ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് 
INDIA

ബ്രിജ് ഭൂഷണിന്റെ മൊഴി രേഖപ്പെടുത്തി ഡല്‍ഹി പോലീസ്; ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ നിഷേധിച്ചു

വെബ് ഡെസ്ക്

വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗിക ആരോപണ പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മൊഴി രേഖപ്പെടുത്തി. ഡല്‍ഹി പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബ്രിജ് ഭൂഷണിന്റെ മൊഴിയെടുത്തത്. ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിച്ചു.

വിവിധ രേഖകള്‍ ഹാജരാക്കാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് അന്വേഷണസംഘം നിര്‍ദേശം നല്‍കി. ഡല്‍ഹി പോലീസിലെ വനിതാ ഡിസിപിയുടെ നേതൃത്വത്തിലാണ് പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. വനിതാ ഗുസ്തി താരങ്ങളുടെ പരാതിയില്‍ വിനോദ് തോമറിനെതിരേയും പരാമര്‍ശമുണ്ട്.

ഡല്‍ഹി പോലീസ് ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിന് ശേഷമാണ് മൊഴിയെടുക്കുന്നതിനായി ബ്രിജ് ഭൂഷണിനെ വിളിപ്പിച്ചത്. വനിതാ താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണിനെതിരെ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ ഒരു എഫ്ഐആറും മറ്റുള്ളവരുടെ പരാതിയില്‍ ഒരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. പോക്സോ കേസ് ഉള്‍പ്പെടെയാണ് ബ്രിജ് ഭൂഷണിനെിരെ ചുമത്തിയിരിക്കുന്നത്.

ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിജ് ഭൂഷണ്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ നുണപരിശോധനയ്ക്ക് വിധേയരാകാമെന്ന മറുപടിയാണ് ഗുസ്തി താരങ്ങള്‍ നല്‍കിയത്.

ബ്രിജ് ഭൂഷണിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുകയാണ്. 2023 ജനുവരിയിലെ ആദ്യഘട്ട പ്രതിഷേധത്തിന് ശേഷം ഏപ്രിലില്‍ ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധത്തിലേക്ക് കടന്നു. പ്രായപൂര്‍ത്തിയാകാത്തയാളടക്കം ഏഴുപേരാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണ പരാതി നല്‍കിയത്. പരാതിയിന്മേല്‍ കേസെടുക്കാന്‍ തയ്യാറാകാത്ത ഡല്‍ഹി പോലീസിന്റെ നിലപാടിനെതിരെയാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് നടപടികള്‍ക്ക് വേഗം കൈവന്നത്. കേസെടുക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. പോക്സോ വകുപ്പുള്‍പ്പെടെ ചുമത്തിയിട്ടും, ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. ഇതോടെ ഗുസ്തി താരങ്ങളും നിലപാട് കടുപ്പിച്ചു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അവര്‍.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും