ഫയല്‍ ചിത്രം
ഫയല്‍ ചിത്രം 
WORLD

അടിയന്തര വെടിനിർത്തലിന് വീണ്ടും ആഹ്വാനം ചെയ്ത് യുഎസ്; ഇസ്രയേല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നയം മാറ്റുമെന്ന് ബൈഡന്‍

വെബ് ഡെസ്ക്

ഗാസയില്‍ മാനുഷിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിന് ഭാവിയില്‍ പിന്തുണ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ബൈഡന്‍ ഇക്കാര്യം സൂചിപ്പിച്ചത്. ബൈഡന്റെ ഇടപെടലോടെ അടിയന്തര വെടിനിർത്തലിനും കൂടുതല്‍ ഭക്ഷണവും മറ്റ് സഹായങ്ങളും ഗാസയിലെത്തിക്കാന്‍ നിർബന്ധിതരായിരിക്കുകയാണ് ഇസ്രയേല്‍. സഹായ പ്രഖ്യാപനം നടത്തിയെങ്കിലും ബൈഡന്‍ ഫോണ്‍ സംഭാഷണത്തില്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും നടപ്പിലാക്കാന്‍ ഇസ്രയേല്‍‍ തയാറായിട്ടില്ലെന്നാണ് അമേരിക്കന്‍ മാധ്യമമായ ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

മാനുഷിക സഹായങ്ങള്‍ നല്‍കുന്നവർക്കെതിരായ ആക്രമണങ്ങളും ഗാസയിലെ മൊത്തത്തിലുള്ള മാനുഷിക സാഹചര്യവും അംഗീകരിക്കാനാകില്ലെന്ന് ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞതായി വൈറ്റ് ഹൗസ് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന്റെ സംഗ്രഹത്തില്‍ പറയുന്നു. ഗാസയില്‍ നിലില്‍ക്കുന്ന മാനുഷിക പ്രതിസന്ധി, സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ എന്നിവയ്ക്ക് പരിഹാരം കാണുന്നതിനായുള്ള നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ബൈഡന്‍ ചൂണ്ടിക്കാണിച്ചു. ഇസ്രയേലിന്റെ തുടർനടപടികളെ ആശ്രയിച്ചായിരിക്കും അമേരിക്കയുടെ തുടർ നയങ്ങളെന്നും നെതന്യൂഹുവിന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പലസ്തീനെതിരെ ഇസ്രയേല്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്ക ഇത്തരത്തിലൊരു കടുത്ത നിലപാടിലേക്ക് കടക്കുന്നത്. ഇസ്രയേലിന്റെ നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ ആയുധവിതരണം പരിമിതപ്പെടുത്തിയേക്കുമെന്ന സൂചനകളും ബൈഡന്‍ നല്‍കിയിട്ടുണ്ട്. ഗാസയിലേക്ക് നേരിട്ട് സഹായം എത്തിക്കുന്നതിനായി അഷ്‌ദോദ് തുറമുഖം ഉപയോഗിക്കുമെന്നും ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായി വടക്കന്‍ ഗാസയിലേക്കുള്ള ഈറസ് ക്രോസിങ് തുറക്കാനും ഇസ്രയേല്‍ തയാറായിട്ടുണ്ടെന്ന് യു എസ് സുരക്ഷാ കൗണ്‍സില്‍ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.

അരമണിക്കൂർ നീണ്ടു നിന്ന ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല. എന്നിരുന്നാലും അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്ന് നെതന്യാഹു ഉറപ്പു നല്‍കിയെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. ഇസ്രയേലിനോടും ഗാസയോടുമുള്ള അമേരിക്കയുടെ നയത്തില്‍ എന്തെങ്കിലും മാറ്റം വരാനുള്ള സാധ്യതകളെക്കുറിച്ച് വ്യക്തമാക്കാന്‍ വൈറ്റ് ഹൗസ് ജോണ്‍ കിർബിയും തയാറായില്ല. ഇസ്രയേലിന്റെ നടപടികളെ ആശ്രയിച്ചായിരിക്കും തീരുമാനമെന്ന നിലപാട് കിർബി ആവർത്തിക്കുകയും ചെയ്തു.

ഗാസയിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും സാധാരണക്കാരുടെ പട്ടിണി ഇല്ലാതാക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡെമോക്രാറ്റിക്ക് പാർട്ടിയിലെ ഒരു വിഭാഗത്തില്‍ നിന്ന് സമ്മർദം ഉയർന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ബൈഡന്‍ - നെതന്യാഹു സംഭാഷണം. തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ ഗ്രൂപ്പിലെ ഏഴ് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. സെലിബ്രിറ്റി ഷെഫായ ജോസ് ആന്‍ഡ്രേസാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ സ്ഥാപകന്‍. തന്റെ തൊഴിലാളികള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്ന് ജോസ് ആന്‍ഡ്രേസ് ആരോപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വൈറ്റ് ഹൗസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ