WORLD

അവർ ഇനി ഓർമകളിൽ; 2022 ൽ വിടപറഞ്ഞ പ്രമുഖർ

വെബ് ഡെസ്ക്

പല മേഖലകളിൽ കയ്യൊപ്പ് പതിച്ച പ്രമുഖ വ്യക്തികൾ മണ്മറഞ്ഞ വർഷം കൂടിയാണ് 2022 .സംഭവബഹുലമായ ഒരു വർഷം കടന്നുപോകുമ്പോൾ ആ പേരുകൾ കൂടി പറയാതിരിക്കാനാകില്ല. ഏഴ് പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച എലിസബത്ത് രാജ്ഞി മുതൽ സോവിയറ്റ് യൂണിയന്റെ അവസാന ഭരണാധികാരി മിഖായേൽ ഗോർബച്ചേവ് വരെ നീളുന്നുണ്ട് ഈ പട്ടിക.

എലിസബത്ത് രാജ്ഞി

ഒരു യുഗാന്ത്യത്തിനാണ് രാജ്ഞിയുടെ മരണത്തോടെ ലോകം സാക്ഷ്യം വഹിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 96ാം വയസില്‍ ആണ് എലിസബത്ത് രാജ്ഞിയുടെ അന്ത്യം. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തിയാണ് എലിസബത്ത്. 1953 ജൂണ്‍ രണ്ടിന് 24ാം വയസില്‍ ആണ് ബ്രിട്ടന്റെ പരമാധികാരിയായി എലിസബത്ത് അവരോധിതയാകുന്നത്. ആധുനിക ബ്രിട്ടന്റെ ശിൽപ്പിയായാണ് എലിസബത്ത് രാജ്ഞിയെ ലോകം വിശേഷിപ്പിക്കുന്നത്.

70 വര്‍ഷം നീണ്ട ഔദ്യോഗിക കാലയളവിനിടെ നാലായിരത്തോളം സുപ്രധാന നിയമങ്ങളിലാണ് അവര്‍ ഒപ്പുവെച്ചത്. കെന്നഡി വധം മുതൽ കോവിഡ് വരെ തന്റെ ജീവിതകാലത്തിനിടെ എലിസബത്ത് രാജ്ഞി സാക്ഷ്യം വഹിച്ച സംഭവങ്ങൾ അനവധി. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയതും ശീതയുദ്ധവും സോവിയറ്റ് യൂണിയന്റെ തകർച്ചയും വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണവും എല്ലാം ഇതിൽ പെടുന്നു. വിൻസ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ ലിസ് ട്രസ് വരെയുള്ള 15 പ്രധാനമന്ത്രിമാര്‍ എലിസബത്തിന്റെ ഭരണകാലയളവില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. നൂറിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ് രാജ്ഞി കൂടിയാണ് എലിസബത്ത്. ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് രാജ്ഞിയും എലിസബത്താണ്. നിലവില്‍ 35 രാജ്യങ്ങളിലാണ് എലിസബത്തിന്റെ മുഖം ആലേഖനം ചെയ്ത നാണയങ്ങളുള്ളത്.

ഷിൻസോ ആബെ

2022 ജൂലൈ 8 ന് കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ ജപ്പാൻ ചരിത്രം തിരുത്തിക്കുറിച്ച അതികായനായ നേതാവാണ്. പടിഞ്ഞാറന്‍ ജപ്പാനിലെ നാരയില്‍വെച്ച് പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റ് ആയിരുന്നു അദ്ദേഹത്തിന്റെ മരണം. ഏറ്റവും കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയായിരുന്നു ആബെ. 2020 ൽ ആണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ആധുനിക ജപ്പാനിൽ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു അദ്ദേഹം. സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ രാജ്യത്തെ വളര്‍ത്തിയ ഭരണകര്‍ത്താവ്, 2006 ല്‍ അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രി പദത്തിലെത്തിയ പ്രായം കുറഞ്ഞ വ്യക്തി എന്നിങ്ങനെ അനവധി വിശേഷണങ്ങൾക്ക് ഉടമയാണ് അദ്ദേഹം.

2008-ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ജപ്പാനെ കരകയറ്റാന്‍ ഷിന്‍സോ ആബെ ആവിഷ്‌കരിച്ച സാമ്പത്തിക-സാമൂഹിക നയങ്ങള്‍ 'അബെനോമിക്‌സ്' എന്ന പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സാമ്പത്തിക ഉത്തേജനം, പണ ലഘൂകരണം, രാജ്യത്തെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍, സൈനിക ശക്തി വര്‍ധിപ്പിക്കല്‍ തുടങ്ങി ഷിന്‍സോ ആബെയുടെ ഭരണമികവ് അന്താരാഷ്ട്രതലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായി. ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ആബെ ഇന്ത്യയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു. ഇന്ത്യ -ചൈന പ്രശ്‌നത്തില്‍ എക്കാലവും ഇന്ത്യയ്ക്ക് ഒപ്പം നിലകൊണ്ടു. അന്തരാഷ്ട്ര തലത്തില്‍ പലവട്ടം ഇന്ത്യയെ പിന്തുണച്ചു. കൂടുതല്‍ വായ്പകള്‍ നല്‍കി സാമ്പത്തികമായി സഹായിച്ചു. 2021 ല്‍ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പദ്മവിഭൂഷണ്‍ നല്‍കിയാണ് ഇന്ത്യ ആബെയോടുള്ള ആദരം പ്രകടപ്പിച്ചത്.

മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവ്

സോവിയറ്റ് യൂണിയനില്‍ പ്രധാന രാഷ്ട്രീയ- സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച നേതാവാണ് മിഖായേൽ ഗോർബച്ചേവ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി ആയിരിക്കെ അദ്ദേഹം അവതരിപ്പിച്ച ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക തുടങ്ങിയ പരിഷ്ക്കാരങ്ങൾ പിന്നീട് സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്ക് വഴിവെച്ചു. ശീതയുദ്ധം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുലര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവെന്ന് കാട്ടി 1990 ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനവും ഗോർബച്ചേവിന് ലഭിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ പ്രശംസിക്കപ്പെടുമ്പോഴും മിഖായേല്‍ ഗോര്‍ബച്ചേവ് പക്ഷേ കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്റെ ശവക്കുഴി തോണ്ടിയ ആളെന്ന നിലയിലാണ് സ്വന്തം നാട്ടിൽ ഓർമിക്കപ്പെടുന്നത്. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ 91 ആം വയസ്സിൽ ആണ് അദ്ദേഹത്തിന്റെ അന്ത്യം.

ഷിറീൻ അബു അഖ്‌ല

ഇസ്രയേൽ- പലസ്തീൻ സംഘർഷഭൂമിയിൽ നിന്ന് വാർത്തകൾ പുറം ലോകത്തെത്തിച്ച് അറബ് ലോകമെമ്പാടും ആദരിക്കപ്പെടുന്ന മുതിർന്ന ടെലിവിഷൻ മാധ്യമപ്രവർത്തകയായിരുന്നു ഷിറീൻ അബു അഖ്‌ല. പലസ്തീനികളുടെ ദുരന്ത ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ ലോകത്തിന് മുന്നിലെത്തിച്ചതിൽ പ്രമുഖയായിരുന്നു ജറുസലേം സ്വദേശിയും അമേരിക്കൻ പൗരയുമായ അബു അഖ്ലെ. 2022 മെയ് 12 നാണ് അൽജസീറയുടെ മാധ്യമപ്രവർത്തകയായ ഷിറീൻ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരേ ഭരണകൂടങ്ങൾ അഴിച്ചുവിട്ടിരുന്ന ഭീകരതയുടെ ഇരയായിരുന്നു അബു അഖ്ലെ. വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഷീറിന് വെടിയേൽക്കുന്നത്. തലയ്ക്ക് പരുക്കേറ്റ ഷിറീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെലെ

ഫുട്ബോൾ ഇതിഹാസം പെലെയുടെ മരണമാണ് 2022 ലെ വേദനാ ജനകമായ മറ്റൊരു വിടവാങ്ങൽ. അർബുദരോഗ ബാധിതനായി ചികിത്സയില്‍ തുടരുന്നതിനിടെ 82ാം വയസിലാണ് മരണം. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് പെലെ. എഡ്‌സണ്‍ അരാഞ്ചസ് ഡോ നാസിമെന്റോ എന്നാണ് യഥാര്‍ഥ പേര്. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഹാട്രിക് നേടിയ പ്രായം കുറഞ്ഞ താരവുമാണ് പെലെ . 1,363 കളികളില്‍ നിന്നായി 1,281 ഗോളുകള്‍ നേടിയിട്ടുണ്ട്. 3 ഫുട്ബോൾ ലോകകപ്പുകൾ (1958, 1962, 1970) നേടിയിട്ടുള്ള ഒരേയൊരു താരമാണദ്ദേഹം. 1977 ല്‍ തന്റെ നാല്‍പതാം വയസിലായിരുന്നു പെലെ ഫുട്‌ബോള്‍ കരിയർ അവസാനിപ്പിച്ചത്. ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിന് ശേഷം ബ്രസീല്‍ കായിക മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 - 1998 കാലയളവിലായിരുന്നു ചുമതല.

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...