KERALA

മകളുടെ മരണത്തില്‍ സംശയങ്ങള്‍; സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനെന്ന് വന്ദനയുടെ പിതാവ്

ദ ഫോർത്ത് - കൊച്ചി

മകളുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ഡോ. വന്ദനയുടെ പിതാവ് മോഹന്‍ദാസ്. സിബിഐ അന്വേഷണം നിരാകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. എഫ്‌ഐആറില്‍ പ്രശ്‌നങ്ങളുണ്ട്. പോലീസ് രേഖകള്‍ തിരുത്തിയിട്ടുണ്ടെന്നും സത്യം പുറത്തുവരണമെന്നും മോഹന്‍ദാസ് പറഞ്ഞു.

സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. മകള്‍ക്ക് ചികിത്സ ലഭിക്കാൻ നാലര മണിക്കൂര്‍ വൈകി. ഏഴ് മാസത്തിനിടെ 20 തവണയാണ് കേസ് മാറ്റിവെച്ചതെന്നും പിതാവ് പറഞ്ഞു.

പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന കൊലപാതകമാണിത്. വന്ദന മാത്രം ഉള്ളിലാകുന്ന നിലയില്‍ ഡോര്‍ ലോക്ക് ചെയ്തു. അങ്ങനെ ഒരു സംഭവം ഉണ്ടാകുമോ? പോലീസ് ഉള്‍പ്പെടെ തടയാന്‍ ശ്രമിച്ചില്ല. അതുകൊണ്ടാണ് പോലീസിന് പുറത്തുള്ള ഒരു ഏജന്‍സി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നത്. പോലീസ് അന്വേഷണത്തില്‍ പോലീസിനെ സംരക്ഷിക്കുമെന്നും മോഹന്‍ദാസ് പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളായ കെ ജി മോഹന്‍ദാസും ടി വസന്തകുമാരിയും നല്‍കിയ ഹര്‍ജി ഇന്നലെയാണ് ഹൈക്കോടതി തള്ളിയത്. പ്രതി സന്ദീപ് നല്‍കിയ ജാമ്യ ഹര്‍ജിയും ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് തള്ളിയിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് പത്തിന് രാത്രി മെഡിക്കല്‍ പരിശോധനയ്ക്കായി പോലീസ് ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നും ആരോപിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹര്‍ജി.

കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് നടന്നതെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സിബിഐ അറിയിച്ചത്.

ജെജെപിയെയും പിളർത്തിയോ ബിജെപി? ഹരിയാനയിൽ പിന്തുണ പിൻവലിച്ച പഴയ സഖ്യകക്ഷി എംഎൽഎമാർ തിരിച്ചുപോയതായി സൂചന

വിദ്വേഷ പ്രസംഗം: മോദിക്കും അനുരാഗ് താക്കൂറിനും ബിജെപിക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി

കോഹ്ലിക്ക് സെഞ്ചുറി നഷ്ടം; പഞ്ചാബിനെതിരേ റണ്‍മഴയുമായി റോയല്‍ ചലഞ്ചേഴ്‌സ്

'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം