MIDDLE EAST

പാസ്പോർട്ട് തടഞ്ഞും ശമ്പളം നൽകാതെയും തൊഴിൽ ഉടമകളുടെ പീഡനം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലേക്ക് പരാതി പ്രവാഹം

രജിമോന്‍ കുട്ടപ്പന്‍

ഒരു കാലത്ത് മലയാളികളുടെ പറുദീസയായിരുന്ന ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ സാഹചര്യം കഴിഞ്ഞ കുറെ വർഷങ്ങളായി മോശമായി വരികയാണ്. തൊഴിൽ മേഖലയിലെ പ്രശ്നങ്ങളുടെ രൂക്ഷത വെളിവാക്കുന്നതാണ് അവിടങ്ങളിലെ ഇന്ത്യൻ എംബസികളിൽ ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലെ വർധന. തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പതിനായിരത്തിലധികം പരാതികളാണ് കഴിഞ്ഞ വർഷം ഒമാൻ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകൾ അനുസരിച്ച് 2022-ൽ ഇന്ത്യൻ പൗരന്മാരായ തൊഴിലാളികളിൽ നിന്ന് 10,924 പരാതികളാണ് ഈ ആറ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് ലഭിച്ചത്. അതായത്, ശരാശരി ഒരു ദിവസം 29 ഇന്ത്യക്കാർ ആണ് ഗൾഫിലെ തൊഴിൽ സാഹചര്യങ്ങളെപ്പറ്റി പരാതി ഉയർത്തുന്നത്.

ഒരു ദിവസം 29 ഇന്ത്യക്കാർ എന്ന ശരാശരിയിലാണ് ഗൾഫിലെ തൊഴിൽ സാഹചര്യങ്ങളെപ്പറ്റി പരാതി ഉയർത്തുന്നത്

പരാതികളുടെ എണ്ണം 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനം വർധിച്ചിട്ടുണ്ട്. 2021-ൽ ഒമാൻ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ 8086 തൊഴിൽ പരാതികൾ ലഭിച്ചിരുന്നു. ശരാശരി ഒരു ദിവസം 22 ഇന്ത്യക്കാർ ആയിരുന്നു കഴിഞ്ഞ വർഷം രേഖാമൂലം പരാതി ഉന്നയിച്ചത്.

ഏറ്റവുമധികം പരാതികൾ പാസ്പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ തൊഴിൽ ഉടമ പിടിച്ചുവയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ്. ശമ്പളം മുടങ്ങുക, ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാക്കുക എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് തൊട്ടുപിന്നിൽ.

ഈ ആറു ഗൾഫ് രാജ്യങ്ങളും പിന്തുടരുന്നത് ലിഖിതമല്ലാത്ത കഫാല എന്ന തൊഴിലാളി-തൊഴിലുടമ കരാർ ആണ്. പരാതികൾ കൂടുന്നതിനും, ഈ പരാതികൾ പലപ്പോഴും പരിഹരിക്കപ്പെടാതെ പോകുന്നതിനും പ്രധാന കാരണം ഈ കരാറിന്റെ ന്യൂനതകൾ തന്നെയാണ്. കഫാലയിൽ തൊഴിലാളിയെ തൊഴിലുടമയുടെ 'അടിമയെ പോലെയാണ്’ കണക്കാക്കുന്നത് എന്നാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടനകൾ പറയുന്നത്. തൊഴിലാളിയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തീരുമാനിക്കുന്നത് തൊഴിൽ ഉടമ ആണ്. പാസ്‌പോർട്ട്‌, വിദ്യാഭാസ രേഖകൾ എന്നിവ തൊഴിലുടമ പിടിച്ചുവെച്ചിരിക്കുന്നത് കൊണ്ട് തൊഴിലുടമയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമായി ആയിരിക്കും തൊഴിലാളി തൊഴിൽ ചെയ്യേണ്ടി വരിക. ശമ്പള വിതരണത്തിൽ പോലും പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്.

മാസങ്ങൾക്ക് മുൻപ് ഒമാനിൽ മലയാളി വ്യവസായി നടത്തിയിരുന്ന ഒരു കമ്പനിയിൽ ശമ്പളം കിട്ടാതെ മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ആരംഭിച്ചു. ഉടമയായ മലയാളി തൊഴിലാളികളെ അനാഥരാക്കി കേരളത്തിലേക്ക് മടങ്ങി. എന്നാൽ, തൊഴിലാളികളാവട്ടെ ഇപ്പോഴും പ്രതീക്ഷയോടെ സമരം തുടരുകയാണ്.

കഫാല എന്ന തൊഴില്‍ നിയമത്തിന്റെ ന്യൂനതകള്‍ പരാതികൾ പലപ്പോഴും പരിഹരിക്കപ്പെടാതെ പോകുന്നതിനും പ്രധാന കാരണമാകുന്നു

2022-ൽ ഒമാനിൽ 1375 തൊഴിൽ പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടു. യുഎഇയിൽ 779, ബഹ്റൈനിൽ 638, കുവൈറ്റിൽ 5660, ഖത്തറിൽ 525, സൗദി അറേബ്യയിൽ 1947 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതികളുടെ എണ്ണം. 2021ൽ ഒമാനിൽ 933 തൊഴിൽ പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ യുഎഇ 775, ബഹ്റൈനിൽ 335, കുവൈറ്റിൽ 4339, ഖത്തര്‍ 576, സൗദി അറേബ്യ 1128 എന്നിങ്ങനെ പരാതികള്‍ ഉയര്‍ന്നു.

എംബസികളെ ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി നൽകുന്നവർ ആകെ പരാതിക്കാരിലെ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും. യഥാർത്ഥ കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും എംബസികളിലെത്തുന്നത് പരാതിക്കാരിൽ കേവലം 10 ശതമാനം മാത്രമായിരിക്കുമെന്നും പ്രവാസി മലയാളിയും സൗദിയിൽ സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ ലത്തീഫ് ‘ദ ഫോർത്തി’നോട് പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമങ്ങൾ ഇല്ലാത്തതും ഉള്ള നിയമം പുതുക്കാത്തതും ആണ് ഇന്ത്യൻ തൊഴിലാളികൾ പ്രതിസന്ധിയാകുന്നു

“എംബസികൾ നഗരത്തിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. തൊഴിലാളികൾ ദൂരെ മരുഭൂമിയിലോ മറ്റു ചെറിയ നഗരങ്ങളിലോ ആയിരിക്കും താമസവും ജോലിയും. അവർക്ക് എംബസിയിൽ എത്താൻ തന്നെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവർ മിക്കവരും പരാതിപ്പെടാതെ തൊഴിലുടമയുടെ കരുണയ്ക്കു വേണ്ടി ആഴ്ചകളും മാസങ്ങളും കാത്തിരിക്കും,” ലത്തീഫ് പറഞ്ഞു. പരാതിപ്പെട്ടാൽ തൊഴിലുടമയ്ക്കു ദേഷ്യമാകുമെന്നും അങ്ങനെ കിട്ടാനുള്ള ആനുകൂല്യം കൂടി നഷ്ടപ്പെടുമെന്നുമുള്ള ഭയവും തൊഴിലാളികളെ പരാതിപ്പെടുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നു.

മറ്റു ഗൾഫ് രാജ്യങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ യു എ ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ പരാതികളുടെ എണ്ണത്തിൽ വലിയ കുറവ് കാണാൻ സാധിക്കും. ഈ രണ്ടു രാജ്യങ്ങളും കഫാലയിൽ മാറ്റം വരുകയും ചില പുതിയ പുരോഗമന നിയമങ്ങൾ കൊണ്ട് വരികയും ചെയ്തിട്ടുണ്ട്. ആ മാറ്റം തൊഴിൽ മേഖലയിൽ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമങ്ങൾ ഇല്ലാത്തതും ഉള്ള നിയമം പുതുക്കാത്തതും ആണ് ഇന്ത്യൻ തൊഴിലാളികൾ പ്രതിസന്ധിയിൽ ആകാൻ കാരണമെന്ന് കുടിയേറ്റ തൊഴിലാളി അവകാശ പ്രവർത്തകൻ റഫീഖ് റാവുത്തർ ‘ദ ഫോർത്തി’നോട് പറഞ്ഞു.

ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിട്ടും ജി 20-ലും മറ്റും ജനാധിപത്യ മൂല്യങ്ങൾക്കായി ഉറക്കെ സംസാരിക്കുമ്പോഴും നമ്മുടെ കുടിയേറ്റ തൊഴിലാളികളുടെ തൊഴിലും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനുള്ള അന്തരാഷ്ട്ര കരാറുകളോട് മുഖം തിരിക്കുന്ന നിലപാടാണ് കൈക്കൊള്ളാറുള്ളതെന്ന് പ്രവാസലോകം എന്ന ടി വി പ്രോഗ്രാമിലൂടെ പ്രവാസികൾക്കിടയിൽ ശ്രദ്ധേയനായ റഫീഖ് പറഞ്ഞു.

ഇന്ത്യ ഇപ്പോഴും കുടിയേറ്റം നിയന്ത്രിക്കുന്നത് 1983 ലെ കുടിയേറ്റ നിയമം വെച്ചാണ്. കുടിയേറ്റത്തിന്റെ സ്വഭാവം ഈ കാലയളവിനുള്ളിൽ ഒരുപാട് മാറിയിട്ടുണ്ട്. ഇന്ത്യൻ സർക്കാർ 2019 നും 21നും ഇടയിൽ രണ്ടു തവണ ഈ നിയമം പുതുക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

ആറു ഗൾഫ് രാജ്യങ്ങളിലും ലെബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലുമായി 90 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. അതിൽ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യക്കു വെളിയിൽ 1.3 കോടി ഇന്ത്യക്കാർ ആണ് തൊഴിൽ ചെയ്യുന്നത്. അതിൽ 90 ശതമാനവും സാധാരണ ഇന്ത്യൻ രൂപ ഇരുപതിനായിരത്തിനും മുപ്പതായിരത്തിനും ഇടയിൽ മാസശമ്പളത്തിന് പണിയെടുക്കുന്ന തൊഴിലാളികൾ ആണ്.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ