KERALA

'വസ്ത്രധാരണം ഒരാളുടെ ജനാധിപത്യ അവകാശം, ആരും കടന്നുകയറേണ്ട'; തട്ടം വിവാദത്തിൽ അനില്‍ കുമാറിനെ തള്ളി സിപിഎം

വെബ് ഡെസ്ക്

തട്ടം വിവാദ പ്രസ്താവനയില്‍ അഡ്വ. കെ അനില്‍ കുമാറിനെ തള്ളി സി പി എം. വസ്ത്രധാരണമെന്നത് ഓരോരുത്തരുടെയും ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് ആരും കടന്നുകയറേണ്ടതില്ലെന്നും അനില്‍ കുമാറിന്റേത് പാര്‍ട്ടി നിലപാടല്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അനില്‍ കുമാറിൻ്റെ പ്രസ്താവനയെ എതിർത്ത് കെ ടി ജലീൽ എം എൽ എയും എ എം ആരിഫ് എം പിയും രംഗത്തെത്തിയിരുന്നു.

തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു അനിൽകുമാറിന്റെ പ്രതികരണം. ''മലപ്പുറത്ത് നിന്നും വരുന്ന പുതിയ പെണ്‍കുട്ടികളെ കാണൂ നിങ്ങള്‍. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടായെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായി തന്നെ, വിദ്യാഭ്യാസം ഉണ്ടായതിന്റെ ഭാഗമായി തന്നെയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല,'' എന്നായിരുന്നു  സി രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലിറ്റ്മസ്'23 നാസ്തിക സമ്മേളനത്തിൽ അനിൽകുമാറിന്റെ പ്രതികരണം.

ഹിജാബ് വിഷയം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ സിപിഎം നിലപാടറിയിച്ചിരുന്നതായി എം വി ഗോവിന്ദൻ വ്യക്തമാക്കി. ''വസ്ത്രസ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമാണ്. അതിലേക്ക് ഒരാളും കടന്നുകയറേണ്ട. ആര് എന്ത് വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കാനോ അത്തരം കാര്യങ്ങളില്‍ വിമര്‍ശിക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,'' അദ്ദേഹം പറഞ്ഞു. അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടില്‍നിന്ന് വ്യത്യസ്തമാണെന്നും ഇത്തരം പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ ഉള്ളിലിരുപ്പ് ഇടയ്ക്ക് പുറത്തു വരികയാണെന്ന് അദ്ദേഹം പരിഹസിച്ചു

അതസമയം, അനില്‍ കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തി. സിപിഎമ്മിന്റെ ഉള്ളിലിരുപ്പ് ഇടയ്ക്ക് പുറത്തുവരികയാണെന്ന് അദ്ദേഹം പരിഹസിച്ചു.

''സത്യം പുറത്തു വന്നതാണോ അബദ്ധത്തില്‍ വന്നതാണോ എന്നറിയില്ല, ആപ്പ കൂപ്പകളോ വരാന്തയില്‍ നില്‍ക്കുന്നവരോ അല്ല, സിപിഎം സംസ്ഥാന സമിതി അംഗമാണ് പറഞ്ഞത്. തട്ടമിടുന്ന പെണ്‍കുട്ടികള്‍ ഇതുവരെ അത് ഒഴിവാക്കിയിട്ടില്ല, പുതുതലമുറ ശക്തമായി തന്നെ അതിനോടൊപ്പം നില്‍ക്കുന്നുണ്ട്,'' അദ്ദേഹം കുറ്റപ്പെടുത്തി.

സി പി എം ജനറൽ സെക്രട്ടറിയായിരുന്ന സുര്‍ജിത് സിങ് മരിക്കുന്നതു വരെ തട്ടം ഒഴിവാക്കിയിരുന്നില്ല. സുര്‍ജിത്തിന്റെ തലയിലെ തട്ടം മാറ്റാന്‍ കഴിയാത്തവരാണ് മലപ്പുറത്തെ പെണ്‍കുട്ടികളുടെ തലയിലെ തട്ടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്നും സലാം പരിഹസിച്ചു.

അനില്‍ കുമാറി പ്രസ്താവനയ്‌ക്കെതിരെ മറ്റു മുസ്ലിം സംഘടനകളും നേരത്തെ വിമർശനമുന്നയിച്ചിരുന്നു.  സിപിഎം മതനിഷേധകരുടെ പാര്‍ട്ടിയാണെന്നും അനില്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ സിപിഎം ആശയമാണെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആളുകളില്‍ മതനിഷേധമുണ്ടാക്കി പ്രസ്ഥാനത്തെ വളര്‍ത്തുകയെന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വശാസ്ത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, മുന്‍ മന്ത്രി കെ ടി ജലീലും അനില്‍ കുമാറിന്റെ പരാമര്‍ശത്തെ തള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ നിലപാട് അറിയച്ചിരുന്നു. അനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായി കാണണമെന്നും അതു പാര്‍ട്ടി ആശയമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് വിഡ്ഡിത്തരമാണെന്നായിരുന്നു ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

നടി പവിത്ര ജയറാമിന്റെ അപകട മരണം: മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു

വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും