OPINION

പുതിയ ചരിത്രനിർമാതാക്കൾ രബീന്ദ്രനാഥ ടാഗോറിനെ ഭയക്കുന്നതെന്തിന്?

മുരളി ചീരോത്ത്

ദാർശനികനായ ദേബേന്ദ്രനാഥ ടാഗോർ വർഷങ്ങൾക്ക് മുന്നേ തന്റെ മകൻ രബീന്ദ്രനാഥിനെ അവിഭക്ത ബംഗാളിൽ യമുനാ തീരത്തെ (അവിടെ അതിന്റെ പേര് പത്മാനദി എന്നാണ്) നാട്ടിന്‍പുറത്തുള്ള കുടുംബസ്വത്തൊക്കെ നോക്കിനടത്തുന്നതിനായി അയയ്ക്കുമ്പോൾ ബ്രിട്ടീഷ് കോളനിയായ ഇന്ത്യ പല നാട്ടുരാജങ്ങളായി കിടക്കുകയായിരുന്നു. അതിൽ ഏതായിരുന്നു പുതിയ ഇന്ത്യൻ ഭരണകൂടം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭാരതം എന്ന് അറിയില്ല.  
ദേബേന്ദ്രനാഥിന്റെ കൃഷിഭൂമി ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായിരുന്നു. തീർത്തും നഗരവാസിയായ രബീന്ദ്രനാഥിനെ ഏറെ നിർബന്ധിച്ചാണ് അദ്ദേഹം അങ്ങോട്ട് അയച്ചതുതന്നെ. പക്ഷേ ആ പറിച്ചുനടൽ ഒരു പുതിയ അനുഭവത്തിലേക്കായിരുന്നു. അവിടത്തെ പ്രകൃതിയും മനുഷ്യനും ജീവിതവുമെല്ലാം അദ്ദേഹത്തിന് മുന്നിൽ ഒരു പുതിയ ലോകം തുറന്നു.

ഒട്ടും കാല്പനികമല്ലാത്ത ആ അനുഭവങ്ങൾ ഗ്രാമവും നഗരവും തമ്മിലുള്ള അന്തരത്തെക്കുറിച്ചും ആ അന്തരം നികത്താൻ വിദ്യാഭ്യാസത്തിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അങ്ങനെയിരിക്കെയാണ് ഡാർജിലിങ്ങിലേക്കുള്ള ഒരു തീവണ്ടിയാത്രക്കിടെ വിശാലമായ ഒരു ഭൂപ്രദേശം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നതും പരമ്പരാഗത സ്വഭാവത്തിൽനിന്ന് വ്യത്യസ്തമായ വിദ്യാലയം തുടങ്ങാൻ അദ്ദേഹം തീരുമാനിക്കുന്നതും. സമീപകാലത്ത് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ശാന്തിനികേതനെന്ന സ്ഥാപനത്തിന്റെയും അവിടെയുള്ള വിശ്വഭാരതി എന്ന സർവകലാശാലയുടെയും പിറവി ആ ചിന്തയിൽ നിന്നാണ്. അക്കാര്യം കൊത്തിവച്ച ശാന്തിനികേതനിലെ പുതിയ ശിലാഫലകത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ട വ്യക്തിയുടെ പേര് രബീന്ദ്രനാഥ ടാഗോർ എന്നാണെന്നതും അതിൽ പ്രത്യക്ഷപ്പെടുന്ന രണ്ട് വ്യക്തികൾ ആചാര്യ (ചാൻസലർ) നരേന്ദ്ര മോദിയും ഉപാചാര്യ (വൈസ് ചാൻസലർ) പ്രൊഫസർ ബിദ്യുത്‍ ചക്രബർത്തിയും ആണെന്നതും വളരെ നിസ്സാരമായി കാണേണ്ട വൈരുധ്യമല്ല. പുതിയ ചരിത്രത്തിന്റെ നിർമാതാക്കൾ കൃത്യമായ അജണ്ട വച്ചുതന്നെയാണ് നീങ്ങുന്നത്, അതൊരു രാഷ്ട്രീയ അശ്ലീലമാണെങ്കിലും. നെഹ്‌റുവിനെയെന്ന പോലെ അവർ ടാഗോറിനെയും ഭയക്കുന്നു, തങ്ങൾക്ക് ഇടമില്ലാത്ത ചരിത്രത്തെ അവർ ഭയക്കുന്നു.

ശാന്തിനികേതന് ഈ അംഗീകാരം നൽകുമ്പോൾ യുനെസ്കോ കവിയും തത്ത്വചിന്തകനുമായ രബീന്ദ്രനാഥ ടാഗോറിനെ കൂടിയാണ് ആദരിക്കുന്നതെന്ന് മാത്രമല്ല, ജാതിമത ചിന്തകൾക്ക് അതീതമായി ടാഗോർ ഉയർത്തിപ്പിടിച്ച വിശ്വമാനവികത അംഗീകരിക്കുന്നത് കൂടിയാണ് ഈ തീരുമാനമെന്ന് ഇക്കാര്യത്തിൽ അവർ  പ്രസിദ്ധീകരിച്ച കുറിപ്പ് വായിച്ചാൽ മനസ്സിലാവും.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അക്കാലത്ത് നിലനിന്ന ബ്രിട്ടീഷ് കൊളോണിയൽ വാസ്തുവിദ്യാ ഓറിയന്റേഷനുകളിൽനിന്നും യൂറോപ്യൻ ആധുനികതയിൽനിന്നും വ്യത്യസ്തമായി, ആ പ്രദേശത്തുടനീളമുള്ള പുരാതന, മധ്യകാല, നാടോടി പാരമ്പര്യങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പാൻ-ഏഷ്യൻ ആധുനികതയിലേക്കു നീങ്ങുന്ന സമീപനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ശാന്തിനികേതനെന്ന് അതിൽ കൃത്യമായി പറയുന്നുണ്ട്. ഇതൊന്നും തന്നെ സ്വന്തമായി ചരിത്രമില്ലാത്ത ചരിത്രനിർമാതാക്കൾക്ക് ദഹിക്കുന്ന കാര്യമല്ല. വിദ്യാഭ്യാസം, പ്രകൃതി, സംഗീതം, കലകൾ എന്നിവയുടെ സംയോജനത്തിലൂടെ ലോകത്തെ തന്നെ ഒരു 'കിളിക്കൂടായി' കണ്ട ടാഗോറിന്റെ ദർശനത്തിന്റെയും തത്ത്വചിന്തയുടെയും ആഴം അവരുടെ ഗ്രഹണശക്തിക്ക് പുറത്താണെന്നതിൽ അത്ഭുതം വേണ്ട. മതപരവും സാംസ്‌കാരികവും പ്രാദേശികവുമായ എല്ലാ അതിരുകൾക്കുമപ്പുറത്തുള്ള ഒരു സ്ഥാപനം സൃഷ്‌ടിക്കാനാണ് അദ്ദേഹം ലക്ഷ്യമിട്ടത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. മതത്തിലൂന്നിയ ഒരു ഭരണകൂടത്തിന് അത് മനസ്സിലാവില്ല.

മുരളി ചീരോത്തും സഹപാഠികളും രാജീവ് ഗാന്ധിയോടൊപ്പം. ശാന്തിനികേതനിലെ പഠനകാലത്ത്.

ദേശീയ പ്രസ്ഥാനം ശക്തിപ്രാപിച്ച കാലത്താണ് അതിൽനിന്ന് വേറിട്ട ഒരു ശബ്ദമായി ശാന്തിനികേതൻ രൂപപ്പെടുന്നത്. പൗരസ്ത്യ സംസ്കാരവുമായി ചേർത്തുവച്ച് ഇന്ത്യയുടെ സത്ത കണ്ടറിയാൻ നടത്തിയ ശ്രമം കൂടിയായിരുന്നു അത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ടാഗോറിന്റെ സംഭാവനയും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.

ദേശീയതപോലും വിശാലമായ സമീപനത്തോടെ കണ്ടില്ലെങ്കിൽ പ്രശ്നമായി മാറുമെന്ന് ടാഗോർ നിരീക്ഷിച്ചു. ശാന്തിനികേതനിൽനിന്നുള്ള പ്രശസ്ത കലാചരിത്രകാരനും ക്യൂറേറ്ററും എന്റെ അദ്ധ്യാപകനുമായ ആർ ശിവകുമാർ നിരീക്ഷിച്ചപോലെ ദേശീയത മൂത്താണ് കൊളോണിയലിസം വരുന്നതെന്ന് ടാഗോർ വിശ്വസിച്ചു. കൊളോണിയലിസം ദേശീയതയുടെ തീവ്ര രൂപമാണെന്നും അത് മൂക്കുമ്പോളാണ് യുദ്ധം ഉണ്ടാവുന്നതെന്നും അദ്ദേഹത്തിന് തോന്നി എന്നതുകൊണ്ട് കൂടിയാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള അധ്യാപകരെ ഒന്നിച്ച് കൊണ്ടുവരികയും അങ്ങിനെ ദേശീയതയുടെ അതിർവരമ്പുകൾക്കപ്പുറം സാംസ്‌കാരിക വൈജാത്യത്തെ ഉയർത്തിപ്പിടിക്കുന്ന ഇടമായി ശാന്തിനികേതനെ അദ്ദേഹം രൂപപ്പെടുത്തുകയും ചെയ്തത്. പൗരസ്ത്യ രാജ്യങ്ങളിലുള്ള യാത്രകൾ ഇത് രൂപപ്പെടുത്താൻ അദ്ദേഹത്തിന് പ്രചോദനമായി. ഒരുപക്ഷേ ഗാന്ധിജിയുമായി ടാഗോർ വിയോജിച്ചതും ഇത്തരം കാഴ്ചപ്പാടുകളിലാണ്.

ശാന്തിനികേതനിലെ വാര്‍ഷിക കലാപരിപാടിയുടെ വേദി

എന്നാൽ, പരസ്പരം അംഗീകരിക്കാനും ആദരിക്കാനും അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കാനും അവർക്കായി. നാലുതവണ ശാന്തിനികേതൻ സന്ദർശിച്ച ഗാന്ധിജിയോട് അവസാന സന്ദർശനവേളയിൽ അദ്ദേഹം അഭ്യർത്ഥിച്ചത് വിശ്വഭാരതിയുടെ ചുമതല ഏറ്റെടുക്കാനായിരുന്നു. യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകൾ വ്യക്തികൾക്കിടയിൽ വളരെ സ്വാഭാവികമാണ്. വിയോജിപ്പുകൾ പരസ്പര ധാരണയ്ക്ക് തടസ്സമാവരുത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ടാഗോറും സുഭാഷ് ചന്ദ്രബോസും തമ്മിലുള്ള ബന്ധം. ഇവരെയെല്ലാം ചേർത്ത് നിർത്തിയത് മനുഷ്യനും കലയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന തിരിച്ചറിവായിരുന്നു. ആ തിരിച്ചറിവ് തന്നെയാണ് ശാന്തിനികേതനിൽ ടാഗോർ പടുത്തുയർത്തിയ വിശ്വഭാരതിയുടെ കാതൽ.

കലയിൽ നിലനിന്നിരുന്ന കൊളോണിയൽ വീക്ഷണങ്ങളെ എതിർത്ത് എങ്ങിനെയാണ് കലാഭവൻ വളർന്നുവന്നത് എന്നറിയാൻ അതിന്റെ ചരിത്രം മനസ്സിലാക്കേണ്ടതുണ്ട്. നന്ദലാൽ ബോസ്, ബിനോദ് ബിഹാരി, അബനീന്ദ്രനാഥ ടാഗോർ, രാംകിങ്കർ തുടങ്ങി ഒരുപാടുപേരുടെ കാഴ്ചപ്പാടുകളും ദർശനങ്ങളും ചേർത്താണ് ടാഗോറിന്റെ വിശ്വഭാരതീ സങ്കൽപ്പം പൂർണതയിലെത്തുന്നത്. ഇവർക്ക് ഓരോരുത്തർക്കും അവരവരുടേതായ അച്ചടക്കവും അച്ചടക്കരാഹിത്യവും ഉണ്ടായിരുന്നു. അത് ഉൾക്കൊള്ളാനുള്ള കഴിവ് ശാന്തിനികേതനുമുണ്ടായിരുന്നു എന്നതിനാലാണ് ഇവരെല്ലാം തന്നെ ആ സ്ഥാപനത്തിന് തങ്ങളുടേതായ സംഭാവന നൽകിയത്. ഇവരുടെയെല്ലാം കലാലോകത്ത് നിറഞ്ഞുനിന്നത് ശാന്തിനികേതൻ കൂടിയാണ്. തങ്ങളുടെ ഇടപെടലുകൾ വഴി അവർക്ക് ഒരു പുതിയ ദൃശ്യലോകവും പൂർണമായും യൂറോസെൻട്രിക് ആയ സമീപനം മാറ്റി കാഴ്ചപ്പാടിൽ ഒട്ടും സങ്കുചിതമല്ലാത്ത ഒപുതിയ ദേശീയ സ്വഭാവവും കാഴ്ചപ്പാടും ഉയർത്തിപ്പിടിച്ച്, കോളോണിയലിസത്തെ എതിർക്കാനായി. എന്നാൽ കാലം മാറുകയാണ്. ചരിത്രത്തെ ഭയക്കുന്നവർ ശാന്തിനികേതനെ മാറ്റാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് പുതിയ ഫലകം.

ആര്‍ട്ടിസ്റ്റ് സന്തോഷ് നാടകാഭിനയത്തിനിടെ

ഈയിടെ വിഖ്യാത കലാകാരൻ എ രാമചന്ദ്രനെ ഡൽഹിയിൽ കണ്ടപ്പോൾ പറഞ്ഞത് താൻ പഠിച്ച കാലത്തുനിന്നും ശാന്തിനികേതൻ ഒട്ടും സ്വീകാര്യമല്ലാത്ത തരത്തിൽ മാറിയ മാറ്റത്തെക്കുറിച്ചാണ്. അന്ന് ഈ ഫലകവിവാദം പുറത്തുവന്നിട്ടില്ല. എന്നാൽ പ്രതിലോമ രാഷ്ട്രീയം സാംസ്‌കാരിക ഭൂമികയിൽ നടത്തുന്ന കടന്നുകയറ്റം കുറച്ചായി ഇവരെയെല്ലാം വേദനിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. രാമചന്ദ്രൻ സമീപകാലത്ത് ചെയ്ത ശില്പങ്ങളിൽ ഒന്ന് ടാഗോറിന്റെതും മറ്റൊന്ന് ഗാന്ധിജിയുടേതും ആണ്. അതുപോലെ തന്നെ രാമചന്ദ്രന്റെ കൂടി ഗുരുവായ രാംകിങ്കർ ചെയ്ത പ്രശസ്തമായ ഒരു ശില്പവും ടാഗോറിന്റേതാണ്.
ഔപചാരികമായ കലാപഠനമില്ലാതെ ഒരു സ്ഥാപനം എങ്ങിനെ കലാകാരരെ വളർത്തുന്നുവെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് അവിടെനിന്ന് പഠിച്ചിറങ്ങിയവർ. ശാന്തിനികേതനെ മാറ്റിനിർത്തി അവരുടെ കലാലോകത്തെ കാണാനാവില്ല. ബിനോദ് ബിഹാരി മുഖർജിയുടെ ചിത്രങ്ങളിൽ ശാന്തിനികേതൻ എത്രമാത്രം നിറഞ്ഞുനിൽക്കുന്നു എന്നറിയാൻ അദ്ദേഹത്തിന്റെ സ്ക്രോളുകൾ കണ്ടാൽ മതി. പഴയ ശാന്തിനികേതന്റെ ദൃശ്യരേഖയാണവ.

ബിനോദ് ബിഹാരിയുടെ അപൂർവ സ്ക്രോൾ ഉൾപ്പെടുത്തി ആർ ശിവകുമാർ ക്യൂറേറ്റ് ചെയ്ത പ്രദർശനം കൊൽക്കത്തയിൽ നടന്നിരുന്നു. അതിനെത്തുടർന്ന് ഈ പ്രദർശനം കൊച്ചിയിൽ കൊണ്ടുവരാൻ അക്കാദമിയ്ക്കായി എന്നുകൂടി പറയട്ടെ.
എക്കാലത്തും പ്രകൃതിയോട് ഇണങ്ങിച്ചേർന്ന ജീവിതമായിരുന്നു ശാന്തിനികേതനിൽ നിലനിന്നത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു വർഷം അവിടെയാണ് പഠിച്ചത്, 1934-35ൽ. അവിടെയുള്ള അന്തരീക്ഷം അവരെ എത്രമാത്രം സ്വാധീനിച്ചുവെന്നത് അവരുടെ എഴുത്തിൽനിന്ന് മനസ്സിലാവും. നേരം പുലരുംമുന്നെ ഉണർന്ന് പൊതു അസംബ്ലിക്കായി തുറസ്സായ സ്ഥലത്ത് വിദ്യാർത്ഥികളോടൊപ്പം ചേർന്ന് ഗീതാലാപനം നടത്തി, പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് പഠിച്ചതിനെക്കുറിച്ച് അവർ തന്നെ ഓർക്കുന്നുണ്ട്. അവർ താമസിച്ച മുറി ഇന്ന് ഒരു കൊച്ചു മ്യൂസിയമാണ്. ഒരിക്കൽ പ്രധാനമന്ത്രി രാജീവ്ഗാന്ധി അവിടം സന്ദർശിച്ചത് ഇന്നും എന്റെ ഓർമ്മയിലുണ്ട്. അവരാരും ശാന്തിനികേതന്റെ ചരിത്രം തിരുത്താൻ ശ്രമിച്ച ആചാര്യമാരാവാൻ ശ്രമിച്ചില്ല.

അതിരുകളില്ലാത്ത ശാന്തിനികേതനിൽ ഇന്ന് എല്ലാ അർത്ഥത്തിലും മതിലുകൾ ഉയർന്നുതുടങ്ങിയിരിക്കുന്നു. ഞങ്ങൾ പഠിക്കുന്ന കാലത്ത് കലാഭവൻ, സംഗീതഭവൻ ഇതെല്ലം പരസ്പരം ബന്ധപ്പെട്ടാണ് കിടന്നിരുന്നത്. സമയോചിതമായ പഠനസാധ്യതകളെ മുന്നോട്ടുവച്ച രീതിയായിരുന്നു അന്ന് നിലനിന്നിരുന്നത്. എന്നാൽ ഇന്നതിനെ പല ഖണ്ഡങ്ങളാക്കി മുറിച്ച്, മതിലുകൾ പണിത്, എല്ലാത്തരം വിനിമയങ്ങളെയും തകർക്കുകയാണവിടെ

വിവിധ പശ്ചാത്തലങ്ങളിൽനിന്നും മതങ്ങളിൽ നിന്നും ദേശീയതകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കാനും വളരാനും ഒത്തുചേരുന്ന സ്ഥലമായാണ് ടാഗോർ ശാന്തിനികേതൻ വിഭാവനം ചെയ്തത്. മാനുഷിക മൂല്യങ്ങളുടെ സാർവത്രികതയിലും മതപരവും സാംസ്കാരികവുമായ വിഭജനത്തെ മറികടക്കേണ്ടതിന്റെ പ്രാധാന്യത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നു. അതാണ് വിശ്വമാനവികത. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രത്തോടോ മതത്തോടോ ഉള്ള സങ്കുചിതമായ വിശ്വസ്തത ആരെയും പരിമിതപ്പെടുത്തരുതെന്ന് അദ്ദേഹം വിശ്വസിച്ചു, എന്ന് ടാഗോർ വ്യക്തമായി പറഞ്ഞത് യുനെസ്കോയുടെ പ്രഖ്യാപനത്തിൽ തന്നെയുണ്ട്. പക്ഷേ നമ്മുടെ (സവർണ) ഹൈന്ദവ ഭരണകൂടത്തിന് അത് കാണാനാവില്ല. വിദ്യാഭ്യാസത്തിൽനിന്ന് മതത്തെ മാറ്റിനിർത്തിയ ഒരു മതേതര സ്ഥാപനമാണ് ശാന്തിനികേതനെന്ന് പറയാൻ പുതിയ ദേശീയവാദികൾ ഭയക്കുന്നു. എല്ലാ മതപശ്ചാത്തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് യാതൊരു പക്ഷപാതവുമില്ലാതെ ഒരുമിച്ച് ജീവിക്കാനും പഠിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയെന്നതായിരുന്നു ടാഗോറിന്റെ കാഴ്ചപ്പാട്. അതിനായി, നേരിട്ടുള്ള  അനുഭവത്തിലൂടെയും പ്രകൃതിയുമായി ഇടപഴകിയും പഠിക്കുകയെന്ന രീതിയ്ക്കാണ് അദ്ദേഹം ഊന്നൽ നൽകിയത്. ക്ലാസ് മുറികൾ ചുമരുകൾക്കപ്പുറത്തേക്ക് വ്യാപിക്കണമെന്നും വിദ്യാർത്ഥികൾ ചുറ്റുമുള്ള ലോകവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം വിശ്വസിച്ചു. അങ്ങനെയാണ് കലയുടെയും മാനവികതയുടെയും സംയോജനം സാധ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലം യുനെസ്കോ കൃത്യമായി പറയുന്നുണ്ട്; വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി സാംസ്കാരിക കൈമാറ്റവും സംവാദവും ടാഗോർ പ്രോത്സാഹിപ്പിച്ചു എന്നും.
ഋതുഭേദങ്ങളെ പോലും ആഘോഷിച്ച ഭൂമികയായിരുന്നു ശാന്തിനികേതന്റേത്. വസന്തോത്സവവും മരംനടലും അവിടത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സർഗ്ഗാത്മകതയാണ് ഇന്ത്യയുടെ ആത്മാവെന്ന് കണ്ടെത്തിയ വ്യക്തിയായിരുന്ന ടാഗോറിന് ഇത്തരം ഇടപെടലുകൾ അറിവിന്റെ വാതിൽ തുറക്കാനുള്ള വഴിയായിരുന്നു.

ശാന്തിനികേതന്‍ ഭൂപ്രദേശം

കലാ വിദ്യാർത്ഥിയെന്ന നിലയിൽ ശാന്തിനികേതനിൽ എനിക്ക് ടാഗോറിന്റെ ലോകത്തെ അടുത്തറിയാനായെന്നത് ഭാഗ്യമാണ്. ഏകദൈവ വിശ്വാസത്തെ എതിർത്ത്, വിശ്വമാനവിക സങ്കൽപ്പം ഉയർത്തിപ്പിടിച്ച് അദ്ദേഹം എഴുതിയ കാര്യങ്ങളും ആഫ്രിക്ക നേരിട്ട ദുരന്തത്തെക്കുറിച്ച് എഴുതിയ കവിതയുമെല്ലാം അദ്ദേഹത്തിന്റെ വീക്ഷണം വെളിപ്പെടുത്തുന്നതാണ്. ടാഗോറിന്റെ കലയും ജീവിതവും ആ സ്ഥാപനവുമെല്ലാം തന്നെ ഉയർത്തിപ്പിടിക്കുന്ന ഒരു സാമൂഹ്യരാഷ്ട്രീയമുണ്ട് എന്നുമാത്രമല്ല, അതെല്ലാം  ഇന്നും പ്രസക്തമാണ് താനും. ഞാനും ടി വി സന്തോഷും അടക്കമുള്ള കേരളത്തിലെ ശാന്തിനികേതൻ തലമുറയെ രൂപപ്പെടുത്തുന്നതിൽ ശാന്തിനികേതന് വലിയ പങ്കുണ്ട്. എന്നാൽ, ശാന്തിനികേതന്റെ രാഷ്ട്രീയം ബിജെപിയുടെ ഹൈന്ദവരാഷ്ട്രീയവുമായി  ഒരു തരത്തിലും ചേർന്നുനിൽക്കുന്ന ഒന്നല്ല. അതുകൊണ്ടുതന്നെയാണ് ആ സ്ഥാപനത്തിന്റെ ചരിത്രത്തെ തിരുത്തി അതിനെ തകർക്കാൻ ഇന്ത്യയെ ഭാരതമാക്കിയാൽ ചരിത്രം മാറ്റാനാവുമെന്ന് കരുതുന്ന ബിജെപി ശ്രമിക്കുന്നത്. ശാന്തിനികേതൻ പോലെ വിശാലമായ വിശ്വമാനവിക കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കുന്ന സ്ഥാപനങ്ങൾ ഇനി നിലനിന്നാൽ അത് ഇത്തരം വലതുപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകളെ തകർക്കുമെന്ന ഭയം ബിജെപിയെ വല്ലാതെ വേട്ടയാടുന്നു.

ടാഗോർ ശിൽപം

ശാന്തിനികേതന്റെ പ്രൗഢി അത്രയൊന്നും ഇല്ലാത്ത കാലത്താണ് ഞങ്ങളുടെ തലമുറയിൽ പലരും അവിടെയെത്തുന്നത്. പക്ഷേ ആ അന്തരീക്ഷം മാറിയിരുന്നില്ല. കവി ശംഖോ ഘോഷ് പഠിപ്പിച്ച രവീന്ദ്രപരിചയം ഇപ്പോഴും ഞങ്ങളുടെയൊക്കെ ഓർമയിലുണ്ട്. അവിടെനിന്നാണ് ശാന്തിനികേതനെ തന്റെ ജീവിതമാക്കിയ സോംനാഥ് ഹോറിനെ ഞാൻ അടുത്തറിയുന്നത്. അദ്ദേഹത്തിന്റെ കലാലോകത്തുനിന്നാണ് ജീവിതത്തിലെ മുറിപ്പാടുകൾ എന്താണെന്ന് മനസ്സിലാക്കുന്നത്. ശരീരത്തിലും മനസ്സിലും നിറയുന്ന മുറിവുകൾ - യുദ്ധം, പട്ടിണി, വിഭജനം... അങ്ങനെ പലതും. വലിയ അവസരങ്ങൾ കിട്ടിയിട്ടും ഒരിക്കലും ഇന്ത്യ വിട്ടുപോകാൻ അദ്ദേഹം ആഗ്രഹിച്ചില്ല. ശാന്തിനികേതൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കർമഭൂമി. ഈ മണ്ണില്ലെങ്കിൽ തന്റെ കലയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. "മരണം വരെ എനിക്ക് എന്റെ നാടുവിട്ട് ഒരിടത്തേക്കും പോകാന്‍ കഴിയില്ല! എന്റെ വിശ്വാസം അത് എന്റേതു മാത്രം..."  ഒരിക്കൽ അദ്ദേഹം എന്നെ ചുമലോടുചേർത്തുവച്ച് പറഞ്ഞ വാക്കുകളാണിത്. "എല്ലാം സമയമാണ്, സമയമാണ് തിരിച്ചറിവ്. ചരിത്രത്തിന്റെയും."

അതുപോലെ എന്നെ ഏറെ സ്പർശിച്ച ചരിത്രരേഖ കണ്ടതും ശാന്തിനികേതനിലെ മ്യൂസിയത്തിലാണ്. തങ്ങളുടെ പേരിനുകൂടെ വീട്ടുപേര് ചേർക്കാൻ അനുമതിയില്ലാത്ത കേരളത്തിലെ ചെറുമക്കൾ ടാഗോറിന് എഴുതിയ, തിരുവിതാംകൂര്‍ അഞ്ചൽപ്പെട്ടി എന്ന് രേഖപ്പെടുത്തിയ കത്ത്. മങ്ങിയ നീല മഷിയിൽ എഴുതിയ ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു: "------അംശം ദേശത്ത് ഞങ്ങള്‍, ഒരു കൂട്ടം ചെറുമക്കള്‍ അടിയന്തിരമായി അറിയിക്കുന്നത്. ഞങ്ങൾക്ക് തറവാട്ടു പേരില്ല. സ്ഥലപ്പേരാണ് ഞങ്ങളുടെ പേരിന് കൂടെ ചേർക്കുന്നത്. അവിടുന്ന് ഇത് മാറ്റി ഞങ്ങൾക്ക് സ്വന്തമായി വീട്ടുപേര്‍ ചേർത്ത് തരണം..."

ലേഖകന്‍ മുരളി ചീരോത്തും സഹപാഠികളും

ഇന്നത്തെ ഭരണകൂടം ഉയർത്തിപ്പിടിക്കുന്ന ഹൈന്ദവതയ്ക്ക് ഇതൊന്നും ദഹിക്കില്ല. അതുകൊണ്ടാണ് തങ്ങളില്ലാത്ത ചരിത്രത്തെ അവർ ഭയക്കുന്നത്.
ശാന്തിനികേതൻ ഒരു ദർശനമാണ്. അത് രൂപപ്പെടുത്താൻ അദ്ദേഹം പണ്ഡിതരെ ക്ഷണിച്ചു. സങ്കുചിതമല്ലാത്ത ദേശീയതയിലൂടെ, ജാതീയമായ മേൽക്കോയ്മ ഇല്ലാത്ത കാഴ്ചപ്പാടുകളിലൂടെ അവരുടെ ജീവിത വീക്ഷണം ഉപയോഗിച്ച് ആ സ്ഥാപനം വളർന്നു. ടാഗോറിന്റേത് വളരെ സർഗാത്മകമായ സങ്കൽപ്പമായിരുന്നു. അതിനാലാണ് ഹ്യൂമാനിറ്റീസ്, സാഹിത്യം, ദൃശ്യകല, സംഗീതം എന്നിവയ്ക്ക് അവിടെ മേൽക്കോയ്മ ഉണ്ടായതും അതിലൂടെ ഇന്ത്യയുടെ പുതിയ മുഖം വളർത്തിയതും. ഇന്ന് നമ്മൾ പറയുന്ന കലാസംയോജിത വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് ശാന്തിനികേതനാണ്. അവിടെ ഉയർന്ന വിശ്വഭാരതി എന്നത് ഏറ്റവും ഉദാത്തമായ ഒരു സർവ്വകലാശാല സങ്കൽപ്പമാണ്. ഇവിടെ സർവ്വകലാശാലകൾ വളർന്നുവരും മുന്നേ ടാഗോറിന് ഇങ്ങനെ ചിന്തിക്കാനായത് ജാതിമതത്തിനും സങ്കുചിത ദേശീയതയ്ക്കും എതിരെയുള്ള നിലപാട് കൊണ്ട് കൂടിയാണ്. ഒരുകാലത്ത് സാഹിത്യ സാംസ്‌കാരിക ദാർശനിക ലോകത്തെ പലരും പല രീതിയിൽ ബന്ധപ്പെട്ട ഇടമാണത്. അതിനെ ആ രീതിയിൽ തന്നെ നിലനിർത്തണം. ക്ലോദ് ലെവി-സ്ട്രോസിനെ പോലുള്ളവരുമായി അടുത്ത ബന്ധമുള്ള കാളിദാസ് ഭട്ടചാർജിയെ പോലുള്ള വൈസ് ചാൻസലർമാർ ഒരുകാലത്ത് അവിടെ ഉണ്ടായിരുന്നു. ടാഗോർ മുന്നോട്ടുവച്ച നീതിശാസ്ത്രത്തിന്റെ, അറിവിന്റെ, യുക്തിയുടെ തലങ്ങൾ മനസ്സിലാവാത്തവരാണ് ഇന്ന് അവിടം ഭരിക്കുന്നത്. എന്നാൽ അതിനോട് ഏറ്റുമുട്ടാൻ ഉള്ള ആർജവം അവർക്കില്ല താനും. അതിനാൽ, സാധാരണക്കാരിൽ ഒരു നുണ, മിഥ്യ വളർത്താനുള്ള ശ്രമം അവർ നടത്തിക്കൊണ്ടേയിരിക്കുന്നു. ഒരു ഫലകത്തിലൂടെ ടാഗോറിനെ തുടച്ചുമാറ്റാൻ അവർ വൃഥാശ്രമം നടത്തുന്നതും അതുകൊണ്ട് തന്നെ. ടാഗോർ മുന്നോട്ടുവച്ച ദേശീയത ആർ എസ് എസ് -ബി ജെ പി രാഷ്ട്രീയത്തിന് തലവേദനയാണെന്ന് ഇത്തരം സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു.

ശാന്തിനികേതന്റെ രാഷ്ട്രീയം ബിജെപിയുടെ ഹൈന്ദവരാഷ്ട്രീയവുമായി  ഒരു തരത്തിലും ചേർന്നുനിൽക്കുന്ന ഒന്നല്ല. അതുകൊണ്ടുതന്നെയാണ് ആ സ്ഥാപനത്തിന്റെ ചരിത്രത്തെ തിരുത്തി അതിനെ തകർക്കാൻ ഇന്ത്യയെ ഭാരതമാക്കിയാൽ ചരിത്രം മാറ്റാനാവുമെന്ന് കരുതുന്ന ബിജെപി ശ്രമിക്കുന്നത്

അതിരുകളില്ലാത്ത ശാന്തിനികേതനിൽ ഇന്ന് എല്ലാ അർത്ഥത്തിലും മതിലുകൾ ഉയർന്നുതുടങ്ങിയിരിക്കുന്നു. ഞങ്ങൾ പഠിക്കുന്ന കാലത്ത് കലാഭവൻ, സംഗീതഭവൻ ഇതെല്ലം പരസ്പരം ബന്ധപ്പെട്ടാണ് കിടന്നിരുന്നത്. സമയോചിതമായ പഠനസാധ്യതകളെ മുന്നോട്ടുവച്ച രീതിയായിരുന്നു അന്ന് നിലനിന്നിരുന്നത്. എന്നാൽ ഇന്നതിനെ പല ഖണ്ഡങ്ങളാക്കി മുറിച്ച്, മതിലുകൾ പണിത്, എല്ലാത്തരം വിനിമയങ്ങളെയും തകർക്കുകയാണവിടെ. ഇതിൽ എല്ലാം മുഖ്യപ്രതി ഇപ്പോഴത്തെ വൈസ് ചാൻസലർ ബിദ്യുത്‍ ചക്രബർത്തിയാണ്. ഡൽഹിയിൽ അദ്ധ്യാപകനായിരുന്ന കാലം തൊട്ടേ ഒരുപാട് ദുഷ്‌പേരുകളുള്ള ആളാണ് ചക്രബർത്തി. മീ ടൂ ആരോപണം വരെ നേരിട്ട ആൾ. ക്യാമ്പസ്സിൽ സി ഐ എസ് എഫിനെ ഇറക്കുകയും അദ്ധ്യാപകർ പോലും സമൂഹമാധ്യമത്തിൽ എന്തെങ്കിലും എഴുതിയാൽ അവർക്കുനേരെ വാണിങ്  കൊടുക്കുകയും പിരിച്ചുവിടുകയുമൊക്കെ ചെയ്യുന്ന ആൾ. കോടതി ഇത്തരം പിരിച്ചുവിടലിനെ തള്ളിക്കളഞ്ഞത് കാരണം അധ്യാപകരെ തിരിച്ചെടുക്കേണ്ടിവന്നു വിസിക്ക്. ഇത്തരം തിരിച്ചടികൾ നേരിടുമ്പോളാണ് മോദി ഭക്തനായ അദ്ദേഹം തന്നെയും പ്രധാനമന്ത്രിയെയും ഫലകത്തിൽ കൊത്തിവച്ച് ചരിത്രത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നതെന്നത് എടുത്തുപറയേണ്ട കാര്യമാണ്.
സർഗാത്മകത ആത്മാവിലുള്ളവർ ചരിത്രത്തെ ഭയക്കില്ല. ചരിത്രത്തെ ഭയക്കാതെ മനുഷ്യനെയും പ്രകൃതിയെയും സ്നേഹിച്ച  ടാഗോറിന്റെ പേരിലാണ് യുനെസ്കോ പുതിയ അംഗീകാരം തന്നത്. മോദിഭക്തനായ വിസിയ്ക്ക് അത് മനസ്സിലാവില്ലെന്നതുകൊണ്ട് കൂടിയാണ് അദ്ദേഹം ഇങ്ങനെയൊക്കെ ചെയ്യുന്നത് എതിർക്കപ്പെടണം എന്നുപറയുന്നത്. ടാഗോറും, ഒപ്പം വളരെ പണ്ഡിതരായ ഒരു കൂട്ടം ആളുകളുമാണ് ഈ സ്ഥാപനത്തെ ഉണ്ടാക്കിയത്, അതിന്റെ സ്വഭാവം അങ്ങനെ തന്നെ നിൽക്കണം. അത് തകർക്കാൻ ശ്രമിക്കുന്നതിനെതിരെ എല്ലാവരും ഒരുമിച്ചുനിൽക്കണം.

രാഹുൽ ഗാന്ധിയുടെ റായ്ബറേലി, സ്മൃതിയുടെ അമേഠിയും, അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; 695 സ്ഥാനാർഥികള്‍ ജനവിധി തേടും

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി