Lok Sabha Election 2024

വിദ്വേഷ പ്രസംഗം: ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയ്ക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍, കേരളത്തിലും പരാതി

വെബ് ഡെസ്ക്

തമിഴ്‌നാട്ടുകാര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. 48 മണിക്കൂറിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. നടപടി സ്വീകരിക്കുന്നതോടെ, 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടിയെടുക്കുന്ന ആദ്യ സംഭവമായി ഇത് മാറും.

ഡിഎംകെ സംഘടന സെക്രട്ടറി ആര്‍ എസ് ഭാരതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ബെംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍ എന്നുള്ള പരാമര്‍ശത്തിന് എതിരെയാണ് ഡിഎംകെ പരാതി നല്‍കിയത്.

കേന്ദ്രമന്ത്രിയുടെ വിദ്വേഷ പ്രചാരണത്തിന് എതിരെ തമിഴ്‌നാട്ടില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഡിഎംകെ നല്‍കിയ പരാതിയില്‍ മധുര സിറ്റി പോലീസ് ആണ് കേസെടുത്തത്. മലയാളികള്‍ക്ക് എതിരെയും ശോഭ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. ''തമിഴ്‌നാട്ടില്‍ നിന്നുവരുന്ന ആളുകള്‍ ഇവിടെ (ബെംഗളൂരുവില്‍) ബോംബ് വയ്ക്കുന്നു. ഡല്‍ഹിയില്‍ നിന്നുള്ളവര്‍ പാകിസ്താന്‍ സിന്ദാബാദ് വിളിക്കുന്നു. കേരളത്തില്‍ നിന്നു വരുന്നവര്‍ ആസിഡ് ആക്രമണങ്ങള്‍ നടത്തുന്നു'' എന്നായിരുന്നു ശോഭ കരന്തലജെ കര്‍ണാടകയില്‍ നടത്തിയ പ്രസംഗം.

മലയാളികളെ അധിക്ഷേപിച്ചെന്ന് കാണിച്ച് കേരളത്തിലും ശോഭയ്ക്ക് എതിരെ പോലീസില്‍ പരാതി എത്തിയിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍ ആണ് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവം വിവാദമായതിന് പിന്നാലെ ശോഭ കരന്തലജെ തമിഴ്നാടിനോട് മാപ്പു പറഞ്ഞിരുന്നു. തമിഴ്നാട്ടുകാരെ മൊത്തത്തില്‍ ഉദ്ദേശിച്ചല്ല താന്‍ പറഞ്ഞതെന്നും തന്റെ പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും ശോഭ പറഞ്ഞു. അതേസമയം, മലയാളികള്‍ക്കും ഡല്‍ഹിക്കാര്‍ക്കും എതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ ശോഭ തയാറായില്ല.

ശോഭയ്ക്ക് എതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തുവന്നിരുന്നു. വിദ്വേഷ പ്രചാരണം നടത്തിയ കേന്ദ്രമന്ത്രിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. സ്റ്റാലിന്റെ പ്രതിഷേധത്തിനു പിന്നാലെയാണ് തമിഴ്നാടിനോട് മാത്രം മാപ്പുപറഞ്ഞ് ശോഭ രംഗത്ത് എത്തിയത്. നിലവില്‍ ഉഡുപ്പി ചിക്ക മംഗളൂരുവില്‍ നിന്നുള്ള എംപിയായ കരന്തലജെ ഇത്തവണ ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ്.

IPL 2024| സൂപ്പർ സ്റ്റബ്‌സ് ഫിനിഷ്! ലഖ്നൗവിനെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ സ്കോർ

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും