INDIA

'മതവും ദൈവവും ആരാധനയും വ്യക്തിപരമായ കാര്യം'; രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പൊതു അവധി പ്രഖ്യാപിക്കാതെ കർണാടക സർക്കാർ

ദ ഫോർത്ത് - ബെംഗളൂരു

അയോധ്യയിൽ രാമ ക്ഷേത്ര പ്രതിഷ്ഠാപന ചടങ്ങു നടക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന ബിജെപിയുടെ അഭ്യർത്ഥന ചെവികൊള്ളാതെ കർണാടക സർക്കാർ. പൊതു അവധി ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര, സംഘ്‌ പരിവാർ സംഘടനാ മേധാവികൾ, ബിജെപി എംഎല്‍എ യശ്പാൽ സുവർണ എന്നിവർ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചതായി നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം പടിവാതിൽക്കൽ എത്തിയിട്ടും അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച വരെയും മുഖ്യമന്ത്രിയുടെ ഓഫീസ് ഈ ആവശ്യം പരിഗണിച്ചിട്ടില്ല. ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒരു കത്തും തനിക്കു ലഭിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

"മതം, ദൈവം, ആരാധന, ഭക്തി ഇവയൊക്കെ ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. ഇതൊക്കെ വ്യക്തിപരമായി ഒതുക്കി നിർത്തിയാൽ ആ മതത്തോടും ദൈവത്തോടും ബഹുമാനം തോന്നും, അത് സമൂഹ നന്മയിലേക്കും നയിക്കും. ഇത് എല്ലാ മത വിശ്വാസികൾക്കും ബാധകമാണ്," സിദ്ധരാമയ്യ വിശദീകരിച്ചു.

രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കർണാടകയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ചില സാമൂഹ്യ ദ്രോഹികൾ ശ്രമിക്കുന്നതായി വിവരം ലഭിച്ചതായി സിദ്ധരാമയ്യ വെളിപ്പെടുത്തി. സംസ്ഥാനത്തു അനിഷ്ഠ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻ കരുതൽ സ്വീകരിക്കാൻ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. വ്യാജവാർത്തകൾ വിശ്വസിച്ചു പ്രകോപിതരായി ആരും അക്രമത്തിന് ഇറങ്ങി തിരിക്കരുതെന്നും സിദ്ധരാമയ്യ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

അതേസമയം, രാമ ക്ഷേത്ര പ്രതിഷ്ഠാപന ദിനത്തിൽ സർക്കാർ അവധി പ്രഖ്യാപിക്കാത്തതിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തു വന്നു. കർണാടകയിൽ ജനുവരി 22ന് എന്ത് അനിഷ്ട സംഭവമുണ്ടായാലും അതിന്റെ പൂർണ ഉത്തരവാദിത്തം സിദ്ധരാമയ്യ സർക്കാറിനായിരിക്കുമെന്ന് ബി വൈ വിജയേന്ദ്ര മുന്നറിയിപ്പു നൽകി. വിജയേന്ദ്രയുടെ ശബ്ദത്തിൽ ഭീഷണിയുടെ ധ്വനി ഉണ്ടെന്നും നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രിയും പ്രതികരിച്ചു.

സംസ്ഥാനത്തെ ചില സ്വകാര്യ സ്ഥാപനങ്ങളും അൺ - എയ്ഡഡ് സ്കൂളുകളും രാമ ക്ഷേത്ര പ്രതിഷ്ഠാപന ചടങ്ങു തത്സമയം വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. കർണാടക സർക്കാരിന്റെ മുസറായി (ദേവസ്വം വകുപ്പിന് സമ്മാനം) വകുപ്പിനു കീഴിലുളള ക്ഷേത്രങ്ങളിൽ തിങ്കളാഴ്ച മംഗളാരതി പൂജ നടത്താൻ മന്ത്രി രാമലിംഗ റെഡ്ഢി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. അയോധ്യയിലേക്കുള്ള ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം കോൺഗ്രസ് ഹൈക്കമാൻഡ് നിരസിച്ചതോടെയാണ് 'രാമക്ഷേത്രം' കർണാടക കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തള്ളാനും കൊള്ളാനുമാകാത്ത വിഷയമായി മാറിയത്.

രാമക്ഷേത്രത്തെ എതിർക്കാതെ ശ്രീരാമനെ വെച്ചുള്ള രാഷ്ട്രീയ ഗിമ്മിക്കിനെ തുറന്നു കാട്ടിയാണ് 'ഹൈന്ദവ വിരോധി സർക്കാർ ' എന്ന ബിജെപിയുടെ ചാപ്പ കുത്തലിനെ കോൺഗ്രസ്‌ പ്രതിരോധിക്കുന്നത്. പ്രതിഷ്ഠാപന ചടങ്ങിന്റെ പേരിൽ അവധി പ്രഖ്യാപിക്കുന്നത് സംസ്ഥാനത്തെ ഇതര മത -സമുദായങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് സിദ്ധരാമയ്യ സർക്കാർ.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും