ENTERTAINMENT

'മനിതര്‍ ഉണര്‍ന്തുകൊള്ള ഇത് മനിത കാതലല്ല...'; ഗുണയിലെ ഗാനം പിറന്ന 'സൗഹൃദത്തിന്റെയും വൈരത്തിന്റെയും കഥ'

ഗ്രീഷ്മ എസ് നായർ

മനിതര്‍ ഉണര്‍ന്തുകൊള്ള ഇത് മനിത കാതലല്ല...

അതെയും താണ്ടി പുനിതമാനത്...

(മനുഷ്യര്‍ക്ക് മനസിലാകാന്‍ ഇത് മനുഷ്യരുടെ പ്രണയമല്ല അതിനപ്പുറം പുണ്യമുള്ളതാണ്)

'മഞ്ഞുമല്‍ ബോയ്‌സ്' കണ്ടിറങ്ങുന്ന ഓരോരുത്തരുടേയും മനസില്‍ ഈ വരികള്‍ ആഴത്തില്‍ പടര്‍ന്നിട്ടുണ്ടാകും. ഈ വരികള്‍ മനസില്‍ കണ്ടുതന്നെയാണ് ചിദംബരം ആ ചിത്രം ഒരുക്കിയിട്ടുള്ളതും. 1991 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ ഗുണാ എന്ന ചിത്രത്തിലെ 'കണ്‍മണി അന്‍പോട് കാതലന്‍ നാന്‍ എഴുതും കടിതമേ...' എന്ന ഗാനത്തിലെ വരികളാണിത്. ഡെവിള്‍സ് കിച്ചന്‍ എന്നറിയപ്പെട്ടിരുന്ന ആ സ്ഥലത്തിന് ഗുണാ കേവ് എന്ന പേര് വരാന്‍ കാരണമായ ചിത്രത്തിലെ ഗാനം. വാലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഇളയരാജ. ഈ ഗാനത്തിന് പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.

വൈരമുത്തുവിനോട് വൈരം

ഇളയരാജ- വൈരമുത്തു ഹിറ്റ് കൂട്ടുകെട്ട് പിരിഞ്ഞിട്ട് അധികകാലമായിരുന്നില്ല. ഇരുവരെയും എങ്ങനെയെങ്കിലും ഒരുമിപ്പിക്കണമെന്ന ആഗ്രഹത്തില്‍ കമല്‍ഹാസന്‍ വൈരമുത്തുവിനെക്കൊണ്ട് പാട്ടെഴുതിക്കാന്‍ തീരുമാനിച്ചു. വൈരമുത്തു പാട്ടെഴുതാന്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ ഇളയരാജ സമ്മതിച്ചില്ല. കമല്‍ഹാസന്‍ പലകുറി സംസാരിച്ചിട്ടും വൈരമുത്തുവിന്റെ വരികള്‍ക്ക് സംഗീതം നല്‍കില്ലെന്ന നിലപാട് മാറ്റാന്‍ ഇളയരാജ തയാറായില്ല.

അന്ന് തമിഴ് സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത സംഗീത സംവിധായകനായ ഇളയരാജയെ മാറ്റി മറ്റൊരാളെ ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യവും. ഒടുവില്‍ ഇളയരാജയുടെ സമ്മര്‍ദത്തിന് കമല്‍ഹാസന്‍ വഴങ്ങി. ഇളയരാജ തന്നെ വാലിയെ കൊണ്ട് പാട്ടെഴുതിച്ചു. കണ്‍മണി അന്‍പോട് കാതലന്‍ എന്ന ഗാനം പിറന്നു. സുഹൃത്തുക്കളുടെ പിണക്കം മാറ്റാനുള്ള കമല്‍ഹാസന്റെ ശ്രമം വിജയിച്ചില്ലെങ്കിലും വാലി - ഇളയരാജ കൂട്ടുകെട്ടില്‍ പിറന്ന ഗാനം പ്രണയഗാനങ്ങളിലെ 'വൈര'മായി മാറി.

വൈരമുത്തു - ഇളയരാജ ഭിന്നത

ഒരുകാലത്ത് തമിഴിലെ ഹിറ്റ് ജോഡികളായിരുന്നു ഇളയരാജയും വൈരമുത്തുവും. കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ വൈരമുത്തു സിനിമയിലെത്തിയതും ഇളയരാജ സംഗീതസംവിധായകനായ ചിത്രത്തിലൂടെയായിരുന്നു. ഭാരതിരാജയുടെ 'നിഴല്‍കള്‍' എന്ന സിനിമയില്‍ ഗാനരചന നിര്‍വഹിച്ചാണ് വൈരമുത്തു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അഞ്ച് വര്‍ഷത്തോളം ആ കൂട്ടുകെട്ട് തുടര്‍ന്നു. 86 ല്‍ കെ ബാലചന്ദറിന്റെ 'പുന്നകൈ മന്നന്‍' ആണ് ഇരുവരും അവസാനമായി ഒരുമിച്ച ചിത്രം. അതിനുശേഷമാണ് ആ കൂട്ടുകെട്ടില്‍ വിള്ളല്‍ വീണത്.

ഇരുവരും തമ്മിലുള്ള പിണക്കം തമിഴ് സിനിമയില്‍ പാട്ടാണെങ്കിലും വ്യക്തമായ കാരണം ഇതുവരെ ആരും പുറത്തുപറഞ്ഞിട്ടില്ല. പക്ഷേ തമിഴിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്ന കഥ ഇതാണ്:

ഇളയരാജ എതിരാളികളില്ലാതെ പ്രശസ്തിയില്‍നിന്ന് പ്രശസ്തിയിലേക്ക് കുതിക്കുന്ന കാലം. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിച്ച് ഒരു ആഴ്ചപ്പതിപ്പ് ഇളയരാജയെ സമീപിച്ചു. എഴുതാന്‍ സമയമില്ല പകരം വോയ്സ് റെക്കോര്‍ഡ് ചെയ്ത് തരാം, നിങ്ങള്‍ കേട്ടെഴുതിക്കോളൂ എന്നായി ഇളയരാജ. ആ നിര്‍ദേശം പക്ഷേ ആഴ്ചപ്പതിപ്പുകാര്‍ക്ക് സ്വീകാര്യമായില്ല. അവര്‍ തന്നെ മറ്റൊരു നിര്‍ദേശവും മുന്നോട്ടുവച്ചു. ഇളയരാജയുടെ അടുത്ത സുഹൃത്തുകള്‍ ആരെങ്കിലും എഴുതിത്തന്നാലും മതി. ഇളയരാജ ദൗത്യം വൈരമുത്തുവിനെ ഏല്‍പ്പിച്ചു, ഒപ്പം ഒരു നിബന്ധന വച്ചു, തന്റെ പേരില്‍ ലേഖനം എഴുതുന്നത് വൈരമുത്തുവാണെന്ന് ആരും അറിയരുത്.

നിബന്ധന സ്വീകരിച്ച വൈരമുത്തു ഇളയരാജയ്ക്കായി ആത്മകഥ എഴുതിത്തുടങ്ങി. നാലഞ്ച് ആഴ്ചകൊണ്ട് ആത്മകഥ ശ്രദ്ധിക്കപ്പെട്ടു. ഇളയരാജയുടെ പാട്ടുപോലെ ആത്മകഥയും തമിഴില്‍ സൂപ്പര്‍ഹിറ്റ്. എഴുതുന്നത് ഇളയരാജയല്ല , വൈരമുത്തുവാണെന്ന കാര്യം പതുക്കെപ്പതുക്കെ തമിഴ് സിനിമയുടെ രഹസ്യചര്‍ച്ചകളില്‍ ഇടംപിടിച്ചു. വൈകാതെ അക്കാര്യം ഇളയരാജയുടെ ചെവിയിലുമെത്തി. വൈരമുത്തു തന്നെയാണ് രഹസ്യം പ്രചരിപ്പിച്ചതെന്ന് ഇളയരാജ ഉറച്ചുവിശ്വസിച്ചു. അന്ന് തുടങ്ങിയ പിണക്കം ഇന്നും രമ്യതയിലെത്തിയിട്ടില്ല.

ഇളയരാജയുമായുള്ള പിണക്കം വൈരമുത്തുവിന്റെ കരിയര്‍ അവസാനിപ്പിച്ചുവെന്ന് തോന്നിയിടത്താണ് എ ആര്‍ റഹ്‌മാന്‍ സംഗീതസംവിധായകനായി എത്തുന്നതും റഹ്‌മാന്‍ - വൈരമുത്തു കൂട്ട് ആരംഭിക്കുന്നതും. എങ്കിലും ഇളയരാജ - വൈരമുത്തു പിണക്കം അവസാനിപ്പിക്കാന്‍ കമല്‍ഹാസനടക്കമുള്ള താരങ്ങളും ഭാരതിരാജയടക്കമുള്ള സംവിധായകരും പലകുറി മുന്‍കൈയെടുത്തെങ്കിലും ഇളയരാജ വഴങ്ങിയില്ല.

രണ്ടുപേരും എക്കാലവും ഒരുമിച്ചുനിന്നാല്‍ പുതുമയുണ്ടാകില്ലെന്നും ഇരുവരുടെയും വളര്‍ച്ചയ്ക്കായാണ് പിരിഞ്ഞതെന്നുമാണ് വൈരമുത്തു പലപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് ഇളയരാജ ഇന്നേവരെ തയാറായിട്ടുമില്ല.

50 ദിവസത്തിനു ശേഷം കെജ്‌രിവാൾ പുറത്തേക്ക്; തിഹാർ ജയിലിനു മുന്നിൽ പാട്ടും ഡാൻസുമായി ആഹ്ളാദം പങ്കിട്ട് പ്രവർത്തകർ

ബ്രിജ് ഭൂഷൺ സിങിന് തിരിച്ചടി; ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും അടക്കം കുറ്റങ്ങൾ ചുമത്താൻ കോടതി ഉത്തരവ്

'മദ്യനയക്കേസിലെ പങ്കിനെക്കുറിച്ച് സംസാരിക്കരുത്'; കെജ്‌രിവാളിന്റെ ജാമ്യവ്യവസ്ഥകൾ വ്യക്തമാക്കി സുപ്രീം കോടതി

രക്തസാക്ഷി പരിവേഷവുമായി കെജ്‌രിവാള്‍ പ്രചാരണത്തിനെത്തുന്നു; പുത്തനുണർവിൽ 'ഇന്ത്യ'

'ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി'; കെജ്‌രിവാളിന്റെ ജാമ്യത്തില്‍ പ്രതിപക്ഷം