INDIA

ജാതി സെൻസസിൽ കർണാടക കോൺഗ്രസിൽ ഭിന്നത; റിപ്പോർട്ട് പുറത്തുവിടുന്നതിനെ എതിർത്ത് വൊക്കലിഗർക്കൊപ്പം ഡി കെ ശിവകുമാർ

ദ ഫോർത്ത് - ബെംഗളൂരു

അധികാരത്തിലേറിയാൽ ജാതി കണക്കെടുപ്പ് റിപ്പോർട്ട് പുറത്തുവിടുമെന്ന കർണാടക കോൺഗ്രസിന്റെ വാഗ്ദാനം പാഴ്വാക്കായേക്കും. റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ സിദ്ധരാമയ്യ സർക്കാരിനുമേൽ സമ്മർദമെന്നാണ് പുറത്തുവരുന്ന വിവരം. കർണാടകയിലെ പ്രബല സമുദായവും കോൺഗ്രസിന്റെ വോട്ട് ബാങ്കുമായ  വൊക്കലിഗ സമുദായം റിപ്പോർട്ട് പുറത്തുവരുന്നതില്‍  കടുത്ത എതിർപ്പുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയെ സമീപിച്ചിരിക്കുകയാണ്. സമുദായത്തിലെ പ്രമുഖ നേതാക്കൾ ഒപ്പിട്ട നിവേദനം 'കർണാടക വൊക്കലിഗ സംഘം' മുഖ്യമന്ത്രിക്ക് കൈമാറി.

വൊക്കലിഗ സമുദായത്തിൽനിന്നുള്ള  പ്രമുഖ നേതാക്കളായ എച്ച് ഡി ദേവെ ഗൗഡ, എച്ച്  ഡി കുമാരസ്വാമി, എസ് എം കൃഷ്ണ, ഡി വി സദാനന്ദ ഗൗഡ, ശോഭ കരന്തലജെ, അശ്വത് നാരായണ തുടങ്ങിയവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്. കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും വൊക്കലിഗ സമുദായ പ്രതിനിധിയുമായ ഡി കെ ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരനും എം പി യുമായ ഡി കെ സുരേഷും  നിവേദനത്തെ പിന്തുണച്ച് രംഗത്തെത്തിയെന്നതാണ് ഏറെ ആശ്ചര്യാജനകം.  സിദ്ധരാമയ്യ മന്ത്രിസഭയിൽ കൃഷിമന്ത്രി ചെലുവാരയ്യ സ്വാമിയും നിവേദനത്തിൽ ഒപ്പിട്ടവരിൽപ്പെടും. സമുദായത്തിൽനിന്നുള്ള നിരവധി കോൺഗ്രസ് എം എൽ എ മാരും ജാതി കണക്കെടുപ്പ് റിപ്പോർട്ട് പുറത്തുവരുന്നതിനെ എതിർത്ത് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട് .

സിദ്ധരാമയ്യ സർക്കാർ മുൻപ് കർണാടക ഭരിച്ച 2015 ൽ ആയിരുന്നു സംസ്‌ഥാനത്ത് ജാതി കണക്കെടുപ്പ്  നടത്തിയത്

ജാതി സെൻസസ് നടത്തിയത് അശാസ്ത്രീയമാണെന്നും കണക്കെടുപ്പിന്റെ രീതി ശരിയല്ലെന്നുമാണ് വൊക്കലിഗർ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്. പുതിയ സർവേ നടത്തണമെന്നാണ് ഇവരുടെ നിർദേശം. ജാതി കണക്കെടുപ്പ് നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ലെന്ന റിപ്പോർട്ട് നിയമ വിരുദ്ധമാണെന്നും കർണാടകയിലെ മുഴുവൻ ജനങ്ങളും കണക്കെടുപ്പിന്റെ ഭാഗമായിരുന്നില്ലെന്നും ഇവർ സൂചിപ്പിക്കുന്നു. 2015 നു ശേഷം സമൂഹത്തിലുണ്ടായ മാറ്റങ്ങളൊന്നും പ്രതിഫലിക്കുന്നതല്ല ആ റിപ്പോർട്ടെന്നും അത് പുറത്തുവിട്ടാൽ വൊക്കലിഗ സമുദായത്തോടുള്ള അനീതിയാകുമെന്നും അവർ വാദിക്കുന്നു. കണക്കെടുപ്പിന്റെ വിശദവിവരങ്ങൾ ഇപ്പോഴും രഹസ്യമാണെങ്കിലും ചോർന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൊക്കലിഗ സമുദായം എതിർപ്പ് ഉന്നയിക്കുന്നത് .

കർണാടകയിൽ ലിംഗായത്തുകളെപ്പോലെ തന്നെ പ്രബല വിഭാഗമാണ് 'ഗൗഡ' എന്ന ഉപനാമത്തിൽ അറിയപ്പെടുന്ന വൊക്കലിഗർ. 11 ജില്ലകളിൽ സ്വാധീനമുള്ള വോട്ട് ബാങ്കുകൂടിയാണ് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം ഈ സമുദായം. ആദി ചുഞ്ചനഗിരി മഠം ഉൾപ്പടെ നിരവധി മഠങ്ങൾ ഇവരുടേതായി കർണാടകയിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സമുദായത്തിന്റെ ആവശ്യം നിരാകരിച്ച് മുന്നോട്ടുപോകുക അത്ര എളുപ്പമാകില്ല കോൺഗ്രസ് സർക്കാരിന്.

സിദ്ധരാമയ്യ സർക്കാർ മുൻപ് കർണാടക ഭരിച്ച 2015 ൽ ആയിരുന്നു സംസ്ഥാനത്ത് ജാതി കണക്കെടുപ്പ്  നടത്തിയത്. റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയെങ്കിലും അപ്പോഴേക്കും കോൺഗ്രസ് സർക്കാരിന്റെ കാലാവധി അവസാനിച്ചു. എന്നാൽ തുടർന്ന് അധികാരത്തിലിരുന്ന ജെഡിഎസ് - കോൺഗ്രസ് സഖ്യ സർക്കാരിന്റെ മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമിയോ തുടർന്നുവന്ന ബിജെപി സർക്കാരിലെ മുഖ്യമന്ത്രിമാരായ ബി എസ് യെദ്യുരപ്പയോ ബസവരാജ്‌ ബൊമ്മെയോ റിപ്പോർട്ട് പുറത്തുവിട്ടില്ല.

കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ജാതി കണക്കെടുപ്പ് വീണ്ടും ചർച്ചയായത്. ഒ ബി സി - പട്ടിക ജാതി സംവരണം അട്ടിമറിച്ച ബൊമ്മെ സർക്കാരിനെ ചോദ്യം ചെയ്തായിരുന്നു അധികാരമേറ്റയുടൻ ജാതി കണക്കെടുപ്പ് റിപ്പോർട്ട് പുറത്തുവിടുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. മുസ്ലിങ്ങളെ ഒ ബി സി സംവരണ ക്വാട്ടയിൽനിന്ന് പുറത്താക്കിയും പട്ടികജാതി സംവരണത്തിനുള്ളിൽ സംവരണം കൊണ്ടുവന്നും ബിജെപി സർക്കാർ കാണിച്ച കൗശലം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് തുറന്നുകാട്ടിയിരുന്നു.

പിന്നാക്കവിഭാഗങ്ങളുടെ പിന്തുണയോടെ രാജ്യത്ത് വീണ്ടും അധികാരത്തിൽ തിരിച്ചുവരാമെന്ന ലക്ഷ്യവുമായാണ് കോൺഗ്രസ് ജാതി സെൻസസിന് ഇതുവരെ നൽകാത്ത പ്രാധാന്യം നൽകുന്നത്. കർണാടകയ്ക്കു പിന്നാലെ ബിഹാറും രാജസ്ഥാനുമൊക്കെ ജാതി കണക്കെടുപ്പിനെ അനുകൂലിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന, ഇന്ത്യ മുന്നണിയും ജാതി സെൻസസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായി ഉൾപ്പെടുത്താൻ നീക്കം നടത്തുകയാണ്. ഇതിനിടയിലാണ് കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ കർണാടകയിൽനിന്ന് ഭിന്നസ്വരമുയരുന്നത്. ജാതി സെൻസസ് റിപ്പോർട്ടിനെ എതിർത്ത് മന്ത്രിസഭാംഗം തന്നെ രംഗത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്ത് നിലപാടെടുക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്.

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം; കൊമ്പുകോര്‍ത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍

ഗുജറാത്ത് ബിജെപിയില്‍ 'തോല്‍ക്കുന്ന' അമിത് ഷാ!

പാടുപെടുത്തി പാട്ടീദാര്‍; ക്യാപിറ്റല്‍സിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം

10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീ ടു? പൊട്ടിത്തറികള്‍ക്ക് വേദിയാകുമോ കാന്‍ ഫെസ്റ്റിവെൽ?

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും