും മറ്റൊരു നേതാവ് സുഹൃദ് ദത്തയും ഉൾപ്പെടുന്നു. സി ബി ഐ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികൾ പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു.

തപ്‌സിയുടെ മരണത്തിൽ രാഷ്ട്രീയം കണക്കിലെടുക്കാതെ പ്രതികൾക്ക് തക്കതായ ശിക്ഷ നൽകുമെന്ന് അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞിരുന്നത്. എന്നാൽ ഈ ഉറപ്പുകളൊന്നും മതിയാവുമായിരുന്നില്ല ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് രോഷാകുലരായിരുന്ന ജനങ്ങളുടെ രോഷത്തെ ശമിപ്പിക്കാൻ.

സിംഗൂരിൽനിന്ന് സന്ദേശ്ഖാലിയിലെത്തുമ്പോൾ

ബുദ്ധദേവ് ഭട്ടാചാര്യ നേരിട്ട അതേ സാഹചര്യത്തിലൂടെയാണ്, അന്ന് ബംഗാളിലുടനീളം പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി മമത ബാനർജി കടന്നുപോകുന്നത്. സന്ദേശ് ഖാലി സംഭവത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെ പോലീസ് അറസ്റ്റ് ചെയ്യുമെന്നും ഉത്തരവാദികൾ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരിക്കുന്നത്. എന്നാൽ പ്രധാന പ്രതിയായ തൃണമൂൽ നേതാവിനെ ഇനിയും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരാൾക്ക് ഇങ്ങനെ എല്ലാവരെയും കബളിപ്പിച്ച് കടന്നുകളയാനുള്ള സാഹചര്യമുണ്ടാക്കരുതെന്നും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനായ ഒരാളെ ഒളിവില്‍ കഴിയാൻ സംസ്ഥാന ഭരണകൂടം തന്നെ പിന്തുണയ്ക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും കൽക്കട്ട ഹൈക്കോടതിക്ക് ഒടുവിൽ പറയേണ്ടിയും വന്നിരിക്കുന്നു.

പ്രമുഖ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനെതി രെയാണ് ലൈഗികാരോപണങ്ങളും ഭൂമി കയ്യേറൽ ആരോപണങ്ങളുമുള്ളത്. വർഷങ്ങൾ നീണ്ട പീഡനങ്ങൾക്കൊടുവിൽ സ്ത്രീകൾ ഒന്നാകെയാണ് നീതി തേടി തെരുവിൽ എത്തിയിട്ടുള്ളത്. ബംഗാളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേവലം പ്രഖ്യാപനങ്ങൾ മതിയാകില്ല. വേഗത്തിൽ സുതാര്യമായ അന്വേഷണം നടത്തുക, പ്രതികളെ പിടിക്കുക, ഇരയായവരുടെ വേദനയിൽ ഒപ്പം നിൽക്കുക എന്നതാണ് ഇനി മമത ബാനർജിക്ക് മുൻപിലുള്ള വഴി. സിംഗൂരിലും നന്ദിഗ്രാമിലും പിഴച്ച സിപിഎമ്മിന്റെ പാഠമുൾക്കൊള്ളാൻ തൃണമൂലിനും മമതയ്ക്കും കഴിഞ്ഞില്ലെങ്കിൽ സന്ദേശ് ഖാലി ബംഗാളിന്റെ വിധി മാറ്റിയെഴുതാൻ കരുത്തുള്ള തീജ്വാലയായി മാറാനുള്ള സാധ്യതയാണ് ബംഗാളിൽനിന്ന് ഇപ്പോൾ പുറത്തുവരുന്നത്. പ്രത്യേകിച്ച് സാഹചര്യത്തെ ഉപയോഗപ്പെടുത്താൻ ബിജെപി സജീവമായി ശ്രമിക്കുന്ന സന്ദർഭത്തിൽ.

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...