KERALA

പ്രതികളെ ഹാജരാക്കുമ്പോൾ പോലീസ് അകമ്പടി: പ്രോട്ടോക്കോൾ തയ്യാറാക്കാൻ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

ക്രിമിനൽ നടപടിക്രമങ്ങളുടെ ഭാഗമായി പ്രതികളെ ഡോക്ടർമാർക്കും മജിസ്ട്രേറ്റിനും മുൻപിലെത്തിക്കുമ്പോഴുള്ള പോലീസ് അകമ്പടി സംബന്ധിച്ച് പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. രണ്ടാഴ്ച കൂടി സമയം സർക്കാർ ആവശ്യപ്പെട്ടെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.

ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷനെ കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അനുവദിച്ചു. ഡോ. വന്ദന കുത്തേറ്റ് മരിച്ചതിനെ തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.

''ശരിയായ രീതിയിൽ പോലീസ് അകമ്പടി ഇല്ലാതെയും പ്രതികളായവർ ഡോക്ടർമാരുടെ മുന്നിൽ വരുന്നു. മജിസ്ട്രേറ്റിന് മുന്നിലും ഡോക്ടർമാർക്ക് മുന്നിലും പ്രതികളെ കൊണ്ട് വരുന്നതിന് കൃത്യമായ പ്രോട്ടോക്കോൾ വേണം. ഇനിയും സമയം നൽകാനാകില്ല. സർക്കാർ പുറപ്പെടുവിക്കുന്ന ഓർഡിനൻസിൽ എല്ലാവശങ്ങളും ഉൾപ്പെടുത്തുമെന്ന് കരുതുന്നു'' - കോടതി വ്യക്തമാക്കി.

''ഇന്ന് ഡോക്ടർമാർ ആണെങ്കിൽ നാളെ ഇത് സാധാരണക്കാർക്കും സംഭവിക്കാം. മാതാപിതാക്കൾ എന്ത് വിശ്വസിച്ച് ഹൗസ് സർജൻമാരെ ഡ്യൂട്ടിക്ക് വിടും. ഡോക്ടർമാർ പേടിച്ച് ഇപ്പോൾ റിസ്ക് എടുക്കാൻ തയ്യാറാകുന്നില്ല. ഇത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും. പല കേസുകളും മെഡിക്കൽ കോളേജിലേക്കോ പ്രൈവറ്റ് ആശുപത്രികളിലേക്കോ റഫർ ചെയ്യുന്നു. രോഗികൾ തന്നെ കുറ്റം കണ്ടെത്തി ശിക്ഷ വിധിക്കുന്ന രീതിയാണ് ഇപ്പോൾ ആശുപത്രികളിൽ നടക്കുന്നത്. അതിന് ഡോക്ടർമാരും നഴ്സുമാരും ഇരകളാകുന്നു'' - കോടതി കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമോയെന്ന കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. നഷ്ടപരിഹാരം എന്തുകൊണ്ട് നൽകിയില്ല എന്നുപോലും കോടതി ചോദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് ഹർജി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...