WORLD

ഗാസയിൽ വെടിനിർത്തൽ: പുതിയ കരാറിന് മുന്‍കൈയെടുത്ത് യുഎസ്, ചര്‍ച്ചകള്‍ ഫ്രാന്‍സില്‍

വെബ് ഡെസ്ക്

ഇസ്രയേൽ - ഹമാസ് സംഘർഷങ്ങൾക്ക് അറുതി വരുത്താൻ യുഎസിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു. വിവിധ ഉപാധികളോടെ ഗാസയിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്താനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. സിഐഎ ഡയറക്ടർ ബിൽ ബേൺസ് ആണ് ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തർ, ഈജിപ്ത്, ഇസ്രയേൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഫ്രാൻ‌സിൽ കൂടിക്കാഴ്ച നടത്തും.

ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ നൂറിലധികം പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിലെ സൈനിക പ്രവർത്തനങ്ങൾ രണ്ട് മാസത്തേക്ക് ഇസ്രയേൽ താൽക്കാലികമായി നിർത്തിവെക്കാൻ സാധ്യതയുള്ള കരാറിനെ സംബന്ധിച്ചാണ് ചർച്ചകളെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കരാറുമായി ബന്ധപ്പെട്ട നിർബന്ധനകൾ രണ്ട് ഘട്ടങ്ങളിലായി ചർച്ച ചെയ്യും. ആദ്യഘട്ടത്തിൽ, ശേഷിക്കുന്ന സ്ത്രീകളെയും പ്രായമായവരെയും പരിക്കേറ്റവരെയും മോചിപ്പിക്കാൻ ഹമാസിനെ അനുവദിക്കുന്നതിനായി ആക്രമണങ്ങൾ അവസാനിപ്പിക്കും.

രണ്ടാം ഘട്ടത്തിലാണ് ഇസ്രായേൽ സൈനികരെയും സാധാരണക്കാരായ പുരുഷന്മാരെയും വിട്ടയക്കുക. അതിനായി നേരത്തെയുള്ള താൽക്കാലിക വിരാമത്തിൻ്റെ ആദ്യ 30 ദിവസങ്ങളിൽ രണ്ടാം ഘട്ടത്തിനായുള്ള വിശദാംശങ്ങൾ ഇസ്രയേലും ഹമാസും തയാറാക്കും. ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കണമെന്നും ഈ കരാർ ഇസ്രായേലിനോട് ആവശ്യപ്പെടുന്നണ്ട്. എന്നാൽ ഈ വിവരങ്ങളൊന്നും തന്നെ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പരിശോധിക്കാൻ സാധിച്ചിട്ടില്ല. ഇസ്രയേലും ഹമാസും അതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കരാർ യുദ്ധം അവസാനിപ്പിക്കാൻ പോന്നതല്ലെങ്കിലും സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ഒരു ശാശ്വത പരിഹാരത്തിന് കരാർ അടിത്തറയിടുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രസിഡൻ്റ് ജോ ബൈഡൻ വെള്ളിയാഴ്ച ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, ഖത്തർ ഭരണ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവരുമായി ഫോണിൽ സംസാരിച്ചു. ബന്ദികളെ സംബന്ധിച്ച വിഷയവും ഇരു നേതാക്കളുമായി ചർച്ച ചെയ്തിട്ടുണ്ട്.

മൂന്ന് മാസത്തോളമായി ഗാസയിൽ തുടർന്ന് കൊണ്ടിരിക്കുന്ന സംഘർഷത്തിൽ മരിച്ച പലസ്തീനികളുടെ എണ്ണം 26,000 പിന്നിട്ടിരിക്കുകയാണ്. ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് പുറമെ കനത്ത മഴയും തണുപ്പും ഗാസയിലെ ജനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ