പിളര്‍പ്പില്‍നിന്ന് തകര്‍ച്ചയിലേക്ക്, മഹാനഗരത്തില്‍ തളര്‍ന്ന കോണ്‍ഗ്രസ്

പിളര്‍പ്പില്‍നിന്ന് തകര്‍ച്ചയിലേക്ക്, മഹാനഗരത്തില്‍ തളര്‍ന്ന കോണ്‍ഗ്രസ്

ലോക്‌സഭ സീറ്റിന്റെ പേരില്‍ മിലിന്ദ് ദേവറ പാര്‍ട്ടി വിട്ടതോടുകൂടി, മുംബൈ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്

ഒരുകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും കരുത്തുള്ള കോട്ടയായിരുന്നു പഴയ ബോംബെ നഗരം. ആളെണ്ണം കൊണ്ടും കയ്യൂക്ക് കൊണ്ടും കോണ്‍ഗ്രസ് അടക്കിവാണ നഗരം. കാലം മാറി, നഗരത്തിന്റെ കോലം മാറി ബോംബെ മുംബൈയായി. ഒപ്പം കോണ്‍ഗ്രസും മാറി.

കോട്ടകളോരോന്നായി തകര്‍ന്ന് കോണ്‍ഗ്രസ് ഏകദേശം മുംബൈ രാഷ്ട്രീയത്തിന് പുറത്തായി. കോണ്‍ഗ്രസ് കയ്യടക്കിവച്ചിരുന്ന മേഖലകളിലേക്ക് ശിവസേനയുടേയും ബിജെപിയുടേയും കടന്നുകയറ്റമുണ്ടായി. പാര്‍ട്ടി ജനിച്ച മണ്ണില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുമ്പോഴും നാശത്തിലേക്ക് നയിച്ച ഗ്രൂപ്പു പോരും അധികാര മോഹവും വിട്ടുകളയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. അവസാനം, ലോക്‌സഭ സീറ്റിന്റെ പേരില്‍ മിലിന്ദ് ദേവറ പാര്‍ട്ടി വിട്ടതോടുകൂടി, മുംബൈ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

ഇന്ന് ശിവസേന ചെയ്യുന്ന പല കാര്യങ്ങളും ശക്തികാലത്ത് കോണ്‍ഗ്രസായിരുന്നു ബോംബെ നഗരത്തില്‍ ചെയ്തുകൊണ്ടിരുന്നത്. മില്‍, റെയില്‍വെ തൊഴിലാളികള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനുളള നിരന്തര ആക്രമണങ്ങള്‍ തുടങ്ങി ആള്‍ക്കൂട്ടത്തിന്റെ ബലത്തില്‍ അഴിഞ്ഞാടിയ ചരിത്രമുണ്ട് മഹാനഗരത്തിലെ കോണ്‍ഗ്രസിന്. ഒരുവശത്ത് കയ്യൂക്ക് കൊണ്ട് നഗരം ഭരിക്കുമ്പോഴും മറുവശത്ത് ജനപ്രിയരായ നേതാക്കളുടെ ബലത്തില്‍ കോണ്‍ഗ്രസ് പിടിച്ചുനിന്നു.

പിളര്‍പ്പില്‍നിന്ന് തകര്‍ച്ചയിലേക്ക്, മഹാനഗരത്തില്‍ തളര്‍ന്ന കോണ്‍ഗ്രസ്
ചരിത്രവും ആർക്കിയോളജിയും പറയുന്ന ബാബരി മസ്ജിദിൻ്റെ കഥ

അന്‍പതുകളിലും അറുപതുകളിലും ബോംബെയില്‍ കോണ്‍ഗ്രസ് വാക്കിന് മറുവാക്കില്ലായിരുന്നു, ബാല്‍ താക്കറെയുടെ ഉദയം വരെ. ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായി ഒതുങ്ങിക്കൂടിയിരുന്ന താക്കറെ, 'പുറത്തിറങ്ങുകയും' 1966-ല്‍ ശിവസേന രൂപീകരിക്കുകയും ചെയ്യുന്നതോടെയാണ് മഹാരാഷ്ട്രയിലും ബോംബെയിലും കോണ്‍ഗ്രസിന് ആദ്യത്തെ പ്രഹരമേറ്റത്.

സോണിയ ഗാന്ധിയെ എഐസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ കലഹിച്ച് ഇറങ്ങിപ്പോയ ശരദ് പവാര്‍ എന്‍സിപി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസിനെ തേടി രണ്ടാമത്തെ പ്രഹരമെത്തി. രണ്ടായിരങ്ങളില്‍ ബിജെപി ശക്തമായ സാന്നിധ്യമായതോടെ, കോണ്‍ഗ്രസ് പിന്നേയും താഴേക്കുപോയി.

ഒരിക്കലും തീരാത്ത ഗ്രൂപ്പുപോര്

2003 മുതലാണ് മുംബൈ കോണ്‍ഗ്രസില്‍ ഗ്രൂപ്പു വഴക്കുകള്‍ എല്ലാ മറയും നീക്കി പുറത്തുവരുന്നത്. മിലന്ദ് ദേവറയുടെ പിതാവ് മുരളി ദേവറയാണ് ഈ കഥയിലെ നായകന്‍. 2002 മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ, കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയുണ്ടായി. 2003-ല്‍ മുംബൈ ഘടകം പ്രസിഡന്റ് ഗുരുദാസ് കാമതിന്റെ നിര്‍ദേശം ലംഘിച്ച് ദേവറയും കൗണ്‍സിലര്‍മാരും മറ്റൊരു പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തു. മുരളി ദേവറ പക്ഷവും കാമത് പക്ഷവും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നു. തങ്ങളുടെ പക്ഷത്തേക്ക് ആളെക്കൂട്ടാന്‍ രണ്ടുകൂട്ടരും ആവുംവിധം പണിയെടുത്തു. ഡല്‍ഹി നേതൃത്വം പക്ഷേ, തങ്ങളുടെ താത്പര്യങ്ങള്‍ക്ക് കൂട്ടുനിന്ന നേതാക്കളെ മാത്രം സംരക്ഷിച്ചു.

മുരളി ദേവറ
മുരളി ദേവറ

മുരളി ദേവറ, ഗുരുദാസ് കാമത്, പ്രിയ ദത്ത്, സഞ്ജയ് നിരുപം, കൃപാശങ്കര്‍ സിങ്, ഭായ് ജഗ്താപ് തുടങ്ങി നേതാക്കളുടെ വലിയൊരു നിരതന്നെ ഗ്രൂപ്പു പോരിന്റെ പരസ്യ വക്താക്കളായി. ഹൈക്കമാന്‍ഡിന് ഈ ഗ്രൂപ്പ് കളികള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതുമില്ല.

2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്നാണ് ശിവസേനയില്‍ നിന്നെത്തിയ സഞ്ജയ് നിരുപം മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. എന്നാല്‍, സഞ്ജയെ അംഗീകരിക്കാന്‍ ഗുരുദാസ് കാമതിന്റെ നേതൃത്വത്തിലുള്ള പക്ഷം തയ്യാറായില്ല. 2017-ലെ ബിഎംസി തിരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി ഗുരുദാസ് കാമതും സഞ്ജയ് നിരുപവും സമൂഹമാധ്യമങ്ങളില്‍ പരസ്യമായി ഏറ്റുമുട്ടി.

പിളര്‍പ്പില്‍നിന്ന് തകര്‍ച്ചയിലേക്ക്, മഹാനഗരത്തില്‍ തളര്‍ന്ന കോണ്‍ഗ്രസ്
പ്രാണപ്രതിഷ്ഠ ചടങ്ങ്: അയോധ്യ വിധി പ്രസ്താവിച്ച ജഡ്ജിമാർക്കും ക്ഷണം

2018-ല്‍ കാമതിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം നേതാക്കള്‍ അന്നത്തെ പിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് സഞ്ജയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പട്ടു. അങ്ങനെ, മുംബൈയില്‍ കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച് രംഗപ്രവേശം ചെയ്ത സഞ്ജയ് നിരുപം തുടങ്ങുന്നതിനുമുന്നേ ഒടുങ്ങി. മിലിന്ദ് ദേവറയെ പാര്‍ട്ടി അധ്യക്ഷനാക്കണം എന്നായിരുന്നു പ്രബല വിഭാഗത്തിന്റെ ആവശ്യം. മറാത്ത പാരമ്പര്യമുള്ള നേതാക്കളെ മാത്രം മുംബൈ അധ്യക്ഷനാക്കിയാല്‍ മതിയെന്ന് നിര്‍ബന്ധം പിടിക്കുന്ന ഒരുവിഭാഗവും അന്ന് രംഗത്തുണ്ടായിരുന്നു. 2019-ല്‍ ദേശീയനേതൃത്വം മിലിന്ദിനെ പാര്‍ട്ടിയുടെ മുബൈ അധ്യക്ഷനാക്കി.

'ഡല്‍ഹിയുടെ താത്പര്യങ്ങള്‍ക്ക് മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ്' എന്നാണ് ദേവറയെ മറ്റു വിഭാഗങ്ങള്‍ വിശേഷിപ്പിച്ചത്. ദേവറയ്ക്ക് താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധമില്ലെന്നും ഇവര്‍ ആരോപിച്ചു. ഡല്‍ഹി ബന്ധം ഉപയോഗപ്പെടുത്തി തന്റെ വിശ്വസ്തര്‍ക്ക് മാത്രം പാര്‍ട്ടി സ്ഥാനങ്ങളും സീറ്റുകളും നല്‍കുന്നതാണ് ദേവറയുടെ രീതിയെന്നും 2004-ല്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, മിലിന്ദ് മുംബൈയിലേക്ക് വരാതായെന്നും ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയെന്നും മറ്റു നേതാക്കള്‍ വിമര്‍ശിച്ചു. ഇത് തകര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെ കൂടുതല്‍ തളര്‍ത്തുകയാണ് ചെയ്തതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പിന്നാലെ 2019-ല്‍ മിലിന്ദ് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു.

മിലിന്ദ് ദേവറ
മിലിന്ദ് ദേവറ

2002-ല്‍ ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ 26.48 ശതമാനമായിരുന്നു. 2017-ല്‍ ഇത് 15.94 ശതമാനമായി കുറഞ്ഞു. 2001-ല്‍ കോണ്‍ഗ്രസിനുവേണ്ടി കയ്യുയര്‍ത്താന്‍ കോര്‍പ്പറേഷനില്‍ 61 അംഗങ്ങളുണ്ടായിരുന്നു. 2017ല്‍ ഇത് 31 ആയി കുറഞ്ഞു. മുംബൈ മേഖലയില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു ലോക്‌സഭ എംപി പോലുമില്ല. നാല് എംഎല്‍എമാരാണ് മുബൈ മേഖലയില്‍ നിന്ന് പാര്‍ട്ടിക്കുള്ളത്. 2009-ല്‍ മുംബൈയിലെ ആറ് ലോക്സഭ സീറ്റുകളില്‍ അഞ്ചും 35 നിയമസഭ മണ്ഡലങ്ങളില്‍ പതിനേഴും കോണ്‍ഗ്രസിന്റെ കയ്യിലായിരുന്നു.

വ്യവസായിക നഗരം കയ്യിലൊതുക്കുക എന്ന വാശിയോടെയാണ് ശിവസേനയും ബിജെപിയും തുടക്കകാലം മുതല്‍ ഇടപെട്ടുവന്നത്. മഹാരാഷ്ട്രയിലെ മറ്റു പ്രദേശങ്ങളെ ഒഴിച്ച്, തീവ്ര മറാത്താവാദവും ഹിന്ദുത്വവും ശിവസേന അഴിച്ചുവിട്ടതും മുംബൈയില്‍ തന്നെയാണ്. ദക്ഷിണേന്ത്യയില്‍ നിന്നുവരുന്നവരെ അടിച്ചോടിക്കാനും തൊഴിലാളി മുന്നേറ്റങ്ങള്‍ അടിച്ചമര്‍ത്താനും മുന്നില്‍ നിന്ന് ശിവസേന, പതിയെ കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്ക് കയറിയിരുന്നു.

പിളര്‍പ്പില്‍നിന്ന് തകര്‍ച്ചയിലേക്ക്, മഹാനഗരത്തില്‍ തളര്‍ന്ന കോണ്‍ഗ്രസ്
രാമക്ഷേത്രത്തിനോടൊപ്പം മുഖം മിനുക്കി അയോധ്യ; ലക്ഷ്യം ആഗോള തീര്‍ത്ഥാടന നഗരം, ചിലവഴിക്കുന്നത് 85,000 കോടി

മുംബൈ കോര്‍പ്പറേഷനില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും എന്‍സിപിയുടെ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചു. മിലിന്ദ് ദേവറ ചേക്കേറിയത് ശിവസേന ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പിലാണ്. ബിസിനസുകാരനില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുരളി ദേവറയുടെ മകന് പിതാവിനോളം ജനപിന്തുണയില്ലെങ്കിലും വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ മിലിന്ദിനൊപ്പം ശിവസേന ക്യാമ്പിലെത്തും. കയ്യൂക്കിന്റെയും സംഘടനാബലത്തിന്റേയും കാലം കഴിഞ്ഞ കോണ്‍ഗ്രസ്, വ്യാവസായിക നഗരത്തില്‍ പിന്നേയും തളര്‍ന്നുകൊണ്ടേയിരിക്കുന്നു.

logo
The Fourth
www.thefourthnews.in