വി കെ മാധവൻകുട്ടി: പത്രപ്രവർത്തനത്തിലെ നയതന്ത്രജ്ഞൻ

വി കെ മാധവൻകുട്ടി: പത്രപ്രവർത്തനത്തിലെ നയതന്ത്രജ്ഞൻ

ഡൽഹിയിലെ കേരളത്തിന്റെ അനൗപചാരിക അംബാസഡറായിരുന്ന, പത്രപ്രവർത്തകൻ വി കെ മാധവൻകുട്ടി അന്തരിച്ചിട്ട് ഇന്ന് 18 വർഷം

ഏവർക്കും സ്വാഗതമോതുന്ന ഡൽഹിയിലെ ഇന്ത്യാഗേറ്റ് പോലെ രാജ്യതലസ്ഥാനത്ത് കേരളത്തിന്റെ സ്വാഗത കമാനമായിരുന്നു വി കെ മാധവൻകുട്ടി. അരനൂറ്റാണ്ടോളം ഡൽഹിയിലെ കേരളത്തിന്റെ അനൗപചാരിക അംബാസഡറായിരുന്ന പത്രപ്രവർത്തകൻ.

ഭാഷാപത്രങ്ങളിൽ പ്രവർത്തിക്കുന്നവരെ ഡൽഹിയിലെ ഇംഗ്ലീഷ് പത്രപ്രവർത്തകരായ മലയാളികൾ രണ്ടാം നിരയിലാക്കിയിരുന്ന കാലത്താണ് വീട്ടിക്കാട്ട് കുണ്ടുതൊടിയിൽ മാധവൻ കുട്ടി അവിടെ പത്രപ്രവർത്തനം ആരംഭിക്കുന്നത്. മലയാളികളോടും പൊതുവേ തെക്കേ ഇന്ത്യക്കാരോടുമുള്ള അവഗണനക്കെതിരായി മാധവൻകുട്ടി അധികാരസ്ഥാനങ്ങളോട് നിരന്തരം പോരാടി. ഔദ്യോഗിക തലത്തിൽ ഇംഗ്ലീഷ് പത്രപ്രവർത്തകർക്ക് ലഭിച്ചിരുന്ന പരിഗണന ഭാഷാ പത്രക്കാർക്ക് ലഭ്യമായത് വി കെ മാധവൻ കുട്ടിയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ്.

കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'പൗരശക്തി' ദിനപത്രത്തിലാണ് മാധവൻ കുട്ടി പത്രപ്രവർത്തനം ആരംഭിക്കുന്നത്

1956 ൽ ഡൽഹിയിലെത്തിയ മാധവൻ കുട്ടിയെ മാതൃഭൂമി ദിനപത്രം തങ്ങളുടെ ലേഖകനാക്കി. കേരളത്തിന്റെയും മലയാളികളുടെയും ഡൽഹി പ്രതിനിധിയായി അന്നുമുതൽ മാധവൻ കുട്ടി. ഏത് പദ്ധതിക്കും കാര്യസാധ്യത്തിനും അധികാര സ്ഥാനങ്ങളിൽ സ്വാധീനം വേണമെന്ന് നന്നായി അറിയുമായിരുന്ന മാധവൻ കുട്ടി അത് സമർത്ഥമായി കൈകാര്യം ചെയ്തു.

വി കെ മാധവൻകുട്ടി: പത്രപ്രവർത്തനത്തിലെ നയതന്ത്രജ്ഞൻ
ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'! കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന പത്രപ്രവര്‍ത്തകന്‍

മലയാളി രാഷ്ട്രീയക്കാർക്കും എം പി മാർക്കും അസാധ്യമായ കാര്യങ്ങൾ ചെയ്യാൻ മാധവൻ കുട്ടി പ്രാപ്തനായതിന് കാരണം മറ്റ് പത്രക്കാർക്കല്ലാത്ത ചില സവിശേഷതകളായിരുന്നു. വിപുലമായ സമ്പർക്ക വൃന്ദം, ആരെയും സഹായിക്കാനുള്ള മനസ്സ്, എതിരുപറയാൻ ഇടകൊടുക്കാത്ത വ്യക്തിത്വം, രാഷ്ട്രീയ പാർട്ടികളോട് സമദൂര നിലപാട്; ഈ സവിശേഷതകൾ ഒരുമിച്ച അപൂർവ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം.

കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'പൗരശക്തി' ദിനപത്രത്തിലാണ് മാധവൻ കുട്ടി പത്രപ്രവർത്തനം ആരംഭിക്കുന്നത്. ഡൽഹിയിൽനിന്ന് മാധവൻ കുട്ടി പൗരശക്തിക്ക് ലേഖനങ്ങൾ അയയ്ക്കാൻ തുടങ്ങി. മദ്രാസിൽ കാമരാജ് മുഖ്യമന്ത്രിയായപ്പോൾ മലയാളികളാരും ആ മന്ത്രിസഭയിൽ ഇല്ലായിരുന്നു. അന്ന് മലബാർ പ്രവശ്യ മദ്രാസിനുകീഴിലായിരുന്നു. മാധവൻ കുട്ടി ഡൽഹിയിൽ വച്ച് ഇതേക്കുറിച്ച് ചോദിച്ചു. കാമരാജ് പറഞ്ഞു, “മദിരാശി മന്ത്രി സഭയിൽ മലയാളി മന്ത്രിയുണ്ടാവില്ല.” മാധവൻ കുട്ടി ഇത് ചൂടുള്ള സ്കൂപ് ആക്കി.

ഡൽഹിയിലെത്തുന്ന ഒരു മലയാളി കാണേണ്ട രണ്ട് കാര്യങ്ങൾ ഒന്ന് കുത്തബ് മിനാറും മറ്റൊന്നു മാധവൻകുട്ടിയുമാണെന്ന നിലയിലേക്കെത്തി ഖ്യാതി

അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായ എൻ വി കൃഷ്ണവാര്യർ ഡൽഹിയിൽ വന്നു. എൻ വി എഡിറ്ററായി 'യുഗപ്രഭാത്' എന്നൊരു ഹിന്ദി മാസിക മാതൃഭൂമി ആരംഭിച്ചിരുന്നു. ദക്ഷിണേന്ത്യയിൽനിന്നുള്ള എക ഹിന്ദി പ്രസിദ്ധീകരണമായ അത് രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനെ കൊണ്ട് പ്രകാശനം ചെയ്യണം. അതാണ് കാര്യപരിപാടി. രാഷ്ട്രപതി ഭവൻ നിർദേശിച്ച പ്രകാരം വൈകുന്നേരം അഞ്ചരയ്ക്ക് മാധവൻ കുട്ടി കൂളായി സൈക്കിളും ചവിട്ടി രാഷ്ട്രപതി ഭവനിലെത്തി. അന്ന് തീവ്രവാദമൊന്നുമില്ലാത്ത ഡൽഹി പ്രായേണ ശാന്തമായിരുന്നു. അതിനാൽ രാഷ്ട്രപതിഭവനിൽ സുരക്ഷാഭടമാരുടെ വ്യൂഹമൊന്നുമില്ല. മാധവൻ കുട്ടി ഓഫിസിൽ കേറി സന്ദർശക രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയ ശേഷം പരിചാരകന്മാരുടെ അകമ്പടിയോടെ രാഷ്ട്രപതിയുടെ സ്വീകരണ മുറിയിലെത്തി. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് നൽകി ' യുഗപ്രഭാത്' ആദ്യ ലക്കം പ്രകാശനം ചെയ്തു. രാഷ്ട്രപതി ഭവൻ ഫോട്ടോഗ്രാഫർ പടമെടുത്തു. അത് കഴിഞ്ഞ് രാജേന്ദ്ര ബാബുവിനോടൊപ്പം ചായ കുടിച്ചു. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഒരു മലയാളി പത്രപ്രവർത്തകനെ സ്വീകരിക്കുക, ഒപ്പം ഇരുന്ന് ചായ കുടിക്കുക ചില്ലറ കാര്യമാണോ?

മാതൃഭൂമിയിൽ ഈ വാർത്ത ഒന്നാം പേജിൽ പടം സഹിതം വന്നു. ആ ഒറ്റ സംഭവം കൊണ്ട് മാധവൻ കുട്ടി താരമായി. തൊട്ടുപിന്നാലെ അദ്ദേഹത്തിന് കേന്ദ്ര സർക്കാർ മാതൃഭൂമി പത്രത്തിന്റെ ഔദ്യോഗിക ഡൽഹി ലേഖകനായി അംഗീകരിച്ച് അക്രഡിറ്റേഷൻ നൽകുകയും ചെയ്തു. വി കെ മാധവൻ കുട്ടി, ന്യൂഡൽഹി എന്ന ബൈലൈനിൽ അന്ന് മുതൽ മുടങ്ങാതെ മലയാളികൾ മാതൃഭൂമി ദിനപത്രത്തിൽ ഡൽഹി വാർത്തകൾ വായിക്കാൻ തുടങ്ങി. മാധവൻ കുട്ടി മാതൃഭൂമിയെ വളർത്തിയോ അതോ മാതൃഭുമി മാധവൻ കുട്ടിയെ വളർത്തിയോ? അത് ആരും ചോദിച്ചില്ലെന്ന് മാത്രം.

ഡൽഹിയെന്ന മഹാനഗരത്തിൽ പലർക്കും അഭയ കേന്ദ്രമായി അദ്ദേഹം. ഉന്നതങ്ങളിലെ പരിചയവും സ്വാധീനവും അത്ര വലുതായിരുന്നു. ഡൽഹിയിലെത്തുന്ന ഒരു മലയാളി കാണേണ്ട രണ്ട് കാര്യങ്ങൾ ഒന്ന് കുത്തബ് മിനാറും മറ്റൊന്ന് മാധവൻകുട്ടിയുമാണെന്ന നിലയിലേക്കെത്തി ഖ്യാതി.

കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും ഉന്നത നേതാക്കളുമായി നല്ല അടുപ്പം. മലയാളികളായ കേന്ദ്രമന്ത്രിമാർ വാർത്ത കേരളത്തിലെത്തിക്കാൻ വിളിക്കുക മാധവൻ കുട്ടിയുടെ ഫോണിലേക്കായിരിക്കും. ഇന്ത്യൻ പ്രധാന മന്ത്രിമാരുടെ വിദേശയാത്രകളിൽ അനുഗമിക്കാറുള്ള പത്രപ്രവർത്തക സംഘത്തിലെ സ്ഥിരാംഗവും പ്രധാനിയുമായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടൊപ്പം മാത്രം ഏഴ് തവണ വിദേശ സന്ദർശനം നടത്തി.

ന്യൂഡൽഹിയിലെ ഐ എൻ എസ് ബിൽഡിങ്ങിലെ പത്രമോഫീസിൽ വി കെ മാധവൻകുട്ടി തന്റെ ഒരു ദിനം ആരംഭിക്കുന്നത് സംഭവ ബഹുലമായിട്ടായിരിക്കും. ആവശ്യങ്ങളും ആളുകളും ക്യൂ നിൽക്കുന്നുണ്ടാകും . അതിനിടയിൽ ഫോൺ വിളികൾ വേറെ.

വി കെ മാധവൻകുട്ടി: പത്രപ്രവർത്തനത്തിലെ നയതന്ത്രജ്ഞൻ
മഞ്ഞപ്പത്രത്തെ മഞ്ഞ വാർത്തയാൽ പൂട്ടിയ സമൂഹത്തെ ചിരി കൊണ്ട് ചികിത്സിച്ച രാംദാസ് വൈദ്യർ 

നാളെ കൊച്ചിക്ക് എമർജൻസി ക്വാട്ടയിൽ വിമാന ടിക്കറ്റ് വേണമെന്ന് ഒരാൾ, കേരളാ ഹൗസിൽ മുറി വേണമെന്ന് നാട്ടിൽനിന്ന് വരുന്ന മറ്റൊരു വേണ്ടപ്പെട്ടയാൾ. ഹൈദരാബാദിൽനിന്ന് ഒ വി വിജയൻ വിളിക്കുന്നു, അക്രഡിറ്റേഷൻ പുതുക്കണം. ഒറ്റപ്പാലത്തുനിന്ന് ഒരു രാമൻ കുട്ടി മേനോൻ വിളിക്കുന്നു എനിക്ക് നിയമം അറിയാം, വിദേശ ബിരുദവുമുണ്ട്. കെ ആർ നാരായണനോട് പറഞ്ഞ് ഐക്യരാഷ്ട്ര സഭയിൽ ജോലി വാങ്ങിത്തരണം, ബയോഡാറ്റ ഫാക്സ് ചെയ്യുന്നു.

സാധാരണ ഗതിയിൽ ഇതൊന്നും തഞ്ചത്തിൽ കൈകാര്യം ചെയ്യുന്നത് ഒരു മനുഷ്യന് സാധിക്കുന്ന കാര്യമല്ല. പക്ഷേ, മാധവൻ കുട്ടിക്കിത് ദൈനംദിന അഭ്യാസമായിരുന്നു.

‘ചെമ്മീനി'ലൂടെ' തെക്കേ ഇന്ത്യയിലേക്ക് ആദ്യമായി ചലച്ചിത്രത്തിന് പ്രസിഡന്റിന്റെ സ്വർണ മെഡൽ കൊണ്ടുവന്ന രാമു കാര്യാട്ടും സംഘവും അത് സ്വീകരിക്കാൻ ഡൽഹിയിലെത്തി. ചെമ്മീൻ നിർമാതാവ് കൺമണി ബാബു പടത്തിന്റെ അഭിനേതാക്കളെ മാത്രമല്ല ടെക്നീഷ്യൻമാരെയും മേക്കപ്പ്മാൻ വരെയുള്ളവരെയും ആദരപൂർവം അവാർഡ് ദാനചടങ്ങിന് ഡൽഹിയിൽ എത്തിച്ചിരുന്നു. ഡൽഹിയിലെത്തിയ ചെമ്മീനിൽ ചെമ്പൻ കുഞ്ഞായി അഭിനയിച്ച കൊട്ടാരക്കര ശ്രീധരൻ നായർ മുതൽ സാദാ മേക്കപ്പ്മാൻ വരെയുള്ളവർക്ക് ഒരേ ആഗ്രഹം. രാഷ്ട്രപതിയെ കാണണം, കൂടെ നിന്ന് പടം എടുക്കണം. സംഗതി മാധവൻ കുട്ടിയെ അറിയിച്ചു. മാധവൻ കുട്ടി ഫോണെടുത്ത് രാഷ്ട്രപതിയുടെ എ ഡി സിയെ ഒറ്റവിളി; കാര്യം റെഡി.

മാധവന്കുട്ടിയുടെ നേതൃത്വത്തിൽ സംഘം രാഷ്‌ട്രപതി ഭവനിലേക്ക് പോയി. ഡോ. സക്കീർ ഹുസൈനാണ് അന്ന് രാഷ്ട്രപതി. അദ്ദേഹം രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തുവന്നു. എല്ലാവരെയും കണ്ടു, കൂടെനിന്ന് ഫോട്ടോ എടുത്തു.

ആദ്യ കാലത്ത് മാധവൻകുട്ടി താമസിച്ചിരുന്നത് കമ്യൂണിസ്റ്റ് എം പിയായ എം കെ ചക്രപാണിയുടെ ഔദ്യോഗിക ഫ്ലാറ്റിലായിരുന്നു. എംപിമാർ ഫ്ലാറ്റുകൾ വാടകയ്ക്ക് കൊടുക്കുന്നു എന്നൊരാരോപണം പാർലമെന്റിൽ ആ സമയത്ത് വന്നു. സ്പീക്കർ നീലം സഞ്ജീവ റെഡ്ഡി പ്രതിപക്ഷ നേതാവായ എ കെ ജിയെ വിളിച്ച് ചോദിച്ചു, ''താങ്കളുടെ പാർട്ടിയുടെ ഒരു എം പി ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്തിട്ടുണ്ടെന്ന് കേൾക്കുന്നു. അവിടെ താമസിക്കുന്നവർ മെമ്പറുടെ ബന്ധുക്കളാണെന്ന് എഴുതി തന്നാൽ മതി.'' എ.കെ.ജി പറഞ്ഞു, “അതൊന്നും പറ്റില്ല. ഞങ്ങൾ ആർക്കും ഒന്നും വാടകയ്ക്ക് കൊടുത്തിട്ടില്ല. മാതൃഭൂമിയിലെ പത്രപ്രവർത്തകൻ മാധവൻ കുട്ടിയാണ് അവിടെ താമസിക്കുന്നത്. കോൺഗ്രസ് നേതാവ് ദാമോദര മേനോന്റെ ബന്ധു. മാതൃഭൂമി ഒരു കോൺഗ്രസ് പത്രമാണ്. കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്ക് സഹായം ചെയ്തതാണ്.”

പിന്നീട് മാധവൻ കുട്ടിയെ വിളിച്ചു പറഞ്ഞു, “താമസം തുടർന്നോളൂ വെറെ സൗകര്യം ആവുന്നതുവരെ.” പിന്നീട് പത്രപ്രവർത്തകർക്ക് വീട് അനുവദിച്ചപ്പോൾ മാധവൻ കുട്ടി അങ്ങോട്ട് മാറി.

അറുപതുകൾ തൊട്ടേ ഡൽഹിയിലെ ഉന്നത രാഷ്ട്രീയ സാമൂഹിക രംഗത്തെ അന്തർനാടകങ്ങളെല്ലാം അപ്പോൾ തന്നെ അറിഞ്ഞിരുന്ന പത്രക്കാരനാണ് മാധവൻകുട്ടി. പ്രത്യേകിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി ഓഫീസുകളിലെ ചലനങ്ങൾ. പക്ഷേ, കാര്യസിദ്ധിക്കുവേണ്ടി അവയൊന്നും ഉപയോഗിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഈ ഉന്നതരെല്ലാം തന്നോട് രഹസ്യങ്ങൾ പകരുമ്പോൾ അത് പുറത്തുവരാതെ സൂക്ഷിക്കാൻ തനിക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. പിന്നീട് ഇവ അച്ചടിക്കപ്പെട്ടു ലോകമറിയുമ്പോൾ ഇത് തനിക്ക് പണ്ടേ അറിയാമായിരുന്നുവെന്ന് സ്വയം പറ്റിക്കപ്പെടുന്ന സിൻഡ്രോമിൽ മാധവൻ കുട്ടി ആനന്ദിച്ചു. സ്ഫോടന സ്വഭാവമുള്ള വാർത്താ എക്സ്ക്ലൂസിവുകൾ ഡൽഹിയി നിന്ന് അധികമൊന്നും മാധവൻ കുട്ടി എഴുതാഞ്ഞത് അതുകൊണ്ടു തന്നെ.

കേന്ദ്രത്തിന്റെ കേരളത്തിനോടുള്ള അവഗണനയും വിവേചനവും എഴുത്തിലൂടെ ആദ്യമുന്നയിച്ച മലയാളിയായിരുന്നു മാധവൻ കുട്ടി

1973 മെയ് 31 ന് മദ്രാസിലെ മീനമ്പാക്കം വിമാനത്താവളത്തിൽനിന്ന് വൈകീട്ട് 7.20 ന് ഡൽഹിയിലേക്ക് പറന്ന ഇന്ത്യൻ എയർലൈൻസിന്റെ VTEMM 440 വിമാനം 'സാരംഗ' ഡൽഹി എയർ പോർട്ടിന് സമീപത്തെ വിജനമായ പ്രദേശത്ത് രാത്രി പത്ത് മണി കഴിഞ്ഞ് തകർന്നുവീണു. വിമാനത്തിലണ്ടായിരുന്ന 65 യാത്രക്കാരിൽ 48 പേരുടെ ജീവനപഹരിച്ച, ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന അപകടങ്ങളിലൊന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട, അതിലെ യാത്രക്കാരനായിരുന്നു മാധവൻ കുട്ടി. വിമാനാപകടത്തിൽനിന്ന് രക്ഷപെട്ട പത്രപ്രവർത്തകൻ നേരിട്ട് അപകട വാർത്ത റിപ്പോർട്ട് ചെയ്ത അപൂർവ സംഭവമായി ഇത്. ഈ ദുരന്തം മാധവൻകുട്ടിയെ അന്താരാഷ്ട പ്രശസ്തിയാർജിച്ച പത്രപ്രവർത്തകനാക്കി.

വി കെ മാധവൻകുട്ടി: പത്രപ്രവർത്തനത്തിലെ നയതന്ത്രജ്ഞൻ
ധീരയായ ആനി തയ്യിലും അഞ്ചര ലക്ഷം കേസ് എന്ന സ്കൂപ്പും

കേന്ദ്ര മന്ത്രി മോഹൻ കുമാരമംഗലം, എം പിയായിരുന്ന ദേവകി ഗോപിദാസ്, ഉയർന്ന ഉദ്യോഗസ്ഥമാർ, വിമാനത്തിന്റെ സഹ പൈലറ്റ് തുടങ്ങി 48 പേർ അപകടമുണ്ടായി മാത്രകൾക്കുള്ളിൽ കത്തിച്ചാമ്പലായി. രണ്ടായി പിളർന്ന വിമാനത്തിൽനിന്ന് മാധവൻ കുട്ടി കസേരയോടെ തെറിച്ച് പുറത്തേക്ക് വീണു. അങ്ങനെയായിരുന്നു ആ അത്ഭുത രക്ഷപ്പെടൽ. ആശുപത്രിയിലെത്തിയിട്ടും പലരും അപകടത്തിന്റെ ആഘാതത്തിൽ സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഈ ചുറ്റുപാടിലാണ് വാർത്താ എജൻസികളെക്കാൾ മുൻപേ മാധവൻ കുട്ടി സ്വന്തം അപകടം സഫ്ദർ ജങ് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽനിന്ന് ഫോണിലൂടെ വാർത്തയായി പറഞ്ഞ് കൊടുത്തത്. മാധവൻ കുട്ടിയുടെ പത്രം വിമാനം കത്തുന്ന പടവും അത് ലൈവായി റിപ്പോർട്ട് ചെയ്ത വിമാനത്തിലുണ്ടായിരുന്ന തങ്ങളുടെ ലേഖകന്റെ പടവും ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകി. മറ്റ് പ്രധാന പത്രങ്ങൾ, മനോരമയും കേരള കൗമുദിയും മാധവൻ കുട്ടി രക്ഷപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തി കുറിപ്പുകൾ കൊടുത്തു.

പിറ്റേനാളിലെ പത്രങ്ങളിൽ മാധവൻ കുട്ടി നിറഞ്ഞു നിന്നു. “അപകടത്തിന്റെ പിറ്റേ ദിവസത്തെ പത്രങ്ങൾ കണ്ടപ്പോൾ തോന്നി എന്നിലുള്ള ഞാൻ അപകടത്തേക്കാൾ വമ്പനാണെന്ന്,” ഇതേക്കുറിച്ച് മാധവൻ കുട്ടി പിന്നീട് എഴുതി.

ആശുപത്രിയിൽ പത്ത് നാൾ കിടന്നപ്പോഴും ശിപാർശകൾക്ക് കുറവില്ലായിരുന്നു. ഒരാൾ ജോലി തേടിയെത്തി. മാധവൻ കുട്ടിയെ കാണാൻ ആശുപത്രിയിൽ വമ്പൻമാർ വരുമല്ലോ. അപ്പോൾ പറയാമല്ലോ എന്നായിരുന്നു ആവശ്യക്കാരന്റെ ഔചിത്യമില്ലാത്ത യുക്തി. പിന്നീട് 'അപകടം എന്റെ സഹയാത്രികൻ' എന്ന ശീർഷകത്തിൽ ഈ വിമാന അപകടത്തെക്കുറിച്ച് രസകരമായ ഒരു പുസ്തകം തന്നെ അദ്ദേഹം എഴുതി.

സഹായിക്കുകയെന്ന കർമത്തിൽ മാത്രമല്ല മാധവൻ കുട്ടി വിശ്വസിച്ചിരുന്നത്. സംഹാരത്തിലും വിശ്വാസമുണ്ടായിരുന്നു. ഒരിക്കൽ ഇത്തരമൊരു സംഹാരം ഡൽഹിയിൽ നടന്നു. ഭാരതി ശിവജിയെന്ന പ്രശസ്ത മോഹിനിയാട്ട നർത്തകി ന്യൂഡൽഹിയിലെ ഇന്ത്യാ ഇന്റർനാഷണൽ സെന്ററിൽ 'സാഹിത്യവും സംഗീതവും' എന്നൊരു ദ്വിദിന സെമിനാർ നടത്തി. കേരളത്തിൽനിന്ന് പല്ലാവൂർ അപ്പുമാരാരൊക്കെ പങ്കെടുത്ത സെമിനാർ കെങ്കേമമായി പര്യവസാനിച്ചു. എന്നാൽ ഇംഗ്ലീഷ് - ഹിന്ദി - മലയാളം ദിനപത്രങ്ങളിൽ ഒന്നിൽ പോലും ഒരു വരി പോലും വന്നില്ല. കാരണം മാധവൻ കുട്ടി ആ വാർത്ത തമസ്കരിച്ചിരിക്കുന്നു.. അതോടെ ഡൽഹി പത്രലോകവും അത് തമസ്കരിച്ചു.

ഭാരതി ശിവജി എന്തോ കാരണത്താൽ മാധവൻ കുട്ടിയുമായി ഉരസി. അതിന്റെ ഫലമായിരുന്നു ഈ വാർത്താ തമസ്കരണം. സെമിനാറിൽ പങ്കെടുത്തവരെല്ലാം വാർത്ത വരാത്തതിൽ നിരാശയിലും ദു:ഖത്തിലുമായി.

കേന്ദ്രത്തിന്റെ കേരളത്തിനോടുള്ള അവഗണനയും വിവേചനവും എഴുത്തിലൂടെ ആദ്യമുന്നയിച്ച മലയാളിയായിരുന്നു മാധവൻ കുട്ടി. എങ്കിലും ഒരിക്കലും മലയാളിയാവാനല്ല ഇന്ത്യക്കാരനായി അഭിമാനം കൊള്ളാനായിരുന്നു ദീർഘമായ ഡൽഹി ജീവിതത്തിൽ അദ്ദേഹം ശ്രമിച്ചത്.

90-കളിൽ മാധവൻ കുട്ടി 'വിസയില്ലാതെ ഇന്ത്യക്കാരൻ ' എന്ന ലേഖനത്തിൽ എഴുതി, “ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ഞാൻ നയിച്ച അരനൂറ്റാണ്ടിന്റെ ജീവിതം എന്നിലേൽപ്പിച്ച വികാരം ഇതാണ്: ഞാൻ പാസ്പോർട്ടോ വിസയോ എടുക്കാത്ത ഒരിന്ത്യാക്കാരനാണ്. എനിക്ക് എന്റെ മുഖം വേണം. എന്റെ ആളുകൾ വേണം. എന്റെ സ്മരണകൾ വേണം. പക്ഷേ, ഇവയെല്ലാം ദക്ഷിണേന്ത്യക്കാരുടെതാണെങ്കിൽ ദേശീയ വിരുദ്ധതയായും പ്രാദേശികവാദമായും മുദ്ര ചാർത്തപ്പെടുന്നു. അതേസമയം മാനുഷികമായ ഈ ആവശ്യങ്ങൾ ഉത്തരേന്ത്യക്കാരൻ പ്രകടിപ്പിക്കുമ്പോൾ അത് ദേശസ്നേഹത്തിന്റെ ആധാരമായി വാഴ്ത്തപ്പെടുകയും ചെയ്യുന്നു.ഇതിലടങ്ങിയ വിചിത്ര യുക്തി മനസിലായില്ല.”

വി കെ മാധവൻകുട്ടി: പത്രപ്രവർത്തനത്തിലെ നയതന്ത്രജ്ഞൻ
ഇന്ത്യന്‍ വായനക്കാരെ ചിന്തിക്കാന്‍ പഠിപ്പിച്ച മലയാളി എഡിറ്റര്‍

ഇന്ന് പലരും പറയുന്ന ദേശീയത വികാര വാദം മൂന്ന് പതിറ്റാണ്ട് മുൻപ് പറഞ്ഞ വ്യക്തിയാണ് മാധവൻ കുട്ടി. പ്രവാസ സാഹിത്യത്തെ ശക്തമായി എതിർത്ത് വിമർശിച്ച ആളായിരുന്നു അദ്ദേഹം. മലയാള സാഹിത്യം ഒന്നേയുള്ളൂ. കേരളത്തിന് പുറത്ത് ജീവിക്കുന്ന ഒട്ടേറെ മലയാളി എഴുത്തുകാരുണ്ട്. അവരൊക്കെ കാര്യമായ സംഭാവന നൽകിയവരാണ്. ഇവരാരും തന്നെ പ്രവാസി സാഹിത്യകാരല്ല, ആങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല. പുറത്ത് ജീവിക്കുന്ന് എന്നതുകൊണ്ട് അവരുടെ സംഭാവനയെ മാറ്റിനിർത്തി കാണരുത്. 'പ്രവാസി സാഹിത്യം ' എന്ന ലേഖനത്തിൽ അദ്ദേഹം വാദിച്ചു.

മുപ്പത്തിയഞ്ച് വർഷം മുൻപ് മാതൃഭൂമി  നേരിട്ട വൻ പ്രതിസന്ധിയെ അതിജീവിച്ചത് മാധവൻകുട്ടിയും പത്രത്തിന്റെ മറ്റൊരു പ്രധാനിയായ എൻ വി കൃഷ്ണ വാര്യരും നടത്തിയ പോരാട്ടത്തിലൂടെയായിരുന്നു. 1989 ൽ മാതൃഭുമിയുടെ ഒരു മുൻ എഡിറ്ററുടെ സഹായത്തോടെ ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമി ദിനപത്രത്തിന്റെ ഓഹരികൾ വാങ്ങി ഉടമസ്ഥാവകാശം നേടാൻ ശ്രമിച്ചു. ഇതിനെതിരെ മാധവൻകുട്ടി കളത്തിലിറങ്ങി. കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ഈ ഏറ്റെടുക്കൽ നീക്കത്തിനെതിരെ  കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വ്യാപകമായ പിൻതുണ മാതൃഭൂമിക്ക് ഉറപ്പിച്ചു.  ടൈംസ് ഓഫ് ഇന്ത്യക്കെതിരെ മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ സ്‌റ്റാഫിന്റെ ഭൂരിഭാഗത്തിന്റെയും പിന്തുണ മാധവൻ കുട്ടിയുടെ നേതൃത്വത്തിൽ നേടിയെടുത്തു. മാതൃഭൂമി പ്രതിസന്ധി മറികടക്കുകയും ടൈംസ് ഓഫ് ഇന്ത്യയുടെ നീക്കം പരാജയപ്പെടുകയും ചെയ്തതോടെ.  പത്രത്തിന്റെ ഭരണം നിലവിലെ ഉടമകളുടെ കയ്യിൽ ഭദ്രമായി.

ഈ വിപ്ലവാനന്തരം പത്രത്തിന്റെ പുതിയ സാരഥി, ടൈംസ് ഓഫ് ഇന്ത്യയെ അനുകൂലിച്ച പത്രത്തിലെ എഡിറ്റർമാരെ സാരമായി കൈകാര്യം ചെയ്തു. അച്ചടക്ക നടപടിയെന്ന പേരിൽ രണ്ട് മുതിർന്ന എഡിറ്റർമാരെ പുറത്താക്കുകയും എഡിറ്റർമാരായ പതിനാല് പേരെ അവർ ജോലി ചെയ്തിരുന്ന ബ്യൂറോകളിൽ നിന്നും ഡെസ്കിൽ നിന്നും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. തിരുവനന്തപുരത്തുള്ള ലേഖകനെ വയനാട്ടിലേക്കും. കോഴിക്കോട്ടുള്ള ലേഖകനെ കൊച്ചിയിലേക്കും അവിടെ ഉറപ്പിച്ചശേഷം കൽക്കട്ടയിലേക്കും സ്ഥലം മാറ്റി.

1987 ഡിസംബറിൽ മാധവൻ കുട്ടി മാതൃഭൂമിയുടെ എഡിറ്ററായി. ഡൽഹിയിൽ പത്ത് ദിവസവും കോഴിക്കോട് ഇരുപതു ദിവസവും ജോലിചെയ്യുന്ന കറങ്ങുന്ന എഡിറ്റർ. അങ്ങനെ 3 വർഷം. ഏറെ താമസിയാതെ പത്രത്തിന്റെ മാനേജ്മെന്റിന് മാധവൻ കുട്ടി അനഭിമതനായി. അതോടെ 1994-ൽ മാതൃഭൂമിയിൽനിന്ന് വിരമിച്ചു.

ഭിന്നാഭിപ്രായങ്ങളുണ്ടാകാം. പത്രത്തിൽ ശിക്ഷാ നടപടികളുടെ ഭാഗമായി കൂട്ട സ്ഥലം മാറ്റങ്ങൾ നടന്നപ്പോൾ പത്രത്തിന്റെ എഡിറ്റർ വി കെ മാധവൻകുട്ടിയായിരുന്നു. അതിനെതിരെ അദ്ദേഹം ചെറുവിരലനക്കിയില്ല.

ദൃശ്യ മാധ്യമമായിരുന്നു മാധവൻകുട്ടിയുടെ അടുത്ത തട്ടകം. കേരളത്തിലെ സ്വകാര്യ ചാനലുകളിൽ ആദ്യത്തേതായ ഏഷ്യാനെറ്റിന്റെ ആരംഭം ബ്യൂറോക്രാറ്റിക്ക് വലകളിൽ കുടുങ്ങി ഇഴഞ്ഞുനീങ്ങുമ്പോഴാണ് മാധവൻകുട്ടി എത്തിയത്. അതോടെ സ്തംഭനാവസ്ഥ മാറി. ശശികുമാറും സക്കറിയയുമായുള്ള ബന്ധം മൂലം ഏഷ്യാനെറ്റിന്റെ ഡയറക്ടറായി. ഏഷ്യാനെറ്റിന്റെ സ്ഥാപകരിലൊരാളായി. ആദ്യ കാലത്ത് ഡൽഹിയിൽനിന്ന് 'വാർത്താവലോകനം ' എന്നൊരു പരിപാടി എഷ്യാനെറ്റിൽ ചെയ്തെങ്കിലും വിജയിച്ചില്ല. ബി ആർ പി ഭാസ്ക്കറിനേപ്പോലെയോ ടി എൻ ഗോപകുമാറിനേ പോലെയോ ദൃശ്യമാധ്യമം മാധവൻ കുട്ടിക്ക് വഴങ്ങാതെ പോയി. പിന്നീട് ഏഷ്യാനെറ്റിൽനിന്നുള്ള പടിയിറക്കവും അത്ര സുഖകരമായിരുന്നില്ല.

വി കെ മാധവൻകുട്ടി: പത്രപ്രവർത്തനത്തിലെ നയതന്ത്രജ്ഞൻ
അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടവീര്യം; നവാബ് ഓര്‍മയായിട്ട് 20 വര്‍ഷം

പത്രപ്രവർത്തകർക്കിടയിലെ എഴുത്തുകാരനും എഴുത്തുകാർക്കിടയിലെ പത്രപ്രവർത്തകനുമായിരുന്നു വി കെ മാധവൻകുട്ടി. പാലക്കാട്ടെ തന്റെ ജന്മഗൃഹമുള്ള പരുത്തിപ്പിളളി ഗ്രാമത്തെക്കുറിച്ചുള്ള ആത്മകഥാപരമായ നോവൽ 'ഓർമകളുടെ വിരുന്ന് ' 1992-ൽ പ്രസിദ്ധീകരിച്ചു. അതിന് ആസ്വാദനക്കുറിപ്പ് എഴുതിയത് മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവും. പടം വരച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിയും. അതിന്റെ ഇംഗ്ലീഷ് പതിപ്പായ 'The Village Before' രണ്ടായിരത്തിലും പ്രസിദ്ധീകരിച്ചു. മാധവൻ കുട്ടിയുടെ ഏറ്റവും നല്ല കൃതിയായിരുന്ന അത് അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായിരുന്നു.

അരനൂറ്റാണ്ടിലെ വിദേശ യാത്രകൾ വിഷയമാക്കി എഴുതിയ 'പത്രപ്രവർത്തനം ഒരു യാത്ര' എന്ന കൃതി 1992 ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ യാത്രാവിവരണമാണ്. വി കെ കൃഷ്ണമേനോന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യം എഴുതിയത് മാധവൻകുട്ടിയായിരുന്നു. അതിന് 1992-ൽ സോവിയറ്റ് ലാൻഡ് അവാർഡ് ലഭിച്ചു.

മികച്ച വാഗ്മിയല്ലെങ്കിലും പറയാനുള്ളത് വ്യക്തമായും ഉറപ്പിച്ചും അദ്ദേഹം എവിടെയും പറഞ്ഞിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി 12 കൃതികൾ എഴുതി. പത്രക്കാർക്ക് പതിവുള്ള മദ്യപാനം, പുകവലി, പരദൂഷണം അസൂയ തുടങ്ങിയ ഇല്ലാത്ത മാധവൻ കുട്ടി നിർബന്ധമായും രണ്ട് കാര്യങ്ങൾ എപ്പോഴും കയ്യിൽ കരുതി. പോക്കറ്റിൽ ഒരു ചീപ്പും ഓഫീസിലെ മേശയിൽ ഒരു ഡപ്പി പൗഡറും. മുടി കറുപ്പിക്കലും നിർബന്ധമായിരുന്നു അദ്ദേഹത്തിന്

2005 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഈ ലോകത്തോട് വി കെ മാധവൻ കുട്ടി യാത്ര പറഞ്ഞു. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വി കെ മാധവൻ കുട്ടി ഏറ്റവും അധികം ബഹുമാനിച്ച ' ചേട്ടൻ' എന്ന് വിളിച്ചാദരിച്ച കെ എ ദാമോദര മേനോൻ 25 കൊല്ലം മുൻപ് വിട വാങ്ങിയതും ഒരു നവംബർ ഒന്നിനായിരുന്നു.

logo
The Fourth
www.thefourthnews.in