തൃശൂര്‍ എടുക്കുമോ സുരേഷ്‌ ഗോപി; എന്താകും സെലിബ്രിറ്റി മണ്ഡലത്തിന്റെ തലവര?

തൃശൂര്‍ എടുക്കുമോ സുരേഷ്‌ ഗോപി; എന്താകും സെലിബ്രിറ്റി മണ്ഡലത്തിന്റെ തലവര?

പ്രാദേശിക തലത്തിൽ ശക്തമായ അടിയത്തറയുള്ള രണ്ട് സ്ഥാനാര്‍ഥികള്‍ക്കിടയിലേക്കാണ് ഒരു സെലിബ്രിറ്റി സ്ഥാനാർഥിയായി സുരേഷ്ഗോപി എത്തുന്നത്

തൃശൂർ പിടിക്കലാണ് ഇത്തവണ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. എന്തുവിലകൊടുത്തും ഒരു സീറ്റുറപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരു ഒളിയും മറയുമില്ലാതെ ബിജെപി പറയുന്നുണ്ട്. ജനുവരിയിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂര് വന്നത് ദേശീയ മാധ്യമങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നു എന്നിടത്ത്, ബിജെപി ദേശീയ നേതൃത്വംതന്നെ ഈ മണ്ഡലത്തെ എത്ര പ്രാധാന്യത്തോടെയാണ് കാണുന്നതെന്നാണ് മനസിലാക്കേണ്ടത്. എന്നാൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞ് മൂന്നാം തവണയും അപാരമായ ആത്മവിശ്വാസത്തോടെ ബിജെപി നേതാവും സിനിമാ നടനുമായ സുരേഷ് ഗോപി തിരഞ്ഞെടുപ്പിനിറങ്ങുകയാണ്. തൃശൂർ താനെടുക്കുമെന്ന ആത്മവിശ്വാസം രണ്ടു തവണ പരാജയം നേരിട്ടിട്ടും സുരേഷ് ഗോപി പൊടിതട്ടിയെടുത്തതാണ്. ആ സകലമാന പ്രതീക്ഷകളും എവിടെച്ചെന്ന് നിൽക്കുമെന്നാണ് കാണേണ്ടത്.

തൃശൂര്‍ എടുക്കുമോ സുരേഷ്‌ ഗോപി; എന്താകും സെലിബ്രിറ്റി മണ്ഡലത്തിന്റെ തലവര?
എളമരം കരീം, കെ കെ ശൈലജ, തോമസ് ഐസക്, കെ രാധാകൃഷ്ണന്‍; പ്രമുഖരെ ഉള്‍പ്പെടുത്തി സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക

തൃശൂരിൽ സിപിഐയുടെ സ്ഥാനാർഥി വിഎസ് സുനിൽ കുമാറാണെന്ന വിവരവും പുറത്തുവന്നതോടെ മത്സരചിത്രം ഏകദേശം വ്യക്തമാണ്. യുഡിഎഫിൽനിന്ന് ടി എൻ പ്രതാപൻ തന്നെയായിരിക്കുമെന്നാണ് കരുതുന്നത്. ഒരു വശത്ത് പ്രതാപനും മറുവശത്ത് സുനില്‍കുമാറുമുണ്ട്. ഇവർ രണ്ടുപേരും പ്രാദേശിക തലത്തിൽ ശക്തമായ അടിയത്തറയുള്ളവരാണ്. അങ്ങോട്ടാണ് സെലിബ്രിറ്റി സ്ഥാനാർഥിയായി സുരേഷ്ഗോപിയെത്തുന്നത്. എന്താകും തൃശൂരിന്റെ തലവരയെന്ന് ഒറ്റയടിക്ക് പറഞ്ഞവസാനിപ്പിക്കാനാവില്ല. അത് പലതലത്തിൽ ചർച്ചചെയ്യേണ്ടതുണ്ട്.

എന്താണ് തൃശൂർ മണ്ഡലത്തിന്റെ രാഷ്ട്രീയസ്ഥിതി?

തൃശൂർ നിലവിലെ അവസ്ഥയിൽ ഇടതുപക്ഷവും യുഡിഎഫും ഇഞ്ചോടിഞ്ച് നിൽക്കുന്ന മണ്ഡലമാണ്. 1999 മുതൽ 2019 വരെയുള്ള തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ഓരോതവണയും യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിക്കുന്നത് കാണാൻ സാധിക്കും. എ സി ജോസിൽ നിന്നും പിന്നീട് സി കെ ചന്ദ്രപ്പൻ, പി സി ചാക്കോ, സി എൻ ജയദേവൻ, ഒടുവിൽ ടി എൻ പ്രതാപനില്‍ എത്തിനില്‍ക്കുകയാണ്. ഒരിക്കൽ യുഡിഎഫ് പിന്നെ എൽഡിഎഫ് അത് 20 വർഷം അങ്ങനെ തുടർന്നു.

ഏറ്റവും ഒടുവിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്ന 2019ൽ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ടിഎൻ പ്രതാപൻ ജയിച്ചത്. പ്രതാപന് ഒരു ലക്ഷത്തിഇരുപതിനായിരത്തില്‍പ്പരം വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു അന്നത്തെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുമായി. വ്യക്തമായ വോട്ട് വ്യത്യാസത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തുതന്നെ ഒതുങ്ങി. രണ്ടാം സ്ഥാനത്തുള്ള സിപിഐ സ്ഥാനാർഥി രാജാജി മാത്യു തോമസുമായി 28000ത്തിനകത്ത് വോട്ടിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത് എന്നത് ഒരുഭാഗത്തുണ്ട്. 2014 ബിജെപി നേതാവ് കെ പി ശ്രീശൻ മത്സരിച്ച സമയത്ത് കിട്ടിയതിനേക്കാൾ രണ്ടു ലക്ഷത്തിനടുത്ത് വോട്ട് സുരേഷ് ഗോപിക്ക് കൂടുതൽ നേടാൻ സാധിച്ചുവെന്നത് നേട്ടമായി നിലനിൽക്കുമ്പോൾതന്നെ ടിഎൻ പ്രതാപനുമായി ലക്ഷത്തിലധികം വോട്ടിന്റെ ദൂരമുണ്ട് എന്ന വസ്തുതയുമുണ്ട്. സുരേഷ്‌ഗോപിക്ക് ഒരു അട്ടിമറി സാധ്യമാകുമോയെന്നതാണ് ചോദ്യം.

സുരേഷ് ഗോപിക്കുവേണ്ടി മാത്രം സമയം മാറ്റിവച്ച് നിരന്തരം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വരുന്നതും കേരളത്തിലെ ഭാരത് അരിയുടെ വിതരണം തൃശൂരിൽനിന്ന് ആരംഭിച്ചതും വോട്ടായി മാറുമോ എന്നതാണ് കാണേണ്ടത്. സമീപകാലത്ത് ബിജെപി സംഘടിപ്പിക്കുന്ന പരിപാടികളിലൂടെ അവർതന്നെ ബോധിപ്പിക്കാൻ ശ്രമിക്കുന്നത്, സുരേഷ് ഗോപി പാർട്ടിക്കും മുകളിലാണെന്നാണ്. മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് സുരേഷ്‌ ഗോപിക്ക് സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കാൻ സാധിക്കുന്നുവെന്നത് സുരേഷ് ഗോപിക്ക് മാത്രം ബിജെപിയിലുള്ള പ്രത്യേക സൗകര്യങ്ങളുടെ ഭാഗമാണ്. സംസ്ഥാന ചുമതലകളൊന്നുമില്ലാത്ത സുരേഷ് ഗോപി കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പദയാത്ര നടത്തുന്നതും സംസ്ഥാന അധ്യക്ഷൻ സുരേഷ്‌ഗോപിയുടെ ഒരു ഭാഗത്തുനിൽക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നതും അത് സുരേഷ് ഗോപിയായതുകൊണ്ട് മാത്രമാണ്.

തൃശൂര്‍ എടുക്കുമോ സുരേഷ്‌ ഗോപി; എന്താകും സെലിബ്രിറ്റി മണ്ഡലത്തിന്റെ തലവര?
ലോക്സഭയിലേക്ക് അഞ്ചാം അങ്കം, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി

തൃശൂരിലെ നിയമസഭാ മണ്ഡലങ്ങൾ

തൃശൂരിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും ഭരിക്കുന്നത് ഇടതുപക്ഷമാണ്. കോൺഗ്രസിനോ ബിജെപിക്കോ അവകാശപ്പെടാൻ ഒരു മണ്ഡലം പോലുമില്ലെന്നു മാത്രമല്ല പല മണ്ഡലങ്ങളിലും എൽഡിഎഫിന് ലഭിച്ച വോട്ട് ബിജെപിക്ക് കിട്ടിയതിന്റെ ഇരട്ടിയോളമാണ്. എന്നാൽ ഈ കാരണങ്ങൾ കൊണ്ട് തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാനും സാധിക്കില്ല. 2019ലേതിന് സമാനമായ സാഹചര്യമല്ല ഇപ്പോഴുള്ളത്. കോൺഗ്രസിനും 'ഇന്ത്യ' സഖ്യത്തിനും ആളുകളുടെ വിശ്വാസ്യത കാര്യമായി നേടിയെടുക്കാൻ സാധിച്ചിട്ടില്ലെന്ന വിമര്‍ശനമുണ്ട്. കേരളത്തിൽ സാധാരണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംഭവിക്കുന്നതുപോലെ നിയമസഭയിൽ വോട്ട് ചെയ്യുന്നതിന് നേരെ വിപരീതമായി ആളുകൾ ഇത്തവണയും വോട്ട് ചെയ്യുമെന്ന് വിലയിരുത്താൻ സാധിക്കില്ല. അതുകൊണ്ടുതന്നെ നിയമസഭാ മണ്ഡലങ്ങളിലെ അവസ്ഥയും പരിഗണിക്കേണ്ടതുണ്ട്.

ഗുരുവായൂർ മണ്ഡലമെടുത്താൽ, മത്സരം സി പി എമ്മും മുസ്ലിം ലീഗും തമ്മിലായിരുന്നു. ഇടതുപക്ഷത്തുനിന്ന് എൻ കെ അക്ബറും മുസ്ലിം ലീഗിന്റെ കെ എൻ എ ഖാദറും തമ്മിലായിരുന്നു 2021ലെ പ്രധാന മത്സരം. നരേന്ദ്രമോദി കഴിഞ്ഞ മാസം സന്ദർശനം നടത്തിയ ഗുരുവായൂരിൽ ബി ജെ പിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഇല്ലായിരുന്നു. കഴിഞ്ഞ തവണ ബി ജെ പിയുടെ സംസ്ഥാന നേതാവ് എഎൻ രാധാകൃഷ്‌ണൻ മത്സരിച്ച മണലൂരിൽ സി പി എമ്മിൻ്റെ മുരളി പെരുന്നെല്ലിക്കും കോൺഗ്രസിന്റെ വിജയ് ഹരിക്കും ശേഷം മൂന്നാം സ്ഥാനത്തായിരുന്നു രാധാകൃഷ്ണൻ.

മന്ത്രി കെ രാജൻ വിജയിച്ച ഒല്ലൂരാണ് അടുത്ത മണ്ഡലം. കോൺഗ്രസിന്റെ എംപി വിൻസെന്റിനും താഴെ വളരെകുറഞ്ഞ വോട്ടുകളാണ് എൻഡിഎക്കു വേണ്ടി മത്സരിച്ച ബി ഡി ജെ എസ് സ്ഥാനാർഥി പി കെ സന്തോഷിനു ലഭിച്ചത്.

അടുത്ത മണ്ഡലം നാട്ടികയാണ് സിപിഐ സ്ഥാനാർഥി സി സി മുകുന്ദനാണ് ഇവിടെ വിജയിച്ചത്.

ഇരിങ്ങാലക്കുടയിൽ സി പി എമ്മിൽനിന്ന് മന്ത്രി ആർ ബിന്ദുവാണ് ജയിച്ചത്. തൊട്ടുപിന്നിൽ തന്നെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ. അവിടെനിന്നു കാതങ്ങൾ പിറകിലാണ് ബി ജെ പി സ്ഥാനാർഥി ജേക്കബ് തോമസ്. ആർ ബിന്ദുവിന് ബി ജെ പി സ്ഥാനാർഥിയsക്കാൾ ഏകദേശം ഇരട്ടിയോളം വോട്ടുകളുമുണ്ട്. ഇനി ബാക്കിയുള്ള മണ്ഡലം പുതുക്കടാണ്. സി പി എമ്മിന്റെ കെ കെ രാമചന്ദ്രനാണ് കഴിഞ്ഞ തവണ വിജയിച്ചത്. കോൺഗ്രസിന്റെ സുനിൽ അന്തിക്കാടിനും പിറകിൽ മുപ്പത്തിനാലായിരത്തില്പരം വോട്ടുകൾ മാത്രം നേടി ബി ജെ പി സ്ഥാനാർഥി എ നാഗേഷും.

തൃശൂരിൽ പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തിയാണ് സി പി ഐയിലെ പി ബാലചന്ദ്രന്‍ വിജയിച്ചത്. 946 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സി പി ഐയിലെ ബാലചന്ദ്രനുണ്ടായിരുന്നത്. ബി ജെ പിയിലെ സുരേഷ് ഗോപിയ്ക്ക് 40,000 ത്തില്‍ പരം വോട്ടുകള്‍ ലഭിച്ചപ്പോള്‍ പി ബാലചന്ദ്രന് 44, 263 വോട്ടും പത്മജാ വേണുഗോപാലിന് 43,317 വോട്ടുമായിരുന്നു ലഭിച്ചത്.

ഈ കണക്കുകൾ പരിശോധിക്കുമ്പോൾ ഇടതുപക്ഷത്തിന് മുൻതൂക്കം ലഭിക്കുന്നുണ്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷമുയർത്തുന്ന ആരോപണങ്ങളും ചർച്ചയാകുമോ എന്നതാണ് ചോദ്യം. തൃശൂർ കോർപറേഷന്റെ അവസ്ഥ പരിശോധിച്ചാൽ ഇടതുപക്ഷവും കോൺഗ്രസും ബിജെപിയും ഒന്നിനൊന്ന് ശക്തരായി നിൽക്കുന്നതായി കാണാം. ഒരുവേള ബിജെപി ഭരണം പിടിക്കുമെന്നുപോലും 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കരുതിയെങ്കിലും അത് സംഭവിച്ചില്ലെ ന്നു മാത്രമല്ല തൃശൂർ കോർപറേഷൻ പിടിക്കാൻ മേയർ സ്ഥാനാർഥിയായി ബിജെപി അവതരിപ്പിച്ച ബി ഗോപാലകൃഷ്ണനെ സിറ്റിങ് സീറ്റിൽ തന്നെ തോൽപ്പിച്ച ചരിത്രം കൂടിയുണ്ട് തൃശൂരിന്.

തൃശൂര്‍ എടുക്കുമോ സുരേഷ്‌ ഗോപി; എന്താകും സെലിബ്രിറ്റി മണ്ഡലത്തിന്റെ തലവര?
പ്രിയങ്ക ഇടപെട്ടു, യുപി 'ഇന്ത്യ'യില്‍ ധാരണ; കോണ്‍ഗ്രസ് 17 സീറ്റില്‍, എസ്പി 63

ഇതിനെല്ലാമിടയിൽ ഒരു പദയാത്രയും പൊതുയോഗവും രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയ മകളുടെ വിവാഹവും മതിയാകുമോ സുരേഷ് ഗോപിക്ക് വിജയിക്കാൻ? മറ്റ് സംഘടനകൾ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ കളം പിടിക്കാനും ഓളമുണ്ടാക്കാനും സുരേഷ് ഗോപിക്ക് സാധിച്ചുവെന്നതിൽ സംശയമില്ല. ആ ഓളം മറ്റെല്ലാ കണക്കുകളെയും നിഷ്പ്രഭമാക്കുന്ന തരത്തിൽ മാറുമോയെന്നത് കണ്ടറിയേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in