അടിയന്തരാവസ്ഥക്കാലത്തെ യൂണിവേഴ്സിറ്റി കോളേജും എസ്എഫ്ഐയും

അടിയന്തരാവസ്ഥക്കാലത്തെ യൂണിവേഴ്സിറ്റി കോളേജും എസ്എഫ്ഐയും

അടിയന്തരാവസ്ഥയുടെ ഉത്പന്നങ്ങള്‍ എന്നു തന്നെ പറയാവുന്ന ബിജെപിയും ആര്‍എസ്എസുമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്

അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായി ഇന്നും ബാക്കിനിൽക്കുന്നു. 1975 ജൂണ്‍ 25നായിരുന്നു അന്നത്തെ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിലൂടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജ്യത്തെ അടിയന്തരാവസ്ഥയിലേക്കു തള്ളിയിട്ടത്. 'നാവടക്കൂ, പണിയെടുക്കൂ' എന്നു പറഞ്ഞ ഇന്ദിരയുടെ ഉരുക്കുമുഷ്ടിയില്‍ രാജ്യം 21 മാസം കഴിയേണ്ടിവന്നു. 1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിക്കുമ്പോഴേക്ക് ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടായ ക്ഷതം ചെറുതായിരുന്നില്ല.

അടിയന്തരാവസ്ഥയെന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിന് ഓര്‍മ വരുന്നത് എൻജിനീയിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജന്റെയും വര്‍ക്കല വിജയന്റെയും നാദാപുരത്തെ കണ്ണന്റെയും ചോരപുരണ്ട മുഖങ്ങളാണ്. വര്‍ഷം 48 കഴിഞ്ഞിട്ടും കോണ്‍സൻട്രേഷന്‍ ക്യാമ്പുകളില്‍ കൊല്ലപ്പെട്ട ചെറുപ്പക്കാരുടെ മരണങ്ങള്‍ക്ക് സാക്ഷ്യംപറയാന്‍ പൊലീസുകാരനായ രാമചന്ദ്രന്‍ നായരല്ലാതെ ഒരാളും മുന്നോട്ടുവന്നില്ല.

ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട വര്‍ഗീസിനെ വെടിവയ്‌ക്കേണ്ടിവന്ന കുറ്റബോധം താങ്ങാനാവാതെ നക്സലൈറ്റ് നേതാവായിരുന്ന ഗ്രോ വാസുവിനോട് രാമചന്ദ്രന്‍ നായര്‍ എല്ലാം പറയുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കേസെടുക്കുകയും ഐ ജിയായിരുന്ന ലക്ഷ്മണ വാര്‍ദ്ധക്യകാലത്ത് ആ കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അടിയന്തരാവസ്ഥയുടെ രക്തസാക്ഷികളുടെ മരണങ്ങള്‍ ഇന്നും ദുരൂഹമാണ്.

രണ്ടാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കാവുന്ന പ്രക്ഷോഭങ്ങളാണ് രാജ്യം കണ്ടത്. അതിന്റെ ഫലമായി ഇന്ദിരാ ഗാന്ധിക്ക് രണ്ടു വര്‍ഷത്തിനുശേഷം അടിയന്തരാവസ്ഥ പിന്‍വലിക്കേണ്ടിവന്നു

ലോക്കപ്പ് മര്‍ദ്ദനത്തില്‍ ചോരവീണ കുപ്പായവുമായി ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനു മുന്നില്‍ അന്നത്തെ മുഖ്യമന്ത്രി അച്യുതമേനോനും ആഭ്യന്തര മന്ത്രി കെ കരുണാകരനും അടക്കം സ്തബ്ധരായിപ്പോയതും കേരളം മറന്നിട്ടില്ല. അടിയന്തരാവസ്ഥയുടെ ഇരയായ അതേ പിണറായിയും പാര്‍ട്ടിയും തുടര്‍ഭരണം നടത്തുമ്പോള്‍, വിധിവൈപരീത്യമെന്ന് പറയട്ടെ, അടിയന്തരാവസ്ഥയുടെ നാളുകള്‍ പുനര്‍ജനിച്ചിരിക്കുക തന്നെയല്ലേ...

ഇന്ദിരാ ഗാന്ധി അലഹബാദ് ഹൈക്കോടതി വിധിയില്‍നിന്ന് രക്ഷനേടാനാണ് ആഭ്യന്തര അടിയന്തരാവസ്ഥയ്ക്ക് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്. കോടതികള്‍ അടക്കം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും മാധ്യമങ്ങളും ഭീതിയുടെ നിഴലില്‍ അകപ്പെട്ടു. ജയപ്രകാശ് നാരായണും ജോര്‍ജ് ഫെര്‍ണാണ്ടസും എ ബി വാജ്പേയിയും എല്‍ കെ അദ്വാനിയും ഇ എം എസും ജ്യോതി ബസുവും സുര്‍ജിത്തും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രീയം മറന്ന് അടിയന്തരാവസ്ഥയ്ക്കെതിരെ രംഗത്തിറങ്ങി. പ്രമുഖരായ പത്രാധിപന്മാരും എഴുത്തുകാരും സാംസ്‌കാരിക നായകരും ഇന്ദിരാഗാന്ധിക്കെതിരേ അണിനിരന്നു.

രണ്ടാം സ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിക്കാവുന്ന പ്രക്ഷോഭങ്ങളാണ് രാജ്യം കണ്ടത്. അതിന്റെ ഫലമായി ഇന്ദിരാ ഗാന്ധിക്ക് രണ്ടു വര്‍ഷത്തിനുശേഷം അടിയന്തരാവസ്ഥ പിന്‍വലിക്കേണ്ടിവന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരയെ അടക്കം തോല്പിച്ചുകൊണ്ട് ഇന്ത്യയാകെ അടിയന്തരാവസ്ഥയെക്കെതിരേ വിധിയെഴുതി. എന്നാല്‍ അന്ന് കേരളം അച്യുതമേനോന്റെയും കരുണാകരന്റെയും ഭരണത്തിന് ചരിത്രവിജയമാണ് തിരിച്ചുകൊടുത്തത്!

അടിയന്തരാവസ്ഥക്കാലത്തെ യൂണിവേഴ്സിറ്റി കോളേജും എസ്എഫ്ഐയും
അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസ് എന്ത് ചെയ്യുകയായിരുന്നു? ഇന്ദിരയെ പുകഴ്ത്തി കത്തെഴുതുകയായിരുന്നു സര്‍സംഘചാലക്

കേരളത്തിലെ ഏത് ഗ്രാമത്തിലും പത്തുപേര്‍ ഒന്നിച്ചു കൂടിയാല്‍ അതില്‍ ഏഴ് കമ്മ്യൂണിസ്റ്റുകളുണ്ടാവും എന്നായിരുന്നു ചന്ദ്രന്‍ ഉറച്ചുവിശ്വസിച്ചിരുന്നത്

വിപ്ലവത്തിന്റെ ആ ചുവന്ന പ്രഭാതം വരുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരു സഖാവ് ഞങ്ങളോടൊപ്പം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം ശാസ്തമംഗലത്തെ പോലീസ് ക്യാമ്പില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ നേരിട്ടശേഷം കോളേജില്‍ എത്തിയ സഖാവ് കെ. ചന്ദ്രന്‍ എസ് എഫ് ഐയുടെ ആവേശവും മാതൃകയുമായിരുന്നു. ഉയരം കുറഞ്ഞ്, കറുത്ത മനുഷ്യന്‍ ഒറ്റമുണ്ടും മുറിക്കയ്യന്‍ ഷര്‍ട്ടുമായി ജാഥകള്‍ക്ക് മുന്നില്‍ മുഴങ്ങുന്ന ശബ്ദവുമായി മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് മുഴക്കിയിരുന്ന ചന്ദ്രന്‍. ആ ചന്ദ്രനാണ് കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ ഞാന്‍ കണ്ട യഥാര്‍ത്ഥ സഖാവ്. കേരളത്തിലെ ഏത് ഗ്രാമത്തിലും പത്തുപേര്‍ ഒന്നിച്ചു കൂടിയാല്‍ അതില്‍ ഏഴ് കമ്മ്യൂണിസ്റ്റുകളുണ്ടാവും എന്നായിരുന്നു ചന്ദ്രന്‍ ഉറച്ചുവിശ്വസിച്ചിരുന്നത്. എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നതിനപ്പുറം ഒന്നുമാകാതെ 2019 നവംബര്‍ 15ന് ആ യഥാര്‍ത്ഥ സഖാവിനെ മരണം തട്ടിയെടുത്തു. ചെയര്‍മാനായിരുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള സഖാക്കളാരും ചന്ദ്രന്റെ മുന്നില്‍ ഒന്നുമായിരുന്നില്ല. കുറഞ്ഞ വാക്കുകള്‍ കൊണ്ട് കേള്‍വിക്കാരെ വികാരം കൊള്ളിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ ഓര്‍മപോലും ആവേശമാണ്. രാഷ്ട്രീയത്തില്‍ നിസ്വാര്‍ത്ഥരായ രണ്ട് നേതാക്കളേ അക്കാലത്ത് കോളേജില്‍ ഉണ്ടായിരുന്നുള്ളൂ. എസ് എഫ് ഐയുടെ കെ.ചന്ദ്രനും കെ എസ് യുവിന്റെ സംസ്ഥാന നേതാവായിരുന്ന ചെറിയാന്‍ ഫിലിപ്പും. ഈ രണ്ട് നേതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു അന്ന് തലസ്ഥാനത്തെ വിദ്യാര്‍ത്ഥിരാഷ്ട്രീയം ഇളകിമറിഞ്ഞിരുന്നത്. എല്ലാറ്റിന്റെയും പ്രഭവകേന്ദ്രം യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസായിരുന്നു.

അടിയന്തരാവസ്ഥക്കാലത്തെ യൂണിവേഴ്സിറ്റി കോളേജും എസ്എഫ്ഐയും
'ഇനിയൊരിക്കലും ഇന്ത്യയിൽ ജനാധിപത്യ സംവിധാനം ഉണ്ടാകുമെന്ന് കരുതിയില്ല'; അടിയന്തരാവസ്ഥക്കാലം ഓർത്തെടുത്ത് കെ അജിത

ഇന്നത്തെപോലെ പോലീസിനെ കണ്ടാല്‍ തിരിഞ്ഞോടുവരായിരുന്നില്ല ചന്ദ്രന്റെ നേതൃത്വത്തിലുള്ള കോളേജ് സഖാക്കള്‍

കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നടന്ന ഒട്ടേറെ സമരങ്ങളെ പോലീസ് ലാത്തികൊണ്ടും കണ്ണീര്‍വാതകം കൊണ്ടും ഷെല്ലുകള്‍ കൊണ്ടും നേരിട്ടിരുന്ന കാലം. ഫീസ് വര്‍ധനയ്ക്കെതിരേ സെനറ്റ് ഹാളിനുമുന്നില്‍ കുമാരനാശാന്റെ പ്രതിമയ്ക്ക് ചുറ്റും എസ് എഫ് ഐ സംഘടിപ്പിച്ച ഐതിഹാസിക സമരത്തിന്റെ നേതൃത്വം ചന്ദ്രനും അന്നത്തെ സംസ്ഥാന പ്രസിഡന്റ് തോമസ് എബ്രഹാമിനുമായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ അടക്കം ആയിരക്കണക്കിനുവരുന്ന സമരക്കാര്‍ക്കുനേരെ പോലീസ് മൃഗീയമര്‍ദ്ദനമാണ് നടത്തിയത്. ഇന്നത്തെപോലെ പോലീസിനെ കണ്ടാല്‍ തിരിഞ്ഞോടുവരായിരുന്നില്ല ചന്ദ്രന്റെ നേതൃത്വത്തിലുള്ള കോളേജ് സഖാക്കള്‍. ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊട്ടാതെ വീഴുന്നത് പോലീസിനുനേരെ തിരിച്ചെറിയാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ ചന്ദ്രനും ജൂനിയറായിരുന്ന എം.എം സുബൈറും മൃഗീയമായ മര്‍ദ്ദനമാണ് അന്ന് നേരിട്ടത്. ലാത്തിയടിയുടെ മുറിവും പാടുകളുമായി ആശുപത്രിയില്‍ പോലും പോകാതെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കഴിച്ചുകൂട്ടിയ രാത്രികളിലാണ് ചന്ദ്രന്‍ അടിയന്തരാവസ്ഥക്കാലത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഓര്‍മ്മകള്‍ പങ്കുവച്ചത്.

അടിയന്തരാവസ്ഥക്കാലത്തെ യൂണിവേഴ്സിറ്റി കോളേജും എസ്എഫ്ഐയും
അടിയന്തരാവസ്ഥയെന്നാല്‍ അതിന്റെ ആദ്യ രണ്ടക്ഷരമെന്ന് തിരിച്ചറിഞ്ഞ നാളുകൾ

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ആദ്യ നാളുകളില്‍ നേതാക്കളെല്ലാം ഒളിവില്‍ പോയി. എന്നാല്‍ എസ്.എഫ്.ഐ ജില്ലാ നേതാവായിരുന്ന ചന്ദ്രനും സംഘവും നടി റാണി ചന്ദ്രയുടെ നെടുമങ്ങാട്ടെ റബ്ബര്‍ തോട്ടത്തില്‍ രഹസ്യയോഗം ചേര്‍ന്നു. അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനായിരുന്നു യോഗം. കുഗ്രാമത്തില്‍ അപരിചിതരായ ചെറുപ്പക്കാരെ ഇടയ്ക്കിടെ കണ്ട ഒരു ചായക്കടക്കാരന്‍ പോലീസിന് വിവരം നല്‍കി. ഇടിയും മിന്നലുമായി കോരിച്ചൊരിയുന്ന മഴയത്ത് മെഴുകുതിരി വെട്ടത്തില്‍ സഖാക്കള്‍ യോഗം നടത്തിക്കൊണ്ടിരിക്കെ മിന്നലിനോടൊപ്പം മായാവികളെപ്പോലെ അവര്‍ വന്നു. ഹെല്‍മെറ്റും മഴക്കോട്ടുമിട്ട പോലീസുകാര്‍. ഗറില്ലാ ആക്രമണം പോലെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തേക്ക് അവര്‍ കയറി. ചന്ദ്രന്‍ അടക്കം പത്ത് പ്രവര്‍ത്തകരെ പോലീസ് പിടികൂടി ശാസ്തമംഗലത്തെ ക്രൈംബ്രാഞ്ച് ക്യാമ്പിലേക്ക് കൊണ്ടുപോയി. ഡിഐജിയായിരുന്ന ജയറാം പടിക്കലും പുലിക്കോടനും അടക്കമുള്ള മര്‍ദ്ദകവീരന്മാര്‍ അവിടെയുണ്ടായിരുന്നു. പോലീസ് ക്യാമ്പിന്റെ ഒരു മുറിയില്‍ അത്തെ ആന്റണി കോണ്‍ഗ്രസുകാരായ നേതാക്കള്‍ അടിവസ്ത്രം മാത്രമിട്ട് മുട്ടിലിഴയുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. കോണ്‍ഗ്രസിന്റെ ചൂലുകളായി നടക്കുന്ന ഇവര്‍ക്ക് ഇതാണ് ഗതിയെങ്കില്‍ നിങ്ങളുടെ കാര്യം ഇനി കണ്ടോ എന്നായിരുന്നു ഒരു എസ് ഐയുടെ ഭീഷണി. ഡിവൈ എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടുത്ത് വിദ്യാര്‍ത്ഥി നേതാക്കളെ വരിവരിയായി കൊണ്ടുപോയി. ചോദ്യം ചെയ്യലിന് രാത്രികാലങ്ങളില്‍ കൊണ്ടുപോകുന്നത് ഇരുട്ടുനിറഞ്ഞ ഒരു ഇടനാഴിയിലൂടെയാണ്. ഇടനാഴിയുടെ ഇരുവശവും ഇടിയന്‍ പോലീസ് നില്‍ക്കുന്നുണ്ടെന്ന് ആദ്യം അറിയുമായിരുന്നില്ല. ഓരോ പോലീസുകാരും വിദ്യാര്‍ത്ഥികളെ ഇടിച്ച് മുന്നില്‍ നില്‍ക്കുന്ന പോലീസുകാരന്റെ അടുത്തേക്ക് ഇട്ടുകൊടുക്കും. അവിടെനിന്ന് അടുത്ത ഇടി. ഇടനാഴി കഴിയുമ്പോഴേക്കും അനവധി പേരുടെ കൈക്കരുത്ത് അറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ അവശരായി. അതുകഴിഞ്ഞ് തിരിച്ചുകൊണ്ടുവരുമ്പോഴും ആദ്യം പറഞ്ഞ ഇടനാഴി ഇടി ആവര്‍ത്തിക്കും. ആദ്യം ദിവസമുണ്ടായ സംഭവമാണ് ചന്ദ്രനെ നോട്ടപ്പുള്ളിയാക്കിയത്. പൊക്കക്കുറവും ഇരുണ്ട നിറവും ഉണ്ടായിരുന്ന ചന്ദ്രനെ ഇടിച്ച പോലീസുകാരന്റെ കൈ ചെന്നുകൊണ്ടത് ചുവരിലായിരുന്നു. പോലീസുകാരന്റെ കൈ പൊട്ടി ചോരയൊഴുകി. അയാളുടെ നിലവിളികേട്ട് മറ്റു പോലീസുകാര്‍ കൂട്ടമായെത്തി ചന്ദ്രനെ വളഞ്ഞിട്ട് ഇടിച്ചു. പൊക്കക്കുറവ് ഒരു ശാപമാണെന്നു ചന്ദ്രന്‍ പൊട്ടിച്ചിരിയോടെ പറഞ്ഞു. പോലീസുകാരന് പറ്റിയ കയ്യബദ്ധമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അതോടെ നോട്ടപ്പുള്ളിയായി മാറുകയായിരുന്നു സഖാവ്.

പാര്‍ട്ടിക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും ജീവിച്ച സഖാവ് പലപ്പോഴും മറന്നുപോയത് ഭാര്യ അംബികയെയും മൂന്നു മക്കളെയുമാണ്

ജാമ്യത്തിനു വേണ്ടി ഇഎംഎസിന്റെ സെക്രട്ടറിയായിരുന്ന മുന്‍ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍ കോടതിയിലെത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ താടിവച്ചും മുടി കളഞ്ഞും വേഷം മാറി ഒളിവുജീവിതം നയിക്കുമ്പോഴാണ് ചന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. അടിയന്തരാവസ്ഥ കഴിഞ്ഞ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ എസ് എഫ് ഐയുടെ പ്രതിനിധിയായി ചന്ദ്രന് സീറ്റ് ലഭിക്കുമെന്ന് സുഹൃത്തുക്കളെല്ലാം കരുതി. കാട്ടായിക്കോണം വി ശ്രീധറായിരുന്നു അന്ന് ജില്ലാ സെക്രട്ടറി. ഒരുദിവസം ചന്ദ്രനെ ജില്ലാ സെക്രട്ടറി വിളിച്ചുവരുത്തി വീട്ടിലെ കാര്യങ്ങള്‍ അന്വേഷിച്ചു. കര്‍ഷകത്തൊഴിലാളികളായ അച്ഛനും അമ്മയും. ചെന്നിത്തലയിലെ കുഗ്രാമത്തില്‍ എല്ലാ കാലവര്‍ഷത്തിലും ഒഴുകിപ്പോകുന്ന കുടില്‍. എല്ലാം കേട്ട ശേഷം സംഘടനാ പ്രവര്‍ത്തനത്തെക്കാള്‍ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു സെക്രട്ടറി നല്‍കിയ ഉപദേശം. ഇക്കാര്യം ഞങ്ങളോട് തുറന്നുപറയാന്‍ ചന്ദ്രന്‍ കൂട്ടാക്കിയിരുന്നില്ല. ചന്ദ്രന്റെ നാട്ടിലെ സുഹൃത്തും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന ഇപ്പോഴത്തെ കേരള കോൺഗ്രസ് നേതാവ് ബിനോയിയാണ് കാട്ടായിക്കോണത്തിന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ പല്ലും കാട്ടിയുള്ള തുറന്ന ചിരിയായിരുന്നു ചന്ദ്രന്റെ മറുപടി. പാര്‍ട്ടിക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും ജീവിച്ച സഖാവ് പലപ്പോഴും മറന്നുപോയത് ഭാര്യ അംബികയെയും മൂന്നു മക്കളെയുമാണ്. ചന്ദ്രന്റെ ശിഷ്യന്‍മാരും സുഹൃത്തുക്കളും ഇന്ന് എംഎല്‍എമാരും മന്ത്രിമാരും എംപിമാരുമാണ്. ചോദ്യങ്ങള്‍ ചോദിക്കാത്ത ഒരു മനസ്സും എവിടെയും വളയുന്ന ഒരു നട്ടെല്ലും ഉണ്ടായിരുെന്നങ്കില്‍ സഖാവ് ചന്ദ്രന്‍ എത്രയോ കാലം മുന്‍പ് ഇതെല്ലാമാകുമായിരുന്നു. ആരുടെ മുഖത്തു നോക്കിയും ശരിയെന്ന് തോന്നുന്നത് ഉറക്കെ പറഞ്ഞിരുന്ന ചന്ദ്രന്‍ ഒരര്‍ത്ഥത്തില്‍ അച്ചടക്കമില്ലാത്ത സഖാവായിരുന്നു.

അടിയന്തരാവസ്ഥയുടെ ഓര്‍മകളില്‍ ഒഴിവാക്കാനാവാത്ത പേരാണ് അക്ഷരം ഗോപി എന്ന് അറിയപ്പെട്ടിരു പ്രൊഫസര്‍ ആര്‍. ഗോപിനാഥന്‍. അടിയന്തരാവസ്ഥക്കാലത്തെ ലോക്കപ്പ് മര്‍ദ്ദനത്തില്‍ പൊട്ടിപ്പോയ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ക്ക് പകരം ഡ്യൂപ്ലിക്കേറ്റ് പല്ല് അദ്ദേഹം ഒരിക്കലും വച്ചിരുന്നില്ല. സ്വതസിദ്ധമായ ചിരി വിടരുമ്പോള്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ചുകൊണ്ട് രണ്ട് പല്ലിന്റെ വിടവ് നമ്മെ നോക്കും. അത് ആ ദുരന്തകാലത്തിന്റെ ഓര്‍മയ്ക്കായി അക്ഷരം ഗോപി കൊണ്ടുനടന്നു. കോളേജ് അധ്യാപകനായപ്പോഴും അതിന് മാറ്റമുണ്ടായില്ല. നക്സല്‍ ആക്രമണത്തിലൂടെ പ്രസിദ്ധമായ നഗരൂരിലായിരുന്നു അദ്ദേഹത്തിന്റെ വീട്. അടിയന്തരാവസ്ഥക്കാലത്ത് അക്ഷരം മാസികയില്‍ ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് പത്രാധിപക്കുറിപ്പ് എഴുതിയതിനായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്. കൊടിയ മര്‍ദ്ദനം നടുകൊണ്ടിരിക്കുമ്പോള്‍ യാദൃച്ഛികമായി സ്റ്റേഷനിലെത്തിയ സഹപാഠിയായ അന്‍സാരി ഐപിഎസ് ചോര ഒലിച്ചുനില്‍ക്കുന്ന കൂട്ടുകാരനെ തിരിച്ചറിഞ്ഞതുകൊണ്ടാണ് മര്‍ദ്ദനത്തിന് വിരാമമുണ്ടായത്.

അടിയന്തരാവസ്ഥയുടെ പേരില്‍ രാജ്യമാകെ ചോരചിന്തിയവരുടെ സ്മരണയ്ക്ക് മുന്നില്‍ എല്ലാ ബഹുമാനത്തോടെയും മാറിനിന്നു ചിന്തിക്കുമ്പോള്‍ അന്നത്തെ ഇന്ദിരാഗാന്ധി ഇന്നുള്ള പലരേക്കാളും എത്രയോ മെച്ചമായിരുന്നു

അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ ഒരുപാടുണ്ട് പറയാന്‍. അതിന് ദൈര്‍ഘ്യമേറും. വായനക്കാരെ മുഷിപ്പിക്കുന്നില്ല. രണ്ടാം സ്വാതന്ത്ര്യസമരം എന്നു പോലും ചരിത്രം വിശേഷിപ്പിച്ച ഒന്നായിരുന്നു ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരായ ചെറുത്തുനില്പ്. അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാഗാന്ധിയെ പൊതു ശത്രുവായി പ്രതിപക്ഷം ഒന്നാകെ കണ്ടു. അടിയന്തരാവസ്ഥയുടെ പേരില്‍ രാജ്യമാകെ ചോരചിന്തിയവരുടെ സ്മരണയ്ക്കു മുന്നില്‍ എല്ലാ ബഹുമാനത്തോടെയും മാറിനിന്നു ചിന്തിക്കുമ്പോള്‍ അന്നത്തെ ഇന്ദിരാഗാന്ധി ഇന്നുള്ള പലരേക്കാളും എത്രയോ മെച്ചമായിരുന്നു. ഇന്ത്യാചരിത്രത്തില്‍ ദൂരവ്യാപക നന്മകളുണ്ടാക്കിയ ഒരുപാട് കാര്യങ്ങളും അവര്‍ ചെയ്തിരുന്നു. ബാങ്ക് ദേശസാത്കരണം, പ്രിവി പഴ്സ് നിറുത്തലാക്കല്‍, കിഴക്കും ഒരു പാകിസ്ഥാന്‍ ഉണ്ടാക്കാമായിരുന്ന തലവേദനകളെ തുടച്ചുനീക്കിയത്, ദാരിദ്ര്യ നിര്‍മാര്‍ജനം, രണ്ടാം ഭൂപരിഷ്‌കരണം, ഹരിതവിപ്ലവം അങ്ങനെ അവര്‍ നേതൃത്വം കൊടുത്ത ഒരുപാട് നേട്ടങ്ങളും കാണാതിരിക്കാനാവില്ല. കാലം മാറിയപ്പോള്‍ മുതലാളി-തൊഴിലാളി ദ്വന്ത്വങ്ങളെക്കുറിച്ചുള്ള വ്യാകരണങ്ങള്‍ മാറ്റിയെഴുതേണ്ടിവരുന്നുണ്ട്. ഇന്നു മുതലാളി ആഗോള മുതലാളിയായിരിക്കുന്നു. അമേരിക്കയിലിരിക്കുന്ന മുതലാളിക്കു കേരളത്തിലിരിക്കുന്ന ഐ ടി തൊഴിലാളിയെക്കൊണ്ട് പണിയെടുപ്പിച്ചു ലാഭം കൊയ്യാമെന്നു വന്നിരിക്കുന്നു. മാറ്റം വലുതാണെങ്കിലും ചൂഷണം ഒരേ തരത്തില്‍ തന്നെയാണ്.

അംബാനിമാരും അദാനിമാരും മാള്‍ മുതലാളിമാരും ചരടുവലിക്കുന്നതിനനുസരിച്ച് ആടുന്ന പാവകള്‍ക്കെതിരേയുള്ള നിഴല്‍ യുദ്ധമാണ് ഇന്നു നടക്കുന്നത്

48 വര്‍ഷം പിന്നിടുമ്പോള്‍ അടിന്തരാവസ്ഥയുടെ ഉത്പന്നങ്ങള്‍ എന്നുതന്നെ പറയാവുന്ന ബിജെപിയും ആര്‍ എസ് എസും രാജ്യം ഭരിക്കുന്നു. അടിയന്തരാവസ്ഥയുടെ ചോരക്കറയില്‍നിന്ന് രാഷ്ട്രീയജീവിതം കെട്ടിപ്പടുത്ത പിണറായി വിജയന്‍ കേരളം ഭരിക്കുന്നു. ഇന്ദിരാഗാന്ധി തെറ്റും ശരിയും നടപ്പാക്കിയത് അവരുടെ പേരില്‍ തന്നെയായിരുന്നു. അതുകൊണ്ടാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി അവരെ നേരിട്ടത്. ഇന്ന് പക്ഷേ, കഥയാകെ മാറിയിരിക്കുന്നു. ഇന്ന് ഭരിക്കുന്നവര്‍ക്ക് മുഖമില്ലാതായിരിക്കുന്നു. അംബാനിമാരും അദാനിമാരും മാള്‍ മുതലാളിമാരും ചരടുവലിക്കുന്നതിനനുസരിച്ച് ആടുന്ന പാവകള്‍ക്കെതിരേയുള്ള നിഴല്‍ യുദ്ധമാണ് ഇന്നു നടക്കുന്നത്. അതുകൊണ്ടാണ് പറയേണ്ടിവരുന്നത്, അടിയന്തരാവസ്ഥ തുടരുക തന്നെയാണ്..

logo
The Fourth
www.thefourthnews.in