KERALA

സംസ്ഥാനത്ത് വാഹന പരിശോധന ശക്തമാക്കി സർക്കാർ; ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥരും ഉത്തരവാദികളെന്ന് മന്ത്രി

വെബ് ഡെസ്ക്

വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേ​ഗതയും അശ്രദ്ധയുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. വേ​ഗപ്പൂട്ട് നീക്കിയവർക്കെതിരെ ക്രിമിനൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസുകൾക്കെതിരായ പരിശോധന തുടരുമെന്നും രൂപംമാറ്റം വരുത്തുന്ന വർക്ക് ഷോപ്പുകൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്നും മന്ത്രി അറിയിച്ചു. വാ​ഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ടൂറിസ്റ്റ് ബസുകളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടു വരുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് മന്ത്രി പറഞ്ഞു.

വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ 5000 രൂപയില്‍ നിന്ന് 10,000 രൂപയാക്കും

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടത്തുന്ന ഓപ്പറേഷന്‍ കൂടുതല്‍ ശക്തമായി തുടരാന്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി പറഞ്ഞു. നിയമവിരുദ്ധമായ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിങ്സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിങ് ലൈറ്റ്, സിഗ്‌നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും. കേരളത്തിലെ 86 ആര്‍ ടി ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും അതത് ഓഫീസിന് കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നല്‍കും. ഓരോ ആഴ്ചയും ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ തലത്തില്‍ കുറഞ്ഞത് 15 വാഹനങ്ങള്‍ ചെക്കിങ് നടത്തും. വാഹനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിങ്സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിങ് ലൈറ്റ്, സിഗ്‌നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും.

ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുവാന്‍ സംസ്ഥാന എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തും. ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സ് പുനഃസ്ഥാപിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്റ് റിസര്‍ച്ചില്‍ (IDTR) റിഫ്രഷര്‍ ട്രെയിനിങ് പൂര്‍ത്തിയാക്കണം. ഏകീകൃത കളര്‍ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ഉടനടി കര്‍ശനമായി നടപ്പിലാക്കും. കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വാഹനങ്ങളുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുവാന്‍ മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കുമെന്ന് ആന്റണി രാജു പറഞ്ഞു. പൊതുജനങ്ങള്‍ക്ക് വാട്ടസ്ആപ്പിലൂടെ ഇത്തരം വാഹനങ്ങളുടെ വീഡിയോയും അയക്കാം. വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയില്‍ നിന്ന് 10,000 രൂപയായി വര്‍ധിപ്പിക്കും. അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഫ്രീ മൂവ്‌മെന്റ് അനുവദിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം റദ്ദാക്കി. തമിഴ്‌നാട് മാതൃകയില്‍ കേരളത്തിലും ഇനി വാഹനനികുതി ഈടാക്കും. അല്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ നവംബര്‍ 1 മുതല്‍ കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ​സർക്കാരിന്റെതിന് സമാനമായ നടപടികൾ ​ഹൈക്കോടതി എടുത്തത് സ്വാ​ഗതാർമാണെന്ന് ഗതാഗതമന്ത്രി

ഡ്രൈവര്‍മാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിങ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുവാന്‍ സഹായിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ക്കെതിരെ നടപടി കൈക്കൊള്ളും. ഈ മാസം 15-ന് മുന്‍പ് നാല് സോണിലെയും എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെയും യോഗം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത് നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. രാവിലെ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം തീരുമാനം വിശദീകരിക്കുകയായിരുന്നു മന്ത്രി.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും