ന്യായ് പത്രയിലെ കർഷക ഗ്യാരൻ്റികൾക്കെതിരെ അന്യായ ആക്രമണം; ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ എതിർപ്പിനു പിന്നിലെന്ത്?

ന്യായ് പത്രയിലെ കർഷക ഗ്യാരൻ്റികൾക്കെതിരെ അന്യായ ആക്രമണം; ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ എതിർപ്പിനു പിന്നിലെന്ത്?

കഴിഞ്ഞ ബജറ്റുകളിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതികളുടെ ആവർത്തനമാണ് ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ. കർഷക സംഘടനകൾ ഉയർത്തിയ ആവശ്യങ്ങൾ ഒന്നും പാർട്ടി പരിഗണിച്ചിട്ടില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കർഷകർക്ക് വൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെയും കോൺഗ്രസിൻ്റെയും പ്രകടനപത്രികകൾ പുറത്തുവന്നു. കർഷകരുടെ അന്തസ് ഉയർത്തുമെന്നും കർഷകരെ ശാക്തീകരിക്കുമെന്നും ഉറപ്പ് പറയുന്ന വികസിത ഭാരതം ലക്ഷ്യമിടുന്ന ബിജെപിയുടെ സങ്കല്പ പത്ര എന്ന പ്രകടന പത്രിക. മോദി കി ഗാരണ്ടി എന്ന തലക്കെട്ടിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.

കാർഷിക വിളകൾക്കു നൽകുന്ന കുറഞ്ഞ താങ്ങുവില കാലോചിതമായി വർധിപ്പിക്കുമെന്നും പയർ വർഗങ്ങൾ, എണ്ണക്കുരു വിളകൾ എന്നിയുടെ ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്നും പ്രകടനപത്രിക പറയുന്നു. പ്രകൃതി സൗഹൃദപരവും കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതുന്നതും ലാഭകരവുമായ കൃഷി പ്രോത്സാഹിപ്പിക്കും. ഇതിനു വേണ്ടി പ്രകൃതി കൃഷിയ്ക്കായുള്ള ദേശീയ മിഷൻ ശക്തിപ്പെടുത്തുമെന്നൊക്കെ പ്രകടനപത്രിക പറയുന്നു.

കഴിഞ്ഞ ബജറ്റുകളിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതികളുടെ തനി ആവർത്തനമാണ് ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ. കർഷകസംഘടനകൾ ഉയർത്തിയ ആവശ്യങ്ങൾ ഒന്നു പോലും പാർട്ടി പരിഗണിച്ചിട്ടില്ല.

ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവയുടെയും പച്ചക്കറികളുടെയും ഉല്പാദനം വർധിപ്പിക്കാൻ കർഷകർക്ക് സഹായം നൽകും. കർഷകർക്ക് പ്രതിവർഷം 6000 രൂപ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന പി എം കിസാൻ സമ്മാൻ നിധി കൂടുതൽ ശക്തിപ്പെടുത്തും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിള ഇൻഷുറൻസ് പദ്ധതിയായ പി എം ഫസൽ ബിമാ യോജന കൂടുതൽ കാര്യക്ഷമമാക്കും. വിളനാശത്തിനുള്ള നഷ്ടപരിഹാരം കർഷകർക്ക് സമയ ബന്ധിതമായി നൽകുമെന്നൊക്കെ പ്രകടനപത്രിക പറയുന്നു.

ന്യായ് പത്രയിലെ കർഷക ഗ്യാരൻ്റികൾക്കെതിരെ അന്യായ ആക്രമണം; ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ എതിർപ്പിനു പിന്നിലെന്ത്?
തിരഞ്ഞെടുപ്പ് കമ്മീഷന് പല്ലും നഖവും നൽകിയ ടി എൻ ശേഷൻ

കുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്‌പി) നിയമപരമായ പരിരക്ഷ ഏർപ്പെടുത്തണമെന്നും അത് ഡോ. എം എസ് സ്വാമിനാഥൻ അധ്യക്ഷനായ ദേശീയ കർഷക കമ്മിഷൻ ശിപാർശ ചെയ്ത നിരക്കിൽ വേണമെന്നുമാണ് സമരരംഗത്തുള്ള കർഷകർ അഞ്ച് വർഷമായി ആവശ്യപ്പെടുന്നത്. ഇത് പരിശോധിക്കാൻ മോദി സർക്കാർ 2022 ജൂലൈ 12ന് ഒരു കമ്മറ്റിയെ നിയമിച്ചുവെങ്കിലും അവർ ഇതു വരെയും റിപ്പോർട്ട് നൽകിയിട്ടില്ല. ഈ ആവശ്യം അംഗീകരിക്കുമെന്നാണ് കോൺഗ്രസ് അവരുടെ പ്രകടനപത്രികയായ 'ന്യായ് പത്ര'യിൽ നൽകുന്ന പ്രധാന വാഗ്ദാനം.

കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള കമ്മിഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (സി എ സി പി) ആണ് ഓരോ വർഷവും കൃഷിച്ചെലവിൻ്റെ അടിസ്ഥാനത്തിൽ എംഎസ്‌പി പ്രഖ്യാപിക്കുന്നതിനുള്ള ചുമതല. സി എ സി പി നിയമസാധുതയുള്ള സമിതിയല്ല. ഇവർ പ്രഖ്യാപിക്കുന്ന താങ്ങുവിലയ്ക്കും നിയമ സാധുതയില്ല. സി എ സി പിയെ സ്റ്റാറ്റ്യൂട്ടറി കമ്മിഷനായി പ്രഖ്യാപിക്കുമെന്ന് കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഉറപ്പുനൽകുന്നു. കമ്മിഷൻ്റെ തീരുമാനങ്ങൾക്കും നിയമസാധുത നൽകും.

എ പി എം സി (അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മറ്റി) നിയന്ത്രണത്തിലുള്ള കാർഷിക വിപണികളിലും സംഭരണ കേന്ദ്രങ്ങളിലും ഉല്പന്നങ്ങൾ വിൽക്കുന്ന കർഷകർക്ക് വില ഉടൻ തന്നെ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡിജിറ്റലായി കൈമാറും. കർഷകരുടെ വിള ഇൻഷുറൻസ് പദ്ധതികൾ കാലോചിതമായി പരിഷ്ക്കരിക്കും. കർഷകർ നൽകുന്ന പ്രീമിയം ഇൻഷുറൻസ് തുകയ്ക്ക് ആനുപാതികമായി പുനർനിർണയിക്കും. 30 ദിവസത്തിനകം നഷ്ടപരിഹാരം കർഷകർക്ക് ലഭ്യമാക്കിയിരിക്കുമെന്നും കോൺഗ്രസ് പ്രകടനപത്രിക പറയുന്നു.

കർഷകർക്ക് നൽകേണ്ട വായ്പയുടെ തോത് നിശ്ചയിക്കാനും കാർഷിക കടങ്ങൾ എഴുതിത്തള്ളാനും ദേശീയ കാർഷിക ധനകാര്യ കമ്മിഷനെ സ്റ്റാറ്റ്യൂട്ടറി അധികാരത്തോടെ നിയമിക്കും. കാർഷിക കയറ്റുമതി സുഗമമാക്കാനും അനിയന്ത്രിതമായ ഇറക്കുമതി തടയാനും കർഷകോന്മുഖമായ കയറ്റുമതി - ഇറക്കുമതി നയം ആവിഷ്കരിക്കും. വിത്ത്, വളം, കീടനാശിനി, കൃഷിയന്ത്രങ്ങൾ തുടങ്ങിയവയ്ക്ക് ജി എസ് ടി ഒഴിവാക്കുമെന്നും കോൺഗ്രസ് വാഗ്‌ദാനം ചെയ്യുന്നു.

ന്യായ് പത്രയിലെ കർഷക ഗ്യാരൻ്റികൾക്കെതിരെ അന്യായ ആക്രമണം; ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ എതിർപ്പിനു പിന്നിലെന്ത്?
ക്വിറ്റ് ഡബ്ല്യുടിഒ; കര്‍ഷകസമരം ലോക വ്യാപാര സംഘടനയ്ക്കെതിരെയും

കോൺഗ്രസ് കർഷകർക്കു നൽകുന്ന വാഗ്‌ദാനങ്ങൾക്കെതിരെ ശക്തമായ എതിർപ്പുമായി ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ രംഗത്തെത്തിയിരിക്കുകയാണ്. കാർഷികോല്പന്നങ്ങൾക്ക് നൽകുന്ന എംഎസ്‌പിക്ക് നിയമപരിരക്ഷ നൽകുന്നതിനോടും അത് ഡോ. എം എസ് സ്വാമിനാഥൻ കമ്മിഷൻ ശുപാർശ പ്രകാരമാക്കുന്നതിനോടുമാണ് ഇവരുടെ എതിർപ്പ്. കർഷകരുടെ കടം എഴുതിത്തള്ളുന്നതിനെയും ഇവർ എതിർക്കുന്നു. സ്വതന്ത്ര കാർഷിക വിപണിയുടെ വക്താക്കളാണ് ഈ വിദഗ്‌ധർ. കർഷക സമരത്തിനെതിരെയും കേന്ദ്രസർക്കാരിൻ്റെ മുന്ന് വിവാദ കാർഷിക നിയമങ്ങൾക്ക് അനുകൂലമായും ഉയർത്തിയ വാദമുഖങ്ങൾ തന്നെയാണ് ഇവർ കോൺഗ്രസിൻ്റെ ന്യായ് പത്രയിലെ കാർഷിക വാഗ്ദാനങ്ങൾക്കെതിരെയും ആവർത്തിക്കുന്നത്.

23 കാർഷിക വിളകൾക്കാണ് രാജ്യത്ത് ഇപ്പോൾ ഓരോ വർഷവും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സർക്കാർ ഓരോ വർഷവും പുതുക്കി നിശ്ചയിക്കും. ഏഴ് ധാന്യങ്ങൾ, അഞ്ച് പയറു വർഗങ്ങൾ, ഏഴ് എണ്ണക്കുരുക്കൾ, നാല് വാണിജ്യ വിളകൾ (കരിമ്പ്, പരുത്തി, കൊപ്ര, ചണം) എന്നിവയ്ക്കാണ് സർക്കാർ ഓരോ വർഷവും താങ്ങുവില പ്രഖ്യാപിക്കാറുള്ളത്.

മൂന്നു രീതികളിലാണ് സി എ സി പി കുറഞ്ഞ താങ്ങുവില കണക്കാക്കുന്നത്. ഇതിൽ ആദ്യത്തേത് എ2 രീതിയാണ്. ഇതിൽ വിത്ത്, വളം, കീടനാശിനി തുടങ്ങിയ നിവേശക വസ്തുക്കൾക്കും പാട്ടത്തുക, തൊഴിലാളികളുടെ കൂലി, യന്ത്രങ്ങൾ, ഇന്ധനം തുടങ്ങിയവയ്ക്കുമുള്ള ചെലവ് കണക്കാക്കി എം എസ് പി നിശ്ചയിക്കുന്നു രണ്ടാമത്തേത് എ2 + എഫ്എൽ രീതിയാണ്. എ2 രീതിയിലെ ചെലവുകളുടെ കൂടെ കുടുംബാംഗങ്ങളെടുത്ത തൊഴിലിൻ്റെ മൂല്യം കൂടി കൂട്ടുന്നു.

ന്യായ് പത്രയിലെ കർഷക ഗ്യാരൻ്റികൾക്കെതിരെ അന്യായ ആക്രമണം; ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ എതിർപ്പിനു പിന്നിലെന്ത്?
എന്തുകൊണ്ട് പരുത്തിയും പയറും മക്കച്ചോളവും? കേന്ദ്രം മുന്നോട്ടുവച്ച ഫോര്‍മുലയ്ക്കു പിന്നില്‍

മൂന്നാമത്തേത് സമഗ്രമായ കൃഷിച്ചെലവ് കണക്കാക്കുന്ന സി 2 രീതിയാണ്. എ2 + എഫ് എൽ ചെലവുകൾക്കു പുറമെ സ്വന്തമായുള്ള കൃഷിഭൂമിയുടെ വാടക, സ്ഥിര ആസ്ഥികളുടെ പലിശ തുടങ്ങിയവയും കൂടി ഉൾപ്പെടുന്നതാണ് സി 2. കേന്ദ്ര സർക്കാർ കൃഷിച്ചെലവും അതിൻ്റെ 50 ശതമാനവും കൂടിച്ചേർന്ന തുക കുറഞ്ഞ താങ്ങുവിലയായി നൽകുന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ എ2 + എഫ് എൽ രീതിയിൽ കൃഷിച്ചെലവ് കണക്കാക്കിയാണ് ഇപ്പോൾ നൽകുന്നത്.

ഡോ എം എസ് സ്വാമിനാഥൻ അധ്യക്ഷനായ ദേശീയ കർഷക കമ്മിഷൻ്റെ ശുപാർശ കർഷകർക്ക് സമഗ്രമായ സി 2 ചെലവും അതിൻ്റെ 50 ശതമാനവും കുടിച്ചേർന്ന തുക എം എസ് പി യായി നിശ്ചയിക്കണമെന്നതായിരുന്നു. അധികാരത്തിൽ എത്തിയാൽ ഈ ശിപാർശ നടപ്പാക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം. ഇത് നടപ്പായാൽ ഖജനാവിന് വൻ ബാധ്യത വരുമെന്നാണ് എതിർക്കുന്നവരുടെ വാദം.

എം എസ് പി നൽകുന്നതിന് കേന്ദ്ര സർക്കാർ നീക്കിവെക്കുന്ന വിഹിതത്തിൽ 25 ശതമാനത്തിൻ്റെയെങ്കിലും അധിക ബാധ്യതയുണ്ടാകും. ഒരു വർഷം 27 ലക്ഷം കോടി രൂപയുടെ അധിക ബാധ്യത കേന്ദ്ര സർക്കാരിനുണ്ടാകുമെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്‌ധർ പറയുന്നു. ഇത് കേന്ദ്ര ബജറ്റിനെയും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെയും തകിടം മറിക്കുമെന്നാണ് ഇവരുടെ വാദം.

എല്ലാ കാർഷികോല്പന്നങ്ങൾക്കും എം എസ് പി പരിരക്ഷ ഏർപ്പെടുത്തിയാൽ ആഭ്യന്തര വിപണിയിൽ വിലക്കയറ്റമുണ്ടാകും. പൊതുവിപണിയിൽ 30 ശതമാനമെങ്കിലും വിലക്കയറ്റമുണ്ടാകും. ഇത് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കും. പുതിയതായി സംഭരണ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വൻ തുക ചെലവഴിക്കേണ്ടി വരും. വിള വൈവിധ്യവൽക്കരണം നടപ്പാക്കാനുള്ള സർക്കാർ പദ്ധതികൾ പരാജയപ്പെടുമെന്നും ഒരു വിഭാഗം സാമ്പത്തിക വിദഗ്‌ധർ ആവർത്തിക്കുന്നു.

ന്യായ് പത്രയിലെ കർഷക ഗ്യാരൻ്റികൾക്കെതിരെ അന്യായ ആക്രമണം; ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ എതിർപ്പിനു പിന്നിലെന്ത്?
ഭാരതരത്‌നയ്ക്കും തടുക്കാനായില്ല; ഡല്‍ഹിയിലേക്ക് വീണ്ടും ട്രാക്ടറുകള്‍ ഉരുളുന്നത് എന്തിന്?

ഈ സാമ്പത്തിക വിദഗ്‌ധരുടെ എതിർപ്പിൽ പുതുമയൊന്നുമില്ല. മുമ്പ് കർഷക സമരത്തിനെതിരെ ഉന്നയിച്ചിരുന്ന എതിർവാദങ്ങൾ കോൺഗ്രസിൻ്റെ ന്യായ് പത്രക്കെതിരെയും ഇവർ ആവർത്തിക്കുന്നു. എന്നാൽ സർക്കാർ തങ്ങളുടെ ഉല്പനങ്ങൾ മുഴുവൻ കുറഞ്ഞ താങ്ങുവിലയ്ക്ക് വാങ്ങി സംഭരിക്കണമെന്നതല്ല കർഷകരുടെ ആവശ്യം. സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവിലയിലും കുറഞ്ഞ വിലയ്ക്ക് കച്ചവടക്കാർ കർഷകരിൽനിന്ന് ഉല്പന്നങ്ങൾ വാങ്ങുന്നത് കുറ്റകരമാക്കി നിയമ പരിരക്ഷ നൽകണമെന്നാണ് അവർ പറയുന്നത്.

എ പി എം സി നിയന്ത്രിത വിപണികളിലും സർക്കാർ സംഭരണ കേന്ദ്രങ്ങളിലും എം എസ് പി യിൽനിന്നും കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങൾ ലേലം ചെയ്യാൻ പാടില്ലെന്ന നിയമം കൊണ്ടുവന്നാൽ തന്നെ കർഷകരുടെ വരുമാനത്തിൽ വലിയ മാറ്റമുണ്ടാകും. ഇടത്തട്ടുകാരും കച്ചവടക്കാരും ചേർന്ന് കൃത്രിമമായി വില ഇടിയ്ക്കുന്നത് തടയാനാവും. കർഷകരുടെ ഉല്പന്നങ്ങൾ മൊത്തമായി വിപണിയിൽ എത്തില്ല. നല്ലൊരു പങ്ക് വീട്ടിലെ ഉപഭോഗത്തിന് നീക്കിവെക്കേണ്ടി വരും. വിപണിയിൽ എത്തുന്ന ഉല്പന്നങ്ങൾ സർക്കാർ എം എസ് പി നൽകി സംഭരിച്ചാൽ പോലും വലിയ ബാധ്യത വരില്ലെന്നും കർഷകർ പറയുന്നു.

ഉല്പന്നങ്ങൾക്ക് ലാഭകരമായ വില സർക്കാർ ഉറപ്പാക്കിയാൽ വിള വൈവിധ്യവൽക്കരണത്തിലേക്ക് കർഷകർ താനേ മാറിക്കൊള്ളും. രാജ്യത്തെ കർഷക കുടുംബങ്ങളിൽ 50 ശതമാനത്തിലേറെയും കടക്കെണിയിലാണ്. മോദി സർക്കാരിൻ്റെ ഭരണത്തിൽ വൻകിട കോർപ്പറേറ്റുകളുടെ 14.5 ലക്ഷം കോടി രൂപയുടെ കടമാണ് ഇതുവരെ എഴുതിത്തള്ളിയത്. സാമ്പത്തിക വികസനത്തിൻ്റെ പേരിൽ കോർപ്പറേറ്റുകളുടെ കടം എഴുതിത്തള്ളുന്നതിനെ ന്യായീകരിക്കുന്ന സാമ്പത്തിക വിദഗ്ദർ കർഷകരുടെ തുച്ഛമായ കടം എഴുതിത്തള്ളുന്നതിനെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് കർഷക സംഘടനകൾ പറയുന്നു.

ന്യായ് പത്രയിലെ കർഷക ഗ്യാരൻ്റികൾക്കെതിരെ അന്യായ ആക്രമണം; ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ എതിർപ്പിനു പിന്നിലെന്ത്?
കര്‍ഷകര്‍ക്ക് ഇല്ലേ 'മോദി ഗ്യാരന്റി'? കാര്‍ഷികമേഖലയെ പാടേ അവഗണിച്ച ഇടക്കാല ബജറ്റ്‌

കർഷകർക്ക് മോദി സർക്കാരിൻ്റെ 10 വർഷത്തെ ഭരണം 'അന്യായ കാലം ' ആയിരുന്നുവെന്നാണ് കോൺഗ്രസിൻ്റെ ആക്ഷേപം. മുമ്പ് രണ്ടാം മൻമോഹൻ സിങ് സർക്കാരിൻ്റെ കാലത്ത് നടപ്പാക്കാൻ വിമുഖത കാണിച്ച ശിപാർശകളാണ് കോൺഗ്രസ് ഇപ്പോൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാഗതാർഹമായ മാറ്റമാണിത്.

logo
The Fourth
www.thefourthnews.in