INDIA

കർണാടക ബജറ്റ് 2024 : സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

വെബ് ഡെസ്ക്

2024-25 വർഷത്തേക്കുള്ള കർണാടക ബജറ്റ് അവതരിപ്പിച്ച് ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ. മൂന്ന് മണിക്കൂറിലധികം നീണ്ട പ്രസംഗത്തിലൂടെയാണ് സിദ്ധരാമയ്യ ബജറ്റ് അവതരണം പൂർത്തിയാക്കിയത്. സ്ത്രീകൾക്കും ശിശുക്ഷേമത്തിനും യഥാക്രമം 86,423 കോടിയും 54,617 കോടിയും നീക്കി വെച്ചു. ലിംഗ ന്യൂനപക്ഷങ്ങൾ, ദേവദാസികൾ, ഭിന്ന ശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേകം പദ്ദതികൾ പ്രഖ്യാപിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സിദ്ധരാമയ്യ 39,121 കോടി രൂപ അനുവദിച്ചു.

ഈ വർഷത്തെ ബജറ്റ് തുക 3,71,383 കോടി രൂപയാണ്. കഫേ സഞ്ജീവിനി എന്ന പേരിൽ 50 സ്ത്രീകൾ നടത്തുന്ന കഫേകൾ ഈ വർഷം 7.50 കോടി രൂപ മുതൽ മുടക്കിൽ സംസ്ഥാനത്തുടനീളം ആരംഭിക്കും. ആരോഗ്യകരവും വൃത്തിയുള്ളതും താങ്ങാനാവുന്ന വിലയുമുള്ള പരമ്പരാഗത പ്രാദേശിക പാചകരീതി ഉപയോഗിച്ച ഭക്ഷണങ്ങൾ ഈ പദ്ധതിയിയിലൂടെ ലഭ്യമാക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കൂടുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ നിർമിക്കും.

അങ്കണവാടി രംഗം വികസിപ്പിക്കാന്‍ 300 കോടി നീക്കി വെക്കും. പാര്‍ട്ടിയുടെ അഞ്ച് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഗൃഹ ലക്ഷ്മി പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പരാമര്‍ശിച്ചു.1.33 കോടി സ്ത്രീകള്‍ക്ക് പദ്ധതി വഴി പ്രയോജനം ലഭിക്കുന്നു. ജനുവരി അവസാനം വരെ 1.17 കോടി സ്ത്രീകള്‍ ഈ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 11,726 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. 2024-25 വര്‍ഷത്തില്‍ 28,608 കോടി രൂപ നല്‍കും. ഇത് കുടുംബ പരിപാലനത്തിനും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.

അഞ്ജനാദ്രി ഹില്‍സിന് സമീപം ടൂറിസം വികസിപ്പിക്കാന്‍ 100 കോടി, വരുണ അസംബ്ലി നിയോജക മണ്ഡലത്തിലെ കനാലുകളുടെ വികസനം, അതായത് ഗുബ്ബിയ മത്തഡഹള്ളി കുടിവെള്ള പദ്ധതി, രാമനഗരയ്ക്ക് സമീപമുള്ള അര്‍ക്കാവതി റിവര്‍ ഫ്രണ്ട് വികസന പദ്ധതികള്‍ എന്നിവയ്ക്കായി 2,000 കോടി രൂപ അനുവദിച്ചു.

'ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ബജറ്റ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ പത്രികയിലെ അഞ്ച് ഗ്യാരണ്ടികളും ആരംഭിക്കുകയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അന്തരിച്ച ഡോ. രാജ്കുമാറിന്റെ ബംഗാരദ മനുഷ്യ സിനിമയിലെ പ്രശസ്തമായ 'ആഗഡു എന്ദു, കൈലഗഡു എന്ദു' എന്ന ഗാനം ഉദ്ധരിച്ചുകൊണ്ടാണ് സിദ്ധരാമയ്യ ബജറ്റ് പ്രസംഗം ആരംഭിച്ചത്. തന്റെ സര്‍ക്കാരിന്റെ ഉറപ്പുകളെ വിമര്‍ശിച്ചതിന് അദ്ദേഹം കേന്ദ്രത്തെ വിമര്‍ശിച്ചു. 'ഗ്യാരണ്ടി സ്‌കീമുകളില്‍ എനിക്ക് വിശ്വാസമുണ്ട്, കേന്ദ്രത്തിന് ചെയ്യാന്‍ കഴിയാത്തത് ഞങ്ങള്‍ ചെയ്തു,' അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ രംഗത്ത് 50 വിദ്യാര്‍ഥികള്‍ വീതം ഉള്‍ക്കൊള്ളുന്ന 50 മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിക്കും.100 വിദ്യാര്‍ഥികള്‍ വീതമുള്ള 100 പോസ്റ്റ്-മെട്രിക് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകള്‍ ആരംഭിക്കും.100 പുതിയ മൗലാന ആസാദ് സ്‌കൂളുകള്‍ തുറക്കും. ആനേക്കല്‍, നെലമംഗല, ഹൊസ്‌കോട്ട്, ശൃംഗേരി, ഖാനാപുര, ശിരഹട്ടി, യെലന്തൂര്‍ എന്നിവിടങ്ങളില്‍ 280 കോടി രൂപ ചെലവില്‍ 100 കിടക്കകളുള്ള താലൂക്ക് ആശുപത്രികള്‍ സ്ഥാപിക്കും.

ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുള്ള യഥാര്‍ഥ ആഗോള നഗരമായി ബെംഗളൂരു മാറും. അതിനായി ഐടി, ബിടി മേഖലകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, സെമി കണ്ടക്ടര്‍മാര്‍, ഓട്ടോമൊബൈല്‍സ്, മറ്റ് സണ്‍റൈസ് മേഖലകള്‍ എന്നീ രംഗങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും നിരാലംബരുടെ എണ്ണവും കണക്കിലെടുത്ത് കിഴക്കന്‍ ബെംഗളൂരുവില്‍ ഒരു നിരാശ്രിത പരിഹാര കേന്ദ്രം (നിര്‍ധന അഭയകേന്ദ്രം) സ്ഥാപിക്കും. ബെംഗളൂരുവിലെ കെസി ജനറല്‍ ആശുപത്രി വളപ്പില്‍ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും 150 കോടി രൂപ ചെലവില്‍ ഏറ്റെടുക്കും.

ബംഗളൂരുവിലെ വിധാന സൗധയില്‍ തന്റെ പതിനഞ്ചാമത്തെ ബജറ്റ് ആണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചത്.

മുംബൈയിൽ കനത്ത മഴയും പൊടിക്കാറ്റും; പരസ്യബോർഡ് തകർന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍