INDIA

ഇലക്ടറല്‍ ബോണ്ട്: എസ്ബിഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം; 'വിവരങ്ങൾ നാളെത്തന്നെ കൈമാറണം, ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി'

വെബ് ഡെസ്ക്

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനകളുടെ വിവരങ്ങൾ കൈമാറാനുള്ള സമയപരിധി നീട്ടണമെന്ന എസ്ബിഐയുടെ ഹർജി തള്ളി സുപ്രീം കോടതി. വിവരങ്ങൾ നാളെത്തന്നെ കൈമാറണമെന്ന് വ്യക്തമാക്കിയ കോടതി, ഇല്ലെങ്കിൽ എസ്ബിഐ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

ഇലക്ടറൽ ബോണ്ട് വഴി സംഭാവന സ്വീകരിച്ചവരുടെ സമ്പൂർണ വിവരങ്ങൾ നാളെ ബാങ്ക് പ്രവർത്തന സമയം അവസാനിക്കുന്നതിന് മുൻപ് എസ്‌ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം. 15 ന് വൈകിട്ട് അഞ്ചിനുള്ളിൽ മുഴുവൻ വിവരങ്ങളും കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

2019 ഏപ്രിൽ 12 മുതൽ സ്വീകരിച്ചതും രാഷ്ട്രീയ പാർട്ടികൾ പണമായി മാറ്റിയതുമായ ഇലക്ടറല്‍ ബോണ്ടുകളുടെ ബോണ്ടുകളുടെ വിശദാംശങ്ങൾ മാർച്ച് ആറിനകം കമ്മീഷനിൽ സമർപ്പിക്കാനാണ് കോടതി നേരത്തെ എസ്ബിഐക്ക് നിർദേശം നൽകിയത്. എസ്ബിഐ നൽകുന്ന വിശദവിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ മാര്‍ച്ച് 13-ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ രേഖകള്‍ സമർപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്ബിഐയുടെ ഹർജി. ഒരുപാട് രേഖകൾ പരിശോധിച്ച് മാത്രമേ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുകയുള്ളൂവെന്നും ഇത് ക്രോഡീകരിച്ച് സമർപ്പിക്കാൻ സമയം വേണമെന്നുമയിരുന്നു എസ്ബിഐയുടെ ഹർജിയിലെ ആവശ്യം.

ഇലക്ടറല്‍ ബോണ്ട് കേസിലെ ഹർജിക്കാരായ സിപിഎമ്മും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും എസ്‌ബിഐക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു. സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ മാർച്ച് ആറിനകം സമർപ്പിക്കണമെന്ന കോടതി ഉത്തരവ് മനഃപൂര്‍വം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എസ്ബിഐക്കൊപ്പം കേന്ദ്രസർക്കാരിനെയും കക്ഷി ചേർത്തായിരുന്നു ഹർജി.

ഈ ഹർജികൾക്ക് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. അവ പിന്നീട് പരിഗണിക്കും.

ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയവരുടെ വിവരങ്ങൾ നൽകാൻ കൂടുതൽ സമയം വേണണെന്ന എസ്ബിഐയുടെ ആവശ്യം കേന്ദ്ര സർക്കാരിനെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. എസ്ബിഐയുടെ വാദങ്ങൾ കേന്ദ്ര സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

ലോക്സഭാ തിരെഞ്ഞെടുപ്പ് വരെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ മറച്ച് വെക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത് ബിജെപിക്ക് തിരിച്ചടിയാകും. അതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് എസ്ബിഐ സമയം നീട്ടിച്ചോദിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

'വിരമിക്കല്‍ നിയമം' മോദിയെ തിരിഞ്ഞുകുത്തുന്നു; കെജ്‌രിവാള്‍ തുറന്നുവിട്ട 'ഭൂതം' ബിജെപിയെ വെട്ടിലാക്കുമ്പോള്‍

വുഹാനിലെ കോവിഡ് റിപ്പോർട്ട് ചെയ്തു; നാലു വർഷം തടവിലായിരുന്ന ചൈനീസ് മാധ്യമപ്രവർത്തക ജയിൽ മോചിതയാവുന്നു

രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക്; ഉപഗ്രഹങ്ങളെയും മൊബൈൽ സിഗ്നലുകളെയും ബാധിച്ചേക്കും

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ

ഒവൈസിയുടെ കോട്ട തകരുമോ? ഹൈദരാബാദില്‍ എഐഐഎമ്മിനെ ഭയപ്പെടുത്തി വോട്ടിങ് ശതമാനം