കരുണാകരന്റെ കണ്ണീരിനു പകരംവീട്ടുമോ മുരളീധരന്‍?; സിപിഐയ്ക്ക് 'ഡൂ ഓര്‍ ഡൈ' ഗെയിം, ബിജെപിയെ ഭ്രമിപ്പിക്കുന്ന തൃശൂര്‍

കരുണാകരന്റെ കണ്ണീരിനു പകരംവീട്ടുമോ മുരളീധരന്‍?; സിപിഐയ്ക്ക് 'ഡൂ ഓര്‍ ഡൈ' ഗെയിം, ബിജെപിയെ ഭ്രമിപ്പിക്കുന്ന തൃശൂര്‍

ആര് കൈവിട്ടാലും സ്വന്തം തട്ടകമായ തൃശൂരില്‍ കാല്‍വഴുതില്ലെന്ന ആത്മവിശ്വാസം കരുണാകരനുണ്ടായിരുന്നു. പക്ഷേ, തൃശൂരുകാര്‍ ലീഡറോട് 'നോ' പറഞ്ഞു

വര്‍ഷം 1996. കേരള രാഷ്ട്രീയത്തില്‍ വാക്കിനു മറുവാക്കില്ലാതിരുന്ന കണ്ണോത്തു കരുണാകരന്‍ എന്ന കെ കരുണാകരന്‍ തൃശൂരില്‍ ലോക്സഭ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. തൃശ്ശിവപേരൂര്‍ നഗരത്തില്‍, വൈകുന്നേരങ്ങളില്‍ കുടയും പിടിച്ചുനടന്നു പോയിരുന്നൊരാള്‍, മുന്‍ കൃഷി മന്ത്രി വി വി രാഘവന്‍ സിപിഐയുടെ സ്ഥാനാര്‍ഥി. ഫലം വന്നപ്പോള്‍ കെ കരുണാകരന്‍ 1,480 വോട്ടിന് രാഘവനോട് തോറ്റു. കരുണാകരന്റെ വീഴ്ച കോണ്‍ഗ്രസുകാര്‍ക്ക് അത്ഭുതമായിരുന്നില്ലെങ്കിലും രാഷ്ട്രീയ കേരളത്തെ അത് ഞെട്ടിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ പൊള്ളിനിന്ന കരുണാകരന്‍, 1995-ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷമാണ് 96-ല്‍ മത്സരിക്കാനായി തൃശൂരിലെത്തുന്നത്. ആര് കൈവിട്ടാലും സ്വന്തം തട്ടകമായ തൃശൂരില്‍ കാല്‍വഴുതില്ലെന്ന ആത്മവിശ്വാസം കരുണാകരനുണ്ടായിരുന്നു. പക്ഷേ, തൃശൂരുകാര്‍ ലീഡറോട് 'നോ' പറഞ്ഞു.

കൃത്യം രണ്ടുവര്‍ഷത്തിനുശേഷം, 1998. കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ തൃശൂരിലെത്തി. 1989-ലും 1991-ലും കോഴിക്കോട് നിന്ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍, സ്വന്തം തട്ടകത്തില്‍ അച്ഛന്‍ വീണുപോയതിന്റെ ക്ഷീണം മാറ്റാനിറങ്ങിയതായിരുന്നു മുരളി. ഇത്തവണയും അപ്പുറത്ത് രാഘവന്‍. 18,409 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഘവന്‍ മുരളീധരനെ തോല്‍പ്പിച്ചു.

വി വി രാഘവന്റ അരുമ ശിഷ്യരില്‍ പ്രധാനി, അന്തിക്കാടു ദേശത്തുകാരന്‍ വി എസ് സുനില്‍ കുമാറിനെ നേരിടാന്‍ കെ മുരളീധരന്‍ ഒരിക്കല്‍ക്കൂടി തൃശൂരിലെത്തുമ്പോള്‍, തൃശൂര്‍ പഴയ തൃശൂരല്ല. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന, കടുത്ത ത്രികോണ മത്സരം നടക്കുന്ന താരമണ്ഡലം. സുരേഷ് ഗോപിയിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കാത്തിരിക്കുന്ന ബിജെപി, തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുത്തി പ്രഥമ പരിഗണന നല്‍കുന്ന മണ്ഡലം.

പത്തുതവണ ചെങ്കൊടി പാറിച്ച സിപിഐ

1952 മുതല്‍ 2019 വരെ നടന്ന പൊതു തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍, തൃശൂര്‍ ചുവപ്പു പുതച്ചുനിന്ന കാലമാണ് കൂടുതലും. കോണ്‍ഗ്രസിന്റെ ഇയ്യുണ്ണി ചാലക്കയ്ക്കായിരുന്നു ആദ്യ വിജയം. 1957-ല്‍ സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ തൃശൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിലയുറിപ്പിച്ചു. കെ കൃഷ്ണവാര്യര്‍ ആയിരുന്നു ആദ്യ സിപിഐ എംപി. 1984-ല്‍ പി എ ആന്റണി കോണ്‍ഗ്രസ് ചിഹ്നത്തില്‍ ജയിക്കുന്നതുവരെ മണ്ഡലം സിപിഐയുടെ കുത്തകയായിരുന്നു.

വിവി രാഘവന്‍, കെ കരുണാകരന്‍
വിവി രാഘവന്‍, കെ കരുണാകരന്‍

സിപിഎമ്മും സിപിഐയും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും വിജയം സിപിഐയ്ക്കായിരുന്നു. 1971-ലും 1977-ലും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നേര്‍ക്കുനേര്‍ പോരാടി. 1971-ല്‍ സിപിഎമ്മിന്റെ കെ പി അരവിന്ദാക്ഷനെ സിപിഐ സ്ഥാനാര്‍ഥി സി ജനാര്‍ദനന്‍ പരാജയപ്പെടുത്തി. 1977-ല്‍ അരവിന്ദാക്ഷന്‍ വീണ്ടും സിപിഎം സ്ഥാനാര്‍ഥിയായി. സിപിഐയുടെ കെ എ രാജനായിരുന്നു വിജയിച്ചത്.

കരുണാകരന്റെ കണ്ണീരിനു പകരംവീട്ടുമോ മുരളീധരന്‍?; സിപിഐയ്ക്ക് 'ഡൂ ഓര്‍ ഡൈ' ഗെയിം, ബിജെപിയെ ഭ്രമിപ്പിക്കുന്ന തൃശൂര്‍
കണ്ണൂര്‍: ചെങ്കൊടി ഉറയ്ക്കാത്ത ചെമ്മണ്ണ്‌

1989-ലും 1991-ലും മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. 1996-ലും 1998-ലും വി വി രാഘവനിലൂടെ ഇടതുപക്ഷത്തേക്ക്. 1999-ല്‍ എസി ജോസിനൊപ്പം യുഡിഎഫ് പാളയത്തില്‍. 2004-ല്‍ അതികായനായ സികെ ചന്ദ്രപ്പനെ ഇറക്കി സിപിഐ മണ്ഡലം തിരിച്ചുപിടിച്ചു.

2004 മുതലാണ് ബിജെപി മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചു തുടങ്ങിയത്. അതുവരെ അമ്പതിനായിരത്തിന് മുകളില്‍ വോട്ട് നേടാന്‍ സാധിക്കാതിരുന്ന ബിജെപി, അത്തവണ ആദ്യമായി 72,004 വോട്ട് നേടി. പി എസ് ശ്രീരാമന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി. 3,20,960 വോട്ടായിരുന്നു സികെ ചന്ദ്രപ്പന്‍ നേടിയത്. എ സി ജോസ് നേടിയത് 2,74,999 വോട്ട്. 45,961വോട്ടിന് ചന്ദ്രപ്പന്‍ വിജയിച്ചു.

2009-ല്‍ പിസി ചാക്കോയിലൂടെ മണ്ഡലം വീണ്ടും കോണ്‍ഗ്രസിനൊപ്പം. സിഎന്‍ ജയദേവന്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പിസി ചാക്കോ 385,297 വോട്ട് നേടിയപ്പോള്‍, ജയദേവന് ലഭിച്ചത് 360,146 വോട്ട്. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി രമ രഘുനന്ദന് 54,680 വോട്ട്. പിസി ചാക്കോയ്ക്ക് 25,151 വോട്ടിന്റെ വിജയം.

2014-ല്‍ ചാലക്കുടിയില്‍നിന്ന് കെപി ധനപാലന്‍ തൃശൂരിലേക്കും പിസി ചാക്കോ തൃശൂരില്‍നിന്ന് ചാലക്കുടിയിലേക്കും മാറി. തൃശൂരില്‍ എല്‍ഡിഎഫിനുവേണ്ടി സി എന്‍ ജയദേവന്‍ വീണ്ടും ഇറങ്ങി. 2009-ല്‍ പി സി ചാക്കോയോട് തോറ്റ ജയദേവന്‍, ഇത്തവണ വിജയിച്ചുകയറി. രാജ്യത്തെ സിപിഐയുടെ ഏക എംപിയായി മാറി. 38,227വോട്ടിനായിരുന്നു ജയദേവന്റെ വിജയം. 12,75,288 (42.3ശതമാനം) വോട്ട് സിഎന്‍ ജയദേവന്‍ നേടി. ധനപാലന് ലഭിച്ചത് 3,50 982 വോട്ട് (38.1 ശതമാനം). ബിജെപി ആദ്യമായി ഒരു ലക്ഷം വോട്ട് കടന്നു. ബിജെപി സ്ഥാനാര്‍ഥി കെ പി ശ്രീശന് ലഭിച്ചത് 1,02,681 വോട്ട്. (11.2ശതമാനം). 2009-ല്‍ വെറും 6.7 ശതമാനം വോട്ടായിരുന്നു ബിജെപി നേടിയത്. 2014-ല്‍ ഇത് 11.2ശതമാനമായി. ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാനിറങ്ങിയ പ്രമുഖ എഴുത്തുകാരി സാറാ ജോസഫിന് 44,638 വോട്ട് ലഭിച്ചു.

സുരേഷ് ഗോപിയുടെ വരവ്

2019 മുതലാണ് തൃശൂര്‍ ലോക്‌സഭ മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിച്ച് തുടങ്ങിയത്. ഏറെ വൈകിയായിരുന്നു ബിജെപി ആ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി തൃശൂരിലെത്തുന്നു. 2016-ല്‍ രാജ്യസഭ എംപിയായത് മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സുരേഷ് ഗോപിയുടെ തൃശൂരിലേക്കുള്ള വരവ് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. ശശി തരൂരിന് എതിരായി തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കുമെന്നായിരുന്നു രാഷ്ട്രീയ പാണന്മാര്‍ പാടിനടന്നത്.

കരുണാകരന്റെ കണ്ണീരിനു പകരംവീട്ടുമോ മുരളീധരന്‍?; സിപിഐയ്ക്ക് 'ഡൂ ഓര്‍ ഡൈ' ഗെയിം, ബിജെപിയെ ഭ്രമിപ്പിക്കുന്ന തൃശൂര്‍
ഇടത്തും വലത്തും കേരളാ കോണ്‍ഗ്രസ്; കോട്ടയം എങ്ങോട്ടേക്ക്?

എന്നാല്‍, കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബിജെപി സുരേഷ് ഗോപിയെ തൃശൂരിലേക്ക് അയച്ചു. ജയദേവനെ മാറ്റി രാജാജി മാത്യു തോമസിനെ ഇറക്കിയിരുന്നു സിപിഐ. ടിഎന്‍ പ്രതാപനെ ഇറക്കി കോണ്‍ഗ്രസ് അതിനോടകം തന്നെ കളം പിടിച്ചിരുന്നു. കാടിളക്കിയുള്ള വരവായിരുന്നു സുരേഷ് ഗോപിയുടേത്. 'ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ' എന്നുള്ള പ്രഖ്യാപനവും ജാഥകളിലെ വമ്പന്‍ ജനപങ്കാളിത്തവും ബിജെപിയെ ചെറുതായൊന്നുമല്ല ഹരം കൊള്ളിച്ചത്. തൃശൂരില്‍ ഇത്തവണ താമര വിരിയുമെന്ന് ബിജെപി ഉറപ്പിച്ചു. തിരുവനന്തപുരം കഴിഞ്ഞാല്‍, ഏറ്റവുംകൂടുതല്‍ ദേശീയ നേതാക്കള്‍ വന്ന് പ്രചാരണം നടത്തിയ മണ്ഡലമായി തൃശൂര്‍ മാറി.

സുരേഷ് ഗോപി
സുരേഷ് ഗോപി

ശബരിമല വിഷയം കത്തിനിന്ന സമയത്ത് നടന്ന തിരഞ്ഞെടുപ്പ് സുവര്‍ണാവസരായി ബിജെപി കണക്കാക്കി. ശബരിമലയെ പറ്റി പരാമര്‍ശം നടത്തരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശം കാറ്റില്‍ പറത്തിയ സുരേഷ് ഗോപി, അയ്യപ്പന്റെ പേരില്‍ വോട്ട് തേടി. ഇത് ശ്രദ്ധയില്‍പ്പെട്ട വരണാധികാരിയായിരുന്ന ടി വി അനുപമ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം തേടി സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കുകകൂടി ചെയ്തതോടെ, കളം കൊഴുത്തു.

പക്ഷേ, പ്രതാപന്റെ പ്രതാപം തകര്‍ക്കാന്‍ സുരേഷ് ഗോപിക്കായില്ല. ഫലം വന്നപ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ ബിജെപി ക്യാമ്പ് ഞെട്ടി. 93,633 വോട്ടിന് പ്രതാപന്‍ വിജയിച്ചു. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 4,15,089 വോട്ട് നേടി (39.8 ശതമാനം) ടിഎന്‍ പ്രതാപന്‍ കോണ്‍ഗ്രസ് കൊടി പാറിച്ചു. ദുര്‍ബല സ്ഥാനര്‍ഥിയെന്ന് വിലയിരുത്തപ്പെട്ടിട്ടും രാജാജി മാത്യു തോമസ് മൂന്നാം സ്ഥാനത്തേക്ക് പോയില്ല. 3,21,456 വോട്ട് (30.9ശതമാനം) നേടി രാജാജി രണ്ടാം സ്ഥാനത്തെത്തി. 2,93,822 ആയിരുന്നു സുരേഷ് ഗോപിയുടെ സമ്പാദ്യം. ബിജെപിക്ക് ലഭിച്ചത് 28.2 ശതമാനം വോട്ട്. സുരേഷ് ഗോപിയും രാജാജി മാത്യു തോമസും തമ്മില്‍ 27,634 വോട്ടിന്റെ വ്യത്യാസം. പ്രതാപനുമായി സുരേഷ് ഗോപിക്ക് 1,21,267 വോട്ടിന്റെ വ്യത്യാസം. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്, 11.44 ശതമാനം വോട്ട് വിഹിതത്തിന്റെ കുറവാണ് 2019-ല്‍ എല്‍ഡിഎഫിനുണ്ടായത്.

ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷമുള്ള തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം. പഴയ മുകുന്ദപുരം മണ്ഡലം ഇല്ലാതായപ്പോള്‍, ഇരിങ്ങാലക്കുട തൃശൂരിനൊപ്പം ചേര്‍ന്നു. 2019-ല്‍ ഏഴിടത്തും യുഡിഎഫ് ആധിപത്യമായിരുന്നു.

ഗുരുവായൂരില്‍ 20,465 വോട്ടിന്റെയും മണലൂരില്‍ 12,938 വോട്ടിന്റെയും ഒല്ലൂരില്‍ 16034 വോട്ടിന്റെയും ഭൂരിപക്ഷം പ്രതാപന് കിട്ടി. 18027 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച തൃശൂരില്‍ സുരേഷ് ഗോപിയായിരുന്നു രണ്ടാം സ്ഥാനത്ത്. നാട്ടികയില്‍ 2427 വോട്ടിന്റെയും ഇരിങ്ങാലക്കുടയില്‍ 11,390 വോട്ടിന്റെയും ഭൂരിപക്ഷം. പുതുക്കാട് 5842 വോട്ടിന്റെ ഭൂരിപക്ഷം പ്രതാപന്‍ നേടി.

തൃശൂരിന്റെ ചുവപ്പ് ഭൂപടം

2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ നിയമസഭ മണ്ഡലങ്ങളില്‍ യുഡിഎഫ് മേധാവിത്വമായിരുന്നു. പുതുക്കാട് സിപിഎമ്മിന്റെ സി രവീന്ദ്രനാഥും നാട്ടികയില്‍ സിപിഐയുടെ ഗീതാ ഗോപിയും ഗുരുവായൂരില്‍ സിപിഎമ്മിന്റെ കെവി അബ്ദുള്‍ ഖാദറും വിജയിച്ചപ്പോള്‍, ബാക്കി നാലിടത്തും യുഡിഎഫ് തേരോട്ടം. ഒല്ലൂരില്‍ എംപി വിന്‍സെന്റും തൃശൂരില്‍ തേറമ്പില്‍ രാമകൃഷ്ണനും ഇരിഞ്ഞാലക്കുടയില്‍ തോമസ് ഉണ്ണ്യാടനും മണലൂരില്‍ പി മാധവനും യുഡിഎഫിനുവേണ്ടി വിജയക്കൊടി പാറിച്ചു.

പക്ഷേ, 2016-ല്‍ തൃശൂരിലെ യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു. ഗുരുവായൂര്‍ സിപിഎമ്മിന്റെ കെ വി അബ്ദുള്‍ ഖാദര്‍ നിലനിര്‍ത്തി. മണലൂരില്‍ മുരളി പെരുനെല്ലിയിലൂടെ സിപിഎം ചെങ്കൊടി നാട്ടി. ഒല്ലൂരില്‍ സിപിഐയുടെ കെ രാജനും തൃശൂരില്‍ വിഎസ് സുനില്‍കുമാറും നാട്ടികയില്‍ ഗീതാ ഗോപിയും ചെങ്കൊടി പാറിച്ചു. ഇരിഞ്ഞാലക്കുടയില്‍ കെ യു അരുണനും പുതുക്കാട് സി രവീന്ദ്രനാഥും ഇടതു കോട്ടയാക്കി. ഒന്നാം പിണറായി മന്ത്രിസഭയില്‍ തൃശൂരില്‍നിന്ന് രണ്ടു മന്ത്രിമാര്‍, വിഎസ് സുനില്‍കുമാര്‍ കൃഷിവകുപ്പും സി രവീന്ദ്രനാഥ് വിദ്യാഭ്യാസ വകുപ്പും.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴിടത്തും ഇടതുമുന്നണി ചെങ്കൊടി പാറിച്ചു. ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ബാലചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിനെ 946 വോട്ടിനാണ് പരാജയപ്പെടുത്തിയത്. തൃശൂരില്‍ രണ്ടാം അങ്കത്തിനിറങ്ങിയ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി, വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 40,457 വോട്ടാണ് സുരേഷ് ഗോപി നേടിയത്. 44,263 വോട്ടാണ് ബാലചന്ദ്രന് ലഭിച്ചത്. പദ്മജ വേണുഗോപാല്‍, 43,317 വോട്ട് നേടി.

ഗുരുവായൂരില്‍ സിപിഎമ്മിന്റെ എന്‍ കെ അക്ബര്‍ മുസ്ലിം ലീഗിന്റെ കെ എന്‍ എ ഖാദറിനെ 18,268 വോട്ടിനും ഒല്ലൂരില്‍ സിപിഐയുടെ കെ രാജന്‍ കോണ്‍ഗ്രസിലെ ജോസ് വള്ളൂരിനെ 21,506 വോട്ടിനും തോല്‍പ്പിച്ചു. പുതുക്കാട് സിപിഎമ്മിന്റെ കെ കെ രാമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ സുനില്‍ അന്തിക്കാടിനെ 27,353 വോട്ടിന് തോല്‍പ്പിച്ചു. മണലൂരില്‍ സിപിഎമ്മിന്റെ മുരളി പെരുനെല്ലി യുഡിഎഫിലെ വിജയ് ഹരിയെ 29,876 വോട്ടിന് വീഴ്ത്തി. നാട്ടികയില്‍ സിപിഐയുടെ സി സി മുകുന്ദന്‍ യുഡിഎഫിന്റെ സുനില്‍ ലാലൂരിനെ 28431 വോട്ടിനും ഇരിങ്ങാലക്കുടയില്‍ സിപിഎമ്മിന്റെ ആര്‍ ബിന്ദു യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടനെ 5949 വോട്ടിനും പരാജയപ്പെടുത്തി. രണ്ടാം പിണറായി മന്ത്രിസഭയിലും തൃശൂരില്‍ നിന്ന് രണ്ടു മന്ത്രിമാരുണ്ടായി. ആര്‍ ബിന്ദുവും കെ രാജനും.

നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈയുണ്ടെങ്കിലും തൃശൂര്‍ നഗരസഭയില്‍ ചുവപ്പിനത്ര ബലമില്ല. കോര്‍പ്പറേഷനില്‍ 24 സീറ്റാണ് എല്‍ഡിഎഫിനുള്ളത്. യുഡിഎഉഫിന് 23, എന്‍ഡിഎയ്ക്ക് ആറ് എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫ് പിന്തുണയോടെ, കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് ആണ് മേയര്‍ സ്ഥാനത്തുള്ളത്.

കരുണാകരന്റെ കണ്ണീരിനു പകരംവീട്ടുമോ മുരളീധരന്‍?; സിപിഐയ്ക്ക് 'ഡൂ ഓര്‍ ഡൈ' ഗെയിം, ബിജെപിയെ ഭ്രമിപ്പിക്കുന്ന തൃശൂര്‍
'ചെങ്കൊടിയും പിടിച്ചിറങ്ങിയ ജിന്ന്!', ലീഗിന്റെ ഉറക്കം കെടുത്തുന്ന 2004; അടിവേരറുക്കാൻ കഴിയുമോ വസീഫിന്?

'ഫയര്‍ ബ്രാന്‍ഡ്' സുനില്‍കുമാര്‍

ഇത്തവണ ഇടതുമുന്നണിക്ക് തൃശൂരില്‍ അഭിമാന പോരാട്ടമാണ്. സിപിഐയ്ക്ക് പ്രത്യേകിച്ച് 'ഡൂ ഓര്‍ ഡൈ' പോരാട്ടമാണ്. ദേശീയരാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ ഇത്തവണ വിജയിച്ചേ മതിയാകൂ. തൃശൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ സിപിഐ വിജയ പ്രതീക്ഷ പുലര്‍ത്തുന്നു. തൃശൂരിൽ ജനകീയനായ സുനില്‍കുമാറിനെ രംഗത്തിറക്കിയിരിക്കുന്നത് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാനല്ല. ഇറങ്ങിയ കളിയിലെല്ലാം ജയിച്ചു കയറി ശീലച്ചയാളാണ് സുനില്‍കുമാര്‍. തൃശൂരുകാര്‍ക്കിടയില്‍ സുപരിചിതന്‍.

വിഎസ് സുനില്‍കുമാര്‍
വിഎസ് സുനില്‍കുമാര്‍

2006-ല്‍ ചേര്‍പ്പ് മണ്ഡലത്തില്‍ വിജയിച്ചുകൊണ്ടാണ് സുനില്‍ കുമാറിന്റെ തിരഞ്ഞെടുപ്പ് രംഗത്തേക്കുള്ള പ്രവേശനം. 14,604 വോട്ടിനായിരുന്നു സിഎംപിയുടെ എംകെ കണ്ണനെ സുനില്‍ വീഴ്ത്തിയത്. 2011-ല്‍ കൈപ്പമംഗലത്തുനിന്ന് വീണ്ടും നിയമസഭയിലേക്ക്. 13,570 വോട്ടിന്റെ വിജയം. 2016-ല്‍ തൃശൂരില്‍ പടയ്ക്കിറങ്ങിയ സുനില്‍ കുമാര്‍ തോല്‍പ്പിച്ചത് കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ. 6,987വോട്ടിനായിരുന്നു വിജയം. ജയിച്ചെത്തിയ സുനില്‍ കുമാര്‍, ഒന്നാം പിണറായി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി. ആ മന്ത്രിസഭയിലെ ഏറ്റവും ഗ്രാഫുള്ള മന്ത്രിമാരില്‍ മുന്‍പന്തിയിലായിരുന്നു സുനില്‍കുമാറിന്റെ സ്ഥാനം.

'മാസാണ്' മുരളീധരന്‍

തൃശൂരിന്റെ രാഷ്ട്രീയ ഭൂമികയില്‍ പലകാലങ്ങളില്‍ കളത്തിലിങ്ങിയ കെ കരുണാകരനെയും മുരളീധരനെയും പത്മജയെയും തൃശൂര്‍ ജനത തോല്‍വിയുടെ കൈപ്പുനീര്‍ കുടിപ്പിച്ചു. കരുണാകരനും മുരളീധരനും ഓരോ തവണ വീതം തോറ്റപ്പോള്‍, പത്മജ ‍ തൃശൂരില്‍ രണ്ടുതവണ തോറ്റു. കഴിഞ്ഞനിയമസഭ തിരഞ്ഞെടുപ്പില്‍, പത്മജ 946 വോട്ടിനാണ് പി ബാലചന്ദ്രനോട് പരാജയപ്പെട്ടത്.

കരുണാകരന്റെ കണ്ണീരിനു പകരംവീട്ടുമോ മുരളീധരന്‍?; സിപിഐയ്ക്ക് 'ഡൂ ഓര്‍ ഡൈ' ഗെയിം, ബിജെപിയെ ഭ്രമിപ്പിക്കുന്ന തൃശൂര്‍
പൊന്നാനി: ലീഗിന്റെ പൊന്നാപുരം കോട്ട, ഇടതിന്റെ പരീക്ഷണശാല

ഇത്തവണ പത്മജ, ബിജെപി ചേരിയിലാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ, മുരളീധരനെ കോണ്‍ഗ്രസ് തൃശൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പ്രതാപനുവേണ്ടി ചുമരെഴുത്തും പോസ്റ്റര്‍ പതിപ്പിക്കലും കാര്യക്ഷമമായി നടക്കുന്നതിനിടെയായിരുന്നു സ്ഥാനാര്‍ഥിയെ മാറ്റിയത്. ഇത് തോല്‍വി ഭയന്നാണെന്ന് ഇടത്, ബിജെപി ക്യാമ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, ശക്തമായ മത്സരം നടത്താനാണ് മുരളീധരനെ തൃശൂരില്‍ ഇറക്കുന്നതെന്നാണ് കോണ്‍ഗ്രസ് പ്രചാരണം.

കെ മുരളീധരന്‍
കെ മുരളീധരന്‍

തൃശൂര്‍ പഴയ തൃശൂരല്ലെന്ന് പറഞ്ഞതുപോല, മുരളീധരനും പഴയ മുരളീധരനല്ല. കോണ്‍ഗ്രസില്‍ ഏറ്റവും ജനകീയനായ നേതാവാണ്‌ ഇന്ന് മുരളീധരന്‍. തോല്‍വികളില്‍ വീണുപോകാതെ, പാഠം പഠിച്ച് പയറ്റി തെളിഞ്ഞ രാഷ്ട്രീയക്കാരന്റെ പാഠവം ഇന്ന് മുരളീധരന്റെ നീക്കങ്ങള്‍ക്കുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ മുരളീധരന്റ രാഷ്ട്രീയ ഗ്രാഫ് മുകളിലേക്കാണ്. 2019-ല്‍ വടകരയില്‍ അദ്ദേഹം വിജയിച്ചത് 84,663 വോട്ടിനാണ്. അച്ഛനെ തോല്‍പ്പിച്ച പാര്‍ട്ടിയുടെ ഏറ്റവും ജനകീയനായ നേതാവിനെ, ആ പാര്‍ട്ടയുടെ മടയില്‍പ്പോയി തോല്‍പ്പിക്കാനുള്ള വാശിയിലാണ് മുരളീധരന്‍ തൃശൂരില്‍ വണ്ടിയിറങ്ങിയിരിക്കുന്നത്.

'ദേശീയ' പരിവേഷത്തില്‍ സുരേഷ് ഗോപി

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിലും തോറ്റെങ്കിലും തൃശൂരിലെ അപ്രതീക്ഷിത മുന്നേറ്റം ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്നു. അതുകൊണ്ടുതന്നെ, ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ സുരേഷ് ഗോപി തൃശൂരില്‍ കളംനിറഞ്ഞു.

ബിജെപിയില്‍ സുരേഷ് ഗോപിയുടെ 'സ്വയം സ്ഥാനാര്‍ഥി ചമയലില്‍' എതിര്‍പ്പുണ്ടായിരുന്നിട്ടും സംസ്ഥാന നേതാക്കള്‍ സംയമനം പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി തന്നെ സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ആനയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് മോദി തൃശൂരില്‍ വമ്പന്‍ റാലി നടത്തി. 'മോദിയുടെ ഗ്യാരന്റി' മുദ്രാവാക്യം അദ്ദേഹം ഊന്നിയൂന്നി പറഞ്ഞു. ദേശീയനേതൃത്വം നേരിട്ട് ഇടപെട്ടാണ് തൃശൂരിലെ 'കളികള്‍' നിയന്ത്രിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്.ദേശീയ പരിവേഷം വോട്ടായി മാറുമോയെന്ന് കാത്തിരുന്നു കാണാം.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രം വയനാട് മണ്ഡലമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വരവ് സൃഷ്ടിച്ച കൗതുകം ചെറുതായിരുന്നില്ല. പക്ഷേ, ഇത്തവണ കേരളത്തിലെ 'സ്റ്റാര്‍ മണ്ഡലം' തൃശൂരാണ്. വടക്കുംനാഥന്റെ മണ്ണില്‍ ആര് തിടമ്പേറ്റുമെന്ന് കാത്തിരുന്നു കാണണം.

logo
The Fourth
www.thefourthnews.in