INDIA

മണിപ്പൂർ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസരമാക്കി കേന്ദ്രം; കാര്യമായ ചർച്ചകളില്ലാതെ പാർലമെന്റ് കടത്തിയത് 5 ബില്ലുകള്‍

വെബ് ഡെസ്ക്

മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും വേണ്ടത്ര ചർച്ചകളില്ലാതെ പാർലമെന്റില്‍ കേന്ദ്രസർക്കാർ പാസാക്കിയെടുത്തത് നിരവധി ബില്ലുകള്‍. 'ഇന്ത്യ'സഖ്യത്തിന്റെ പ്രക്ഷോഭങ്ങള്‍ സർക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി നേടിയെടുത്തതാണ് കഴിഞ്ഞ ദിവസം പാർലമെന്റില്‍ കണ്ടത്. ഇതിനിടെയാണ് നീണ്ട ചർച്ചകളോടുകൂടി പാസാക്കേണ്ട പല ബില്ലുകളും കുറഞ്ഞ സമയം കൊണ്ട് സഭയിൽ പാസാക്കപ്പെട്ടത്. വളരെക്കുറച്ച് അംഗങ്ങൾ മാത്രമേ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ളു.

വലിയ ചര്‍ച്ചകളില്ലാതെയും പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയില്ലാതെയുമാണ് ഭൂരിഭാഗം ബില്ലുകളും സര്‍ക്കാര്‍ പാസാക്കിയത്

ജൂലൈ 24നും 28നുമിടയില്‍ 11 ബില്ലുകളാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. അതില്‍ അഞ്ചെണ്ണം പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ രാജ്യസഭയിലും മൂന്ന് ബില്ലുകള്‍ പാസാക്കി. വലിയ ചര്‍ച്ചകളില്ലാതെയും പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയില്ലാതെയുമാണ് ഭൂരിഭാഗം ബില്ലുകളും പാസാക്കിയത്.

സഹകരണ സംഘങ്ങളില്‍ കുടുംബാംഗങ്ങളുടെ പങ്ക് നിയന്ത്രിക്കുന്നതിനും തിരഞ്ഞെടുപ്പ് ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ള മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭേദഗതി ബില്‍ ജൂലൈ 25 ന് വെറും 49 മിനിറ്റുകള്‍ക്കുള്ളിലാണ് ലോക്‌സഭാ പാസാക്കിയത്. ഈ ബില്ലുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നാല് പേര്‍ മാത്രമാണ് പങ്കെടുത്തത്. ബിജെപിയില്‍ നിന്ന് രണ്ട് അംഗങ്ങളും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി , ബിഎസ്പി എന്നിവയില്‍ നിന്ന് ഓരോരുത്തരും വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുന്നില്‍ സംസാരിച്ചു. സഹകരണ മന്ത്രി കൂടിയായ അമിത് ഷാ ഇതിന് മറുപടി പറയുകയും ചെയ്തു.

19 മന്ത്രാലയത്തെ ബാധിക്കുന്ന 42 നിയമത്തിലെ 183 വ്യവസ്ഥകളാണ് ഭേദഗതി ചെയ്യുന്ന ജൻ വിശ്വാസ് ബില്ലും പാർലമെന്റ് കടന്നത് കാര്യമായ ചർച്ചകളില്ലാതെ വെറും 42 മിനിറ്റ് കൊണ്ടാണ്.

ജൈവ വൈവിധ്യ ഭേദഗതി 2021 ബില്‍ ജൂലൈ 25 ന് ലോക്‌സഭയില്‍ വെറും 34 മിനിറ്റിനുള്ളിലാണ് പാസാക്കിയത്

വനസംരക്ഷണ നിയമത്തിൽ കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ പേരിൽ ഏറെ പ്രതിഷേധത്തിന് കാരണമായ വനസംരക്ഷണ ഭേദഗതി ബില്‍ വലിയ ചർച്ചയോ മാറ്റമോ ഇല്ലാതെയാണ് പാസാക്കിയത്. ജൂലൈ 26ന് ബിജെപിയിലെ രണ്ട് അംഗങ്ങളും വൈഎസ്ആര്‍സിപിയുടെയും ശിവസേനയുടെയും ഒരോ അംഗങ്ങളും മാത്രമാണ് ഈ ബില്‍ ഭേദഗതി ചെയ്യാനുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. കൂടാതെ, ജൈവ വൈവിധ്യ ഭേദഗതി 2021 ബില്‍ ജൂലൈ 25ന് ലോക്‌സഭയില്‍ പാസാക്കിയത് വെറും 34 മിനിറ്റിനുള്ളിലാണ്. റിപീലിങ് ആന്‍ഡ് അമെന്റിങ് ബില്‍ വെറും ഒന്‍പത് മിനിറ്റിനുള്ളില്‍ ജൂലൈ 27ന് പാസാക്കിയെടുത്തു.

സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം വരെ തടവും പകർത്തുന്ന സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്തുന്നതടക്കം നിർദേശിക്കുന്ന സിനിമാട്ടോഗ്രഫി ബില്‍ മാത്രമാണ് കാര്യമായ ചർച്ചകള്‍ക്ക് വിധേയമായത്. രണ്ട് മണിക്കൂർ 27 മിനിറ്റായിരുന്നു ചർച്ച ചെയ്യാനെടുത്ത സമയം.

മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം നിസ്സഹകരണവും പ്രതിഷേധവും തുടരുന്നത് അവസരമാക്കിയാണ് ബില്ലുകള്‍ കേന്ദ്രം പാസാക്കിയെടുത്തത്. മണിപ്പൂരിന്റെ കാര്യത്തില്‍ നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ പ്രതിഷേധമുയർത്താൻ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞെങ്കിലും ബില്ലുകളുടെ കാര്യത്തില്‍ സജീവ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം