INDIA

രാജ്യസഭാ തിരഞ്ഞെടുപ്പ്: കർണാടകയിൽ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്ത് ബിജെപി എംഎൽഎ

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിൽ അട്ടിമറിയിലൂടെ ഒരു രാജ്യസഭാ സീറ്റ് പിടിക്കാൻ കരുക്കൾ നീക്കിയ ബിജെപിക്ക് തിരിച്ചടിയായി എംഎൽഎയുടെ ക്രോസ് വോട്ടിങ്. ബിജെപി എംഎൽഎ എസ്‌ റ്റി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ടു ചെയ്തതായി സ്ഥിരീകരണം. മനസാക്ഷി വോട്ടു രേഖപ്പെടുത്തിയെന്നു എംഎൽഎയും പിന്നീട് പാർട്ടി ചീഫ് വിപ്പ് ദൊഡ്ഡണ്ണ ഗൗഡയും സ്ഥിരീകരിച്ചതോടെയാണ് വോട്ടെണ്ണലിന് മുൻപ് വിവരം പുറത്തറിഞ്ഞത്.

എംഎൽഎ ക്രോസ്സ് വോട്ടു ചെയ്യുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും ബിജെപി നേതൃത്വം അത് കാര്യമാക്കിയിരുന്നില്ല. വോട്ടു രേഖപ്പെടുത്തിയതിനെ കുറിച്ചുളള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി എസ്‌ റ്റി സോമശേഖർ തന്നെയാണ് ക്രോസ് വോട്ട് രേഖപ്പെടുത്തിയെന്ന സൂചന നൽകിയത്. മനസാക്ഷി വോട്ടു രേഖപ്പെടുത്തി എന്നായിരുന്നു മാധ്യമ ക്യാമറകൾക്ക് മുന്നിൽ അദ്ദേഹത്തിന്റെ പ്രതികരണം.

എസ്‌ റ്റി സോമശേർ

2019ൽ കോൺഗ്രസ് - ജെഡിഎസ് സഖ്യ സർക്കാരിനെ മറിച്ചിടാൻ ബിജെപിയിലേക്ക് ചേക്കേറിയ 16 എംഎൽഎമാരിൽപെട്ട ആളാണ് എസ്‌ റ്റി സോമശേഖർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു തന്നെ കോൺഗ്രസിലേക്കു തിരികെ പോകാനുളള നീക്കങ്ങൾ സോമശേഖർ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞു നോക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ ഉറപ്പിന്മേൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച സോമശേഖർ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായും നല്ല ബന്ധം പുലർത്തി വരികയായിരുന്നു.

ഇതിനിടയിലാണ് രാജ്യസഭ തിരഞ്ഞെടുപ്പിൽ ക്രോസ്സ് വോട്ടു ചെയ്തു കൊണ്ട് എംഎൽഎ കോൺഗ്രസിനോടുള്ള മമത തെളിയിച്ചത്. സമാന രീതിയിൽ 2019ൽ ബിജെപിയിലേക്ക് കൂറുമാറിയ ശിവറാം ഹെബ്ബാർ വോട്ടു ചെയ്യാൻ എത്താത്തതും പാർട്ടിക്ക് തിരിച്ചടിയായി. ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്രയും മുതിർന്ന നേതാക്കളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച് ഓഫ് ആണെന്ന വിവരമാണ് കിട്ടിയത്. ശിവറാം ഹെബ്ബാറും 'ഘർവാപ്പസിക്ക്' ഒരുങ്ങുന്നതായാണ് സൂചന.

അതേസമയം എം എൽ എമാരായ എസ്‌ റ്റി സോമശേഖരക്കും ശിവറാം ഹെബ്ബറിനും എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബിജെപി. ഇരുവരും പാർട്ടി അച്ചടക്കം ലംഘിച്ചു . കോൺഗ്രസിൽ പോകേണ്ടവർ എം എൽ എ സ്ഥാനം രാജിവെച്ചു അന്തസായി ഇറങ്ങിപ്പോകുകയാണ് വേണ്ടത്. അല്ലാതെ പാർട്ടി നൽകിയ എം എൽ എ സ്ഥാനം ഉപയോഗിച്ച്‌ എതിർ പാർട്ടിക്ക് വോട്ടു ചെയ്യുകയല്ലെ വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആർ അശോക് കുറ്റപ്പെടുത്തി. വൈകാതെ ഇരുവരും എം എൽ എ സ്ഥാനം രാജി വെച്ചേക്കുമെന്നാണ് സൂചന.

ശിവറാം ഹെബ്ബാർ

രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയ ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ തിങ്കളാഴ്ച്ച ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ രണ്ടു ബസുകളിലായാണ് കെപിസിസി ഇവരെ നിയമസഭാ മന്ദിരത്തിലെ പോളിംഗ് ബൂത്തിൽ എത്തിച്ചത്. സ്പീക്കറേയും അന്തരിച്ച ഒരു എംഎൽഎയെയും ഒഴിച്ച് നിർത്തിയാൽ 134 ആണ് നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം. രണ്ടു സ്വതന്ത്രരുടെയും ജനാർദ്ദന റെഡ്ഢി എംഎൽഎയുടെയും വോട്ടുകൾ ഉൾപ്പടെ 137 വോട്ടുകൾ ഉറപ്പാക്കി ആയിരുന്നു കോൺഗ്രസ്‌ മൂന്നു പേരെ നാമനിർദേശം ചെയ്തത്. ജയിക്കാൻ 45 വോട്ടുകൾ വീതമാണ് ഓരോ സ്ഥാനാർഥിക്കും ലഭിക്കേണ്ടത്.

66 അംഗബലമുളള ബിജെപിക്ക് ഒരാളെ രാജ്യസഭയിലേക്ക് അയക്കാനാകും. എന്നാൽ ജെഡിഎസുമായി സഖ്യം ചേരുമ്പോൾ ലഭിച്ച ബാക്കി 40 എംഎൽഎമാരുടെ വോട്ടുകളും കോൺഗ്രസിൽ നിന്ന് അഞ്ച് വോട്ടുകളും ചാക്കിലാക്കി ഒരാളെ കൂടി ജെഡിഎസിന്റെ പ്രതിനിധി ആയി രാജ്യസഭയിലെത്തിക്കാനുളള ചരടുവലികൾ ആയിരുന്നു ബിജെപി നടത്തിയത്.

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും

'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി