കന്നിയങ്കത്തിന് ഗോവിന്ദനും ബിനോയിയും; 'ഒ സി' ഇല്ലാത്ത തിരഞ്ഞെടുപ്പ്, സുധാകരനും സതീശനും നിര്‍ണായകം

കന്നിയങ്കത്തിന് ഗോവിന്ദനും ബിനോയിയും; 'ഒ സി' ഇല്ലാത്ത തിരഞ്ഞെടുപ്പ്, സുധാകരനും സതീശനും നിര്‍ണായകം

ഇരു മുന്നണിയിലേയും പ്രധാന പാര്‍ട്ടികളെ ഇപ്പോള്‍ നയിക്കുന്ന മുഖങ്ങള്‍ക്ക് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് പതിനെട്ടാം ലോക്‌സഭയിലേക്കുള്ള വിധിയെഴുത്ത്

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത്ഭുതങ്ങള്‍ കാണിച്ചിരുന്ന, അപാര സംഘടനാ പാഠവത്തോടെ പാര്‍ട്ടികളെ നയിച്ച മൂന്നു പ്രബല നേതാക്കള്‍ അരങ്ങൊഴിഞ്ഞതിന് ശേഷം നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. സിപിഎമ്മിന് കോടിയേരി ബാലകൃഷ്ണന്‍ എന്ന സൗമ്യനും കരുത്തനുമായ സംസ്ഥാന സെക്രട്ടറിയെ നഷ്ടപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രധാന തിരഞ്ഞെടുപ്പ്. സിപിഐയ്ക്ക്, പാര്‍ട്ടിയെ മുന്നോട്ടു നയിക്കുന്നതില്‍ ഏറെ നിര്‍ണായക പങ്കുവഹിച്ച കാനം രാജേന്ദ്രന്റെ വിയോഗത്തിന് ശേഷമുള്ള നിര്‍ണായക തിരഞ്ഞെടുപ്പ്. ഉമ്മന്‍ചാണ്ടിയെന്ന വന്‍ മരത്തിന്റെ തണലില്ലാതെ തിരഞ്ഞെടുപ്പിന് ഇറങ്ങുകയാണ് കോണ്‍ഗ്രസ്. ഇരു മുന്നണിയിലേയും പ്രധാന പാര്‍ട്ടികളെ ഇപ്പോള്‍ നയിക്കുന്ന മുഖങ്ങള്‍ക്ക് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് പതിനെട്ടാം ലോക്‌സഭയിലേക്കുള്ള വിധിയെഴുത്ത്.

എംവി ഗോവിന്ദന് കടമ്പകള്‍ അനവധി

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എംവി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വവും എത്തിയതിന് ശേഷമുള്ള ആദ്യ പ്രധാന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷം രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ നേരിട്ടു, തൃക്കാക്കരയും പുതുപ്പള്ളിയും. രണ്ടും യുഡിഎഫ് കുത്തക മണ്ഡലങ്ങള്‍ ആയതിനാല്‍, നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ പോയി. അതുകൊണ്ടുതന്നെ, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ സംഘടനാ പാഠവവും മികവും വിലയിരുത്തുന്ന തിരഞ്ഞെടുപ്പായി ലോക്‌സഭാ തിരഞ്ഞെടുപ്പ് മാറും. 2022 ഓഗസ്റ്റ് 28-ന് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലെത്തുന്നത്. എക്‌സൈസ് മന്ത്രി സ്ഥാനം രാജിവച്ച് പാര്‍ട്ടി ചുമതല ഏറ്റെടുത്ത എംവി ഗോവിന്ദന് മുന്നില്‍ കടമ്പകള്‍ നിരവധിയാണ്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയതിന് ശേഷം, പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ തീര്‍ക്കാനായിരുന്നു എംവി ഗോവിന്ദന്റെ ആദ്യ ശ്രമം. ഇതിന്റെ ഭാഗമായി വിഭാഗീയത കൊടുമ്പിരികൊണ്ട കുട്ടനാട്ടില്‍ നിരന്തരം ഇടപെട്ടു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ആലപ്പുഴയിലും എറണാകുളത്തും പാലക്കാടും വിഭാഗീയതയുടെ പേരില്‍ സംഘടനാ നടപടിയുണ്ടായി.

എംവി ഗോവിന്ദന്‍
എംവി ഗോവിന്ദന്‍

പാലക്കാട് പികെ ശശിയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ആലപ്പുഴ സൗത്ത്, നോര്‍ത്ത്, ഹരിപ്പാട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. കൊല്ലത്തും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ സംഘടനാ നടപടികളുണ്ടായി. ഇതോടെ, എംവി ഗോവിന്ദന്‍ സിപിഎമ്മില്‍ ശുദ്ധികലശം ആരംഭിച്ചെന്ന തരത്തില്‍ പ്രചാരണമുണ്ടായി. എന്നാല്‍, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും എതിരെയുള്ള ആരോപണങ്ങള്‍ ഓടിനടന്നു ചെറുക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയെയാണ് കേരളം കണ്ടത്.

കന്നിയങ്കത്തിന് ഗോവിന്ദനും ബിനോയിയും; 'ഒ സി' ഇല്ലാത്ത തിരഞ്ഞെടുപ്പ്, സുധാകരനും സതീശനും നിര്‍ണായകം
നിര്‍ണായകം ഈ 331 സീറ്റുകള്‍, രാജ്യത്തിന്റെ വിധി തീരുമാനിക്കുന്ന എട്ട് സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും നേരെ ഉയര്‍ന്ന ആരോപണങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി, ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത്, ശമ്പള പ്രതിസന്ധി, എസ്എഫ്‌ഐ നേതൃത്വത്തിന് എതിരെ ഉയരുന്ന ആരോപണങ്ങള്‍, വര്‍ധിക്കുന്ന വന്യജീവി ആക്രമണങ്ങള്‍ തുടങ്ങി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി ഘടകങ്ങളാണ് സിപിഎമ്മിന് മുന്നിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രബിന്ദുവാക്കിയാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ എല്ലാം. 2019-ല്‍ ഒരൊറ്റ സീറ്റില്‍ ഒതുങ്ങിയ സിപിഎമ്മിനെ ഭേദപ്പെട്ട നിലയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ തന്നെ എംവി ഗോവിന്ദന്റെ വിജയമായി അത് വിലയിരുത്തപ്പെടും.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎം ഇത്തവണ വലിയ ജാഗ്രത പാലിച്ചിട്ടുണ്ട്. ജയത്തിനപ്പുറം മറ്റൊന്നും പാര്‍ട്ടി ലക്ഷ്യമിടുന്നില്ല. മുന്‍ മന്ത്രിമാരായ തോമസ് ഐസക്കിനേയും കെകെ ശൈലജയേയും രംഗത്തിറക്കിയത് ഗുണകരമായി എന്ന വിലയിരുത്തലിലാണ് ഇടത് മുന്നണി. സര്‍ക്കാരിലെ ജനകീയ മുഖങ്ങളില്‍ പ്രധാനിയായ മന്ത്രി കെ രാധാകൃഷ്ണന്‍ മത്സര രംഗത്തുള്ളതും സിപിഎമ്മിന്റെ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

കന്നിയങ്കത്തിന് ഗോവിന്ദനും ബിനോയിയും; 'ഒ സി' ഇല്ലാത്ത തിരഞ്ഞെടുപ്പ്, സുധാകരനും സതീശനും നിര്‍ണായകം
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ; വൈവിധ്യങ്ങളുടെ മഹത്തായ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഗാഥ

കന്നി അങ്കത്തിനിറങ്ങുന്ന ബിനോയ് വിശ്വം

സിപിഐയില്‍, സംസ്ഥാന സെക്രട്ടറിയായതിന് ശേഷം ബിനോയ് വിശ്വം നയിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ്. കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ പത്തിനാണ് ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കുന്നത്. പിന്നീട് ചേര്‍ന്ന പാര്‍ട്ടിയുടെ നേതൃയോഗങ്ങള്‍ ബിനോയ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരട്ടേയെന്ന് തീരുമാനിക്കുകയായിരുന്നു. ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള കാനം രാജേന്ദ്രന്റെ കത്തും അതിനെതിരെ കെഇ ഇസ്മായില്‍ പക്ഷം രംഗത്തെത്തിയതും വിവാദമായിരുന്നു.

വിമര്‍ശകര്‍ നിരവധിയുള്ളതിനാല്‍ തന്നെ, ബിനോയ് വിശ്വത്തിന് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ നിന്ന് ഇത്തവണ കരകയറണമെങ്കില്‍ സിപിഐയ്ക്ക് മരിച്ചു പണിയെടുക്കേണ്ട സാഹചര്യമാണ്. 2014-ല്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയ പാര്‍ട്ടി, 2019-ല്‍ സംപൂജ്യരായതിന്റെ ക്ഷീണം ഇത്തവണ തീര്‍ക്കണം എന്ന വാശിയിലാണ്. സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളില്‍ മൂന്നിലും (തൃശൂര്‍, വയനാട്, തിരുവനന്തപുരം) ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പോരാട്ടമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ, സിപിഎമ്മിനെപ്പോലെ സിപിഐയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.

സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളില്‍ രണ്ടു സീറ്റിലെങ്കിലും ജയിച്ചില്ലെങ്കില്‍, കാനം അടിച്ചൊതുക്കിയ എതിര്‍പക്ഷം പല്ലും നഖവും ഉപയോഗിച്ച് തനിക്കെതിരെ തിരിയുമെന്ന് ബിനോയ് വിശ്വത്തിന് ബോധ്യമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎമ്മിനെ മാത്രം ആശ്രയിച്ചുള്ള രീതി മാറ്റാന്‍ ഇത്തവണ സിപിഐ തീരുമാനിച്ചിട്ടുണ്ട്. സ്വന്തം നിലയില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നീക്കം ബിനോയ് വിശ്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.

ബിനോയ് വിശ്വം
ബിനോയ് വിശ്വം

കോടിയേരിയുടെയും കാനത്തിന്റെയും അഭാവം നിഴലിക്കുന്ന ഇടത് മുന്നണി

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 'മിസ്' ചെയ്യുന്ന പ്രധാന നേതാക്കള്‍ ഇരു പാര്‍ട്ടികളുടേയും മുന്‍ സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണനേയും കാനം രാജേന്ദ്രനേയുമാണ്. ഇരുവരും പാര്‍ട്ടികളെ നയിച്ച സമയത്ത് മുന്‍കാലത്ത് ഇല്ലാതിരുന്ന വിധം ഐക്യം ഇടതുമുന്നണിയില്‍ രൂപപ്പെട്ടിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ എന്നും സിപിഎമ്മിന് തലവേദനയായിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍
കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍

എന്നാല്‍, കാനം-കോടിയേരി കാലത്തില്‍ വാക്‌പോരുകള്‍ കുറവായിരുന്നു. സര്‍ക്കാരിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന ശൈലിയിലേക്ക് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കാനം രാജേന്ദ്രന്റെ നിലപാട് മാറുകകൂടി ചെയ്തതോടെ, ഇടതുമുന്നണിയില്‍ പൊട്ടിത്തെറികള്‍ വിരളമായി. ബിനോയ് വിശ്വവും എംവി ഗോവിന്ദനും തമ്മിലുള്ള കെമിസ്ട്രി എത്രത്തോളമാണെന്ന് കാത്തിരുന്നു കാണേണ്ടതാണ്. അതുപോലെ, ബിനോയ് വിശ്വവും പിണറായി വിജയനും തമ്മിലുള്ള ബന്ധവും കൂടുതല്‍ ദൃഢമാകേണ്ടതുണ്ടെന്നും ഇടത് ക്യാമ്പുകളില്‍ ചര്‍ച്ചയുണ്ട്.

കന്നിയങ്കത്തിന് ഗോവിന്ദനും ബിനോയിയും; 'ഒ സി' ഇല്ലാത്ത തിരഞ്ഞെടുപ്പ്, സുധാകരനും സതീശനും നിര്‍ണായകം
വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം

കെ സുധാകരന് നെഞ്ചിടിപ്പേറും

മറുവശത്ത്, കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഈ തിരഞ്ഞെടുപ്പ് വലിയ കടമ്പയാണ്. 2021 ജൂണിലാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു കെ സുധാകരന്റെ കടന്നുവരവ്. സെമി കേഡര്‍ പാര്‍ട്ടി ആശയം സുധാകരന്‍ മുന്നോട്ടുവച്ചു. എന്നാല്‍, പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങളായി മാത്രം നിലകൊണ്ടു. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള അധികാര വടംവലിയും അടിക്കടിയുണ്ടാകുന്ന വിവാദ പരാമര്‍ശങ്ങളും കെ സുധാകരന് തിരിച്ചടിയായിട്ടുണ്ട്. പിണറായി വിജയനോട് ഏറ്റുമുട്ടാന്‍ കണ്ണൂരില്‍ നിന്നുള്ള കരുത്തനായ നേതാവ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ആദ്യസമയത്ത് സുധാകരന് കഴിഞ്ഞെങ്കിലും പിന്നീടത് നിലനിര്‍ത്താനായില്ല.

കന്നിയങ്കത്തിന് ഗോവിന്ദനും ബിനോയിയും; 'ഒ സി' ഇല്ലാത്ത തിരഞ്ഞെടുപ്പ്, സുധാകരനും സതീശനും നിര്‍ണായകം
കണ്ണൂര്‍: ചെങ്കൊടി ഉറയ്ക്കാത്ത ചെമ്മണ്ണ്‌

2019-ല്‍ 20-ല്‍ പത്തൊന്‍പത് സീറ്റും നേടിയാണ് യുഡിഎഫ് വന്‍ വിജയം നേടിയത്. ആ ഗ്രാഫ് നിലനിര്‍ത്തുക എന്നുള്ളതാണ് കെ സുധാകരന് മുന്നിലുള്ള വലിയ കടമ്പ. തിരിച്ചടി നേരിട്ടാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവരും. തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളില്‍ കെ സുധാകരന്‍ സജീവമായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പുകളുടെ ക്രെഡിറ്റ് വിഡി സതീശനിലേക്ക് പോയി.

കെ സുധാകരന്‍
കെ സുധാകരന്‍

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും സുധാകരന്റെ മുന്നിലുള്ള പ്രധാന വിഷയമാണ്. കെ സുധാകരന് ആര്‍എസ്എസ് ചായ്‌വുണ്ടെന്ന സിപിഎം പ്രചാരണം ശക്തമാണ്. സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ടു പോയത്. പരാതികള്‍ കേള്‍ക്കാന്‍ പോലും സംസ്ഥാന നേതൃത്വം തയാറാകുന്നില്ല എന്നായിരുന്നു വിമര്‍ശനം.

വിഡി സതീശന് നിര്‍ണായകം

പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ തിരഞ്ഞെടുപ്പ 'ഡൂ ഓര്‍ ഡൈ' ഗെയിമാണ്. 2021 നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്നാണ് രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഡി സതീശന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനമുണ്ട്. രമേശ് ചെന്നിത്തലയുമായി തട്ടിച്ചുനോക്കുമ്പോള്‍ വിഡി സതീശന്റെ ഗ്രാഫ് താഴേക്കാണ് എന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍, ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് സതീശന്‍ ഗ്രാഫ് ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

കന്നിയങ്കത്തിന് ഗോവിന്ദനും ബിനോയിയും; 'ഒ സി' ഇല്ലാത്ത തിരഞ്ഞെടുപ്പ്, സുധാകരനും സതീശനും നിര്‍ണായകം
ഇടത്തും വലത്തും കേരളാ കോണ്‍ഗ്രസ്; കോട്ടയം എങ്ങോട്ടേക്ക്?

രമേശ് ചെന്നിത്തലയകാട്ടെ, സമാന്തരമായി പ്രതിപക്ഷ നേതാവ് ഇമേജ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. സര്‍ക്കാരിന് എതിരെ നിരന്തരം വിമര്‍ശനങ്ങളുമായി ചെന്നിത്തല ഇപ്പോഴും രംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് എതിരായ മാസപ്പടി ആരോപണം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി മാത്യു കുഴല്‍നാടനും കളം പിടിച്ചു. ഈ ആരോപണങ്ങള്‍ ഏറ്റുപിടിച്ചതല്ലാതെ, സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്താനോ സമരങ്ങള്‍ സംഘടിപ്പിക്കാനോ വിഡി സതീശന് സാധിച്ചിട്ടില്ല.

വിഡി സതീശന്‍
വിഡി സതീശന്‍

ശമ്പള പ്രതിസന്ധി, സാമ്പത്തിക ഞെരുക്കം, അവശ്യ സാധനങ്ങളുടെ ലഭ്യതയില്ലായ്മ തുടങ്ങി ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങള്‍ നിലനില്‍ക്കുമ്പോഴും പ്രതിപക്ഷത്തിന് ഇത്തരം വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ സാധിക്കുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടുന്നത് യുവനേതാക്കളാണ്. സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ എന്നതിലപ്പുറം, ഈ നേതാക്കളുടെ ഗ്രാഫിനുള്ള മാര്‍ക്കിടല്‍ കൂടിയാകും ഈ തിരഞ്ഞെടുപ്പ്.

കന്നിയങ്കത്തിന് ഗോവിന്ദനും ബിനോയിയും; 'ഒ സി' ഇല്ലാത്ത തിരഞ്ഞെടുപ്പ്, സുധാകരനും സതീശനും നിര്‍ണായകം
'ചെങ്കൊടിയും പിടിച്ചിറങ്ങിയ ജിന്ന്!', ലീഗിന്റെ ഉറക്കം കെടുത്തുന്ന 2004; അടിവേരറുക്കാൻ കഴിയുമോ വസീഫിന്?
ഉമ്മന്‍ചാണ്ടി
ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്

കോണ്‍ഗ്രസിലെ വന്‍മരമായിരുന്ന ഉമ്മന്‍ചാണ്ടി ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ്. 2023 ജൂലൈ 18-നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചത്. അദ്ദേഹത്തോടുള്ള ജനങ്ങളുടെ സ്‌നേഹം രണ്ടു പകലും ഒരു രാത്രിയും നീണ്ടുനിന്ന വിലാപയാത്രയില്‍ കേരളം കണ്ടു. സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ച് ഒരു നേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ, വികാരസാന്ദ്രമായ യാത്രയയപ്പ്. തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയ അതികായന്റെ സാന്നിധ്യം എന്നും യുഡിഎഫിന് കരുത്തായിരുന്നു. മുന്നണി സമവാക്യങ്ങള്‍ നിലനിര്‍ത്തുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിലും അനുഭവ പാഠവമുള്ള ഉമ്മന്‍ചാണ്ടിയുള്ള അഭാവം കോണ്‍ഗ്രസ് ക്യാമ്പില്‍ നിഴലിച്ചുനില്‍ക്കും.

logo
The Fourth
www.thefourthnews.in