പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്

സിനിമാഗാനങ്ങളിലൂടെയും പ്രശസ്ത ഭക്തിഗാനങ്ങളിലൂടെയും മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഗാനരചയിതാവ് ആർ കെ ദാമോദരന് ഞായറാഴ്ച സപ്തതി

ഒരു പാട്ടിന്റെ ഒരേയൊരു വരിക്ക് പോയിമറഞ്ഞ ഒരു കാലം മുഴുവൻ വീണ്ടെടുത്തു തരാനാകുമെങ്കിൽ അതൊരു വലിയ കാര്യമല്ലേ?

വയനാട്ടിലെ ഞങ്ങളുടെ വീടിന്റെ കിടപ്പുമുറിയുടെ ചുമരിൽ തൂങ്ങിക്കിടന്നിരുന്ന കലണ്ടറിൽ നിന്ന് തുടങ്ങുന്നു ഓർമ്മകൾ. അന്നൊരു അപൂർവ കാഴ്ചയാണ് ചിത്രക്കലണ്ടർ. ചുരുക്കം സ്ഥാപനങ്ങളേ കലണ്ടർ ഇറക്കൂ. അതും വളരെ കുറച്ച് കോപ്പികൾ മാത്രം. പുതുവർഷം പിറന്നാലും ചുമരിൽ നിന്ന് കലണ്ടറിന് സ്ഥാനചലനം ഉണ്ടാവില്ല. കൊല്ലവും തീയതികളുമെഴുതിയ ഭാഗം കീറിക്കളഞ്ഞ് വീണ്ടും ഉപയോഗിക്കാം. അപൂർവ വസ്തുവാണല്ലോ.

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്
ബിരിയാണിക്കും മുന്‍പൊരു ചരിത്രമുണ്ട് പാരഗണിന്

പ്രശസ്ത സിനിമാ താരങ്ങളുടെ, അല്ലെങ്കിൽ രാഷ്ട്രീയ നേതാക്കളുടെ കലണ്ടർ ചിത്രങ്ങൾ ഫ്രെയിം ചെയ്തു തൂക്കുന്ന പതിവുമുണ്ട്. ചുണ്ടേൽ ടൗണിലെ വാസുവേട്ടന്റെ ബാർബർ ഷാപ്പിൽ അത്തരം ചിത്രങ്ങൾ നിരവധിയുണ്ടായിരുന്നു. സത്യൻ, ഷീല, അഴീക്കോടൻ രാഘവൻ, എകെജി, നെഹ്‌റു, ഗാന്ധിജി, ഭഗത് സിങ് അങ്ങനെ പലരുടേയും. അഴീക്കോടന്റെ പടത്തിന് താഴെ എപ്പോഴും ഒരു മെഴുകുതിരി എരിയുന്നുണ്ടാകും.

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്
ഭരതൻ നിലവിളിച്ചു; പ്ലീസ് ഹെൽപ്പ് മി...

മാതൃഭൂമിക്കലണ്ടറിന് പുറമെ വീട്ടിലുണ്ടായിരുന്നത് സുദർശൻ ചിറ്റ് ഫണ്ടിന്റെയും കൽപ്പറ്റയിലെ ഗീതാ സ്റ്റോഴ്‌സിന്റെയും കലണ്ടറുകളാണ്. ആദ്യത്തേതിൽ നിന്ന് നിമ്മി എന്ന ഹിന്ദി നടി സദാസമയവും പുഞ്ചിരിച്ചുകൊണ്ടിരുന്നു; പ്രലോഭനീയമായ ചിരി. ഗീതാ സ്റ്റോഴ്‌സിന്റെ കലണ്ടറാകട്ടെ പ്രകൃതിരമണീയമായിരുന്നു. നീലമേഘങ്ങളുടെ പശ്ചാത്തലത്തിൽ വലിയൊരു ചന്ദ്രബിംബം. ചന്ദനനിറമുള്ള ആ അമ്പിളിയുടെ ഒരറ്റത്ത് മരക്കൊമ്പിലിരിക്കുന്ന രണ്ട് ഇണക്കിളികളുടെ നിഴൽ രൂപങ്ങൾ. ആരോ വരച്ച, ഭംഗിയുള്ള പ്രകൃതി ദൃശ്യം.

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്
ആ ദര്‍ശനം പ്രായശ്ചിത്തമല്ല, എം ടി പോയത് കൊടിക്കുന്നില്‍ അമ്പലത്തില്‍; നിര്‍മാല്യത്തിലെ 'ക്ഷേത്രം' സെറ്റ്‌

എന്നും കാലത്തെഴുന്നേൽക്കുക ആ കലണ്ടർ കണ്ടുകൊണ്ടാണ്. തണുത്തുറഞ്ഞ എത്രയോ വയനാടൻ പ്രഭാതങ്ങളിൽ കണ്ണുകളിൽ നിന്ന് പരുക്കൻ കമ്പിളിപ്പുതപ്പ് വലിച്ചുമാറ്റി, വെറുതെ ആ ചിത്രം നോക്കിക്കിടന്നിട്ടുണ്ട്. പിന്നീടൊരിക്കൽ അതേ ചിത്രം നോട്ട് ബുക്കിന്റെ താളുകളിലൊന്നിൽ വരച്ച് ക്രയോൺസ് കൊണ്ട് നിറം പകർന്ന് സ്‌കൂളിൽ കൊണ്ടുചെന്നപ്പോൾ അടുത്തിരുന്ന കൂട്ടുകാർ ചോദിച്ചു: "ആരാടാ നിന്റെ ഇണക്കിളി?"

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്
'വൺസ് മോർ, ഒന്നല്ല പതിമൂന്ന് വട്ടം'; ചിത്രയോടൊപ്പം അരങ്ങേറിയ ഓർമകളുമായി ശരത്

സ്കൂൾ കാലം കഴിഞ്ഞു ചുരമിറങ്ങി കോഴിക്കോട്ടെ കോളേജ് ജീവിതത്തിലേക്ക് പ്രവേശിക്കും വരെ ചുമരിലുണ്ടായിരുന്നു ആ ഇണക്കിളികൾ എന്നാണോർമ്മ. പിന്നെയെപ്പോഴോ അവ പറന്നകന്നു; ചുമരിൽ നിന്ന് മാത്രമല്ല, ഓർമ്മകളിൽ നിന്നുതന്നെ. വീണ്ടും പഴയ അതേ മിഴിവോടെ കിളികളും അമ്പിളിയും നിലാവുമെല്ലാം മനസ്സിൽ വന്നു നിറഞ്ഞത് തികച്ചും യാദൃച്ഛികമായാണ്; പത്ര പ്രവർത്തന ജീവിതത്തിന്റെ തുടക്കകാലത്ത് ആകാശവാണിയുടെ "രഞ്ജിനി"യിൽ കേട്ട പാട്ടിലൂടെ: "ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങൾ.."

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്
ചോരകൊണ്ട് എഴുതിയ കത്ത്, ദേഹമാസകലം ചിത്രയുടെ പേര് പച്ചകുത്തിയ തഞ്ചാവൂർക്കാരി; വാനമ്പാടിയുടെ ആരാധികമാര്‍

"ചന്ദനമുണ്ണും" -- ആർ കെ ദാമോദരൻ എഴുതി എം കെ അർജ്ജുനൻ ചിട്ടപ്പെടുത്തി "മിഴിനീർപൂവുകൾ" (1986) എന്ന സിനിമക്ക് വേണ്ടി യേശുദാസ് പാടിയ ആ പാട്ടിൽ നിന്ന് ആദ്യം മനസ്സിൽ തടഞ്ഞത് ആ ഒരൊറ്റ വാക്കാണ്. മുൻപ് മറ്റൊരു പാട്ടിലും കേട്ടിട്ടില്ല (ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം) അത്തരമൊരു പ്രയോഗം. ചന്ദനം ഉണ്ണുക -- രസികൻ ഭാവന തന്നെ. ആദ്യ കേൾവിയിൽ ആ വരി മനസ്സിൽ കോറിയിട്ട ചിത്രത്തിൽ എന്റെ ബാല്യ കൗമാരങ്ങൾ മുഴുവനുണ്ടായിരുന്നു. എഴുന്നേൽക്കാൻ മടിച്ച് മൂടിപ്പുതച്ചു കിടന്ന സുഖശീതളപ്പുലരികളുടെ ഓർമ്മകൾ. "കുട്ട്യോളൊക്കെ എണീറ്റാട്ടെ. നേരം ഉച്ചയാവാറായി" എന്ന അച്ഛന്റെ ശാസന പോലും മുഴങ്ങി അപ്പോൾ കാതുകളിൽ.

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്
പിതൃനിര്‍വിശേഷമായ വാത്സല്യം; ചിത്രയുടെ രവീന്ദ്രൻ മാസ്റ്റർ

"രാജുറഹി"മിലെ "രവിവർമ്മ ചിത്രത്തിൻ രതിഭാവമേ" മുതലേ ശ്രദ്ധിച്ചിട്ടുണ്ട് ആർ കെയുടെ പാട്ടുകൾ. തുടർന്ന് വന്ന മുഖശ്രീ വിടർത്തുന്ന കൗമാരം (അനുഭവങ്ങളേ നന്ദി), സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ, മഞ്ഞിൽ ചേക്കേറും (രക്തം), ഹേമന്തഗീതം (താളം തെറ്റിയ താരാട്ട്) ഇവയൊക്കെ വ്യത്യസ്തമായ ശ്രവ്യാനുഭവം സമ്മാനിച്ച പാട്ടുകൾ. എങ്കിലും കൂടുതൽ ഇഷ്ടം തോന്നിയത് അത്ര ജനകീയമാകാതെ പോയ ഒരു പാട്ടിനോടാണ്: "ഇരുമ്പഴികൾ" എന്ന തട്ടുപൊളിപ്പൻ ചിത്രത്തിൽ യേശുദാസും ജെൻസിയും പാടിയ "ഇന്ദീവരങ്ങൾ ഇമ തുറന്നു പ്രേമ മന്ദാകിനിയിൽ മലർ വിരിഞ്ഞു.." ധർമ്മവതി രാഗസ്പർശം നൽകി അർജ്ജുനൻ മാസ്റ്റർ മിനഞ്ഞെടുത്ത ഗാനം. മലയാളത്തിൽ ജെൻസി പാടിയ ഏറ്റവും മികച്ച പാട്ടുകളിലൊന്ന്.

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്
ചന്ദ്രയുടെ പന്ത്; മുകേഷിന്റെ സിക്സർ

അതേ വശ്യതയുണ്ടായിരുന്നു "ചന്ദ്രകിരണ"ത്തിനും. ആർ കെയുടെ വരികൾക്കൊപ്പം രേവതി രാഗത്തിന്റെ വിശുദ്ധി നിറഞ്ഞ ഭാവം കൂടിയുണ്ടാകാം ആ ഇഷ്ടത്തിന് പിന്നിൽ. "കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരീ" പോലുള്ള ഭക്തിഗാനങ്ങളിലാണല്ലോ ഈ രാഗം കൂടുതലും നിറവാർന്നിട്ടുള്ളത്.

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്
രതീഷായിരുന്നു മമ്മൂട്ടിയുടെ ആദ്യ ശബ്ദം

നിർമാതാവായ ആർ എസ് ശ്രീനിവാസന്റെയും ശ്രീസായ് പ്രൊഡക്ഷൻസിന്റെയും ഭാഗ്യ സംഗീതജോഡി ആയിരുന്നു ആർ കെ ദാമോദരൻ -- അർജ്ജുനൻ ടീം. രാജു റഹിം, അടിമച്ചങ്ങല, ഇരുമ്പഴികൾ, താളം തെറ്റിയ താരാട്ട് തുടങ്ങിയ വിജയചിത്രങ്ങൾക്ക് പിന്നാലെ മിഴിനീർപൂവുകളിലും അതേ സഖ്യം തുടരട്ടെ എന്ന് ശ്രീനിവാസൻ തീരുമാനിച്ചത് സ്വാഭാവികം. പിൽക്കാലത്ത് മറക്കാനാവാത്ത ഒട്ടേറെ മ്യൂസിക്കൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ കമലിന്റെ ആദ്യ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് "മിഴിനീർപൂവുകൾ"ക്ക്.

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്
ആരും കേൾക്കാത്ത എംടിയുടെ ആ പാട്ട്

എറണാകുളം പാലാരിവട്ടത്തെ റിനൈസൻസ് ഹോട്ടലിലിരുന്ന് കഥാ സന്ദർഭം ഉത്സാഹത്തോടെ വിവരിച്ചു തരുന്ന യുവകോമളനായ കമലിന്റെ രൂപം ആർ കെയുടെ ഓർമ്മയിലുണ്ട്. "അന്ന് സന്ധ്യക്ക് ഭാര്യയോടൊപ്പം കാറ്റുകൊള്ളാൻ മേനക തിയേറ്ററിന്റെ പരിസരത്തുള്ള കരിങ്കൽ മതിലിൽ ചെന്നിരുന്നപ്പോൾ യാദൃച്ഛികമായി മനസ്സിൽ തടഞ്ഞതാണ് പാട്ടിന്റെ തുടക്കം. ചകോര യുവമിഥുനങ്ങളായിരുന്നല്ലോ ഞങ്ങളും.." പല്ലവി മനസ്സിൽ കുറിച്ച ശേഷം പാട്ടെഴുതിത്തീർത്തത് വീട്ടിൽ ചെന്നിട്ട്. വരികൾ വായിച്ചു കേട്ടയുടൻ കമൽ ഓക്കേ പറഞ്ഞു. അർജ്ജുനൻ മാഷിനും സന്തോഷം. "ചക്രവാകപ്പക്ഷിയുടെ ഭക്ഷണമാണ് നിലാവ് എന്നൊരു സങ്കല്പം ഭാരതീയ പുരാണങ്ങളിൽ നിന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. പല്ലവിയെഴുതുമ്പോൾ ആ സങ്കല്പമായിരുന്നു മനസ്സിൽ."

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്
നിഷേധിയായി വന്ന എം ടിയുടെ മമ്മൂട്ടി

മോഹൻലാലും ലിസിയുമാണ് ഗാനരംഗത്ത്. "കാമുകീകാമുകന്മാരുടെ ബോട്ട് യാത്രയൊക്കെ പാട്ടിൽ കടന്നുവരുന്നുണ്ട് എന്ന അറിവ് മനസ്സിൽ വെച്ചുകൊണ്ടാണ് ചിലച്ചും ചിറകടിച്ചു ചിരിച്ചും താരത്തളിർ നുള്ളി ഓളത്തിൽ വിരിച്ചും നിളയുടെ രോമാഞ്ചം നുകർന്നും കൊണ്ടവർ നീലനികുഞ്ജത്തിൽ മയങ്ങും എന്ന് ചരണത്തിൽ എഴുതിയത്. യഥാർഥത്തിൽ അത് മാനസനിളയാണ്.." -- ആർ കെയുടെ വാക്കുകൾ. ഉണ്ണിമേനോനും ബ്രഹ്മാനന്ദൻ -- ലതികമാരും പാടിയ രണ്ടു പാട്ടുകൾ കൂടിയുണ്ടായിരുന്നു "മിഴിനീർപൂവു"കളിൽ.

എഴുതിയ പാട്ടുകളിൽ കൂടുതൽ ഹിറ്റായത് "രവിവർമ്മചിത്ര"മാണെങ്കിലും ആത്മസംതൃപ്തിയിൽ ചന്ദ്രകിരണം ഒരു പടി മുകളിൽ നിൽക്കുമെന്ന് ആർ കെ. "എത്രയോ പേർ ആ ഗാനത്തോടുള്ള സ്നേഹം ഇന്നും പങ്കുവെച്ചു കേൾക്കാറുണ്ട്. മനസ്സിൽ തൊട്ട ഓർമ്മ ഗായകൻ ബിജു നാരായണൻ വിവരിച്ച അനുഭവമാണ്. മഹാരാജാസിൽ എന്റെ ജൂനിയേഴ്‌സ് ആയിരുന്നു ബിജുവും പിന്നീട് അദേഹത്തിന്റെ ജീവിത പങ്കാളിയായിത്തീർന്ന ലതയും. പ്രണയകാലത്ത് ലത തന്നോട് എന്നും പാടാൻ ആവശ്യപ്പെട്ടിരുന്ന പാട്ടാണ് ചന്ദ്രകിരണം എന്ന് ബിജു പറഞ്ഞുകേട്ടിട്ടുണ്ട്. ലതയുടെ അകാലത്തിലുള്ള വേർപാടിന് ശേഷം എന്നും വേദനയോടെയേ ആ പാട്ട് ഓർക്കാൻ കഴിഞ്ഞിട്ടുള്ളൂ ബിജുവിന്. അങ്ങനെ നിരവധി അനുഭവങ്ങൾ."

പാട്ടെഴുത്തുകാരന് എഴുപത്; പാട്ടിന് പതിനേഴ്
ഒരിക്കൽ കൂടി ചിത്രീകരിക്കാൻ സിബി മോഹിച്ച പാട്ട്

ജീവിതം പാടേ മാറി. ബന്ധങ്ങൾ മാറി. പ്രണയസങ്കൽപ്പങ്ങൾ മാറി. പക്ഷേ പ്രേമിച്ചു മതിവരാത്ത ചകോര യുവമിഥുനങ്ങളെ ഇന്നും ചുറ്റിലും കാണുന്നു നമ്മൾ; കടപ്പുറത്തെ കാറ്റാടിത്തണലിൽ, പാർക്കിലെ ബെഞ്ചുകളിൽ, സിനിമാ ശാലകളിൽ, കോഫീ ഷോപ്പുകളിൽ പരസ്പരം കണ്ണുകളിൽ ഉറ്റുനോക്കിയിരിക്കുന്നു അവർ; ചുംബനങ്ങൾ കൈമാറുന്നു.

"പാട്ടിന് പ്രായം മുപ്പത്തേഴു തികഞ്ഞു; പാട്ടെഴുത്തുകാരന് എഴുപതും. എങ്കിലെന്ത്? പാട്ട് മധുരപ്പതിനേഴുകാരിയായിത്തന്നെ നിലനിൽക്കും. കാലമെത്ര കഴിഞ്ഞാലും പ്രണയത്തിന് പ്രായമേറുന്നില്ലല്ലോ?"-- ആർ കെ ചിരിക്കുന്നു.

logo
The Fourth
www.thefourthnews.in