Science

ഐ എസ് ആർ ഒയുടെ ആശയവിനിമയ ഉപഗ്രഹ ശ്രേണിയിലേക്ക് ജിസാറ്റ് -20യും; വിക്ഷേപണം ഇലോൺ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റിൽ

വെബ് ഡെസ്ക്

ഐ എസ് ആർ ഒയുടെ ഈ വർഷത്തെ പ്രധാന ഉപഗ്രഹവിക്ഷേപണ ദൗത്യങ്ങളിലൊന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സുമായി കൈകോർത്ത്. ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് -20 ആണ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുക. ഈ വർഷം പകുതിയോടെയായിരിക്കും വിക്ഷേപണം.

ഐ എസ് ആർ ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻ എസ് ഐ എൽ) ആണ് ജിസാറ്റ്-20യുടെ ഉടമസ്ഥർ. ഉപ്രഗഹത്തിന്റെ തുടർപ്രവർത്തനങ്ങളുടെ നിയന്ത്രണവും എൻ എസ് ഐ എൽ ആണ് കൈകാര്യം ചെയ്യുക.

ഭാരം കൂടിയ ഉപഗ്രഹമായതിനാലാണ് ജിസാറ്റ്-20യുടെ വിക്ഷേപണത്തിന് ഹെവി ലിഫ്റ്റ് ലോഞ്ചറായ ഫാൽക്കൺ 9 റോക്കറ്റിന്റെ സേവനം എൻ എസ് ഐ എൽ തേടുന്നത്. 4700 കിലോ ഗ്രാമാണ് ജിസാറ്റ് -20യുടെ ഭാരം. നിലവിൽ ഐ എസ് ആർ ഒയുടെ പക്കലുള്ള ഏറ്റവും ശക്തമായ എൽ വി എം 3 ക്ക് 4000 കിലോ വരെ വഹിക്കാനുള്ള കഴിവേയുള്ളൂ. 10 ടൺ വരെ ഭാരശേഷിയുള്ള റോക്കറ്റുകൾ നിർമിക്കാനുള്ള തയാറെടുപ്പിലാണ് ഇസ്രോ.

വിദൂര പ്രദേശങ്ങളിൽ ബ്രോഡ്‌ ബാൻഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ജിസാറ്റ് 20 വിക്ഷേപിക്കുന്നത്. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവ ഉൾപ്പെടെ രാജ്യം മുഴുവൻ 48 ജിബിപിഎസ് ശേഷിയിൽ ഇന്റർനെറ്റ് സേവനം ലഭിക്കും.

എൻ എസ് ഐ എൽ നിലവിൽ 11 ആശയവിനിമയ ഉപഗ്രഹങ്ങളാണ് സ്വന്തമായി പ്രവർത്തിപ്പിക്കുന്നത്. ഈ ശ്രേണിയിൽ ജിസാറ്റ്-24 ആണ് ഇതിന് മുൻപ് വിക്ഷേപിച്ചത്. ഏരിയൻ സ്പേസിന്റെ ഏരിയൻ-5 റോക്കറ്റിൽ ഫ്രഞ്ച് ഗയാനയിൽനിന്ന് 2022 ജൂൺ 22നായിരുന്നു വിക്ഷേപണം.

സ്പേസ് എക്‌സുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായാണ് ജി-സാറ്റ് 20 ഉപഗ്രഹത്തിന്റെ വിക്ഷേപണം ഫാൽക്കൺ 9 ഉപയോഗിച്ച് നടത്തുന്നതെന്ന് എന്‍ എസ് ഐ എല്‍ പത്രക്കുറിപ്പിൽ അറിയിച്ചു. എക്സ് മേധാവി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് എക്സ്.

പുനരുപയോഗം സാധ്യമായ ലോകത്തിലെ ആദ്യ ‘ഓർബിറ്റൽ ക്ലാസ്' റോക്കറ്റാണ് ഫാൽക്കൺ 9. ഭൂമിയുടെ ഭ്രമണപഥങ്ങളിലേക്കും അതിനപ്പുറത്തേക്കും ആളുകളെയും പേലോഡുകളെയും സുരക്ഷിതമായി കൊണ്ടുപോകാൻ സാധിക്കുന്ന രണ്ട് ഘട്ട വിക്ഷേപണ വാഹനമാണിത്. ഇതുവരെ 285 വിക്ഷേപണങ്ങളും 243 ലാൻഡിങ്ങുകളും 217 റീ-ഫ്ലൈറ്റുകളും നടത്തിയിട്ടുണ്ട്.

മുൻപും ചില സ്വകാര്യ ഉപഗ്രഹ വിക്ഷേപണ സ്ഥാപനങ്ങൾ സ്പേസ് എക്സിന്റെ റോക്കറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. ചെലവ് കുറവാണെന്നതാണ് ഇതിന് പ്രധാന കാരണം.

പുതിയ ടെലികോം നിയമപ്രകാരം, വൺവെബ്, സ്റ്റാർലിങ്ക് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഉടൻ ലൈസൻസുകൾ ലഭിക്കുമെന്നിരിക്കെ മേഖലയിൽ പുതിയൊരു മത്സരത്തിന് വഴിയൊരുക്കുന്നതാണ് ഈ വിക്ഷേപണം.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ