ചെറുപ്പക്കാരിലും കൂടുന്ന വൃക്കരോഗം; വില്ലന്മാരാകുന്ന പ്രമേഹവും രക്തസമ്മർദവും, പച്ചക്കറിയിലും വേണം ശ്രദ്ധ

ലക്ഷണങ്ങള്‍ അധികരിച്ച ശേഷമാണ് പലപ്പോഴും വൃക്കരോഗം സ്ഥിരീകരിക്കുന്നത്. അതുകൊണ്ടുതന്നെ നിശബ്ദ കൊലയാളി എന്ന ഗണത്തിലാണ് ഈ രോഗവും പെടുന്നത്.

ഇന്ന് ലോകവൃക്ക ദിനം. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‌റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് എല്ലാ വര്‍ഷവും മാര്‍ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്കദിനമായി ആചരിക്കുന്നത്. ലക്ഷണങ്ങള്‍ അധികരിച്ച ശേഷമാണ് പലപ്പോഴും വൃക്കരോഗം സ്ഥിരീകരിക്കുന്നത്. അതുകൊണ്ടുതന്നെ നിശബ്ദ കൊലയാളി എന്ന ഗണത്തിലാണ് ഈ രോഗവും പെടുന്നത്.

ആഗോളതലത്തില്‍ ഒരു വര്‍ഷം 85കോടി ആളുകളെ ബാധിക്കുന്ന ഒരു രോഗമാണ് ക്രോണിക് കിഡ്‌നി ഡിസീസ്. 2019-ല്‍ മാത്രം 31 ലക്ഷം ആളുകളുടെ മരണത്തിനും കാരണമായിട്ടുണ്ട്. മുതിര്‍ന്നവരുടെ കണക്കെടുത്താല്‍ ഏഴില്‍ ഒന്നിലധികംപേര്‍ ക്രോണിക് കിഡ്‌നി ഡിസീസ് ബാധിതരാണ്. ലോകമെമ്പാടുമുള്ള മരണത്തിന്‌റെ കണക്കെടുത്താല്‍ എട്ടാം സ്ഥാനമാണ് വൃക്കരോഗങ്ങള്‍ക്കുള്ളത്. ഇവ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ 2040 ആകുമ്പോഴേക്കും മരണകാരണമാകുന്ന രോഗങ്ങളില്‍ അഞ്ചാം സ്ഥാനത്തേക്ക് ക്രോണിക് കിഡ്‌നി സീസീസ് എത്തും.

വൃക്കരോഗത്തിനു പിന്നിലെ കാരണങ്ങളും രോഗം ഗുരുതരമാക്കുന്ന അപകടാവസ്ഥകളും വിശദമാക്കുകയാണ് തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലെ കണ്‍സല്‍റ്റന്റ് നെഫ്രോളജിസ്റ്റ് ഡോ. സംഗീത സജീഷ്.

അറിയാം വൃക്കരോഗങ്ങളെ

ഉദരത്തിനകത്ത് നട്ടെല്ലിന് ഇരുവശങ്ങളിലുമായാണ് വൃക്കകളുടെ സ്ഥാനം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയാണ് വൃക്കകളുടെ പ്രധാന കര്‍മമെങ്കിലും ജീവന്‍ നിലനിര്‍ത്താനാവശ്യമായ നിരവധി കാര്യങ്ങള്‍ വൃക്കകള്‍ക്ക് നിറവേറ്റേണ്ടതായുണ്ട്. ഹൃദയം പുറംതള്ളുന്ന രക്തത്തിന്‌റ 20 ശതമാനവും പോകുന്നത് വൃക്കകളിലൂടെയാണ്. ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ നിര്‍ണായക പങ്കാണ് വൃക്കകള്‍ക്കുള്ളത്. വിസര്‍ജ്യ വസ്തുക്കള്‍ പുറംതള്ളുന്നതിനു പുറമേ ലവണങ്ങളുടെയും ജലാംശത്തിന്‌റെയും ക്രമീകരണം, ഹോര്‍മോണുകളുടെ ഉല്‍പ്പാദനം, രക്തസമ്മര്‍ദത്തിന്‌റെ നിയന്ത്രണം ഇങ്ങനെ പല കാര്യങ്ങളിലും വൃക്കകള്‍ പങ്ക് വഹിക്കുന്നു.

ചെറുപ്പക്കാരിലും കൂടുന്ന വൃക്കരോഗം; വില്ലന്മാരാകുന്ന പ്രമേഹവും രക്തസമ്മർദവും, പച്ചക്കറിയിലും വേണം ശ്രദ്ധ
വൃക്ക സൂക്ഷിക്കണം: ഇന്ത്യയിലെ 10 ശതമാനം ജനങ്ങൾക്ക് ഗുരുതര വൃക്ക രോഗങ്ങളുണ്ടെന്ന് റിപ്പോർട്ട്

തുടക്കത്തിലുള്ള രോഗാവസ്ഥയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തതാണ് വൃക്ക രോഗങ്ങളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ വൃക്കരോഗങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ കൂടുതല്‍ എത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആരംഭത്തില്‍ വൃക്കരോഗം കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനുമാകൂ.

പെട്ടെന്നുണ്ടാകുന്ന വൃക്കരോഗങ്ങള്‍( അക്യൂട്ട് കിഡ്‌നി ഡിസീസ്), സ്ഥായിയായ വൃക്കസ്തംഭനം(ക്രോണിക് കിഡ്‌നി ഡിസീസസ്) എന്നിങ്ങനെയാണ് വൃക്കരോഗങ്ങള്‍ പ്രത്യക്ഷമാകുന്നത്. പെട്ടെന്നുണ്ടാകുന്നവ ഏതെങ്കിലും അണുബാധയുടെ ഭാഗമായോ അല്ലെങ്കില്‍ ഡെങ്കിപനി, മലേറിയ തുടങ്ങിയവയുടെ ഭാഗമായി മറ്റ് അവയവങ്ങളെ ബാധിക്കുന്നതോടൊാപ്പം വൃക്കയെയും ബാധിക്കുന്നതാകാം. രോഗത്തിന്‌റെ ഭാഗമായുള്ള രക്തപരിശോധനയിലാകും ക്രിയാറ്റിന്‍ കൂടുതലാണെന്നോ കിഡ്‌നിയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്നോ ഒക്കെ മനസിലാക്കുന്നത്.

അടിക്കടിയുണ്ടാകുന്ന മൂത്രത്തിലെ അണുബാധ വൃക്കകളുടെ താളംതെറ്റിക്കാം. പ്രായമായ പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.

ക്രോണിക് കിഡ്‌നി ഡിസീസസ് കൂടുതലായും ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് വരുന്നതാണ്. പ്രമേഹം, രക്താതി സമ്മര്‍ദം എന്നിവയുടെ ഭാഗമായാണ് ഇവ കൂടുതലായും കാണുന്നത്. സ്റ്റേജ് ഒന്നു മുതല്‍ അഞ്ച് വരെ വിവിധ ഘട്ടങ്ങളായി വൃക്കരോഗം തിരിച്ചിട്ടുണ്ട്. വൃക്കതകരാറിലായതിന്‌റെ കാലയളവ്, മൂത്രത്തിലൂടെയുള്ള പ്രോട്ടീന്‍ ലീക്ക് തുടങ്ങി പല ഘടകങ്ങള്‍വച്ചാണ് ഇത് കണ്ടുപിടിക്കുന്നത്. ആദ്യത്തെ മൂന്ന് സ്റ്റേജ് വരെ കൃത്യമായ ചികിത്സകള്‍ സ്വീകരിക്കുന്നതിലൂടെ ഗുരുതരാവസ്ഥയിലേക്ക് കടക്കാതെ പ്രതിരോധിക്കാനാകും. സ്‌റ്റേജ് നാല് ആകുമ്പോഴേക്കും വൃക്കയുടെ പ്രവര്‍ത്തനം 30 ശതമാനത്തിലും താഴെയാകും. സ്റ്റേജ് അഞ്ചില്‍ 15 ശതമാനത്തിലും താഴെയായിരിക്കും പ്രവര്‍ത്തനം. ഡയാലിസിസ് രോഗികള്‍ സ്റ്റേജ് അഞ്ചില്‍ പെടുന്നവരാണ്.

ക്രിയാറ്റിന്‍ മാത്രമല്ല അടിസ്ഥാനം

വൃക്കയുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിന് ക്രിയാറ്റിന്‌റെ അളവ് മാത്രം കണക്കിലെടുക്കാനാകില്ല. 20 വയസുള്ള ഒരാളുടെയും 80 വയസുള്ള ആളിന്‌റെയും ക്രിയാറ്റിന്‍ വാല്യു ഒരു മില്ലിഗ്രാം ആണെങ്കിലും കിഡ്‌നി ഫങ്ഷനില്‍ വ്യത്യാസമുണ്ടായിരിക്കും. ജിഎഫ്ആര്‍- Glomerular filtration rate വച്ചാണ് കിഡ്‌നി ഫങ്ഷന്‍ കണക്കാക്കുന്നത്. ഇതിന്‌റെ ഒരു ഘടകം മാത്രമാണ് ക്രിയാറ്റിന്‍. പല പ്രായത്തിലുള്ള ആള്‍ക്കാരിലും ക്രിയാറ്റിന്‍ അളവ് ഒന്നാണെങ്കിലും ഫങ്ഷന്‍ റേറ്റ് വ്യത്യാസമായിരിക്കാം. ക്രിയാറ്റിന്‍ നോര്‍മല്‍ ആയിരിക്കുമ്പോളും വൃക്കയില്‍ തകരാറ് ഉണ്ടാകുന്ന തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാം. മൂത്രത്തില്‍ പ്രോട്ടീന്‌റെ അംശം വരുന്ന അസുഖങ്ങളില്‍ പലപ്പോഴും തുടക്കത്തില്‍ കുറേ നാളത്തേക്ക് ക്രിയാറ്റിന്‍ നോര്‍മലായിതന്നെ നില്‍ക്കാം. പക്ഷേ മൂത്രത്തിലെ പ്രോട്ടീന്‍ ലീക്കായിരിക്കും പ്രധാനപ്പെട്ട ലക്ഷണം. അതുകൊണ്ടുതന്നെ മൂത്രപരിശോധനകളും വളരെ പ്രധാനമാണ്.

ചെറുപ്പക്കാരിലും കൂടുന്ന വൃക്കരോഗം; വില്ലന്മാരാകുന്ന പ്രമേഹവും രക്തസമ്മർദവും, പച്ചക്കറിയിലും വേണം ശ്രദ്ധ
വ്യക്കയുടെ ആരോഗ്യം ഡബിളാക്കാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

മൂത്രപരിശോധനയിലൂടെ പ്രോട്ടീന്‍ ലീക്ക് മനസിലാക്കാം. മൂത്രമൊഴിച്ച ശേഷമുള്ള പതയായിരിക്കും രോഗികള്‍ ആദ്യം ശ്രദ്ധിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്‍പോളകളില്‍ നീര്, പ്രോട്ടീന്‍ ലീക്ക് ക്രമാനുഗതമായി വര്‍ധിക്കുമ്പോള്‍ കൈകാലുകളില്‍ നീര് എന്നിവ പ്രത്യക്ഷപ്പെടാം.

ഗുരുതരമാക്കുന്ന പ്രമേഹവും രക്തസമ്മര്‍ദവും

അക്യൂട്ട് കിഡ്‌നി ഇന്‍ജുറി മിക്കവയും ഭേദമാക്കാവുന്നവയാണ്. രോഗകാരണമായ അണുബാധ നിയന്ത്രണത്തിലാകുമ്പോഴേക്കും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ രീതിയിലാകും. ജീവിതശൈലീ രോഗങ്ങളാണ് പ്രധാനമായും വൃക്കകളെ തകരാറിലാക്കുന്നത്. പ്രമേഹം, രക്താതിസമ്മര്‍ദം എന്നിവയാണ് ഇതില്‍ പ്രധാനം. വൃക്കയില്‍ തടസമുണ്ടാകുന്ന സ്റ്റോണ്‍ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അടിക്കടിയുണ്ടാകുന്ന മൂത്രത്തിലെ അണുബാധ വൃക്കകളുടെ താളംതെറ്റിക്കാം. പ്രായമായ പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.

ടൈപ്പ് 2 പ്രമേഹവും തുടക്കത്തില്‍ കണ്ടെത്താന്‍ പലപ്പോഴും സാധിക്കാറില്ല. രോഗലക്ഷണങ്ങള്‍ അധികരിക്കുമ്പോഴാകും പ്രമേഹരോഗിയാണെന്ന് തിരിച്ചറിയുന്നത്. പ്രമേഹരോഗികളില്‍ മൂത്രത്തില്‍ അണുബാധയും തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. പ്രമേഹരോഗികളിലെ ഉണങ്ങാത്ത മുറിവുകള്‍ വൃക്കകളെയും ദോഷകരമായി ബാധിക്കും. പ്രമേഹം, രക്തസമ്മര്‍ദം എന്നിവയുടെ നിയന്ത്രണം, ആഹാരക്രമീകരണം, കൃത്യമായ പരിശോധന എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തില്‍ ജീവിതശൈലീ രോഗ പാരമ്പര്യമുള്ളവര്‍ അത് മനസിലാക്കി നേരത്തേതന്നെ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

അപകടത്തിലാക്കുമോ വെള്ളംകുടി

ഒരസുഖം സംഥിരീകരിച്ചാല്‍ ഗൂഗിള്‍ നോക്കി ചികിത്സ തീരുമാനിക്കുന്നവരാണ് പലരും. കിഡ്‌നി രോഗികള്‍ കുടിക്കേണ്ട വെള്ളത്തിന്‌റെ അളവും പലരും ഇങ്ങനെ നിശ്ചയിക്കാറുണ്ട്. ഇത് ആപത്താണ്. ക്രിയാറ്റിന്‍ ഒരേ അളവില്‍ ഉള്ളവരില്‍ കിഡ്‌നി ഫങ്ഷന്‍ റേറ്റ് വ്യത്യാസമായിരിക്കും. ഓരോ രോഗിക്കും അനുസരിച്ചാണ് വെള്ളത്തിന്‌റെ നിയന്ത്രണം നിശ്ചയിക്കുന്നത്. രോഗിയുടെ മൂത്രത്തിന്‌റെ അളവ്, രോഗിക്കുണ്ടാകുന്ന ശ്വാസംമുട്ട്, മറ്റ് നീര്‍ക്കെട്ടിന്‌റെ ലക്ഷണങ്ങള്‍ ഇങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാകും വെള്ളത്തിന്‌റെ അളവ് തീരുമാനിക്കുക.

വൃക്കകളുടെ പ്രവര്‍ത്തനം സാധാരണരീതിയിലുള്ള ഒരു വ്യക്തിക്ക് കിഡ്‌നി സ്‌റ്റോണോ യൂറിനറി ഇന്‍ഫെക്ഷനോ വരുകയാണെങ്കില്‍ വെള്ളം കൂടുതല്‍ കുടിക്കുന്നതില്‍ തെറ്റില്ല. പക്ഷേ നീരോ നീര്‍ക്കെട്ടിന്‌റെ ലക്ഷണങ്ങളോ ഉള്ള വ്യക്തിക്ക് വെള്ളത്തിന്‌റെ അളവിലും വ്യത്യാസം വരും. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വൃക്കരോഗികള്‍ വെള്ളത്തിന്‌റെ അളവ് ക്രമീകരിക്കാവൂ.

കരിക്കും ഏത്തപ്പഴവും വേണ്ട, പച്ചക്കറിയിലും വേണം ശ്രദ്ധ

പൊട്ടാസ്യം കൂടുതലുള്ള വസ്തുക്കളെല്ലാം വൃക്കരോഗികള്‍ ഒഴിവാക്കേണ്ടതുണ്ട്. കരിക്കിന്‍വെള്ളം പൊട്ടാസ്യം കൂടുതലടങ്ങിയ പാനീയമാണ്. അതുകൊണ്ടാണ് കരിക്കിന്‍വെള്ളം കുടിക്കരുതെന്ന് വൃക്കരോഗികളോട് നിര്‍ദേശിക്കുന്നത്. വൃക്കയുടെ പ്രവര്‍ത്തനം മോശമാകുന്നതനുസരിച്ച് പൊട്ടാസ്യം ശരീരത്തില്‍ അടിഞ്ഞുകൂടും. പൊട്ടാസ്യം ശരീരത്തില്‍ കൂടുന്നത് ദോഷമാണ്. കരിക്കിന്‍വെളളത്തില്‍ മാത്രമല്ല, ഏത്തപ്പഴം, പച്ചക്കറികള്‍, ജ്യൂസുകളിലൊക്കെ പൊട്ടാസ്യം കൂടുതലായിരിക്കും. അതുകൊണ്ടാണ് പച്ചക്കറികള്‍ അരിഞ്ഞ് ചൂടുവെള്ളത്തിലിട്ട് ആ വെള്ളം ഊറ്റിക്കളഞ്ഞശേഷം ഉപയോഗിക്കാന്‍ കിഡ്‌നിരോഗികളോടു നിര്‍ദേശിക്കുന്നത്.

പ്രോട്ടീന്‌റെ അളവും വൃക്കരോഗികള്‍ നിയന്ത്രിക്കേണ്ടതുണ്ട്. എന്തുകാരണം കൊണ്ടുണ്ടായ വൃക്കരോഗമാണെന്നും വൃക്ക രോഗികള്‍ ഏത് വിഭാഗത്തില്‍ പെടുന്നു, സ്റ്റേജ് ഏതാണ്, കിഡ്‌നിയുടെ ഫങ്ഷന്‍ എത്രയാണ് എന്നൊക്കെ കണ്ടെത്തി വേണം വൃക്കരോഗികള്‍ ഡയറ്റ് ക്രമീകരിക്കാന്‍. ഒരു രോഗിയോട് ഡോക്ടര്‍ പറയുന്ന നിയന്ത്രണങ്ങള്‍ മറ്റൊരു രോഗിക്ക് പ്രായോഗികമാകണമെന്നില്ല.

ഡോക്ടര്‍ മരുന്ന് നിര്‍ദേശിക്കുന്നത് വൃക്കകളെ എത്രത്തോളം ബാധിക്കുമെന്ന് മനസിലാക്കിയാണ്. കിഡ്‌നിയുടെ ഫങ്ഷന്‍ അനുസരിച്ച് മരുന്നിന്‌റെ ഡോസില്‍ വ്യത്യാസം വരുത്തും

പ്രമേഹം കാരണമുണ്ടായതാണെങ്കില്‍ പ്രമേഹത്തിന്‌റെയും രക്തസമ്മര്‍ദത്തിന്‌റെയും നിയന്ത്രണം വളരെ പ്രധാനമാണ്. ഉപ്പിന്‌റെ അളവ് നിയന്ത്രിക്കുക പ്രധാനമാണ്. പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം പൊട്ടാസ്യം ഉള്ളതിനാല്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സാധ്യമല്ല. നിയന്ത്രിക്കുക മാത്രമേ വഴിയുള്ളു. പൊട്ടാസ്യത്തിന്‌റെ അളവ് മാക്‌സിമം കുറഞ്ഞ രീതിയില്‍ ശരീത്തിലെത്താനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. പപ്പടം, അച്ചാറ് തുടങ്ങി ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക, ഉപ്പിനു പകരമുള്ള ഇന്തുപ്പ് പോലുള്ളവ ഉപയോഗിക്കാതിരിക്കുക, പ്രോട്ടീന്‌റെ അളവ് കുറയ്ക്കുക തുടങ്ങിയവയാണ് പൊതുവേ കിഡ്‌നി രോഗികളോട് നിര്‍ദേശിക്കുന്നത്.

വേദനസംഹാരി ഉപയോഗിക്കുമ്പോള്‍

അമിതമായ വേദനസംഹാരി ഉപയോഗം വൃക്കകളെ തകരാറിലാക്കുന്നുണ്ട്. ഓവര്‍ ദ കൗണ്ടര്‍ മെഡിക്കേഷന്‍ കുറയ്ക്കുക എന്നത് ഏറെ പ്രധാനമാണ്. ഡോക്ടര്‍ മരുന്ന് നിര്‍ദേശിക്കുന്നത് വൃക്കകളെ എത്രത്തോളം ബാധിക്കുമെന്ന് മനസിലാക്കിയാണ്. കിഡ്‌നിയുടെ ഫങ്ഷന്‍ അനുസരിച്ച് മരുന്നിന്‌റെ ഡോസില്‍ വ്യത്യാസം വരുത്തും. കിഡ്‌നി ഫങ്ഷന്‍ 15 ശതമാനത്തില്‍ താഴെയുള്ള ഒരു വ്യക്തിക്ക് നല്‍കുന്നതും 60 ശതമാനമുള്ള വ്യക്തിക്ക് നല്‍കുന്ന ഡോസും വ്യത്യാസമായിരിക്കും. ഡോക്‌റുടെ കുറിപ്പടി ഇല്ലൊതെ മെഡിക്കല്‍ സ്റ്റോറില്‍ പോയി വാങ്ങിക്കഴിക്കുന്ന രോഗി ഇതൊന്നും ശ്രദ്ധിക്കുന്നില്ല. കൂടാതെ നാട്ടുമരുന്ന്, പച്ചമരുന്ന് ഇവയെല്ലാം കിഡ്‌നിയെ ദോഷകരമായി ബാധിക്കുന്നവയാണ്. ഇവയെല്ലാം ഒഴിവാക്കുകയാണ് രോഗികള്‍ ചെയ്യേണ്ടത്.

വൃക്കസ്തംഭനത്തിലേക്കു നയിക്കാവുന്ന കിഡ്‌നി സ്റ്റോണ്‍

സാധാരണ മിക്കവരിലും കാണപ്പെടുന്ന ഒന്നാണ് കിഡ്‌നി സ്റ്റോണ്‍. മരുന്നുകള്‍ മുതല്‍ ശസ്ത്രക്രിയ വരെ ചികിത്സയില്‍ ആവശ്യമായി വരാം. നാട്ടുമരുന്നുകള്‍ കഴിച്ച് കിഡ്‌നി പ്രവര്‍ത്തനം അവതാളത്തിലാകുന്ന രോഗികളുമുണ്ട്. കല്ല് ഉരുക്കികളയാന്‍ എന്നു പറഞ്ഞ് കഴിക്കുന്ന പല നാട്ടുമരുന്നുകളും വൃക്കകളെ ദോഷകരമായി ബാധിക്കുന്നുണ്ട്. കൊളസ്‌ട്രോളും ശരീരഭാരം കുറയ്ക്കാനും ഉപകാരപ്പെടുമെന്നു കരുതി ഇരുമ്പന്‍ പുളി കൂടുതലായി കഴിക്കുന്നത് ഓക്‌സലേറ്റ് കല്ലുകള്‍ കൂടുതലായി രൂപപ്പെടുന്നതിനു കാരണമാകും. ഇത് വൃക്ക സ്തംഭനത്തിലേക്കു നയിക്കും. ഇന്‌റര്‍നെറ്റിലൂടെയും നാട്ടറിവുകളിലൂടെയും ലഭിക്കുന്ന വിവരങ്ങള്‍വച്ച് വൃക്കരോഗം ചികിത്സിക്കാന്‍ മുതിരരുത്. വെള്ളം കുടിച്ചും മരുന്നുകള്‍ കഴിച്ചും മാത്രം അലിയുന്ന കല്ലുകളായിരിക്കണമെന്നില്ല എല്ലാം.

ചെറുപ്പക്കാരിലും കൂടുന്ന വൃക്കരോഗം; വില്ലന്മാരാകുന്ന പ്രമേഹവും രക്തസമ്മർദവും, പച്ചക്കറിയിലും വേണം ശ്രദ്ധ
സാര്‍സ് കോവ്-2 അണുബാധിതരില്‍ റുമാറ്റിക് ഡിസീസും; ഗുരുതര കോവിഡ് ബാധിച്ചവര്‍ക്ക് മുന്നറിയിപ്പുമായി പഠനം

കാലിലെ നീരും ദേഹത്തെ ചൊറിച്ചിലും

കാലില്‍ നീര് പ്രത്യക്ഷപ്പെട്ടാല്‍ ആദ്യംതന്നെ വൃക്കരോഗം സംശയിക്കുന്നവരുണ്ട്. എന്നാല്‍ വൃക്കരോഗങ്ങള്‍ക്കു മാത്രമല്ല നീര് ഉണ്ടാകുക. ഹൃദയസംബന്ധമായതും കരള്‍ രോഗങ്ങള്‍ക്കും തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ക്കുമൊക്കെ നീര് ലക്ഷണമായി പ്രത്യക്ഷപ്പെടാം. കാലിലെ രക്തക്കുഴലുകള്‍ക്ക് തടസം ഉണ്ടായാലും രക്തയോട്ടത്തില്‍ വ്യത്യാസമുണ്ടായാലും നീര് ഉണ്ടാകാറുണ്ട്. മൂത്രത്തില്‍ പത കാണുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്ന കണ്‍പോളകളിലെയും കാലുകളിലെയും നീര് ഒക്കെ വൃക്കകളെ സംബന്ധിക്കുന്ന അസുഖങ്ങളുടെ ലക്ഷണങ്ങളാണ്. കട്ടന്‍ചായയുടെ നിറത്തിലുള്ള മൂത്രം, മൂത്രത്തില്‍ രക്തത്തിന്‌റെ അംശം കാണുക, മൂത്രത്തിന്‌റെ അളവ് തീരെ കുറയുകയോ കൂടുകയോ ചെയ്യുക, രാത്രിയില്‍ മൂത്രം അധികം തവണ ഒഴിക്കേണ്ടി വരുക തുടങ്ങിയവ കണ്ടാല്‍ ഉറപ്പായും ചികിത്സ തേടേണ്ടതുണ്ട്.

അതുപോലെ വൃക്കരോഗികളില്‍ കാണുന്ന മറ്റൊരു ലക്ഷണമാണ് ദേഹത്തുണ്ടാകുന്ന ചൊറിച്ചില്‍. വൃക്ക രോഗികളില്‍ ശരീരത്തില്‍ യൂറിയ കൂടുതലായിരിക്കും ഇതിന്‌റെ ഫലമാണ് ദേഹത്ത് അനുഭവപ്പെടുന്ന ചൊറിച്ചില്‍. 30 ശതമാനത്തിനു താഴെ കിഡ്‌നിയുടെ പ്രവര്‍ത്തനം പോകുമ്പോഴാണ് യൂറിയ കൂടുന്നത്.

വൃക്കരോഗികളാകുന്ന ചെറുപ്പക്കാര്‍

ജീവിതരീതിയിലെയും ഭക്ഷണത്തിലെയും മാറ്റങ്ങള്‍ കാരണം വൃക്കരോഗത്തിന് അടിമകളാകുന്ന ചെറുപ്പക്കാരുടെ എണ്ണം അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. യുവാക്കളില്‍ നേരത്തേ പ്രത്യക്ഷമാകുന്ന ജീവിതശൈലീ രോഗങ്ങളാണ് ഇവിടെ വില്ലന്‍. മുന്‍പ് 50 വയസിനു മുകളിലുള്ള രോഗികളിലാണ് പ്രമേഹവും രക്താതിസമ്മര്‍ദവുമൊക്കെ കണ്ടിരുന്നത്. ഇപ്പോള്‍ വര്‍ക് റിലേറ്റഡ് സ്‌ട്രെസ് തുടങ്ങി കാരണങ്ങള്‍കൊണ്ടും ജീവിതശൈലികൊണ്ടും 25-30 വയസിനുള്ളില്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിപ്പെടുകയാണ് യുവത്വം. വര്‍ഷങ്ങള്‍ കഴിയുമ്പോളേക്കും ഈ രോഗങ്ങളുടെ ഗുരുതരാവസ്ഥ മറ്റ് അവയവങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും. ഇവയൊക്കെ ശരിയായി നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ അലംഭവം കാട്ടുന്നവരും ഏറെയാണ്. ഇതിന്‌റെ അപകടാവസ്ഥ ഗുരുതരമാകുമ്പോഴാകും തുടക്കത്തിലെ അശ്രദ്ധ പലരും തിരിച്ചറിയുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in