Lok Sabha Election 2024

പ്രണയപ്പകയിൽ കൊലപാതകം: 'ലവ് ജിഹാദ് ' ആരോപിച്ച് പിതാവ്, ഏറ്റുപിടിച്ച് ബിജെപി

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ ഹുബ്ബള്ളിയിൽ കോൺഗ്രസ് കോർപറേറ്ററുടെ മകളെ കുത്തി കൊലപ്പെടുത്തിയ സംഭവം  ലവ് ജിഹാദെന്ന് ആരോപിച്ചു രാഷ്ട്രീയ മുതലെടുപ്പുമായി   ബിജെപി രംഗത്ത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു  ഹുബ്ബള്ളി  ബി വി ബി കോളേജിലെ ഒന്നാം വർഷ   എം സി എ  വിദ്യാർഥിനി നേഹാ ഹിരേമത് ( 23  ) ക്യാമ്പസിൽ വെച്ച് കൊല ചെയ്യപ്പെട്ടത്. നേഹയുടെ സംസ്കാര ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച അച്ഛൻ നിരഞ്ജൻ ഹിരേമത് ആയിരുന്നു മകളുടെ കൊലപാതകത്തിൽ ലവ് ജിഹാദ് ആരോപണം ആദ്യം ഉന്നയിച്ചത് . തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്‌ ജോഷിയും കർണാടക പ്രതിപക്ഷ നേതാവ് ആർ അശോകും ഉൾപ്പടെ ആരോപണം ഏറ്റുപിടിക്കുകയായിരുന്നു.

ദീർഘകാലമായി സുഹൃത്തും മുൻ സഹപാഠിയുമായ മുഹമ്മദ് ഫയാസ് നേഹയെ കടന്നാക്രമിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ്  ചെയ്യുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാണ്  കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടും  ഇരയുടെയും പ്രതിയുടെയും മതം നോക്കി  കൊലപാതകത്തിന് കാരണം ലവ് ജിഹാദെന്ന് ആരോപിക്കുകയാണ് ബിജെപി.

നിരന്തരം വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന്  പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകം നടന്നു ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര വകുപ്പ് മന്ത്രി ജി പരമേശ്വരയും പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ   ലവ് ജിഹാദ് ആരോപണം നിഷേധിച്ചിട്ടുണ്ട്.

എന്നാൽ ആരോപണത്തിൽ നിന്ന് പിന്മാറാൻ  ബിജെപി ഇത് വരെ തയ്യാറായിട്ടില്ല . ബിജെപിക്കു പിന്നാലെ ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമ സേന, വി എച് പി എന്നീ ഹിന്ദുത്വ സംഘടനകളും  സമാന ആരോപണം ഉന്നയിക്കുകയും  ഹുബ്ബള്ളിയിലും ബംഗളൂരുവിലും സർക്കാരിനെതിരെ  പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. സിദ്ധരാമയ്യ സർക്കാർ സംസ്ഥാനത്തെ ക്രമസമാധാന നില തകർത്തെന്നും ഹിന്ദു മത വിശ്വാസികൾക്ക് ഈ ഭരണത്തിൽ രക്ഷയില്ലെന്നുമാണ്  ബിജെപിയും സംഘ് പരിവാർ സംഘടനകളും  ഉയർത്തുന്ന വാദം.

തിരഞ്ഞെടുപ്പ് സമയമായതിനാൽ വടക്കൻ കർണാടകയിലുടനീളം  ഒരിടവേളക്ക് ശേഷം ' ലവ് ജിഹാദ് ' രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമം. കർണാടകയിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന വടക്കൻ മണ്ഡലങ്ങളിൽപെട്ട  ഹുബ്ബള്ളി - ധാർവാഡ് മണ്ഡലത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ബിജെപി ക്കു  വളരെ എളുപ്പത്തിൽ  ഈ മേഖലയിൽ വർഗീയമായി ഉപയോഗിക്കാൻ  സാധിക്കുന്ന ആയുധം തന്നെയാണ് ഇപ്പോൾ വീണു കിട്ടിയിരിക്കുന്നത്.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ വീണു കിട്ടിയ ആയുധം വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് വേദികളിൽ ബിജെപി നന്നായി പ്രയോഗിക്കും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് കോൺഗ്രസുകാരനായിരുന്നിട്ടും  'ലവ് ജിഹാദ് ' ഉണ്ടെന്നു തുറന്നു പറയാൻ മടി കാണിച്ചില്ലെന്നതാണ്  ബിജെപിക്കു സഹായകമാകുന്നത്.

കർണാടകയിലെ കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തായിരുന്നു ലവ് ജിഹാദ് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത് . പ്രണയം നടിച്ചു ഹിന്ദു പെൺകുട്ടികളെ മുസ്ലിം യുവാക്കൾ മത പരിവർത്തനം ചെയ്യുന്നത്  തടയാനും നിർബന്ധിത മതപരിവർത്തനം തടയുന്നതിനും ബൊമ്മെ സർക്കാർ  മത പരിവർത്തന നിരോധന നിയമം പാസാക്കിയിരുന്നു. മതം മാറുന്നവർക്കും മതം മാറ്റാൻ ശ്രമിക്കുന്നവർക്കും പിഴയും ജയിൽവാസവും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. 

അതേസമയം , നേഹയുടെ പിതാവിന്റെ ആരോപണം നിക്ഷേധിച് ഫയാസിന്റെ മാതാപിതാക്കൾ രംഗത്ത് വന്നു . ഇരുവരും പ്രണയത്തിലായിരുന്നു . കോളേജിലെ ബോഡി ബിൽഡിങ് മത്സരത്തിൽ വിജയിച്ച ഫയാസിന്റെ നമ്പർ തേടി പിടിച്ചു ആദ്യം സൗഹൃദത്തിനു വന്നത് നേഹയായിരുന്നു . നേഹയെ മകൻ പ്രണയം നടിച്ചു മത പരിവർത്തനത്തിനു ശ്രമിച്ചിട്ടില്ലെന്നും ലവ് ജിഹാദ് ആരോപണം അടിസ്ഥാന രഹിതമാണെന്നും ഫയാസിന്റെ 'അമ്മ മുംതാസ് മാധ്യമങ്ങളോട് പറഞ്ഞു

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ