TECHNOLOGY

പാസ്‌വേഡ് മറന്നുപോയോ? പേടിക്കേണ്ട പാസ് കീ ഉണ്ടല്ലോ, അറിയാം വാട്‌സ്ആപ്പിലെ പുതിയ സവിശേഷത

വെബ് ഡെസ്ക്

ആഗോളതലത്തില്‍ തന്നെ ഏറ്റവും പ്രചാരത്തിലുള്ള മെസേജിങ് പ്ലാറ്റ് ഫോമാണ് വാട്‌സ്ആപ്പ്. 2009ല്‍ ആരംഭിച്ചശേഷം നിരവധി മാറ്റങ്ങളിലൂടെ ആപ്ലിക്കേഷന്‍ കടന്നുപോയി. വോയ്‌സ് കോള്‍, വീഡിയോ കോള്‍ തുടങ്ങി പണം കൈമാറാന്‍ വരെ ഇപ്പോള്‍ വാട്‌സ്ആപ്പിലൂടെ സാധിക്കും. ഉപയോക്താക്കളുടെ സംഖ്യ വലുതായതിനാല്‍ സുരക്ഷയുറപ്പാക്കേണ്ടതും പ്രധാനമാണ്. പാസ് കീ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള പുതിയ സവിശേഷത അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

സമൂഹമാധ്യമമായ എക്സിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 2 ഫാക്ടര്‍ ഒതന്റിക്കേഷന് പകരമാണ് വാട്‌സ്ആപ്പ് പാസ് കീ അവതരിപ്പിക്കുന്നത്. ഫേസ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ്, പിന്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് വാട്‌സ്ആപ്പിലേക്ക് ഉപയോക്താക്കള്‍ക്ക് പ്രവേശിക്കാനാകും. പാസ് കീ ഉപയോഗിച്ച് അപ്ലിക്കേഷനുകള്‍ സുരക്ഷിതമാക്കാനുള്ള ഗൂഗിളിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് വാട്‌സ്ആപ്പിന്റെ പുതിയ നീക്കം.

എന്താണ് പാസ് കീ?

പാസ്‌വേഡ് ഒഴിവാക്കിക്കൊണ്ടുള്ള പുതിയ തരം ലോഗ് ഇന്‍ സംവിധാനമാണ് പാസ് കീ. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ സ്ഥിരീകരണത്തിനായി പാസ്‌വേഡിനുപകരം ബയോമെട്രിക് സംവിധാനങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഫിംഗര്‍പ്രിന്റ്, ഫേസ് ആണ്‍ലോക്ക്, പിന്‍ നമ്പര്‍ തുടങ്ങിയവ.

പാസ് കീ ഒരു വ്യക്തിയുടെ ഉപകരണത്തില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. മറ്റൊരു ഉപകരണത്തില്‍ ഉപയോഗിക്കണമെങ്കില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടതുണ്ട്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തശേഷം മറ്റൊരു ഉപകരണത്തില്‍നിന്ന് ഫേസ് ഐഡിയോ ടച്ച് ഐഡിയോ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാന്‍ കഴിയും.

പാസ്‌വേഡും പാസ് കീയും തമ്മിലുള്ള വ്യത്യാസം

ഒരു അപ്ലിക്കേഷനിലേക്ക് ലോഗ് ഇന്‍ ചെയ്യുന്നതിന് ഇപ്പോള്‍ നിലവിലുള്ള മാനദണ്ഡമാണ് പാസ്‌വേഡ്. ഇതിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് പാസ്‌വേഡ് മറന്നുപോകാനുള്ള സാധ്യതയാണ്. മറ്റുള്ളവര്‍ കണ്ടെത്താതിരിക്കാന്‍ ബുദ്ധിമുട്ടുള്ള പാസ്‌വേഡ് ഉപയോഗിക്കുകയും ചെയ്യണം. പാസ്‌വേഡ് എളുപ്പത്തില്‍ കണ്ടെത്താനാകുന്നതാണെങ്കില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പാസ് കീയാകുമ്പോള്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. ബയോമെട്രിക്ക് സംവിധാനമായതിനാല്‍ സുരക്ഷിതമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ആന്‍ഡ്രോയ്ഡിൽ വാട്‌സ്ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ പാസ് കീ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി വാബീറ്റഇന്‍ഫോ ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത മാസങ്ങളില്‍ തന്നെ സവിശേഷത ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് വാട്‌സ്ആപ്പ് നൽകുന്ന വിവരം.

പാസ്‌‌‌വേഡ് ഒഴിവാക്കിക്കൊണ്ടുള്ള സംവിധാനത്തിലേക്ക് നീങ്ങുന്ന ആദ്യത്തെ പ്ലാറ്റ്ഫോമല്ല വാട്‌സ്ആപ്പ്. വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ ആപ്പിളും പാസ് കീ അവതരിപ്പിച്ചിരുന്നു.

ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഓരോ വെബ്‌സൈറ്റിനും പാസ്‌കീകൾ സൃഷ്‌ടിക്കാൻ കഴിയും. ഇത് ആപ്പിൾ ടിവി ഉൾപ്പെടെ ആപ്പിൾ ഉപകരണങ്ങളിലുടനീളം സുരക്ഷിതമായി സമന്വയിപ്പിക്കാനാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം

250 അടി വലുപ്പമുള്ള ഛിന്നഗ്രഹം ഇന്ന് രാത്രി ഭൂമിക്കരികിലേക്ക്; വേഗത മണിക്കൂറില്‍ 63,683 കിലോമീറ്റര്‍