INDIA

പാർലമെന്റിലെ അതിക്രമിച്ച് കയറ്റം; പ്രതികൾ ആറുപേരെന്ന് പോലീസ്, സ്പീക്കർക്ക് വിശദീകരണം നൽകുമെന്ന് എംപി പ്രതാപ് സിംഹ

വെബ് ഡെസ്ക്

പാർലമെന്റ് സമ്മേളനത്തിനിടെ അതിക്രമിച്ച് കയറി സ്‌മോക് സ്‌പ്രേ പ്രയോഗിച്ച സംഭവത്തിൽ ആറ് പ്രതികളുണ്ടെന്ന് പോലീസ്. പാർലമെന്റിനകത്ത് മഞ്ഞ സ്‌മോക് സ്പ്രേ ഉപയോഗിച്ച രണ്ട് പേരും പുറത്ത് സമാനമായ രീതിയിൽ പ്രതിഷേധിച്ച രണ്ട് പേർക്കും പുറമെ മറ്റുരണ്ട് പേർ കൂടി കേസിൽ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്.

പാർലമെന്റിൽ സഭയ്ക്കുള്ളിൽ പ്രതിഷേധിച്ച സാഗർ ശർമ്മ, ഡി മനോരഞ്ജൻ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം ദേവി, അമോൽ ഷിൻഡെ എന്നിവരും ഇവർക്ക് സഹായം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ലളിത് ഝ,വിക്കി ശർമ്മ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.

പ്രതികൾക്കുള്ള താമസസൗകര്യം ഒരുക്കിയത് ലളിത് ഝയാണെന്നാണ് പോലീസ് പറയുന്നത്. ഉത്തർപ്രദേശിലെ ലഖ്നൗ, കർണാടകയിലെ മൈസൂർ, മഹാരാഷ്ട്രയിലെ ലാത്തൂർ, ഹരിയാനയിലെ ഹിസാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കേസിൽ പിടിയിലായവർ.

ലോക്സഭയുടെ സന്ദർശക നിരയിൽ ഇരുന്നിരുന്ന സാഗർ ശർമ്മയും മനോരഞ്ജനും ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസ് ആയിരുന്നു പ്രവേശന പാസുകൾ നൽകിയത്. അതേസമയം വിഷയത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയെ നേരിട്ട് കാണുമെന്നും വിശദീകരണം നൽകുമെന്നും എംപി മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ പിടിയിലായ ആറുപേരും നാല് വർഷമായി പരസ്പരം അറിയാവുന്നവരാണെന്നും ഒരുമിച്ചാണ് ഈ പദ്ധതി ആവിഷ്‌കരിച്ചതെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മുഴുവൻ പേരും പാർലമെന്റിൽ കയറാൻ ശ്രമിച്ചിരുന്നെങ്കിലും രണ്ട് പേർക്ക് മാത്രമാണ് പാസ് ലഭ്യമായത്.

അതേസമയം പാർലമെന്റ് അക്രമണ വാർഷികത്തിൽ തന്നെ ഇത്തരത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചതിന് പിന്നാലെ സ്പീക്കർ ഓം ബിർള സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മഞ്ഞകളറിലുള്ള സ്മോക് സ്പ്രേയാണ് പാർലമെന്റിൽ ഉപയോഗിച്ചത്.കളർ ഗ്യാസ് കാനിസ്റ്റർ എന്നാണ് പൊതുവേ സ്മോക് സ്പ്രേകൾ അറിയപ്പെടുന്നത്.

സ്മോക്ക് സ്പ്രേ കാനുകളോ സ്മോക്ക് ബോംബുകളോ പല രാജ്യങ്ങളിലും നിയമപരമാണ്, ഒട്ടുമിക്ക റീട്ടെയിൽ മാർക്കറ്റുകളിലും ഇവ ലഭ്യമാണ്. സൈനിക ആവശ്യങ്ങൾക്കും സാധാരണക്കാരും വിവിധ ആവശ്യങ്ങൾക്കനുസരിച്ച് ഇത്തരം സ്മോക് കാനുകൾ ഉപയോഗിക്കുന്നുണ്ട്.

ശത്രുക്കൾക്ക് തങ്ങളുടെ നീക്കം മനസിലാവാതെ ഇരിക്കാനാണ് പ്രധാനമായും സൈന്യം സ്മോക് ബോംബുകൾ ഉപയോഗിക്കുന്നത്. ഇതിന് പുറമെ അടിയന്തരമായി വിമാനങ്ങൾക്കോ ഹെലികോപ്റ്ററുകൾക്കോ ലാൻഡിങിന് സൂചനകൾ നൽകാനും ഇവ ഉപയോഗിക്കും.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ്, സൈനിക സംഘങ്ങൾ സ്മോക് ഗ്രനേഡുകളും ഉപയോഗിക്കാറുണ്ട്. ഫോട്ടോഗ്രാഫിയിൽ ഇഫക്ടുകൾക്കായും ആഘോഷങ്ങൾക്കായും ഇത്തരം സ്മോക് കാനുകൾ ഉപയോഗിക്കും. തങ്ങളുടെ ഇഷ്ട ടീമിന്റെ കളർ കോഡിലുള്ള സ്മോക്കുകൾ ഉപയോഗിച്ച് സ്റ്റേഡിയങ്ങളിൽ ആരാധകർ പിന്തുണ അറിയിക്കാനും ഇത്തരം സ്മോക്കുകൾ ഉപയോഗിക്കും.

2001 ലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെ നാല് ലെയറുള്ള സുരക്ഷാ പരിശോധനകളാണ് നിലവിൽ പാർലമെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഡൽഹി പോലീസിന്റെ ഒരു പ്രത്യേക യൂണിറ്റും സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്) സംഘവും പാർലമെന്റിൽ നിയോഗിക്കപ്പെട്ടിട്ടുണ്ട്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, ഫയർ സർവീസ് എന്നിവയുൾപ്പെടെ മറ്റ് ഏജൻസികൾ ഉൾപ്പെടുന്ന സുരക്ഷാസംഘങ്ങളുമുണ്ട്.

ഫോണുകൾ, ബാഗുകൾ, പേനകൾ, വാട്ടർ ബോട്ടിലുകൾ, നാണയങ്ങൾ പോലും പാർലമെന്റിന് അകത്ത് സന്ദർശകർക്ക് അനുവദനീയമല്ല, കൂടാതെ സന്ദർശകരുടെ ആധാർ കാർഡും കാണിക്കണം. പിന്നീട് 3 ഫുൾ ബോഡി സ്‌കാനറുകളിലെ പരിശോധനയ്ക്ക് ശേഷം ശേഷം മാത്രമേ സന്ദർശകർക്ക് പാസ് അനുവദിക്കൂ. ഇതുകൂടാതെ സന്ദർശകരുടെ പശ്ചാത്തല പരിശോധനയും പാർലമെന്റ് അംഗം സന്ദർശകർക്ക് പ്രവേശനം ശിപാർശ ചെയ്യുന്ന കത്തും ഹാജരാക്കണം.

ഇത്രയും സുരക്ഷാ പരിശോധനകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കാനുകൾ കണ്ടെത്താൻ സാധിക്കാതിരുന്നതെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. പ്രതിഷേധക്കാർ ക്യാനുകൾ പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് ഷൂവിന് ഉള്ളിൽ ഒളിപ്പിച്ചാണ് കടത്തിയതെന്നും അതിനാലാണ് സുരക്ഷാ സ്‌കാനറിൽ ഇവ കാണാതിരുന്നതെന്നുമാണ് സുരക്ഷാ വിദഗ്ധർ പറയുന്നത്. അതേസമയം ഫുൾ ബോഡി സ്‌കാനറുകളിൽ നിന്ന് ഇവർ എങ്ങനെ രക്ഷപ്പെട്ടുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം