WORLD

'ഉപജീവന മാർഗമില്ല, വീടും നഷ്ടപ്പെട്ടു', ഭയം നിറഞ്ഞ വെസ്റ്റ് ബാങ്ക്; പലസ്തീനികളുടെ ജീവിതം നരക തുല്യം

വെബ് ഡെസ്ക്

ഗാസ മുനമ്പിൽ ഇസ്രയേലിന്റെ ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. ആഗോള തലത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അതൊന്നും വക വെക്കാതെയാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം അഴിച്ച് വിടുന്നത്. കുഞ്ഞുങ്ങളും വയോധികരും സ്ത്രീകളും അടക്കം ആയിരങ്ങൾ ദിവസവും ഗാസയിൽ മരിച്ച് വീഴുന്നു. സ്വാഭാവികമായും ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പതിഞ്ഞിരിക്കുന്നതും ഗാസയിലാണ്.

എന്നാൽ, ലോകം ശ്രദ്ധിക്കാത്ത അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികളും കടന്നുപോകുന്നത് സമാനവും ഭയാനകവുമായ സാഹചര്യത്തിലൂടെയാണ്. ഒക്ടോബർ 7 ന് ഹമാസ് തെക്കൻ ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ തരം ആക്രമണങ്ങൾക്കാണ് വെസ്റ്റ് ബാങ്ക് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്.

ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിലേക്ക് നടത്തിയ ആക്രമണത്തിന് മണിക്കൂറുകൾക്കകം ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്ക് പ്രദേശമാകെ അടച്ചു. പട്ടണങ്ങൾ റെയ്ഡ് ചെയ്തു, കർഫ്യൂ ഏർപ്പെടുത്തി, കൗമാരക്കാരെ അറസ്റ്റ് ചെയ്തു, തടവുകാരെ മർദിച്ചു, ഗ്രാമങ്ങൾ ആക്രമിക്കപ്പെട്ടു. ലോകത്തിന്റെ ശ്രദ്ധ ഗാസയിലേക്കും അവിടെ മാനുഷിക പ്രതിസന്ധിയിലേക്കും തിരിഞ്ഞതോടെ വെസ്റ്റ് ബാങ്കിലും അക്രമങ്ങൾ പൊട്ടിപുറപ്പെട്ട കൊണ്ടിരുന്നു.

കനത്ത സൈനിക സംരക്ഷണത്തിൽ 34,000 പലസ്തീനികൾക്കിടയിൽ 700 തീവ്ര ജൂത കുടിയേറ്റക്കാർ താമസിക്കുന്ന ഹെബ്രോണിലെ ഓൾഡ് സിറ്റിയിൽ 750 കുടുംബങ്ങളെ ഇസ്രായേൽ കനത്ത ലോക്ക് ഡൗണിൽ ആക്കിയിരിക്കുകയാണ്. സ്കൂളുകൾ അടച്ചു, ജോലികൾ ഇല്ലാതായി, പലരും ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു. 20 വർഷത്തിലേറെയായി ഏർപ്പെടുത്തി വരുന്നതിൽ വെച്ച് ഏറ്റവും കഠിനമായ ലോക്ക് ഡൗണിന് കീഴിലാണ് ഈ പ്രദേശങ്ങൾ ഇപ്പോൾ. വാതിലുകൾ തുറക്കാനോ ജനലിന്റെ അടുത്ത് നിൽക്കാനോ പോലും പാടില്ല.

വെസ്റ്റ് ബാങ്കിന്റെ ഭാഗത്തുള്ള പല പ്രദേശങ്ങളും പൂർണ്ണമായും ഇസ്രായേലി സൈന്യത്തിന്റെ കീഴിലാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇസ്രയേലി കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ അഭൂതപൂർവമായ തോതിൽ ഇക്കാലയളവിൽ വർധിച്ചു. വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കിടയിൽ ഇത് വലിയ തോതിൽ ഭയം വർധിപ്പിച്ചിട്ടുണ്ട്.

പലർക്കും ഉപജീവന മാർഗങ്ങളും വീടുകളും നഷ്ടപ്പെട്ടുകഴിഞ്ഞു. വീടുകളിൽ കുടുങ്ങി കഴിയുന്ന പലസ്തീനികളെ പരിഹസിക്കുന്ന ഇസ്രായേലി കുടിയേറ്റക്കാരുടെ വീഡിയോ ദൃശ്യങ്ങൾ പല സംഘടനകളും പങ്കു വെക്കുന്നുണ്ട്. ചെക്ക് പോസ്റ്റുകളിലെ നടപടികൾ കൂടുതൽ ബുദ്ധിമുട്ടേറിയതാകുന്നു. ഐഡി കാർഡുകൾക്ക് പുറമെ ഫോണുകളും സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും ഇസ്രായേലി സൈന്യം പരതുന്നു.

43 കുട്ടികൾ ഉൾപ്പെടെ 190 ഫലസ്തീനികൾ ഇസ്രായേൽ സുരക്ഷാ സേനയുടെയും കുടിയേറ്റക്കാരുടെയും കൈകളാല്‍ കൊല്ലപ്പെട്ടു. 2,000-ത്തിലധികം പേർ അറസ്റ്റിലാവുകയും തടവിലാവുകയും ചെയ്തു. ഏകദേശം 1,100 പേരെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പകുതിയോളം കേസുകളിലും ഇസ്രായേലി സുരക്ഷാ സേന ആക്രമണങ്ങൾ നടത്തുന്ന കുടിയേറ്റക്കാരിൽ നിന്ന് മുഖം തിരിക്കുകയോ അല്ലെങ്കിൽ സജീവമായി പിന്തുണയ്ക്കുകയോ ചെയ്തിട്ടുണ്ട്. അന്തരിച്ച പ്രസിഡന്റ് യാസർ അറാഫത്തിന്റെ പ്രതിമ കഴിഞ്ഞയാഴ്ച സൈനികർ ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുകയും അൽജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലേയുടെ സ്മാരകം നശിപ്പിക്കുകയും ചെയ്തു.

ഇതിന് പുറമെ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ കമ്മ്യൂണിറ്റി സെക്യൂരിറ്റി സ്ക്വാഡുകൾ എന്ന് വിളിക്കപ്പെടുന്ന സാധാരണക്കാർക്ക് ആയുധങ്ങൾ കൈമാറുന്നതിന്റെ ചിത്രങ്ങൾളും പുറത്തു വരുന്നു. കഴിഞ്ഞ ആറാഴ്ചക്കിടയിൽ ഇസ്രായേൽ കുടിയേറ്റക്കാർ ഒൻപത് പലസ്തീനികളെയാണ് കൊന്നൊടുക്കിയത്. ഇസ്രായേൽ സുരക്ഷാ സേന 206 പലസ്തീനികളെ കൂടി കൊന്നൊടുക്കിയതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. സൈനിക റെയ്ഡുകളുടെ വർദ്ധനവോടെയാണ് ഈ മരണ സംഖ്യ കുതിച്ചുയരുന്നത്. രണ്ടാമത്തെ പലസ്തീൻ ഇൻതിഫാദക്ക് ശേഷമുള്ള ഏറ്റവും മാരകമായ വെസ്റ്റ് ബാങ്ക് റെയ്ഡിൽ, നവംബർ 9 ന് ജെനിൻ അഭയാർത്ഥി ക്യാമ്പിൽ 14 പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.

നിർണായകമായ വിളവെടുപ്പ് കാലത്ത് അവർ 3,000-ലധികം ഒലിവ് മരങ്ങൾ നശിപ്പിച്ചതായി പലസ്തീൻ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. ചിലർക്ക് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അവകാശങ്ങൾ ആണ് എടുത്തു കളഞ്ഞിരിക്കുന്നത്. കന്നുകാലി വളർത്തൽ മുഖ്യ തൊഴിലായി കണ്ടിരുന്ന ആയിരത്തിനടുത്ത് ആളുകൾക്ക് ഉപജീവന മാർഗം തടപ്പെടുമെന്ന ഭയത്തിൽ അവരുടെ വീടുകൾ നിലനിന്നിരുന്ന 15 ൽ പരം ഗ്രാമം വിട്ട് പോകേണ്ടി വന്നു.

ഇങ്ങനെ അവസാനമില്ലാത്ത തുടരുകയാണ് വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അതിക്രമങ്ങൾ. യുദ്ധം അവരെ എന്നത്തേക്കാളും ദുർബലരാക്കി എന്നാണ് വെസ്റ്റ് ബാങ്കിലെ പലസ്തീനികൾ പറയുന്നത്. സംഘർഷങ്ങൾ വളരെക്കാലമായി അവരുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ

അവരുടെ ദിനചര്യകളെ പോലും തടസപ്പെടുത്തുന്ന, ഭയത്തിന്റെയും വേദനയുടെയും പുതിയ തരംഗമാണ് സൃഷ്ടിക്കുന്നത്. മുള്ളുവേലികളുടെയും സുരക്ഷാ ക്യാമറകളുടെയും നടുവിൽ ചുരുങ്ങി കൊണ്ടിരിക്കുന്ന ജീവിതം ഇനിയും കൂടുതൽ മോശമാകാനില്ല എന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ ഗാസ അധിനിവേശം ഇസ്രായേൽ ആരംഭിച്ചതോടെ ആ ചിന്ത മാറി. കാരണം വെസ്റ്റ് ബാങ്കിലെ പലസ്തീനികളുടെ ജീവിതം ദിനം പ്രതി കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'