അടിയന്തരാവസ്ഥയെന്നാല്‍  അതിന്റെ ആദ്യ രണ്ടക്ഷരമെന്ന് തിരിച്ചറിഞ്ഞ നാളുകൾ

അടിയന്തരാവസ്ഥയെന്നാല്‍ അതിന്റെ ആദ്യ രണ്ടക്ഷരമെന്ന് തിരിച്ചറിഞ്ഞ നാളുകൾ

അടിയന്തരാവസ്ഥകാലത്തെ വിദ്യാർത്ഥി സംഘടന പ്രവർത്തന ദിനങ്ങൾ ആലോചിക്കുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി

രണ്ട് വര്‍ഷംകൂടി കഴിഞ്ഞാല്‍ 1975 ജൂണ്‍ 25ന് അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥയ്ക്ക് അരനൂറ്റാണ്ടാവും. അടിയന്താരാവസ്ഥയ്‌ക്കെതിരായി നിലകൊണ്ടുവെന്ന് അവകാശപ്പെട്ട ജനസംഘത്തിന്റെ പുതിയ രൂപമായ ബിജെപി പ്രത്യേകിച്ചൊരു പ്രഖ്യാപനവും കൂടാതെ തന്നെ അടിയന്തരാവസ്ഥയ്ക്ക് സമാനമോ, അതിലും ഭയാനകമോ ആയ അമിതാധികാര അതിക്രമങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യയെയാണ് നാമിന്ന് കാണുന്നത്.

മറ്റൊരു വൈപരീത്യവും ശ്രദ്ധിക്കാതിരിക്കാനാവില്ല. 48 വര്‍ഷം മുന്‍പ് രാജ്യത്തെ ജയിലാക്കുകയും പത്രങ്ങളുടെ വാമൂടിക്കെട്ടുകയും ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് ബി ജെ പി വാഴ്ചയിലെ ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നു.

രാജ്യത്തെ നടുക്കിയ അടിയന്തരാവസ്ഥ പ്രഖ്യാപനവും കൂട്ട അറസ്റ്റുകളും നടക്കുന്നതിനിടയില്‍ തിരുവനന്തപുരത്ത് സാഹസികമായി ഒരു വിദ്യാര്‍ഥി പ്രതിഷേധ ജാഥ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ വരെ എത്തിച്ചേര്‍ന്ന അത്യന്തം അസാധാരണമായ സംഭവമുണ്ടായി

1977ല്‍ ഇന്ത്യന്‍ ജനത അടിയന്തരാവസ്ഥയെ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞതുപോലെ 2024ല്‍ മതേതരജനാധിപത്യ മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി, ആര്‍ എസ് എസ് നേതൃത്വത്തിലുള്ള നരേന്ദ്ര മോദി വാഴ്ചയ്ക്ക് അന്ത്യംകുറിയ്ക്കാനാവുമോയെന്ന ചോദ്യമാണ് ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെത്തുടര്‍ന്ന് അതിനെതിരെ പ്രതിപക്ഷ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുവാന്‍ തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും ഗാന്ധിയന്മാരും രംഗത്തുവരികയുണ്ടായി. രാജ്യത്തെ നടുക്കിയ അടിയന്തരാവസ്ഥ പ്രഖ്യാപനവും കൂട്ട അറസ്റ്റുകളും നടക്കുന്നതിനിടയില്‍ തിരുവനന്തപുരത്ത് സാഹസികമായി ഒരു വിദ്യാര്‍ഥി പ്രതിഷേധ ജാഥ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ വരെ എത്തിച്ചേര്‍ന്ന അത്യന്തം അസാധാരണമായ സംഭവമുണ്ടായി. എസ് എഫ് ഐയുടെ ആഭിമുഖ്യത്തില്‍ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പ്രഖ്യാപിച്ച അവകാശപത്രികയെ മുന്‍നിര്‍ത്തിയുള്ള പ്രകടനപരിപാടി അടിയന്തരാവസ്ഥയെ വെല്ലുവിളിക്കുന്ന പ്രതിഷേധപ്രകടനമാക്കി മാറ്റുകയായിരുന്നു.

അടിയന്തരാവസ്ഥയെന്നാല്‍  അതിന്റെ ആദ്യ രണ്ടക്ഷരമെന്ന് തിരിച്ചറിഞ്ഞ നാളുകൾ
മൂന്ന് 'അടിയന്തരാവസ്ഥകൾ' നേരിട്ട രാഷ്ടീയജീവിതം; അനുഭവങ്ങൾ പങ്കുവച്ച് എം എൻ രാവുണ്ണി

സംസ്ഥാനത്ത് എസ്എഫ്ഐ സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മിസ പ്രകാരം അന്ന് തടവിലായിരുന്നു. പ്രസിഡന്റായിരുന്ന ഈ ലേഖകന്‍ പിടികൊടുക്കാതെ ഒളിവില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ധാരണ. അപ്പോഴാണ് തിരുവനന്തപുരത്ത് പ്രതിഷേധ സമരം ജൂലൈ ഒന്നിന് നടത്തണമെന്ന ആശയം ഉയര്‍ന്നുവരുന്നത്. പക്ഷേ, പ്രകടനം തുടക്കത്തില്‍ത്തന്നെ തടഞ്ഞ് പോലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.

അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച നിശ്ശബ്ദതയേയും ഭയാശങ്കകളേയും ഭേദിക്കുന്ന ശബ്ദമുഖരിതമായ ഒരു പ്രതിഷേധജാഥ കുറച്ചുദൂരമെങ്കിലും തിരുവനന്തപുരം നഗര ഹൃദയത്തിന്റെ രക്തസഞ്ചാരംപോലെ ചുവടുവച്ചുനീങ്ങുന്നത് അര്‍ത്ഥഗംഭീരമാവുമെന്ന് ഞങ്ങള്‍ക്ക് തോന്നി. പുറപ്പെടും മുമ്പുള്ള പോലീസ് അറസ്റ്റ് മറികടക്കാന്‍ ഞങ്ങള്‍ തയ്യാറാക്കിയ പദ്ധതി വിജയിപ്പിക്കാനായെന്നത് തിരിഞ്ഞുനോക്കുമ്പോള്‍ ആവേശവും സംതൃപ്തിയും പകരുന്ന ഓര്‍മയാണ്.

അടിയന്തരാവസ്ഥയെന്നാല്‍  അതിന്റെ ആദ്യ രണ്ടക്ഷരമെന്ന് തിരിച്ചറിഞ്ഞ നാളുകൾ
അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസ് എന്ത് ചെയ്യുകയായിരുന്നു? ഇന്ദിരയെ പുകഴ്ത്തി കത്തെഴുതുകയായിരുന്നു സര്‍സംഘചാലക്

അട്ടക്കുളങ്ങര സബ്ജയിലിലും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമായി ലഭിച്ച സര്‍ക്കാര്‍ ആതിഥ്യവും മറ്റും ഇവിടെ വിസ്തരിക്കുന്നില്ല

സെക്രട്ടറിയേറ്റിന് മുന്നില്‍വരെ പ്രകടനം എത്തണമെങ്കില്‍ പോലീസിനെ കബളിപ്പിക്കണം. വലിയ വിദ്യാര്‍ഥി പങ്കാളിത്തം ഒഴിവാക്കിയാലെ അത് സാധിക്കൂ. പോലീസ് വാഹനം യൂണിവേഴ്‌സിറ്റി കോളേജിന്റെ പരിസരത്ത് അരിച്ചുപെറുക്കി റോന്തുചുറ്റുമ്പോള്‍ പ്രകടനത്തിന്റെ യാതൊരു ഒരുക്കവും കാണാനാവരുത്. രണ്ടും മൂന്നും സഖാക്കള്‍ വീതം രാവിലെ 10.30 കഴിഞ്ഞ് കോളേജിന്റെ മുന്‍ഭാഗത്ത് ഒത്തുകൂടി, പൊടുന്നനെ പുറത്തിറങ്ങി ഏജീസ് ഓഫീസിന് മുന്നിലൂടെ നീങ്ങാനായിരുന്നു പദ്ധതി. അത് നടപ്പാക്കാനായി ഓരോ കണ്ഠത്തില്‍നിന്നും 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന ഓരൊറ്റ മുദ്രാവാക്യം മാത്രം ആവുന്നത്ര ഉച്ചത്തില്‍ ഉയര്‍ത്തി അതിവേഗം ഞങ്ങള്‍ മുന്നോട്ടുനീങ്ങി.

കടക്കാരും വഴിയാത്രക്കാരും സ്തബ്ധരായി ആ അപ്രതീക്ഷിതപ്രകടനത്തെ നോക്കിനിന്നത് മറക്കാനാവില്ല. സെക്രട്ടറിയേറ്റിന്റെ ആദ്യ ഗേറ്റ് കടന്ന് തെക്കേ ഗേറ്റിനടുത്തേക്ക് എത്തുമ്പോഴേക്ക് പോലീസിന്റെ ഇടിവണ്ടികള്‍ അലറിവിളിച്ചുകൊണ്ട് വന്നുചേര്‍ന്നു. സര്‍വ്വരെയും വളഞ്ഞുപിടിച്ച് വാനിലേക്ക് എറിഞ്ഞു. കന്റോണ്‍മെന്റ് സ്റ്റേഷനിലെ പ്രത്യേക പോലീസ്മുറ സല്‍ക്കാരവും അടിയന്തരാവസ്ഥയെന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ ആദ്യമുള്ള രണ്ടക്ഷരങ്ങളാണെന്ന തിരിച്ചറിവും അട്ടക്കുളങ്ങര സബ്ജയിലിലും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമായി ലഭിച്ച സര്‍ക്കാര്‍ ആതിഥ്യവും മറ്റും ഇവിടെ വിസ്തരിക്കുന്നില്ല.

അടിയന്തരാവസ്ഥയെന്നാല്‍  അതിന്റെ ആദ്യ രണ്ടക്ഷരമെന്ന് തിരിച്ചറിഞ്ഞ നാളുകൾ
'ഇനിയൊരിക്കലും ഇന്ത്യയിൽ ജനാധിപത്യ സംവിധാനം ഉണ്ടാകുമെന്ന് കരുതിയില്ല'; അടിയന്തരാവസ്ഥക്കാലം ഓർത്തെടുത്ത് കെ അജിത

ഞങ്ങള്‍ അനുഭവിച്ചതുമായി തട്ടിച്ചുനോക്കുമ്പോള്‍ എത്രയോ മടങ്ങ് നിഷ്ഠൂരമായ പീഡനങ്ങളാണ് പതിനായിരക്കണക്കിന് നിരപരാധികള്‍ക്ക് അടിയന്തരാവസ്ഥാ കാലത്ത് സഹിക്കേണ്ടി വന്നത്. കക്കയം ക്യാമ്പില്‍ ഇഞ്ചിഞ്ചായി ചതച്ചരച്ച് കൊലചെയ്യപ്പെട്ട എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി രാജന്‍ സഹിച്ച പ്രാണവേദന സങ്കല്‍പ്പിക്കാനാവുമോ? 'എന്റെ മകനെവിടെ 'എന്ന് അന്വേഷിച്ച് മഴനനഞ്ഞും കണ്ണീര്‍പൊഴിച്ചും അലഞ്ഞ ഈച്ചരവാര്യരെ ഓര്‍ക്കാതിരിക്കാന്‍ കഴിയുമോ? 'മിണ്ടുക മഹാമുനേ എന്ന വൈലോപ്പിള്ളിയുടെ പൊള്ളുന്ന വരികളും'!

ഉത്തരേന്ത്യയിലെ നിര്‍ബന്ധിത വന്ധ്യംകരണ അതിക്രമങ്ങളും ബുള്‍ഡോസര്‍ ഓടിച്ചുകയറ്റി ഞെരിച്ചമര്‍ത്തിയ തുര്‍ക്കുമാന്‍ഗേറ്റിലെ പട്ടിണി പാവങ്ങളുടെ കിടപ്പാടങ്ങളും ചോരയില്‍ പിടഞ്ഞ് മരിച്ച ജീവിതങ്ങളും അടിയന്തരാവസ്ഥയുടെ ചോരയൊഴുക്കുന്ന സ്മരണകളാണ്.

'ഗരീബി ഹഠാവോ' മുദ്രാവാക്യമുയര്‍ത്തി മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലോകസഭയില്‍ സമ്പാദിച്ചതിന് ശേഷം വാഗ്ദാന ലംഘനം നടത്തിയ ഭരണത്തിനെതിരെ ഉയര്‍ന്ന ജനരോക്ഷം അടിച്ചമര്‍ത്താനാണ് സ്വേച്ഛാധിപത്യ പാത ഇന്ദിരാഗാന്ധി പിന്തുടര്‍ന്നത്. തിരഞ്ഞെടുപ്പ് അഴിമതിക്ക് അലഹാബാദ് ഹൈക്കോടതി ശിക്ഷിക്കുക കൂടി ചെയ്തപ്പോള്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള പോംവഴിയായി ഭരണഘടനാ വകുപ്പിനെ ദുര്‍വ്യഖ്യാനിച്ച് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിക്കുകയായിരുന്നു.

പിന്നീട് വെളിപ്പെട്ടതുപോലെ സ്വന്തം ക്യാബിനറ്റ് അംഗങ്ങളെപ്പോലും അറിയിക്കാതെ നിഗൂഢമായാണ് രാഷ്ട്രപതിയെക്കൊണ്ട് പാതിരാത്രി നേരത്ത് രാജ്യത്തിന്റെ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ജനാധിപത്യസ്വാതന്ത്ര്യങ്ങളും റദ്ദാക്കുന്ന പ്രഖ്യാപനം പുറപ്പെടുവിച്ചത്. ക്യാബിനറ്റ് യോഗതീരുമാനങ്ങളാണ് രാഷ്ട്രപതി അംഗീകരിച്ച് ഉത്തരവാക്കേണ്ടതെന്ന സാമാന്യതത്വം തന്നെയാണ് ഇവിടെയും ലംഘിക്കപ്പെട്ടത്.

അടിയന്തരാവസ്ഥയെന്നാല്‍  അതിന്റെ ആദ്യ രണ്ടക്ഷരമെന്ന് തിരിച്ചറിഞ്ഞ നാളുകൾ
അടിയന്തരാവസ്ഥക്കാലത്തെ യൂണിവേഴ്സിറ്റി കോളേജും എസ്എഫ്ഐയും

അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ രാത്രി തന്നെ പത്രമോഫീസുകളുടെയെല്ലാം വിദ്യുച്ഛക്തി ബന്ധം വിച്ഛേദിച്ചു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും സ്വന്തം (കോണ്‍ഗ്രസ്) പാര്‍ട്ടിയിലെ സ്വതന്ത്ര ശബ്ദങ്ങളേയും (ചന്ദ്രശേഖര്‍, മോഹന്‍ ധാരിയ, കൃഷ്ണകാന്ത്, ലക്ഷ്മികാന്തമ്മ തുടങ്ങിയവര്‍) ജയിലറക്കുള്ളിലാക്കി. ഗാന്ധിജിയുടെ സ്‌നേഹിതനും സഹപ്രവര്‍ത്തകനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജയപ്രകാശ് നാരായണന്‍ മുതലുള്ളവരെയാണ് ഇരുട്ടറയിലടച്ചത്.

പാര്‍ലമെന്റിന്റെ കാലാവധി ആറ് വര്‍ഷമായി ഉയര്‍ത്തിക്കൊണ്ട് ഇതുസംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ ഒന്നിനുപിറകേ മറ്റൊന്നെന്ന കണക്കില്‍ അട്ടിമറിച്ചു. സംസ്ഥാന ലിസ്റ്റായിരുന്ന വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റി സംസ്ഥാനാവകാശങ്ങള്‍ക്കു നേരെയുള്ള കൈയ്യേറ്റവും തുടര്‍ന്നു.

ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള കരുനീക്കങ്ങളും ഇന്ദിരാഗാന്ധി സമര്‍ത്ഥമായി നടത്തി. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ നരേന്ദ്ര മോദി കൈക്കൊള്ളുന്ന അമിതാധികാര നടപടികള്‍ക്കെല്ലാം മാതൃക കാട്ടിക്കൊടുത്തത് ഇന്ധിരാഗാന്ധിയുടെ അടിയന്തരാവസ്ഥാകാല ചെയ്തികളാണ്. 'മോദിയാണ് ഇന്ത്യ 'എന്ന മുദ്രാവാക്യത്തിന്റെ കോപ്പിറൈറ്റ് കോണ്‍ഗ്രസ് നേതാവ് ദേവകാന്ത ബറുവ ഉയര്‍ത്തിയ 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്ന സ്തുതിഗീതത്തിനാണെന്ന് മറക്കേണ്ട.

എന്നാല്‍, മോദി അവിടെനിന്നും വളരെ മുന്നോട്ടുപോയിക്കഴിഞ്ഞു. ലോകാധിപത്യത്തിനു ശ്രമിക്കുന്ന അമേരിക്കയുമായും പാലസ്തീന്‍ രാഷ്ട്രത്തെ വകവരുത്താന്‍ ശ്രമിക്കുന്ന ഇസ്രായേലുമായും തന്ത്രപരമായ ബന്ധം സ്ഥാപിച്ചുകൊണ്ടും ആഭ്യന്തരമായി കുത്തക വര്‍ഗങ്ങളും വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് നിഗൂഢ ചങ്ങാത്തം ഊട്ടിയുറപ്പിച്ചു കൊണ്ടും ഫാസിസത്തിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചേര്‍ന്നിട്ടുള്ള നഗ്‌ന സ്വേച്ഛാധിപത്യമാണ് ഇന്ത്യയില്‍ നരേന്ദ്രമോദി നടപ്പാക്കുന്നത്.

മുമ്പ് ജനാധിപത്യവിരുദ്ധ നിലപാടുകള്‍ എടുത്തവരെപ്പോലും കൂടെകൂട്ടിക്കൊണ്ടു മാത്രമേ വര്‍ഗീയ ഫാസിസത്തിലേക്ക് നീങ്ങുന്ന നരേന്ദ്രമോദി വാഴ്ചയെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയുകയുള്ളൂ

സുരക്ഷാ സേന, ജുഡീഷ്യറി, ബ്യൂറോക്രസി, ഗവണ്‍മെന്റ് ഏജന്‍സികള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയെയെല്ലാം വര്‍ഗീയവത്ക്കരിക്കുകയോ വരുതിയിലാക്കുകയോ ചെയ്തു കഴിഞ്ഞു. മാധ്യമങ്ങള്‍ ആകെ ചൊല്‍പ്പടിയിലാണ്. ഇതിനുപുറമേ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും മര്‍മപ്രധാന കോശങ്ങളിലെല്ലാം സാന്നിധ്യമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘ് സമാന്തര ഭരണകൂടമായി മോദിക്കൊപ്പമുണ്ട്. അതുകൊണ്ട് 1977ല്‍ അടിയന്തരാവസ്ഥാവാഴ്ചയെ തോല്‍പ്പിച്ചതുപോലെ ലളിതമല്ല ഇന്നത്തെ സാഹചര്യം.

ഇപ്പോഴത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ, അസാധാരണമായ ഒരു രാഷ്ടീയ യോജിപ്പോടും ജനകീയമുന്നേറ്റം വഴിയും 2024ല്‍ തോല്‍പ്പിക്കാന്‍ വേണ്ടപോലെ ശ്രമിച്ചാല്‍ സാധിക്കും. എന്നാല്‍ നാം നന്നായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. രാഷ്ടത്തിന്റെ/സമൂഹത്തിന്റെ സൂക്ഷ്മ കോശങ്ങളില്‍ വര്‍ഗീയ ഫാസിസത്തിന്റെ മാരക രോഗബീജങ്ങള്‍ വ്യാപകമായി കടന്നിരിക്കുന്നു. സമൂഹത്തെയും ഭരണസ്ഥാപനങ്ങളേയും പാടെ വിഷമുക്തമാക്കാന്‍ വളരെയേറെ ക്ലേശപൂര്‍വം അധ്വാനിക്കേണ്ടി വരും.

എല്ലാ മനുഷ്യരുടെയും ഒരിന്ത്യ എന്ന സ്വാതന്ത്ര്യസമരക്കാലത്തെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അത്യന്തം ശ്രമകരമായ അത്തരം ദൗത്യങ്ങള്‍ എറ്റെടുത്തെ തീരൂ. മുമ്പ് ജനാധിപത്യവിരുദ്ധ നിലപാടുകള്‍ എടുത്തവരെപ്പോലും കൂടെകൂട്ടിക്കൊണ്ടു മാത്രമേ വര്‍ഗീയ ഫാസിസത്തിലേക്ക് നീങ്ങുന്ന നരേന്ദ്രമോദി വാഴ്ചയെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയുകയുള്ളൂ.

logo
The Fourth
www.thefourthnews.in