INDIA

ചോദ്യത്തിന് പണം ആരോപണത്തിൽ വഴിത്തിരിവ്, ലോഗിൻ പാസ് വേഡ് നൽകിയെന്ന് മഹുവ; 'പണം കൈപ്പറ്റിയിട്ടില്ല'

വെബ് ഡെസ്ക്

പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിശദീകരണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ചോദ്യങ്ങൾ ചോദിക്കുന്നതിന് കാശ് വാങ്ങിയില്ലെന്നും എന്നാൽ ചോദ്യങ്ങൾ തയ്യാറാക്കുന്നതിന് ലോഗിനും പാസ്‌വേർഡും ദർശൻ ഹിരനന്ദാനിക്ക് നൽകിയിരുന്നെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മഹുവ ഇക്കാര്യം പറഞ്ഞത്.

ഒരു എംപിയും ചോദ്യങ്ങൾ സ്വയം തയാറാക്കുന്നതല്ല. എംപിമാരുടെ ഔദ്യോഗിക ഇ മെയിൽ കൈകാര്യം ചെയ്യുന്നതിൽ ഒരു നിയമവും നിലവിലില്ലെന്നും മഹുവ പറഞ്ഞു. ദർശൻ ഹീരാനന്ദാനിയുടെ ഓഫീസിലെ ഒരാൾക്ക് ചോദ്യങ്ങൾ ടൈപ്പ് ചെയ്യാനും അപ്ലോഡ് ചെയ്യാനുമായി ഹിരാനന്ദാനിക്ക് ലോഗിനും പാസ്‌വേഡും നൽകിയിട്ടുണ്ട്. എന്നാൽ ചോദ്യം അപ്‌ലോഡ് ചെയ്യുന്നതിന് ഒടിപി ആവശ്യമാണെന്നും മഹുവ പറഞ്ഞു.

തന്റെ ഫോൺ നമ്പരാണ് ഒടിപിക്ക് നൽകിയിട്ടുള്ളത്. ദർശനോ താനോ അറിയാതെ മറ്റാരെങ്കിലും അതിൽ എന്തെങ്കിലും അപ്‌ലോഡ് ചെയ്യാമോയെന്ന ചോദ്യം നിലനിൽക്കുന്നില്ലെന്നും മഹുവ പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ തന്റെ ചോദ്യങ്ങൾ അങ്ങേയറ്റം സാധുതയുള്ളതും ദേശീയ താൽപ്പര്യത്തിന് ഊന്നൽ നൽകുന്നതുമാണെന്നും മഹുവ പറഞ്ഞു.

പണം വാങ്ങിയാണ് ചോദ്യങ്ങൾ ചോദിച്ചതെന്ന് പറയുന്നവർ പണം എവിടെയാണെന്ന് പറയണമെന്നും മഹുവ പറഞ്ഞു. ദർശൻ ഹിരാനന്ദാനി നൽകിയ സത്യവാങ്മൂലത്തിൽ താൻ മോദിയുടെ കടുത്ത ആരാധകനാണെന്ന് പറയുന്നുണ്ടെന്നും ദർശൻ എവിടെയാണ് അദാനിക്കെതിരെ നിലകൊണ്ടതെന്ന് പറയണമെന്നും മഹുവ പറഞ്ഞു. തനിക്കെതിരെയുള്ള ജയ് അനന്ത് ദേഹാദ്രായിയുടെ പരാതിയിലെ ആരോപണങ്ങൾ കണ്ടിട്ട് ചിരിയാണ് വന്നതെന്നും മഹുവ പറഞ്ഞു.

ദേഹാദ്രായിയുടെ പരാതി വ്യാജമാണ്. വ്യക്തിപരമായുണ്ടായിരുന്ന ബന്ധം നഷ്ടപ്പെട്ട ഒരാളെ വ്യാജപരാതി നൽകാൻ ഉപയോഗിച്ചെന്നും മഹുവ ആരോപിച്ചു. തന്റെ കൈയിൽ ഹിരനന്ദാനിയിൽനിന്നുള്ള സത്യവാങ്മൂലം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം പണത്തെക്കുറിച്ചൊന്നും പറഞ്ഞില്ലെന്നും മഹുവ വ്യക്തമാക്കി.

വിലപിടിപ്പുള്ള സമ്മാനങ്ങൾ ദർശനിൽനിന്ന് വാങ്ങിയെന്ന ആരോപണത്തിനും മഹുവ മറുപടി പറഞ്ഞു. തന്റെ ജന്മദിനത്തിന് ഹിരനന്ദാനി ഒരു ഹെർമിസ് സ്‌കാർഫ് തന്നിരുന്നു. പിന്നീട് ലിപ്സ്റ്റിക്കും മെയ്ക്കപ്പ് സാധനങ്ങളും ദർശൻ നന്ദാനി സമ്മാനിച്ചിട്ടുണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞു. മുംബൈയിലോ ദുബായിലോ ആയിരിക്കുമ്പോൾ ദർശന്റെ കാർ തന്നെ എയർപോർട്ടിൽനിന്ന് കൊണ്ടുപോകുന്നതിനായി വന്നിരുന്നെന്നും മഹുവ പറഞ്ഞു.

ദർശന് അതിൽ കൂടുതൽ എന്തെങ്കിലും തെളിയിക്കാൻ കഴിയുമെങ്കിൽ ചെയ്യണം. പണമോ മറ്റെന്തെങ്കിലുമോ താൻ വാങ്ങിയിട്ടില്ല. ദേഹാദ്രായി നൽകിയ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി താൻ ചോദിച്ച ചോദ്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ലോകസഭാ സ്പീക്കർക്ക് ബിജെപി എംപി നിഷികാന്ത് ദുബെ കത്തെഴുതിയ നടപടി, പ്രഹസനവും അസംബന്ധവുമാണെന്നും മഹുവ പറഞ്ഞു.

തന്റെ വീടിന്റെ പണി പൂർണമായും നടത്തിയത് സി പി ഡബ്ല്യു ഡിയാണ്. ദർശന്റെ ആർക്കിടെറ്റുകളിൽ ഒരാളോട് തനിക്ക് വീടിന്റെ പ്ലാൻ തരാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അത് തന്നു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് തന്നിൽ പൂർണ വിശ്വാസമുണ്ട്. ഈ നിസ്സാരമായ ആരോപണങ്ങൾ തെളിയിക്കാൻ തനിക്ക് കഴിയുമെന്നും മഹുവ വ്യക്തമാക്കി.

അതേസമയം ചോദ്യത്തിന് കോഴ വിവാദത്തിൽ പാർലമെന്റ് എത്തിക്സ് കമ്മിറ്റി മുന്നിൽ ഹാജരാകാൻ മഹുവ മൊയ്ത്ര കൂടുതൽ സമയം ആവശ്യപ്പെട്ടു. ആരോപണവുമായി ബന്ധപ്പെട്ട് ഒക്ടോബർ 31 ന് ഹാജരായി വിശദീകരണം നൽകണമെന്ന നിർദേശത്തിന് നവംബർ അഞ്ചിനുശേഷമുള്ള ഒരു ദിനം നിശ്ചയിക്കണമെന്നാണ് മഹുവ ആവശ്യപ്പെട്ടത്.

ബംഗാളിൽ ദുർഗാ പൂജാ ആഘോഷദിനങ്ങളാണ് കടന്നുപോകുന്നത്. ഈ ദിവസത്തിൽ ബംഗാൾ സർക്കാരുമായി ബന്ധപ്പെട്ടും രാഷ്ട്രീയമായും നിരവധി പരിപാടികൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഒക്ടോബർ 30 മുതൽ നവംബർ നാല് വരെ ഡൽഹിയിൽ ഉണ്ടാകില്ലെന്നും മഹുവ വിദശീകരണത്തിൽ പറഞ്ഞിരുന്നു.

ആരോപണങ്ങളിൽ തനിക്ക് പറയാനുള്ള വിശദീകരണങ്ങൾ കേൾക്കുന്നതിന് മുൻപ് പരാതിക്കാരനായ ബിജെപി എംപി നിഷികാന്ത് ദുബെയുടെ നിലപാട് തേടിയ കമ്മിറ്റി നടപടി സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും മഹുവ ചൂണ്ടിക്കാട്ടി. നിഷികാന്ത് ദുബെയുടെയും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയും ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ താൻ ആഗ്രഹിച്ചിരുന്നെന്നും ക്രോസ് വിസ്താരത്തിന് അവസരം വേണമെന്നും മഹുവ പറഞ്ഞു.

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കി അമേരിക്ക

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?

ഡെങ്കിപ്പനി സാധ്യത കൂട്ടുന്ന കാലാവസ്ഥാവ്യതിയാനം; രോഗം വന്നവര്‍ക്കും വരാത്തവര്‍ക്കും വേണം ശ്രദ്ധ, പനി അവഗണിക്കരുത്