'ആദി ഇത്ര വലിയ കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു'; പ്രേമലു താരം ശ്യാം മോഹന്‍ അഭിമുഖം

'ആദി ഇത്ര വലിയ കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു'; പ്രേമലു താരം ശ്യാം മോഹന്‍ അഭിമുഖം

''ഞാനുമായി ഒരു സാമ്യവുമില്ലാത്തൊരു കഥാപാത്രമാണ് ആദി. ഗിരീഷ് തന്ന ഇന്‍പുട്ടാണ് കഥാപാത്രത്തിന്റെ ഗ്രൗണ്ട്. ഫേക്കായ സോഫിസ്റ്റിക്കേറ്റഡായ ചിലരില്ലേ... അവരായിരുന്നു റഫറന്‍സ്''

ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'പ്രേമലു' തീയേറ്ററുകളില്‍ തരംഗമാകുമ്പോള്‍ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെപ്പോലെ ട്രെന്‍ഡ് സെറ്ററായി മാറുന്ന ഒരു കഥാപാത്രമുണ്ട് ചിത്രത്തില്‍, ഐ ടി പ്രൊഫഷണലായ ആദി. പൊന്‍മുട്ട എന്ന യൂട്യൂബ് ചാനലിലൂടെ സിനിമയിലേക്കെത്തിയ ശ്യാം മോഹനാണ് ആദിയെ അവതരിപ്പിച്ചിരിക്കുന്നത്. ആദിയുടെ വിശേഷങ്ങള്‍ ശ്യാം മോഹന്‍ ദ ഫോർത്തുമായി പങ്കുവെക്കുന്നു

ശ്യാം മോഹന്‍
ശ്യാം മോഹന്‍

ആദ്യം കൈയടിച്ചത് പ്രൊഡക്ഷന്‍ ടീം

സിനിമ കണ്ട് എല്ലാവരും നല്ല അഭിപ്രായം പറയുന്നതില്‍ വലിയ സന്തോഷം. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ രസമായി തോന്നിയിരുന്നു. എന്നാല്‍ ആശങ്കയുമുണ്ടായിരുന്നു. നസ്‌ലെനും മമിതയും താരങ്ങളാണെങ്കിലും ബാക്കിയുള്ള സംഗീതും അഖിലയും പിന്നെ ഞാനും പുതിയ ആള്‍ക്കാരണല്ലോ...എങ്ങനെ ചെയ്യും, ഞങ്ങള്‍ ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ ചിത്രീകരണസമയത്ത് തന്നെ പ്രൊഡക്ഷന്‍ ടീം നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ വര്‍ക്കാകുന്നുണ്ടെന്ന് മനസിലായി.

'ആദി ഇത്ര വലിയ കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു'; പ്രേമലു താരം ശ്യാം മോഹന്‍ അഭിമുഖം
'ലിജോ സാറിന്‌റെ ഏതോ സിനിമ, അതില്‍ ചെറിയൊരു വേഷം, അത്രയേ കരുതിയുള്ളൂ': മലൈക്കോട്ടയിലെ ചിന്നപ്പയ്യന്‍, മനോജ് അഭിമുഖം

ആദിയിലേക്കെത്തിയത് ഓഡിഷനിലൂടെ

ഗിരീഷ് പറഞ്ഞിട്ട് അസോസിയേറ്റ് സനതാണ് ആദ്യം എന്നെ വിളിക്കുന്നത്. സനത് എന്റെ സുഹൃത്താണ്. നമ്പര്‍ ഒരാള്‍ക്ക് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് ഗിരീഷ് വിളിച്ചു. ഓഡിഷന്‍ ചെയ്യാമോയെന്ന് ചോദിച്ചു. സിനിമയിലെ ആദിയുടെ ഇന്‍ട്രോ തന്നെയാണ് ഓഡിഷനിലും അഭിനയിക്കാന്‍ തന്നത്. രണ്ടുദിവസം കഴിഞ്ഞ് ഗിരീഷ് വിളിച്ച് ഓക്കെയാണ്, നിര്‍മാതാക്കളും ഓക്കെ പറഞ്ഞെന്നു പറഞ്ഞു. അപ്പോഴും ഇത്ര വലിയ കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു. ഐടി സ്ഥാപനത്തില്‍ റീനു(മമിത)വിന്റെ പുറകെ നടക്കുന്ന കോഴി എന്നു മാത്രമേ കരുതിയുള്ളൂ. സ്‌ക്രിപ്റ്റ് കിട്ടിയപ്പോഴാണ് സംഭവം ഭയങ്കര പരിപാടിയാണല്ലോയെന്ന് മനസിലായത്. ആ സമയത്ത് ചെറിയ ആശങ്കയൊക്കെയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ഗിരീഷ് ഒരു വര്‍ക്ഷോപ്പ് നടത്തി. അതൊക്കെ കഴിഞ്ഞപ്പോ സെറ്റായി.

ശ്യാമില്‍നിന്ന് ആദിയിലേക്ക്

ഞാനുമായി ഒരു സാമ്യവുമില്ലാത്തൊരു കഥാപാത്രമാണ് ആദി. ഗിരീഷ് തന്ന ഇന്‍പുട്ടാണ് കഥാപാത്രത്തിന്റെ ഗ്രൗണ്ട്. ഫേക്കായ സോഫിസ്റ്റിക്കേറ്റഡായ ചിലരില്ലേ... അവരായിരുന്നു റഫറന്‍സ്. അതിനായി ചില ചേഷ്ടകളും മാനറിസവുമൊക്കെ പരീക്ഷിച്ചു. അറ്റന്‍ഷന്‍ സീക്കിങ്ങാണ് ആദിയുടെ പ്രധാന പ്രശ്നം. പെണ്‍കുട്ടികള്‍ക്കുവേണ്ടി സംസാരിക്കുന്നുവെന്ന് പറയുമ്പോഴും അയാളൊരു മെയില്‍ ഷോവനിസ്റ്റാണ്. ഇതൊക്കെ മനസില്‍വച്ചാണ് ആദിയെ പരുവപ്പെടുത്തിയത്. ബോഡി ലാഗ്വേജിനായി ചില സ്റ്റേജ് ഷോയും ഹോളിവുഡ് ചിത്രങ്ങളുമൊക്കെ റഫര്‍ ചെയ്തിരുന്നു. കൈ കോര്‍ത്ത് പിടിക്കുക, തല ചെരിച്ചുനോക്കുക, അതൊക്കെ അങ്ങനെ സെറ്റ് ചെയ്തതാണ്.

'ആദി ഇത്ര വലിയ കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു'; പ്രേമലു താരം ശ്യാം മോഹന്‍ അഭിമുഖം
ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത മമ്മൂട്ടിയുടെ ആ രാക്ഷസച്ചിരി; കണ്‍കെട്ടുകളുടേയും ഭയത്തിന്‍റെയും 'ഭ്രമയുഗ'ലോകം കാത്ത് ആരാധകർ

തണ്ണീര്‍മത്തനിലെ രവി പദ്മനാഭന്‍, സൂപ്പര്‍ ശരണ്യയിലെ അജിത്ത് മേനോന്‍, പ്രേമലുവിലെ ആദി

ഞാനാണ് വില്ലന്‍ എന്നൊന്നും സത്യത്തില്‍ ഗിരീഷ് എന്നോട് പറഞ്ഞില്ല. പക്ഷേ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ മനസിലായി രവിയുടെയും (രവി പദ്മനാഭന്‍) അജിത്തിന്റെയുമൊക്കെ (അജിത്ത് മേനോന്‍) സ്വഭാവ സവിശേഷതകളൊക്കെയുള്ള ഒരു കഥാപാത്രം തന്നെയാണ് ആദിയെന്ന്. ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നു, കാരണം അവരൊക്കെ നന്നായി ചെയ്തിട്ടുണ്ട്. ആദി മോശമായാല്‍ ഉറപ്പായും താരതമ്യം വരുമല്ലോ? ആലോചിച്ചാല്‍ കൈയില്‍നിന്ന് പോയാലോയെന്ന് കരുതി. പിന്നെ അധികം ആലോചിച്ചില്ല, എനിക്ക് മനസിലായതുപോലെ ചെയ്തു. ഇപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്നറിയുമ്പോള്‍ സന്തോഷം.

ആദിയും പശ്ചാത്തലസംഗീതവും

അത് വിഷ്ണു വിജയന്റെ മാജിക്കാണ്. സച്ചിനും അമല്‍ ഡേവിസുമായുള്ള ആദിയുടെ യുദ്ധമാണല്ലോ നടക്കുന്നത്. അതുകൊണ്ടാകാം ഒരു പടപ്പുറപാട് സംഗീതം. സംഭവം എനിക്കും ഇഷ്ടപ്പെട്ടു. മച്ചാനെ അത് പൊളിച്ചെന്ന് ഇന്നലെ കൂടി വിഷ്ണുവിനെ വിളിച്ചുപറഞ്ഞതേയുള്ളൂ.

'ആദി ഇത്ര വലിയ കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു'; പ്രേമലു താരം ശ്യാം മോഹന്‍ അഭിമുഖം
എ ഐ ഉപയോഗം സംഗീതത്തിന് ഭീഷണിയോ സാധ്യതയോ? പ്രതികരണവുമായി സംഗീതജ്ഞർ

ഹൃദയവും സോഷ്യല്‍ മീഡിയ റഫറന്‍സും

സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ കുണുവാവ പോലുള്ള റഫറന്‍സ് അത്ര രസമായി തോന്നിയില്ല. പക്ഷേ സിനിമയായപ്പോള്‍ നന്നായി വന്നു. 'നിനക്ക് വല്ല കഴിവുമുണ്ടോ'? എന്നതൊക്കെ എഡിറ്റിങ്ങ് ടേബിളില്‍ ചേര്‍ത്തതാണ്. സോഷ്യല്‍ മീഡിയ റഫറന്‍സ് പാളിപ്പോകാന്‍ നല്ല സാധ്യതയുള്ള ഒന്നാണ്. പക്ഷേ ഗിരീഷെന്ന സംവിധായകന് അതിന്റെ മീറ്റര്‍ കൃത്യമായി അറിയാവുന്നതുകൊണ്ട് അതെല്ലാം നന്നായി വന്നുവെന്ന് പറയാം.

ശ്യാം പുഷ്‌കരന്റെ അരങ്ങേറ്റം

ശ്യാമേട്ടന്റെ ആദ്യ സിനിമയാണ്. മുന്‍പ് അമ്വചര്‍ നാടകങ്ങളിലൊക്കെ ചില വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ സിനിമ ആദ്യമാണ്. ശ്യാമേട്ടന്‍ നല്ല നടനാകുമെന്ന് ഉറപ്പാണ്. 'മോനെ ആദി ഞങ്ങള്‍ക്ക് ആര്‍ക്കും ഡ്രൈവിങ് അറിയില്ലെന്ന്' പറയുമ്പോള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും...കൈയുടെ ആക്ഷന്‍ ഒരു പ്രത്യേക രീതിയിലാണ്. നല്ല രസമാണ് അതൊക്കെ കാണാന്‍. വണ്ടിയിടിച്ചശേഷം ജസ്റ്റ് കിഡ്ഡിങ് എന്ന് പറഞ്ഞതും ശ്യാമേട്ടന്റെ ഇന്‍പുട്ടാണ്. സെറ്റിലും നല്ല ജോളിയായിരുന്നു. ഞങ്ങളിങ്ങനെ മിമിക്രിയൊക്കെ കാണിച്ച് ഹാപ്പിയായി പോയി.

'ആദി ഇത്ര വലിയ കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു'; പ്രേമലു താരം ശ്യാം മോഹന്‍ അഭിമുഖം
അന്ന് സഹായിച്ചത് കേരളമല്ല; മമ്മൂട്ടിയുടെ 'പദ്മശ്രീ' തമിഴ്‌നാടിന്‌റെ അക്കൗണ്ടില്‍

നസ്ലിനും മാത്യുവും

നസ്ലിനൊപ്പമുള്ള മൂന്നാമത്തെ ചിത്രമാണ്. എല്ലാവരും പറയുന്ന പോലെ കോമഡി അസാധ്യമായി ചെയ്യാന്‍ സാധിക്കുന്ന ചുരുക്കം നായകരിലൊരാളാണ് നസ്ലിന്‍. മാത്രമല്ല പ്രേമലുവില്‍ ഇമോഷന്‍സും നിസഹായതയുമൊക്കെ നസ്ലിന്‍ നന്നായി ചെയ്തിട്ടുണ്ട്. ചെറുതായൊന്ന് പാളിയാല്‍ കൈവിട്ടുപോകാന്‍ സാധ്യതയുള്ള സീനായിരുന്നു അതൊക്കെ. പക്ഷേ നസ്ലിന്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ നല്ലൊരു സൗഹൃദവുമുണ്ട്. എന്റെ ആദ്യ ചിത്രം പത്രോസിന്റെ പടപ്പുകളുടെ പൂജയ്ക്കാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. നസ്ലിന്‍ അന്നേ സ്റ്റാറാണ്. പക്ഷേ ഒരു ജാഡയുമില്ലാതെ നമ്മളോട് വന്ന് സംസാരിച്ചു. പൊന്‍മുട്ട കണ്ടിട്ടുണ്ട്, നല്ല രസമുണ്ടെന്നൊക്കെ പറഞ്ഞു. സെറ്റില്‍ എല്ലാവരും ഭക്ഷണം കഴിച്ചോയെന്ന് എപ്പോഴും അന്വേഷിക്കും. അത്രയും ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള ഒരാളാണ് നസ്ലിന്‍.

മാത്യുവിന്റെ ഇതുവരെ കാണാത്ത കഥാപാത്രമാണ് പ്രേമലുവില്‍. മാത്യു അത് ഏറ്റവും നന്നായി ചെയ്തിട്ടുണ്ട്.

വിനോദയാത്ര പോലെ പ്രേമലു

ഹൈദരാബാദില്‍ ഞങ്ങളെല്ലാവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മൊത്തതില്‍ വിനോദയാത്ര പോയപോലെയായിരുന്നു പ്രേമലുവിന്റെ സെറ്റ്. ആ സൗഹൃദം അഭിനയത്തിലും ഒരുപാട് സഹായിച്ചു.

'ആദി ഇത്ര വലിയ കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു'; പ്രേമലു താരം ശ്യാം മോഹന്‍ അഭിമുഖം
മലയാള സിനിമയിൽ നായകനായി ഗായകൻ ഹരിഹരൻ: 'ദയാഭാരതി' ടൈറ്റിൽ പോസ്റ്റർ പുറത്ത്

അടുത്ത ചിത്രം തമിഴില്‍

അടുത്ത ചിത്രം തമിഴില്‍ ശിവകാര്‍ത്തികേയനൊപ്പമാണ്. കമല്‍ഹാസന്‍ സാറിന്റെ പ്രൊഡക്ഷന്‍. ചെറിയൊരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രം. പക്ഷേ വില്ലനെന്ന് പറയാനാകില്ല. 18 പ്ലസ് കണ്ടിട്ടാണ് അവര്‍ അതിലേക്ക് വിളിക്കുന്നത്. സിനിമയില്‍ പേരിനൊരു വില്ലനാകാന്‍ താല്‍പ്പര്യമില്ല, നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം, ആദിയെപ്പോലെ പ്രേക്ഷകരിലേക്കെത്തുന്ന കഥാപാത്രങ്ങള്‍.

logo
The Fourth
www.thefourthnews.in