ഒരു പൊട്ടിച്ചിരിയായിരുന്നു ഫ്രാന്‍സിസ്

ഒരു പൊട്ടിച്ചിരിയായിരുന്നു ഫ്രാന്‍സിസ്

എവിടെയും കടന്നുചെന്ന് ആരുമായും നിമിഷങ്ങള്‍ക്കകം സൗഹൃദം സ്ഥാപിക്കുന്നതിനുള്ള ഫ്രാന്‍സിസിന്റെ കഴിവ് അപാരമായിരുന്നു

മികച്ച ലേഖകനും പത്രാധിപരും സംഘാടകനും മാത്രമല്ല, സൗഹൃദങ്ങളുടെയും പബ്ലിക് റിലേഷന്റെയും തമ്പുരാനുമായിരുന്നു കെഎ ഫ്രാന്‍സിസ്. എവിടെയും കടന്നുചെന്ന് ആരുമായും നിമിഷങ്ങള്‍ക്കകം സൗഹൃദം സ്ഥാപിക്കുന്നതിനുള്ള ഫ്രാന്‍സിസിന്റെ കഴിവ് അപാരമായിരുന്നു. ആ പേര് ആദ്യമായി മനസ്സില്‍ നിറഞ്ഞത് മലയാള മനോരമയില്‍ വന്ന ഒരു പരമ്പര വായിച്ചപ്പോഴാണ്. ഭാഗ്യക്കുറി നേടിയവര്‍ ആ പണം കൊണ്ട് എന്തുചെയ്തു, അവരിപ്പോള്‍ എങ്ങനെ ജീവിക്കുന്നു എന്ന ഒരു പരമ്പര. എണ്‍പതുകളുടെ ആദ്യമാണെന്നു തോന്നുന്നു ഫ്രാന്‍സിസ് ആ പരമ്പരയെഴുതിയത്. ലോട്ടറിയടിച്ചവര്‍ എല്ലാം ധൂര്‍ത്തടിച്ചും അതല്ലെങ്കില്‍ പലവിധേന പണം നഷ്ടപ്പെട്ടും പാപ്പരായതിന്റെ കഥകള്‍... പരമ്പരകളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍, ലോട്ടറിയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ പത്രക്കാർക്കിടയില്‍ ഇപ്പോഴും ആ ഫ്രാന്‍സിസ് പരമ്പര ഓര്‍മയായെത്തും.

ഒരു പൊട്ടിച്ചിരിയായിരുന്നു ഫ്രാന്‍സിസ്
സിപിഎമ്മിനും സിഎംപിയ്ക്കുമപ്പുറം, എം വി ആറിൻ്റെ ഒറ്റയാൻ രാഷ്ട്രീയം

കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് യൂനിവേഴ്സല്‍ ആര്‍ട്സിന്റെ അഖില കേരള ബാലചിത്രരചനാ മത്സരവേദിയിലാണ് ആദ്യമായി കാണുന്നത്. സഹോദരിയുടെ മകനായ അജിത് മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ഫ്രാന്‍സിസിന്റെ അനുജന്‍ ബാബു കാരാത്ര കോഴിക്കോട്ടെ ഏറ്റവും തിരക്കുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായിരുന്നു. കാരാത്ര ആന്റണി മാഷുടെ യൂനിവേഴ്സല്‍ ആര്‍ട്സ് ബാലചിത്രരചനാ മത്സരത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള സ്ഥാപനമാണ്. ബാബുവാണ് ജ്യേഷ്ഠനെ പരിചയപ്പെടുത്തുന്നത്. പ്രസ്‌ക്ലബ്ബ് കുടുംബമേളകളിലൂടെ ആ സൗഹൃദം വളര്‍ന്നു.

ഫ്രാന്‍സിസ് കണ്ണൂരില്‍ മലയാള മനോരമയുടെ ന്യൂസ് എഡിറ്ററായി എത്തിയത് തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലാണെന്നാണ് ഓര്‍മ. അതൊരു വരവുതന്നെയായിരുന്നു. മലയാള മനോരമയ്ക്കും മകാര പ്രസിദ്ധീകരണങ്ങള്‍ക്കുമെതിരെ ഡിവൈഎഫ്‌ഐയും മറ്റും ബഹിഷ്‌കരണാഹ്വാനത്തോടെയുള്ള പ്രചാരണം നടത്തുന്ന കാലമാണ്. മറ്റ് മിക്ക ജില്ലകളിലും മനോരമയാണ് സര്‍ക്കുലേഷനില്‍ ഒന്നാം സ്ഥാനത്തെങ്കിലും കണ്ണൂരില്‍ പുറകിലാണ്. മാതൃഭൂമിയാണ് ഒന്നാം സ്ഥാനത്ത്. മനോരമവിരുദ്ധ പ്രചാരണം മാതൃഭൂമിയ്ക്കാണ് നേട്ടമായത്. പാര്‍ട്ടി ഗ്രാമങ്ങളെന്ന് വിശേഷിപ്പിക്കുന്ന സിപിഎം ഭൂരിപക്ഷപ്രദേശങ്ങളില്‍ മനോരമയുടെ സാന്നിധ്യമേയില്ല. ഫ്രാന്‍സിസിന്റെ വരവോടെ അതിന് ഇളക്കം തട്ടാന്‍ തുടങ്ങി.

ഒരു പൊട്ടിച്ചിരിയായിരുന്നു ഫ്രാന്‍സിസ്
ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'! കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന പത്രപ്രവര്‍ത്തകന്‍

പാര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മനോരമ ന്യൂസ് എഡിറ്റര്‍ കാലേക്കൂട്ടി ഹാജരാകുന്നു. പാര്‍ട്ടി ഓഫീസുകളുടെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ അവസരമുണ്ടാക്കി കടന്നുചെല്ലുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇടയ്ക്കിടെയെത്തി സൗഹൃദം പ്രകടിപ്പിക്കുന്നു. തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച്... പാര്‍ട്ടി വാര്‍ത്തകളുടെ കാര്യത്തില്‍ ദേശാഭിമാനിയുമായി മത്സരിക്കുന്നു... ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണ് ഫ്രാന്‍സിസ് സൃഷ്ടിച്ചത്.

ഒരു പത്രാധിപര്‍ ഇങ്ങനെ നിറഞ്ഞുനില്‍ക്കുന്നത് അപൂര്‍വാനുഭവമായിരുന്നു. മറ്റ് പത്രങ്ങളുടെ ഓഫീസുകളില്‍, പ്രത്യേകിച്ച് ദേശാഭിമാനിയില്‍ ഇടയ്ക്കിടെ എത്തി തമാശകള്‍ പൊട്ടിക്കും. കണ്ണൂരിലെ പത്ര-രാഷ്ട്രീയ മേഖലകളില്‍ സൗഹൃദത്തിന്റെ മധുരോദാരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഫ്രാന്‍സിസ് ശ്രമിച്ചിരുന്നു

പാര്‍ട്ടിയുമായി ബന്ധപ്പെട്ട സാംസ്‌കാരിക സംഘടനകളുടെ പരിപാടിയില്‍ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടായാല്‍പ്പോലും പ്രാസംഗകരുടെ കൂട്ടത്തില്‍ സ്ഥാനംപിടിക്കാന്‍ തുടങ്ങി. ചിത്രകാരനും ചിത്രകലാസംഘാടകനും എന്ന നിലയില്‍ ജില്ലയിലെ സാംസ്‌കാരികരംഗത്ത് സക്രിയം. ഒരു പത്രാധിപര്‍ ഇങ്ങനെ നിറഞ്ഞുനില്‍ക്കുന്നത് അപൂര്‍വാനുഭവമായിരുന്നു. മറ്റ് പത്രങ്ങളുടെ ഓഫീസുകളില്‍, പ്രത്യേകിച്ച് ദേശാഭിമാനിയില്‍ ഇടയ്ക്കിടെ എത്തി തമാശകള്‍ പൊട്ടിക്കും. കണ്ണൂരിലെ പത്ര-രാഷ്ട്രീയ മേഖലകളില്‍ സൗഹൃദത്തിന്റെ മധുരോദാരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഫ്രാന്‍സിസ് ശ്രമിച്ചിരുന്നു.

ഒരു പൊട്ടിച്ചിരിയായിരുന്നു ഫ്രാന്‍സിസ്
വിഎസിനൊപ്പം ഒരു വിവാദകാലത്ത്

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ടഭ്യര്‍ഥിച്ച് ഞങ്ങള്‍- ഞാന്‍, പിപി ശശീന്ദ്രന്‍, ഇഎം അഷറഫ്, ബാബുഗോപിനാഥ് എന്നിവര്‍ കക്കാട് പാലക്കാട് സ്വാമിമഠത്തിന് സമീപമുള്ള ഫ്രാന്‍സിസിന്റെ വാടകവീട്ടില്‍ പോയപ്പോള്‍ രസകരമായ ഒരനുഭവമുണ്ടായി. ചായയാണോ വേണ്ടത്, സര്‍ബത്തോ എന്ന് ഫ്രാന്‍സിസിന്റെ ഭാര്യ ചോദിച്ചു. സര്‍ബത്ത് മതിയെന്നായി ഞങ്ങള്‍. വലിയ ഗ്ലാസില്‍ സര്‍ബത്തുമായി അവര്‍ എത്തി. വല്ലാത്ത ചവര്‍പ്പ്! പിന്നെ ഫ്രാന്‍സിസിന്റെ പൊട്ടിച്ചിരിയാണ് മുഴങ്ങിയത്...

കണ്ണൂരില്‍ എന്‍ജിഒ യൂണിയന്റെ സംസ്ഥാന സമ്മേളനം നടക്കുന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസംഗിക്കുന്നത് കെ മോഹനനും ഫ്രാന്‍സിസും. ഫ്രാന്‍സിസ് പ്രസംഗിക്കുമ്പോള്‍ ദേശാഭിമാനി ബ്യൂറോ ചീഫായ എന്റെ പേരെടുത്തുപറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ഞങ്ങളെയൊക്കെ വല്ലാതെ ചീത്തപറയുകയാണ് ബാലകൃഷ്ണന്‍. ഇങ്ങനെയൊക്കെ പാര്‍ട്ടിക്കുവേണ്ടി ചെയ്യുന്ന ബാലകൃഷ്ണന് നല്ലൊരു വീടില്ലെന്നാണ് എന്റെ അറിവ്. അയാള്‍ക്ക് നിങ്ങള്‍ ഒരു വീടെടുത്തു കൊടുക്കണം എന്നൊക്കെ യാതൊരു ലൈസന്‍സുമില്ലാത്ത പ്രസംഗം. യോഗസ്ഥലത്തുനിന്ന് മുങ്ങേണ്ട അവസ്ഥയാണ് എനിക്കുണ്ടായത്. മൂപ്പരുടെ ശൈലി അതാണ്, യോഗത്തില്‍ പങ്കെടുത്തവര്‍ക്കാര്‍ക്കും വിരോധമൊന്നും തോന്നിക്കാതെതന്നെ കടുത്ത പരിഹാസമുണ്ടാക്കുക. ദേശാഭിമാനിയിലെ ന്യായീകരണവും ആക്രമണവും നിര്‍മിതിയാണെന്ന ആക്ഷേപമാണ് വാസ്തവത്തില്‍ ഫ്രാന്‍സിസ് ഉന്നയിക്കുന്നത്. പക്ഷേ ഫ്രാന്‍സിസിനെ ആരും ശത്രുവായി കണ്ടില്ല.

ഒരു പൊട്ടിച്ചിരിയായിരുന്നു ഫ്രാന്‍സിസ്
അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടവീര്യം; നവാബ് ഓര്‍മയായിട്ട് 20 വര്‍ഷം

മുഖ്യമന്ത്രിയായിരിക്കെ നായനാര്‍ വോട്ട് പരസ്യപ്പെടുത്തിയെന്ന ആക്ഷേപവും വിവാദവും ഓര്‍മിക്കുന്നവര്‍ ഏറെയുണ്ടാവും. ഈ പംക്തിയില്‍ നായാനാരെക്കുറിച്ചുള്ള ലേഖനത്തില്‍ അത് സൂചിപ്പിച്ചിരുന്നു. 1998-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. നായനാര്‍ കല്യാശ്ശേരി സ്‌കൂളില്‍ വോട്ടുചെയ്യുന്നു. സീല്‍ ചെയ്തശേഷം നായനാര്‍ ബാലറ്റ് ഉയര്‍ത്തിപ്പിടിച്ച് 'എന്താ ശരിയല്ലേ, റൈറ്റ്' എന്ന് പറഞ്ഞ് ബോക്സില്‍ നിക്ഷേപിക്കുന്നു. ഇത് പിആര്‍ഡിക്കുവേണ്ടി ഫോട്ടോ എടുക്കുന്ന ഗോപാലന്‍ പകര്‍ത്തുന്നു. മനോരമയുടെ ലേഖകനായ സികെ വിജയന്‍ അതിന്റെ വാര്‍ത്താപ്രാധാന്യം മനസ്സിലാക്കുന്നു. വിവരം ന്യൂസ് എഡിറ്ററായ ഫ്രാന്‍സിസിനെ അറിയിക്കുന്നു. ഗോപാലനില്‍നിന്ന് ഫോട്ടോ വാങ്ങുന്നു. പിറ്റേന്ന് പത്രത്തില്‍ മുഖ്യവാര്‍ത്തയായി, നായനാരുടെ പരസ്യ വോട്ട്.

ഇകെ നായനര്‍
ഇകെ നായനര്‍

ഒരാഴ്ചയോളം കേരളരാഷ്ട്രീയം കലങ്ങിമറിഞ്ഞു. നായനാര്‍ രാജിവെക്കണമെന്ന ആവശ്യം മുഴങ്ങി. മനോരമയുടെ ഭാഗത്തുനിന്നുതന്നെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി പോയി. പാര്‍ട്ടിയിലും മുന്നണിയിലുംവരെ നായനാര്‍ക്കെതിരെ മുറുമുറുപ്പുയര്‍ന്നു. മനോരമ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പരമാവധി ചെയ്യാനാകുന്നതെല്ലാം ചെയ്തു. 'ജനകോടികളുടെ നേതാവായ നായനാര്‍ അങ്ങനെ ചെയ്താല്‍ ആരാണ് ചോദിക്കാന്‍? അനാവശ്യമായ ദുരാരോപണമുന്നയിച്ചാല്‍ പ്ഫാ എന്ന ജനങ്ങള്‍ ആട്ടും' എന്ന തരത്തില്‍ അതിശക്തമായ ഒരു റൈറ്റപ്പ് ദേശാഭിമാനിയുടെ ഒന്നാംപേജില്‍ ഈ ലേഖകന്‍ എഴുതി. പരമപ്രാധാന്യത്തോടെവന്ന ആ റൈറ്റപ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആയുധമായിമാറി. വാര്‍ത്ത വായിച്ച ഉടന്‍ നായനാരും ശാരദടീച്ചറും ഈ ലേഖകനെ വിളിച്ചു...

പലതവണ ആന്‍ജിയോ പ്ലാസ്റ്റിയും മറ്റും കഴിഞ്ഞ ആളായിരുന്നെങ്കിലും ജീവിതം ഉത്സവമാക്കിയ മനുഷ്യനായിരുന്നു ഫ്രാന്‍സിസ്. അസുഖമുള്ളതിനാല്‍, ഹൃദയശസ്ത്ക്രിയ ചെയ്തതിനാല്‍ ശരീരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരിക്കലും കൂട്ടാക്കിയില്ല

രണ്ടുവര്‍ഷംമുമ്പ് ഫ്രാന്‍സിസ് ഒരുദിവസം വിളിച്ചു. 'എടോ ബാലാ നമുക്ക് ആ പരസ്യവോട്ടിന്റെ കാര്യം ഒരു സംയുക്ത പുസ്തകമാക്കിയാലോ? മനോരമയിലും ദേശാഭിമാനിയിലും വന്ന വാര്‍ത്തകള്‍, ആ ചിത്രം, റൈറ്റപ്പുകള്‍, പിന്നെ നമ്മുടെ ഓര്‍മക്കുറിപ്പും...' അതും പറഞ്ഞ് ചിരിയോടുചിരി! അദ്ദേഹം എല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു...പക്ഷേ പിന്നീട് വിളിച്ചില്ല, കണ്ടതുമില്ല...

ഒരു പൊട്ടിച്ചിരിയായിരുന്നു ഫ്രാന്‍സിസ്
സി ആർ ഓമനക്കുട്ടന്റെ ആക്ഷേപഹാസ്യ പരമ്പര ദേശാഭിമാനി എന്തുകൊണ്ട് അവസാനിപ്പിച്ചു?

പലതവണ ആന്‍ജിയോ പ്ലാസ്റ്റിയും മറ്റും കഴിഞ്ഞ ആളായിരുന്നെങ്കിലും ജീവിതം ഉത്സവമാക്കിയ മനുഷ്യനായിരുന്നു ഫ്രാന്‍സിസ്. അസുഖമുള്ളതിനാല്‍, ഹൃദയശസ്ത്ക്രിയ ചെയ്തതിനാല്‍ ശരീരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരിക്കലും കൂട്ടാക്കിയില്ല. അദ്ദേഹം ഒരിക്കല്‍ എന്നെ വല്ലാതെ പേടിപ്പിച്ചുകളഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ് രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞതേയുള്ളു. ഒരു സന്ധ്യാനേരത്ത് ഫ്രാന്‍സിസ് വിളിച്ചു. നഗരത്തിലെ ഒരു ഹോട്ടലില്‍നിന്നാണ്. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. 'വാരികയുമായി ബന്ധപ്പെട്ട് ഒരു കാര്യം സംസാരിക്കാനുണ്ട്, ഡ്യൂട്ടി കഴിഞ്ഞ് ബാലനിങ്ങ് വാ...' അവിടെച്ചെല്ലുമ്പോള്‍ ഗവണ്‍മെന്റ് സെക്രട്ടറിയായ പി എച്ച് കുര്യനുമുണ്ട്. പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ച് സമയംപോയി. വീട്ടില്‍നിന്ന് വിളിവന്നതോടെ കുര്യന്‍ പോയി. ഫ്രാന്‍സിസ് കിടന്നിട്ടാണ് സംസാരിക്കുന്നത്. പെട്ടെന്ന് ഒരു കൂര്‍ക്കംവലി... അരമണിക്കൂര്‍ ശ്രമിച്ചിട്ടും ഫ്രാന്‍സിസ് അനങ്ങുന്നുപോലുമില്ല... ഞാന്‍ കരയുന്ന നിലയെത്തി. എന്തുചെയ്യും. ആരോടുപറയും... അദ്ദേഹത്തിന് ഹൃദ്രോഗമുണ്ടായിരുന്നതും ആന്‍ജിയോ നടത്തിയതുമെല്ലാം മനസ്സിലുണ്ട്... കുറെനേരംകൂടി കാത്തുനിന്നശേഷം വാതില്‍ ചാരി ഞാന്‍ റോഡിലേക്കിറങ്ങി. അന്ന് ഉറങ്ങിയതേയില്ല... പിറ്റേന്ന് രാവിലെ വിളിച്ചപ്പോള്‍ മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു...

logo
The Fourth
www.thefourthnews.in