KERALA

സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി, തൃപ്രയാർ ക്ഷേത്രവും സന്ദർശിച്ചു

വെബ് ഡെസ്ക്

നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹഹാരം വധൂവരന്‍മാര്‍ക്ക് കൈമാറിയ മോദി നവദമ്പതികളെ ആശീര്‍വദിച്ചു. നേരത്തേ, ക്ഷേത്രത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി താമരപ്പൂക്കളാല്‍ തുലാഭാരം നടത്തി. തുടര്‍ന്ന് പുറത്തെത്തിയ മോദി ഇന്നു വിവാഹിതരായ മറ്റു ദമ്പതികളുടെ അടുത്തെത്തി ആശംസ അറിയിച്ചു.

ഇരുപത് മിനിറ്റ് ക്ഷേത്രത്തില്‍ ചിലവഴിച്ച ശേഷമാണ് മോദി വിവാഹചടങ്ങില്‍ മോദി പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ക്ഷേത്രവും പരിസരവും. രാവിലെ 8.45 നായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ഖുഷ്ബു, ബിജു മേനോന്‍, ദിലീപ് അടക്കം നിരവധി താരങ്ങള്‍ വിവാഹചടങ്ങിനെത്തി.

കൊച്ചി നാവികസേന താവളത്തില്‍ നിന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജില്‍ ഹെലികോപ്റ്ററില്‍ എത്തിയ മോദി 7.40 ഓടെയാണ് ഗുരുവായൂരില്‍ എത്തിയത്. ഗുരുവായൂരിലെ പരിപാടിക്ക് ശേഷം മോദി തൃപ്പയാർ ക്ഷേത്രവും സന്ദർശിച്ചു. അവിടെ മീനൂട്ട് നടത്തിയ മോദി വേദാർച്ചനയിലും പങ്കെടുത്തു.

തിരികെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. മറൈൻ ഡ്രൈവിൽ ബിജെപിയുടെ ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.

ഇന്നലെ വൈകിട്ടോടെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി കേരളത്തിൽ എത്തിയത്. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

പിന്നീട് ഏഴുമണിയോടെ ഹെലികോപ്ടറിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്കു തിരിച്ച മോദിയെ അവിടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് രാത്രി എഴരയോടെ റോഡ് ഷോ ആരംഭിച്ചു. തുറന്ന വാഹനത്തിൽ എറണാകുളം കെപിസിസി ജങ്ഷൻ മുതൽ ഗവൺമെന്റ് ഗസ്റ്റ്ഹൗസ് വരെയുള്ള 1.3 കിലോമീറ്റായിരുന്നു റോഡ്ഷോ.

പ്രധാനമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ ബിജെപി പ്രവർത്തകരുടെ നീണ്ട നിരയായിരുന്നു നഗരത്തിലുടനീളം. നേരത്തെ വൈകിട്ട് ആറിന് റോഡ് ഷോ ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ആന്ധ്രയിലെ പരിപാടികൾ കഴിഞ്ഞ് പ്രധാനമന്ത്രി നെടുമ്പാശേരിയിൽ എത്താൻ വൈകിയതോടെ റോഡ് ഷോ ഒന്നര മണിക്കുർ നീട്ടിവയ്ക്കുകയായിരുന്നു.

രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് മോദിയുടെ കേരളാ സന്ദർശനം. നേരത്തെ തൃശൂരിൽ മഹിളാ മോർച്ചയുടെ 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്.

വരുന്നു അതിതീവ്ര മഴ; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ