INDIA

ശരദ് പവാറും അജിത് പവാറും തമ്മിൽ രഹസ്യ കൂടിക്കാഴ്ച ; കാര്യമെന്തെന്ന് തനിക്ക് അറിയില്ലെന്ന് ജയന്ത് പാട്ടീല്‍

വെബ് ഡെസ്ക്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും എന്‍സിപി നേതാവ് ശരദ് പവാറും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. പൂനെയിലെ ഒരു വ്യവസായിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതായാണ് സൂചന. അതേസമയം എന്താണ് ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്‌തെന്ന് അറിയില്ലെന്നും ഇതൊരു രഹസ്യ കൂടിക്കാഴ്ച അല്ലെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു. ഇത്തരമൊരു കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്.

ശനിയാഴ്ച ഉച്ചയോടെ ഒരു മണിയോടെ കൊറേഗാവ് പാര്‍ക്ക് ഏരിയയിലെ വ്യവസായിയുടെ വസതിയില്‍ ശരദ് പവാര്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയതിരുന്നു. അഞ്ച് മണിക്ക് അദ്ദേഹം തിരിച്ചു പോവുകയും ചെയ്തു. എന്നാല്‍ 6.45 ന് അജിത് പവാറും വസതിയില്‍ നിന്ന് ഇറങ്ങി കാറില്‍ കയറി പോകുന്നതും ചാനലുകളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എന്നാല്‍ ഇതൊരു രഹസ്യക്കൂടിക്കാഴ്ച അല്ലെന്നായിരുന്നു ജയന്ത് പാട്ടീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം തന്റെ അനന്തരവനുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് ശരദ് പവാര്‍ ചോദിച്ചു. ' അജിത് പവാര്‍ എന്റെ അനന്തരവന്‍ ആണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അനന്തരവനെ ഞാന്‍ കാണുന്നതില്‍ എന്താണ് തെറ്റ്. കുടുംബത്തിലെ മുതിര്‍ന്ന ഒരാള്‍ മറ്റൊരു കുടുംബാംഗത്തെ കാണുന്നതില്‍ ഒരു പ്രശ്‌നവും ഉണ്ടാകരുത്' ശരദ് പവാര്‍ പ്രതികരിച്ചു. 'ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ എന്‍സിപി ഒരിക്കലും ബിജെപിക്കൊപ്പം പോകില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുമായുള്ള ഒരു ബന്ധവും എന്‍സിപിയുടെ രാഷ്ട്രീയ നയവുമായി യോജിക്കുന്നതല്ല' ശരദ് പവാര്‍ പറഞ്ഞു.

ചില കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ സഹോദരന് നോട്ടീസ് അയച്ചിരുന്നുവെന്ന് ജയന്ത് പാട്ടീല്‍ പറഞ്ഞു. 'നാലു ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഇഡി ഓഫീസിലെത്തി എല്ലാ വിവരങ്ങളും സമര്‍പ്പിച്ചു. ഇഡി നോട്ടീസും ഇന്നലത്തെ യോഗവും തമ്മില്‍ ബന്ധിപ്പിക്കുന്നത് തെറ്റാണ്' പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അജിത് പവാര്‍ വിഭാഗത്തില്‍ ചേരുമെന്ന ഊഹാപോഹങ്ങളില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ പാട്ടീല്‍ ശരദ് പവാറിനൊപ്പം തന്നെയാണ് താനെന്നും കൂട്ടിച്ചേര്‍ത്തു. എന്‍സിപിയില്‍ പിളര്‍പ്പില്ല. ശരദ് പവാറാണ് തങ്ങളുടെ നേതാവെന്നാണ് ഇരു വിഭാഗങ്ങളും പറയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം ഇരുവരും തമ്മിലുളള കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് എന്‍സിപി എംഎല്‍എയും ശരദ് പവാറിന്റെ ചെറുമകനുമായ രോഹിത് പവാര്‍ പറഞ്ഞു. കുടുംബത്തില്‍ കൂടിക്കാഴ്ച നടക്കുന്നതില്‍ എന്താണ് തെറ്റെന്നും രോഹിത് ചോദിച്ചു. ശരദ് പവാറും ബിജെപിക്കൊപ്പം പോകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ കൂടിക്കാഴ്ചയും ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ മാസമാണ് എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ശിവസേന-ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റ് എട്ട് എന്‍സിപി എംഎല്‍എമാരും മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 54 എംഎല്‍എമാരില്‍ ശരദ് പവാര്‍- അജിത് പവാര്‍ വിഭാഗത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം ഇതുവരെ വ്യക്തമായിട്ടില്ല.

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്? ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍