ENVIRONMENT

കാലാവസ്ഥ ദുരന്തങ്ങൾ, കോപ്പ് ഉച്ചകോടി: ഫോസിൽ ഇന്ധനങ്ങളുടെ അന്ത്യം കുറിച്ചോ 2023 ?

വെബ് ഡെസ്ക്

ആഗോള കാലാവസ്ഥ സാഹചര്യങ്ങളെ മുൻനിർത്തി നോക്കുമ്പോൾ വളരെ സുപ്രധാനമായ ഒരു വർഷമാണ് 2023. രണ്ട് തരത്തിലാണ് ഈ വർഷം പ്രസക്തമാകുന്നത്. ഒന്നാമതായി കാലാവസ്ഥ പ്രതിസന്ധികളെയും അതിന്റെ ഭീകരമായ ദുരന്തങ്ങളെയും ലോകം കണ്ടു എന്നത് തന്നെയാണ്. രണ്ടാമതായി ഇരുപത്തിയെട്ടാമത്‌ കോപ്പ് ഉച്ചകോടി ചില സുപ്രധാന തീരുമാനങ്ങളോടെയാണ് അവസാനിച്ചത്. ഈ രണ്ട് കാര്യങ്ങളാണ് 2023 നെ ഏറെ പ്രസക്തമാക്കുന്നത്.

2023 ന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന വർഷത്തെ കൂടുതൽ പ്രതീക്ഷയുറ്റതാക്കുന്ന മറ്റൊരു കാര്യമാണ് ഫോസിൽ ഇന്ധനങ്ങളുടെ അന്ത്യം. ഫോസിൽ ഇന്ധനങ്ങളുടെ അന്ത്യത്തിന്റെ ആരംഭമായാണ് 2023 നെ പല വിദഗ്‌ധരും കാണുന്നത്. കാലാവസ്ഥ വ്യതിയാനങ്ങളും അതേ തുടർന്നുള്ള ദുരന്തങ്ങളും കുറയ്ക്കാനുള്ള ആഗോള ശ്രമങ്ങൾ ഈ വർഷം ഒരു സുപ്രധാന നാഴിക കല്ലിൽ എത്തിയതായാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ആഗോള ഫോസിൽ ഇന്ധന സമ്പദ്‌വ്യവസ്ഥ തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നതിന് മുൻപ് വാർഷിക ഉദ്‌വമനം ഏറ്റവും ഉയർന്ന തോതിൽ എത്തിയ വർഷം കൂടിയാണ് 2023. വരാനിരിക്കുന്ന വർഷങ്ങളിൽ ഈ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യം പ്രോത്സാഹനജനകമാണെങ്കിലും ലോകത്തിന് ആവശ്യമായ ദ്രുതഗതിയിലുള്ള ചലനങ്ങളെ വെച്ച് നോക്കുമ്പോൾ വളരെ പതുക്കെയാണ് നമ്മുടെ നീക്കമെന്നാണ് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

2030 ന് മുമ്പ് എണ്ണ, വാതകം, കൽക്കരി എന്നിവയുടെ ഉപഭോഗം ഏറ്റവും ഉയർന്നതായിരിക്കുമെന്നും കാലാവസ്ഥാ നയങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ കുറയാൻ തുടങ്ങുമെന്നും വ്യക്തമാക്കിയ ഇന്റർനാഷണൽ എനർജി ഏജൻസി ഫോസിൽ ഇന്ധന യുഗത്തിന് അന്ത്യം ആരംഭിച്ച് കഴിഞ്ഞെന്ന് ഈ വർഷമാദ്യം പ്രതീക്ഷ ഉയർത്തിയിരുന്നു. "ഇനി കാലാവസ്ഥ ദുരന്തങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കാനാകുമോ എന്ന ചോദ്യമില്ല. എത്ര പെട്ടെന്ന് എന്ന് മാത്രമേ ചോദ്യമുള്ളൂ. എത്രയും വേഗമാണോ നമുക്കെല്ലാവർക്കും അത്രയും നല്ലത്," ഐ‌ഇ‌എ മേധാവി ഫാത്തിഹ് ബിറോൾ പറയുന്നു.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉദ്‌വമന വർധനയ്ക്ക് രണ്ട് വർഷം മാത്രം പിന്നിടുമ്പോഴാണ് ഇത്തരമൊരു നാഴികക്കല്ലിലേക്ക് നമ്മൾ എത്തുന്നത്. ഇതെങ്ങനെ സാധ്യമായി എന്ന് മനസിലാക്കാൻ ആഗോള വൈദ്യുതി മേഖലയിലേക്ക് നോക്കാം. വൈദ്യതി ഉൽപ്പാദിപ്പിക്കുന്നത്തിലൂടെയുള്ള ഉദ്‌വമനം 2023 ന്റെ ആദ്യ പകുതിയിൽ വളരെ ഉയർന്ന നിലയിൽ കാണപ്പെട്ടുവെന്നും അടുത്ത വർഷം മുതൽ കുറയാൻ സാധ്യതയുണ്ടെന്നും വിവിധ പഠനങ്ങൾ കണ്ടെത്തുന്നു.

ആഗോള വൈദ്യുതി ആവശ്യകതയുടെ 92% പ്രതിനിധീകരിക്കുന്ന 78 രാജ്യങ്ങളിലെ വൈദ്യുതി ഉൽപാദനത്തെക്കുറിച്ച് പഠിക്കുന്ന റിപ്പോർട്ടുകളിൽ സൗരോർജത്തിൽ നിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന അളവിൽ 16% ഉയർച്ചയും ആഗോള തലത്തിൽ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തിൽ 10% വർധനയും കണ്ടെത്തി. വൈദ്യുതി ഉൽപാദനത്തിൽ കാറ്റിന്റെയും സൗരോർജത്തിന്റെയും ക്രമാനുഗതമായ ഉയർച്ച ആഗോളതലത്തിൽ ഫോസിൽ ഇന്ധനങ്ങളെ മാറ്റിസ്ഥാപിക്കാൻ തുടങ്ങുമെന്ന് അർഥമാകുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം വികസിത രാജ്യങ്ങളിലെ എണ്ണ ആവശ്യകതയുടെ 50% വരുന്ന റോഡ് ഇന്ധനങ്ങളുടെ ആവശ്യകത ഇല്ലാതാക്കുമെന്നും പ്രതീക്ഷകളുണ്ട്. യുക്രെയ്നിലെ റഷ്യൻ അധിനിവേശം 2022-ൽ എണ്ണ-വാതക വിലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് കാരണമായി. ഇത് ഊർജത്തിന്റെ ആഭ്യന്തര സ്രോതസ്സുകൾ സുരക്ഷിതമാക്കുന്നതിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചു.

ഗവൺമെന്റുകളുടെ പ്രഖ്യാപിത നയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങളിൽ ഉദ്‌വമനം കുറയാൻ തുടങ്ങുന്നതിന് മുൻപ് ഈ വർഷം തന്നെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയേക്കാം എന്ന് കണ്ടെത്തിയിരുന്നു. ചൈനയുടെ കാർബൺ ബഹിർഗമനം 2024-ഓടെ ഘടനാപരമായ തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നതിന് മുമ്പ് ഈ വർഷം അത് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും കണ്ടെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്നതും യു.എസ്, ഇന്ത്യ, റഷ്യ എന്നിവയുടെ ഉദ്‌വമനത്തേക്കാൾ കൂടുതലും ആണ് ചൈനയുടെ കാർബൺ ബഹിർഗമനം.

എന്നാൽ ഫോസിൽ ഇന്ധനങ്ങൾ അതിന്റെ അവസാനം കണ്ടു തുടങ്ങിയെന്ന് എല്ലാവരും സമ്മതിക്കുന്നുമില്ല. എണ്ണയുടെ ആവശ്യകത, ഉദ്‌വമനം കുറയുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ലെന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരിൽ ചിലർതന്നെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

2050 വരെ വർധിച്ചുവരുന്ന എണ്ണയുടെ ആഗോള ആവശ്യകതയ്ക്ക് അനുസൃതമായി ഊർജവുമായി ബന്ധപ്പെട്ട കാർബൺ ഉദ്‌വമനം വർധിക്കുമെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷൻ (ഇഐഎ) ഈ വർഷമാദ്യം പ്രവചിച്ചിരുന്നു. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് രാജ്യങ്ങളും (ഒപെക്) ആഗോളതലത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സമീപ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വേഗത്തിലാണെങ്കിലും, എണ്ണ ആവശ്യകത 2045 വരെ വളർന്നുകൊണ്ടിരിക്കും.

ഇക്കാര്യത്തെ മുൻ നിർത്തി പഠനങ്ങളും പര്യവേക്ഷണങ്ങളും നടക്കുന്നുണ്ടെങ്കിലും ഫോസിൽ ഇന്ധനങ്ങളുടെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു എന്ന പ്രതീക്ഷയാണ് ആഗോള തലത്തിൽ ഉയരുന്നത്.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'