KERALA

ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി; ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

വെബ് ഡെസ്ക്

ശബരിമല മേൽശാന്തിയായി കണ്ണൂർ തളിപ്പറമ്പ് മലപ്പട്ടം കീഴൂത്രിൽ ഇല്ലത്തെ ജയരാമൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി വൈക്കം ഇണ്ടംതുരുത്തി മനയിലെ ഹരിഹരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന ചടങ്ങിൽ പന്തളം കൊട്ടാരത്തിലെ കൃതികേശ് വർമയും പൗർണ്ണമി ജി വർമ്മയും ചേർന്നാണ് ശബരിമല മേൽശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.

പത്തുപേർ ഉൾപ്പെട്ട അന്തിമപ്പട്ടികയിൽ നിന്നാണ് കെ ജയരാമൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. നിലവില്‍ കണ്ണൂർ ചൊവ്വ അമ്പലത്തിലെ മേൽശാന്തിയാണ് ജയരാമന്‍ നമ്പൂതിരി. സന്നിധാനത്ത് നടന്ന ഉഷഃപൂജയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ് ചടങ്ങുകൾ ആരംഭിച്ചത്.

വൈക്കം ഇണ്ടംതുരുത്തി മനയിലെ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. പന്തളം കൊട്ടാരത്തിലെ പൗർണമി ജി വർമയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. എട്ട് ശാന്തിമാരിൽ നിന്നാണ് ഹരിഹരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.

ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ റിട്ട. ജസ്റ്റിസ് എൻ. ഭാസ്‌കരൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, സ്പെഷൽ കമ്മിഷണർ എം.മനോജ്, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനായി സന്നിധാനത്ത് നിന്നും സംഘം മാളികപ്പുറത്തേയ്ക്ക് എത്തുകയായിരുന്നു.

നേരത്തെ ശബരിമല മേൽശാന്തി നിയമനത്തിനായുള്ള നറുക്കെടുപ്പ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. അതേസമയം, മേൽശാന്തി നിയമനം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിന്റെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2011ലെ സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിർദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി അയച്ചുതുടങ്ങിയത്. ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വർഷക്കാലം മേൽശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് ശബരിമല സന്നിധാനത്ത് നറുക്കിട്ടെടുത്തത്. കുട്ടികൾക്കൊപ്പം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി എൻ നാരായണ വർമ്മ, അംഗങ്ങളായ കേരളവർമ്മ,അരുൺ വർമ്മ, കുട്ടികളുടെ രക്ഷകർത്താക്കളായ അനൂപ്, ഗിരീഷ് എന്നിവരും സന്നിധാനത്ത് ഉണ്ടായിരുന്നു.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും