CWC2023 | 'സെമി വേദന'കളുടെ തുടക്കം 87-ല്‍ വാങ്ക്ഡേയില്‍; മൂന്നരപ്പതിറ്റാണ്ടിനിപ്പുറം തിരുത്തുമോ ചരിത്രം

CWC2023 | 'സെമി വേദന'കളുടെ തുടക്കം 87-ല്‍ വാങ്ക്ഡേയില്‍; മൂന്നരപ്പതിറ്റാണ്ടിനിപ്പുറം തിരുത്തുമോ ചരിത്രം

സെമി ഫൈനലുകളും ഇന്ത്യയും തമ്മിലുള്ള 'അകല്‍ച്ച' ലോകക്രിക്കറ്റില്‍ തന്നെ പ്രസിദ്ധമാണ്. വാങ്ക്ഡേയില്‍ തുടങ്ങിയത് വാങ്ക്ഡേയില്‍ ഇന്ത്യയ്ക്ക് അവസാനിപ്പിക്കാനാകുമോ എന്നാണ് ആകാംക്ഷ

എതിരാളികളെ അനായാസം കീഴ്പ്പെടുത്തി സെമിയിലേക്ക് കുതിക്കുന്ന ഒരു ടീം... ഒറ്റ മത്സരം കൊണ്ട് നേടിയെടുത്തതെല്ലാം കൈവിട്ടു പോകുന്നു... ഏകദിന ക്രിക്കറ്റ് ലോകകപ്പുകളിലെ ഇന്ത്യയുടെ യാത്ര കുറേക്കാലമായി ഇങ്ങനെയാണ്.

ലോകകപ്പ് ചരിത്രത്തില്‍ ഗവാസ്കറും കപിലും കോഹ്ലിയും സച്ചിനും ധോണിയും രോഹിതുമൊക്കെ ഒരിക്കല്‍ വീണുപോയ സെമി ഫൈനലിന്റെ പടിവാതില്‍ക്കല്‍ വീണ്ടുമെത്തിയിരിക്കുകയാണ് ഇന്ത്യ. അതും ചരിത്രമുറങ്ങുന്ന വാങ്ക്ഡേയില്‍, എതിരാളികള്‍ ന്യൂസിലന്‍ഡും.

സെമി ഫൈനലുകളും ഇന്ത്യയും തമ്മിലുള്ള 'അകല്‍ച്ച' ലോകക്രിക്കറ്റില്‍ തന്നെ പ്രസിദ്ധമാണ്. ഈ അകല്‍ച്ചയ്ക്ക് തുടക്കമിട്ടതും വാങ്ക്ഡേയില്‍ തന്നെയായിരുന്നു, 1987ല്‍.

83ലെ കിരീടനേട്ടത്തിന്റെ പകിട്ടോടെയായിരുന്നു കപിലിന്റെ ചെകുത്താന്മാർ കളത്തിലെത്തിയത്. പക്ഷെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് 35 റണ്‍സിന് കീഴടങ്ങി. അവിടെയായിരുന്നു ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം തകർന്ന നിമിഷങ്ങളുടെ തുടക്കം, പ്രത്യേകിച്ചും വാങ്ക്ഡേയില്‍.

നെഹ്രു കപ്പ് (1989), ട്വന്റി 20 ലോകകപ്പ് (2016) എന്നീ ടൂർണമെന്റുകളിലെ സെമിയില്‍ വാങ്ക്ഡേയില്‍ ഇന്ത്യ പരാജയം രുചിച്ചു. 1996, 2015, 2019 ഏകദിന ലോകകപ്പുകളിലായിരുന്നു ഇന്ത്യയുടെ മറ്റ് സെമി തോല്‍വികള്‍.

CWC2023 | 'സെമി വേദന'കളുടെ തുടക്കം 87-ല്‍ വാങ്ക്ഡേയില്‍; മൂന്നരപ്പതിറ്റാണ്ടിനിപ്പുറം തിരുത്തുമോ ചരിത്രം
സോഷ്യലിടങ്ങള്‍ കീഴടക്കി 'മെഡല്‍ തന്ത്രം'; കളത്തിലും പുറത്തും ഇന്ത്യയ്ക്ക് ബ്ലോക്ക്ബസ്റ്റർ റിസള്‍ട്ട്

ആദ്യ കണ്ണീരിന് 36 വയസ്

ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ (1987)

മത്സരം തുടങ്ങും മുന്‍പ് തന്നെ ഇന്ത്യയെ തേടി ആദ്യ തിരിച്ചടിയെത്തിയിരുന്നു. അന്നത്തെ ലോക ഒന്നാം നമ്പർ ബാറ്ററായിരുന്ന ദിലിപ് വെങ്സാർക്കർക്ക് മത്സരദിവസം പുലർച്ചെ ഭഷ്യവിഷബാധയേറ്റു. നിർണായക മത്സരത്തില്‍ കപിലിന്റെ പ്രധാന അസ്ത്രത്തിന് കാണിയുടെ റോളായിരുന്നു അന്ന്.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഓപ്പണർ ഗ്രഹാം ഗൂച്ചിന്റെ ശതകത്തിന്റേയും (115) നായകന്‍ മൈക്ക് ഗാറ്റിങ്ങിന്റെ അർദ്ധ സെഞ്ചുറിയുടേയും മികവിലായിരുന്നു ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 254 റണ്‍സെടുത്തത്. ഇന്ത്യയ്ക്കായി മനീന്ദർ സിംഗ് മൂന്നും കപില്‍ രണ്ടും ചേതന്‍ ശർമ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ മുഹമ്മദ് അസ്ഹറൂദീന്റെ അർദ്ധ സെഞ്ചുറി മാറ്റി നിർത്തിയാല്‍ (64) ഇന്ത്യന്‍ ബാറ്റർമാരുടെ ഭാഗത്തു നിന്ന് കാര്യമായ ശ്രമം ഉണ്ടായില്ല. ക്രിസ് ശ്രീകാന്ത് (31), കപില്‍ ദേവ് (30) എന്നവരായിരുന്നു മറ്റ് പ്രധാന സ്കോറർമാർ. 27 പന്തുകള്‍ ശേഷിക്കെ 35 റണ്‍സകലെയാണ് ഇന്ത്യ അന്ന് പുറത്തായത്. നാല് വിക്കറ്റെടുത്ത എഡ്ഡി ഹെമ്മിങ്സും മൂന്ന് വിക്കറ്റെടുത്ത നീല്‍ ഫോസ്റ്ററുമായിരുന്നു ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ തകർത്തത്.

CWC2023 | 'സെമി വേദന'കളുടെ തുടക്കം 87-ല്‍ വാങ്ക്ഡേയില്‍; മൂന്നരപ്പതിറ്റാണ്ടിനിപ്പുറം തിരുത്തുമോ ചരിത്രം
അമിത ആത്മവിശ്വാസത്തിലേക്ക് പോകരുത്; സെമിയില്‍ ഇന്ത്യയ്ക്ക് തന്നെ മുന്‍തൂക്കം

പതിറ്റാണ്ടുകള്‍ക്കിപ്പുറവും മായാത്ത നിരാശ

ഇംഗ്ലണ്ടിനോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതം ഇന്നും താരങ്ങളില്‍ നിന്ന് വിട്ടമാറിയിട്ടില്ല. ഞങ്ങളുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇംഗ്ലണ്ട് താരങ്ങള്‍ സ്പിന്നർമാരെ നേരിടാന്‍ സ്വീപ്പ് ഷോട്ട് പരിശീലിച്ചിരുന്നു. അത് അവർക്ക് ഫലം നല്‍കുകയും ചെയ്തു, വെങ്സാർക്കർ ഓർത്തെടുത്തു.

ഇംഗ്ലണ്ടിന്റെ സ്വീപ്പ് ഷോട്ടുകള്‍ക്ക് മറുതന്ത്രം തങ്ങളുടെ പക്കലില്ലായിരുന്നെന്ന് വിക്കറ്റ് കീപ്പറായിരുന്ന കിരണ്‍ മോറെ പറഞ്ഞു. ഡിആർഎസ് ഇല്ലാതിരുന്ന കാലാത്ത് ഭയമില്ലാതെ സ്വീപ്പ് ഷോട്ട് കളിക്കാന്‍ ഇംഗ്ലണ്ടിനായി. ഗൂച്ചിന്റെ ക്യാച്ച് ശ്രീകാന്ത് വിട്ടുകളഞ്ഞതിന് വലിയ വിലകൊടുക്കേണ്ടി വന്നു, മോറെ കൂട്ടിച്ചേർത്തു.

ചരിത്രം തിരുത്തണം

തുടർച്ചയായ മൂന്നാം ലോകകപ്പിലും സെമിയിലൊരു തോല്‍വി എന്നത് ഇന്ത്യന്‍ ടീമിനും ആരാധകർക്കും താങ്ങാവുന്നതിനും അപ്പുറമായിരിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ വാങ്ക്ഡേയില്‍ ചരിത്രത്തിന്റെ ഭാരമില്ലാതെ വേണം രോഹിതിനും സംഘത്തിനും ഇറങ്ങാന്‍. സമ്മർദത്തിന് കീഴ്പ്പെട്ട് നേടിയെടുത്ത വിജയങ്ങളുടെ ശോഭ നഷ്ടപ്പെടുത്താന്‍ ടീം ഒരുങ്ങില്ലെന്നും ഉറപ്പാണ്.

CWC2023 | 'സെമി വേദന'കളുടെ തുടക്കം 87-ല്‍ വാങ്ക്ഡേയില്‍; മൂന്നരപ്പതിറ്റാണ്ടിനിപ്പുറം തിരുത്തുമോ ചരിത്രം
CWC2023 | വാങ്ക്ഡേയില്‍ 'മാക്സി'മം ഷോ; അഫ്ഗാനെതിരെ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം, മാക്സ്വെല്ലിന് ഇരട്ട സെഞ്ചുറി

വാങ്ക്ഡേയിലെ വിക്കറ്റില്‍ മത്സരത്തിന്റെ ഗതി നിർണയിക്കാന്‍ ടോസ് മുതലുള്ള നിമിഷങ്ങള്‍ക്കാകും. ലോകകപ്പില്‍ ഇതുവരെ നാല് മത്സരങ്ങളാണ് വാങ്ക്ഡേയില്‍ നടന്നത്. മൂന്നിലും ജയം ആദ്യം ബാറ്റ് ചെയ്തവർക്കൊപ്പമായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത് ജയം സ്വന്തമാക്കിയത് ഓസ്ട്രേലിയയാണ്, അതും അഫ്ഗാനിസ്താനെതിരെ ഗ്ലെന്‍ മാക്സ്വല്ലിന്റെ അസാധാരണ ഇന്നിങ്സിന്റെ കരുത്തില്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് കൂറ്റന്‍ സ്കോർ പടുത്തുയർത്തുകയായിരിക്കും ഇരുകൂട്ടരുടേയും ലക്ഷ്യം. എന്നാല്‍ ഇന്ത്യ രണ്ട് സാഹചര്യങ്ങളിലും ഈ ലോകകപ്പില്‍ മികവ് തെളിയിച്ചു കഴിഞ്ഞു. നിർണായക മത്സരത്തില്‍ ലീഗ് ഘട്ടത്തിലെ പ്രകടനം ആവർത്തിക്കാന്‍ കഴിയുമോ എന്നതാണ് ആകാംഷ.

logo
The Fourth
www.thefourthnews.in