അജിത് മെയ്തി
അജിത് മെയ്തി 
INDIA

സന്ദേശ്‌ഖാലി: തൃണമൂൽ നേതാവ് അജിത് മെയ്തി അറസ്റ്റിൽ; പിടിയിലായത് ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അടുത്ത അനുയായി

വെബ് ഡെസ്ക്

പശ്ചിമബംഗാളിലെ വിവാദമായ സന്ദേശ്ഖാലി സംഭവത്തിൽ, തൃണമൂൽ കോൺഗ്രസ് നേതാവും ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അനുയായിയുമായ അജിത് മെയ്തിയെ അറസ്റ്റ് ചെയ്ത് പോലീസ്. അജിത്തിന്റെ പാർട്ടി പ്രാദേശിക ഘടകത്തിന്റെ തലപ്പത്തുനിന്ന് നീക്കി ഒരു ദിവസം പിന്നിടവെയാണ് അറസ്റ്റ്. ഭൂമി തട്ടിയെടുക്കൽ, കൊള്ളയടി എന്നീ കുറ്റകൃത്യങ്ങൾ അജിത് മെയ്തി നടത്തിയെന്നാണ് സന്ദേശ്ഖാലിക്കാരുടെ ആരോപണം.

ഒളിവിലുള്ള തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ അടുത്ത സഹായിയായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് അജിത് മെയ്തി. ഞായറാഴ്ച വൈകീട്ട് അജിത്തിനെ ഒരു സന്നദ്ധപ്രവർത്തകന്റെ വീട്ടിൽ തടഞ്ഞുവച്ചിരുന്നു. താൻ ആരുടെയെങ്കില് ഭൂമിയോ പണമോ അപഹരിച്ചതിന് തെളിവുണ്ടെങ്കിൽ തെളിവ് നൽകൂയെന്ന് ആരോപണങ്ങളെക്കുറിച്ച് സംസാരിച്ച അജിത് തിങ്കളാഴ്ച പറഞ്ഞു.

"ഞാൻ ആരുടെയെങ്കിലും ഭൂമിയോ പണമോ അപഹരിച്ചിട്ടുണ്ടെങ്കിൽ അത് പോലീസിന് രേഖാമൂലം നൽകണമെന്ന് കൈകൂപ്പി അഭ്യർത്ഥിക്കുന്നു, ഞാൻ തെറ്റ് ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാൽ അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കും," അജിത് പറഞ്ഞു.

വെള്ളിയാഴ്ച സന്ദേശ്ഖാലിയിലെ ബെർമജൂരിൽ പ്രതിഷേധങ്ങൾക്കിടയിൽ ഗ്രാമവാസികൾ അജിത് മെയ്തിയുടെ വീട് കൊള്ളയടിക്കുകയും നേതാവിനെ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ചിരുന്നു.താനൊരു തൃണമൂൽ നേതാവായതുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നാണ് അജിത് നൽകുന്ന വിശദീകരണം. തന്റെ ഭാര്യയെയും ആൾകൂട്ടം അടിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കൊൽക്കത്തയിൽനിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സന്ദേശ്ഖാലിയിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്‌ഖിനും അദ്ദേഹത്തിൻ്റെ സഹായികൾക്കുമെതിരായ പ്രതിഷേധം ആരംഭിച്ചിട്ട് ദിവസങ്ങളായി. ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളാണ് ഷാജഹാൻ ഷെയ്‌ഖിനെതിരെ സ്ത്രീകൾ ഉന്നയിക്കുന്നത്. ചില സ്ഥലങ്ങളിൽ ഇതേ തുടർന്ന് പ്രതിഷേധങ്ങൾ വരെ പൊട്ടിപ്പുറപ്പെട്ടിരുന്നു.

കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഞായറാഴ്ച പറഞ്ഞു. അതേസമയം, പോലീസിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നാണ് ഗ്രാമീണർ പറയുന്നത്. ഇത്രയും കാലം തങ്ങളുടെ പ്രശ്നങ്ങൾക്കുനേരെ അവർ കണ്ണടയ്ക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് പരാതിപ്പെടുമ്പോൾ തിരികെ ഷാജഹാൻ ഷെയ്‌ഖിനടുത്തേക്ക് പറഞ്ഞുവിടുകയായിരുന്നു പോലീസ് ചെയ്തിരുന്നതെന്നും അവർ ആരോപിക്കുന്നു.

ഷാജഹാൻ ഷെയ്‌ഖിനെതിരെ ഇഡിയുടെ കേസും നിലനിൽക്കുന്നുണ്ട്. നേതാവിന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ഷാജഹാൻ ഷെയ്‌ഖിന്റെ അനുയായികൾ ചേർന്ന് മർദിച്ചിരുന്നു. റേഷൻ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയതായിരുന്നു ഇ ഡി.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ