ആന്തരിക സംഘർഷങ്ങളെ മൂലധനമാക്കിയ എംടി

ആന്തരിക സംഘർഷങ്ങളെ മൂലധനമാക്കിയ എംടി

മലയാളികളുടെ വായനയുടെ രുചിഭേദങ്ങൾക്ക് മുന്നിൽ വിഷാദത്തിന്റെ മഞ്ഞുകൊണ്ട് മൂടിയ നോവലാണ് എംടിയുടെ മഞ്ഞ്

മലയാളിയുടെ വായനാ പരിസരത്തും കാഴ്ചയുടെ നിറമുളള ലോകങ്ങളിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച പ്രതിഭയാണ് എംടി വാസുദേവൻ നായർ. നോവലിസ്റ്റ്, കഥാകൃത്ത്, സംവിധായകന്‍ തിരക്കഥാകൃത്ത് എന്നിങ്ങനെയെല്ലാം എംടി നമുക്ക് സുപരിചിതനാണ്. എന്നാൽ എംടി തിരക്കഥകൾ വായിച്ചാൽ അദ്ദേഹത്തിന്റെയുള്ളിലെ ആർട്ടിസ്റ്റിനെ കുറച്ചുകൂടി വ്യക്തമാകും. എംടിയുടെ ഒരു തിരക്കഥയ്ക്കായി കാത്തിരിക്കുന്നുവെന്ന സംവിധായകൻ ഹരിഹരൻ അടക്കമുളളവരുടെ വാക്കുകള്‍ ഇക്കാര്യം ശരിവയ്ക്കുകയും ചെയ്യുന്നു. കഥ എഴുതുന്നതിനപ്പുറം ഒരു ഫ്രെയിമിൽ എന്തൊക്കെയാണ് വേണ്ടതെന്ന് എംടിക്ക് കൃത്യമായി അറിയാം. കൂടല്ലൂരിന്റെ എഴുത്തുകാരനും വളളുവനാടിന്റെ പൈതൃകവും ഭാഷാ ശൈലിയും കൈപ്പറ്റിയ എംടിയെ ഓർക്കുമ്പോൾ 'നാലുകെട്ടു'കൾക്ക് പുറത്തുനിന്ന് അദ്ദേഹം എഴുതിയ 'മഞ്ഞ്' എന്ന കൃതിയാണ് എന്റെ മനസ്സിൽ ഓർമ വരുന്നത്.

ആന്തരിക സംഘർഷങ്ങളെ മൂലധനമാക്കിയ എംടി
അച്ഛന്‍ പകർന്നുനല്‍കിയ അമൂല്യപാഠങ്ങള്‍

നാലുകെട്ടും അസുരവിത്തും കാലവും എഴുതിയ എംടിയാണോ മഞ്ഞ് എഴുതിയതെന്ന് തോന്നിപ്പോവുക സ്വാഭാവികം. കാരണം, വളളുവനാടിന്റെ പശ്ചാത്തലത്തിൽനിന്ന് മാറി നൈനിറ്റാളിന്റെ ഭൂപ്രകൃതിയിലാണ് എംടി മഞ്ഞ് പറയുന്നത്

മലയാളികളുടെ വായനയുടെ രുചിഭേദങ്ങളെ വിഷാദത്തിന്റെ മഞ്ഞുകൊണ്ട് മൂടിയ നോവലാണ് 'മഞ്ഞ്'. അനുവാചകന്റെ ആത്മാവിനെ തണുത്തറഞ്ഞ നൈനിറ്റാളിന്റെ തടാകക്കരയിലേക്ക് പിടിച്ചുനിർത്താൻ എംടിക്കായി. നാലുകെട്ടും അസുരവിത്തും കാലവും എഴുതിയ എംടിയാണോ മഞ്ഞ് എഴുതിയതെന്ന് തോന്നിപ്പോവുക സ്വാഭാവികം. കാരണം, വളളുവനാടിന്റെ പശ്ചാത്തലത്തിൽനിന്ന് മാറി നൈനിറ്റാളിന്റെ ഭൂപ്രകൃതിയിലാണ് എംടി മഞ്ഞ് പറയുന്നത്. ഭൂപ്രകൃതി മാത്രമല്ല മഞ്ഞിനെ വ്യത്യസ്തമാക്കുന്നത്. ആഖ്യാനത്തിന്റെ കാര്യത്തിലും മഞ്ഞ് പുതുമ നിറഞ്ഞതായിരുന്നു. പോഞ്ഞിക്കര റാഫിക്കുശേഷം മലയാളത്തിൽ 'ബോധധാര' രീതിയിൽ രചന സ്വീകരിച്ച എഴുത്തുകാരൻ കൂടിയാണ് എംടി.

1958ലാണ് പോഞ്ഞിക്കര റാഫിയുടെ 'സ്വർഗദൂതൻ' വരുന്നത്. ബൈബിൾ പ്രമേയമാക്കിയ ആദ്യ നോവൽ എന്ന ഖ്യാതിയ്ക്കപ്പുറം ബോധധാര ചിത്രീകരണത്തിൽ എഴുതിയ കൃതിയെന്നും സ്വർഗദൂതൻ അറിയപ്പെട്ടു. സൈമന്‍ എന്ന വ്യക്തിയുടെ ആന്തരികതയിലൂടെ കടന്നുപോകുന്ന കൃതി പറുദീസാ പര്‍വ്വം, പ്രളയ പര്‍വ്വം, പെട്ടകപര്‍വ്വം എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളായിതിരിച്ചാണ് റാഫി എഴുതിയത്. ബൈബിള്‍ പഴയനിയമത്തിലെ ദൈവവും മാലാഖയും ആദവും നോഹയുമെല്ലാം സൈമന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് റാഫി ഇതിന്റെ രചന നടത്തിയിരിക്കുന്നത്. സൈമൻ ഒരു തരത്തിൽ 'ഖസാക്കിലെ ഇതിഹാസ'ത്തിലെ രവിയുടെയും 'മയ്യഴിപ്പുഴയുടെ തീരങ്ങ'ളിലെ ദാസന്റെയുമൊക്കെ ആദിമരൂപമാണ്. എന്നാൽ, റാഫി വെട്ടിയ ബോധധാരയുടെ പാതയെ 1964ൽ 'മഞ്ഞിലൂടെ' എംടി ജനകീയമാക്കി. എംടിക്ക് പുറമെ വിലാസിനി, പാറപ്പുറത്ത്, കോവിലൻ അടക്കമുളളവർ ഈ ആഖ്യാനരീതി സ്വീകരിച്ചിട്ടുണ്ട്.

ആന്തരിക സംഘർഷങ്ങളെ മൂലധനമാക്കിയ എംടി
നമ്മുടെ രണ്ട് വാസുദേവന്മാർ

കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെ അവരുടെ മാനസിക വ്യാപാരങ്ങളെ, ബിബങ്ങളുപയോഗിച്ചാണ് എംടി കഥ പറഞ്ഞിരുന്നത്

വില്യം ജെയിംസിന്റെ 'പ്രിൻസിപ്പിൾസ് ഓഫ് സൈക്കോളജി' (1890) എന്ന ഗ്രന്ഥത്തിലാണ് ബോധത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് വിശദമാക്കുന്ന ഭാഗത്ത് 'ബോധത്തിന്റെ ധാര' (Stream of Consciousness) എന്ന പദപ്രയോഗം ആദ്യമായി ഉപയോഗിച്ചു കാണുന്നത്. മനുഷ്യന്റെ മാനസിക വ്യാപാരങ്ങളെ പിടിച്ചുനിർത്തുക അസാധ്യമാണ്. ഒരു മഞ്ഞുകട്ടയെ കൈവെളളയിൽ എടുത്തുവച്ചാൽ എന്തായിരിക്കും സംഭവിക്കുക അതുപോലെയാണ് ചിന്തകളുടെ ഒഴുക്കിനും സംഭവിക്കുക. അത്രമാത്രം വേഗത്തിലായിരിക്കും ചിന്തകൾ കടന്നുപോവുക. ജെയിംസിന്റെ ഈ ചിന്തയെ, പാശ്ചാത്യ ലോകത്തിൽ ഡൊറോത്തി മില്ലർ (പിൽഗ്രിമേജ്), മാർസൽ പ്രൂസ്റ്റ് (റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ്), ജെയിംസ് ജോയ്സ് (പോർട്രെയിറ്റ് ഓഫ് ദ ആർട്ടിസ്റ്റ് ആസ് എ യങ് മാൻ), വെർജീനിയ വൂൾഫ് (ദി വേവ്സ്) അടക്കമുളളവരാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തങ്ങളുടെ സാഹിത്യരചനകൾക്ക് ആഖ്യാനരീതിയായി സ്വീകരിച്ചിരുന്നത്.

ആന്തരിക സംഘർഷങ്ങളെ മൂലധനമാക്കിയ എംടി
എംടിയെ സ്നേഹിക്കാൻ ഒരുപിടി കാരണങ്ങൾ

ജന്മിത്വത്തിന്റെയും മുതലാളിത്തത്തിന്റെയും കേരളത്തിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയുടെയും പിന്നാലെ കൂട്ടുകുടംബ വ്യവസ്ഥിതിയുടെ തകർച്ചയും നേരിൽ കണ്ട എംടി, കഥാപാത്രങ്ങളുടെ മനസുകളിലേക്ക് ഇറങ്ങിച്ചെന്ന് ബോധധാര രീതിയിൽ കഥ പറയാനാണ് ഇഷ്ടപ്പെട്ടിരുന്നത്. തന്റെ കഥാപാത്രങ്ങളെല്ലാം സ്വന്തം വേദനയിൽ നീറിക്കഴിയുന്നവരാണ്. പകയും വെറുപ്പും നിസ്സഹായതും അപകർഷതാബോധവും ഇവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെ അവരുടെ മാനസിക വ്യാപാരങ്ങളെ, ബിബങ്ങളുപയോഗിച്ചാണ് എംടി കഥ പറഞ്ഞിരുന്നത്. ഇവിടെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങൾക്കായിരിക്കും എംടി മുൻതൂക്കം നൽകുന്നതും. പാതിരാവും പകൽവെളിച്ചവും, നാലുകെട്ട്, കാലം, അസുരവിത്ത്, വിലാപയാത്ര, രണ്ടാംമൂഴം, വാരാണസി, അറബിപ്പൊന്ന് അടക്കമുളള കൃതികളിൽ ബോധധാരയുടെ സാന്നിധ്യം കാണാമെങ്കിലും മഞ്ഞിലേക്ക് എത്തുമ്പോഴാണ് ഇതിന്റെ പൂർണമായ വികാസം കാണാൻ കഴിയുന്നത്.

ആന്തരിക സംഘർഷങ്ങളെ മൂലധനമാക്കിയ എംടി
ഈ സ്നേഹം എന്റെ സുകൃതം

നാലുകെട്ടിലെ അപ്പുണ്ണിയും അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയും കാലത്തിലെ സേതുവും രണ്ടാമൂഴത്തിലെ ഭീമസേനനും ഒക്കെ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും അവരുടെ ചിന്താതലങ്ങളിലൂടെയുമാണ് എംടി കഥ പറയുന്നത്. എന്നാൽ മഞ്ഞിലേക്ക് എത്തുമ്പോൾ എംടി വിമല എന്ന ഒറ്റ വ്യക്തിയുടെ മാനസിക വ്യാപാരത്തിലൂടെയാണ് മുഴുവൻ കഥയും പറയുന്നത്. ഒൻപത് വർഷം മുൻപ് ഒരു സീസണിൽ നൈനിറ്റാളിലേക്ക് വന്ന സുധീർകുമാർ മിശ്രയ്ക്ക് വേണ്ടിയുളള വിമലയുടെ കാത്തിരിപ്പാണ് മഞ്ഞ് പറയുന്നത്. ഒൻപത് വർഷമായിട്ടും ഒരിക്കലും വരാത്ത കാമുകനായി കാത്തിരിക്കുന്ന വിമലയും ഒരിക്കലും വരാനിടയില്ലാത്ത തന്റെ പിതാവിനെ കാത്തിരിക്കുന്ന ബുദ്ദുവും മരണത്തിന് പതിനഞ്ചു ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും വിമലയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു അവൾക്കൊപ്പം ഒരു സായാഹ്ന സവാരി കാത്തിരിക്കുന്ന സർദാർജിയിലൂടെയും ജീവിതത്തിന്റെ അർത്ഥം കാത്തിരിപ്പാക്കി മാറ്റുകയാണ് ഇവിടെ എംടി.

ആന്തരിക സംഘർഷങ്ങളെ മൂലധനമാക്കിയ എംടി
എംടി എന്ന അനുഭവം

എംടിയുടെ കഥാപാത്രങ്ങളെല്ലാം വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ തിരസ്കൃതരായവരായിരിക്കാം. കാരണം, ബോധധാരയിലൂടെയുളള ആഖ്യാന രീതി തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. അച്ഛൻ മരിക്കാൻ കാത്തിരിക്കുന്ന അമ്മയും കാമുകനും, തന്റെ കുത്തഴിഞ്ഞ ജീവിതത്തിനു പണം കിട്ടുന്ന മാർഗ്ഗങ്ങൾ നോക്കിയിരിക്കുന്ന അനിയനും ഒന്നിലധികം പ്രണയങ്ങളുമായി മുന്നോട്ടുപോകുന്ന അനുജത്തിയും വായനക്കാരന്റെ കാഴ്ചകളിലേക്കാണ് വിമലയുടെ മാനസിക വ്യാപാരങ്ങളിലൂടെ എത്തുന്നത്.

ജീവിതസായാഹ്നത്തിൽ, മരണത്തെ കാത്തിരിക്കുമ്പോൾ “എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കരണമൊന്നുമില്ല…വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനം എഴുതില്ല, ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ… വെറുതെ… എനിക്ക് നിങ്ങളെ ഇഷ്ടമാണ്” എന്ന് വിമലയോടു പറയുന്ന സർദാർജി മാത്രമാണ് അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്നത്. വരും, വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ വിമലയും ബുദ്ദുവും സർദാർജിയും ജീവിതത്തിന്റെ ആകെത്തുകയായി കാത്തിരിപ്പിനെ കാണുകയാണ്. ഒരു തരത്തിൽ മരണം രംഗബോധമില്ലാത്ത കോമാളിയായി സർദാർജിയെ വേട്ടായാടുമ്പോഴും ആകെ സത്യമായി അവശേഷിക്കുന്നത് മരണം മാത്രമാണെന്നതും എംടി ഓർമിപ്പിക്കുന്നുണ്ട്.

സമൂഹത്തിലോ കുടുംബത്തിലോ നിന്നു അകന്നുപോകുന്ന വ്യക്തി അനുഭവിക്കുന്ന ആത്മസംഘർഷങ്ങളെ എംടി നാലുകെട്ടിലെ അപ്പൂണ്ണി മുതൽ തന്നെ വരച്ചിടാൻ ശ്രമിച്ചെങ്കിലും ബോധധാരയുടെ വളർച്ച പൂർണമാകുന്നത് മഞ്ഞിലെ വിമലയിലെത്തുമ്പോഴാണ്

ക്രമരഹിതമായ കാലത്തെ എംടി അടയാളപ്പെടുത്തിയത് ഫ്ലാഷ് ബാക്കിലൂടെയും ആത്മഗതത്തിലൂടെയും സ്ഥല കാല സംവിധാനത്തിലൂടെയുമാണ്. വർത്തമാന കാലത്തിൽ നിന്നും വിമല തെന്നി വീഴുന്നത് ഭൂതകാലത്തിലേക്കാണ്. ഭാവി അവ്യക്തമായി നിൽക്കുമ്പോഴും കാലത്തെ തടഞ്ഞു നിർത്താനാണ് വിമല ശ്രമിക്കുന്നത്. തടാകത്തിലെ ജലം പോലെ തന്നെ കാലം തളംകെട്ടി നിൽക്കുന്നുവെന്നും ഈ മുറിയിൽ കാലം തളംകെട്ടി നിൽക്കുന്നുവെന്ന വിമലയുടെ തോന്നലും എല്ലാം എംടി കാലത്തെ തണുത്തറഞ്ഞ മഞ്ഞിൽ പിടിച്ചുകെട്ടാനാണ് ശ്രമിക്കുന്നത്. സമൂഹത്തിലോ കുടുംബത്തിലോ നിന്നു അകന്നുപോകുന്ന വ്യക്തി അനുഭവിക്കുന്ന ആത്മസംഘർഷങ്ങളെ എംടി നാലുകെട്ടിലെ അപ്പൂണ്ണി മുതൽ തന്നെ വരച്ചിടാൻ ശ്രമിച്ചെങ്കിലും ബോധധാരയുടെ വളർച്ച പൂർണമാകുന്നത് മഞ്ഞിലെ വിമലയിലെത്തുമ്പോഴാണ്. വ്യക്തികളുടെ ആന്തരിക സംഘർഷങ്ങളാണ് എംടി കൃതികളുടെ മൂലധനം എന്നുതന്നെ പറയാം.

ആന്തരിക സംഘർഷങ്ങളെ മൂലധനമാക്കിയ എംടി
എന്റെ എംടിക്കാലം
logo
The Fourth
www.thefourthnews.in