തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?

തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?

പാർട്ടിയിലെ ചുരുക്കം ചില ജനകീയ മുഖങ്ങളിൽ ഒരാളാണ് കെ രാധാകൃഷ്ണൻ. പി കെ ബിജുവിന് നേരെയുണ്ടായ അമർഷം രാധാകൃഷ്ണന് നേരെയില്ല

തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം ഒന്നാകെ മാറിക്കഴിഞ്ഞു. സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും അടക്കം വോട്ടു ചോദിച്ചിറങ്ങി തുടങ്ങി. കഷ്ടി ഒരു മാസം മാത്രമാണ് ഇനി തിരഞ്ഞെടുപ്പിനായി ബാക്കിയുള്ളത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തീ പാറുന്ന പോരാട്ടം നടക്കാൻ പോകുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആലത്തൂർ. മണ്ഡലം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് ഇറങ്ങുക. എന്നാൽ ആലത്തൂർ തിരിച്ച് പിടിച്ചേ മടങ്ങി വരാവൂ എന്ന നിർദേശമാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേതൃത്വം നൽകിയത്. വിജയത്തിൽ കുറഞ്ഞതൊന്നും ഇരുകൂട്ടർക്കും വേണ്ടതില്ല. പ്രധാനമന്ത്രി അടക്കം പ്രചാരണത്തിനെത്തിയതിന്റെ ആത്മവിശ്വാസം ബിജെപിക്കുമുണ്ട്. ഇത്തവണ തീ പാറുമോ ആലത്തൂരിൽ ?

തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?
കോഴിക്കോടിന്റെ 'ചങ്ങായി' ആരാകും?

ആലത്തൂർ മണ്ഡലം :

2008-ലെ മണ്ഡല പുനഃക്രമീകരണത്തിൽ രൂപീകൃതമായതാണ് ആലത്തൂർ മണ്ഡലം. 1984 മുതല്‍ 1992 വരെ മുന്‍ രാഷ്ട്രപതി കെ. ആര്‍ നാരായണൻ എം.പിയായിരുന്ന ഒറ്റപ്പാലം ലോക്സഭാ മണ്ഡലമാണ് പിന്നീട് ആലത്തൂർ മണ്ഡലമായത്. പട്ടികജാതി സംവരണ മണ്ഡലം കൂടിയാണ് ആലത്തൂർ.

പാലക്കാട്, തൃശൂർ ജില്ലകളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. പാലക്കാട് ജില്ലയിൽപ്പെട്ട ചിറ്റൂർ‍, നെന്മാറ‍, തരൂർ , ആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ ചേലക്കര‍‍, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളുമാണ് ആലത്തൂരിൽ ഉൾപ്പെടുന്നത്. നിലവിൽ ഇവയെല്ലാം എൽ ഡി എഫ് മണ്ഡലങ്ങളാണ്.

കർഷകരും തൊഴിലാളികളും അടങ്ങുന്നതാണ് ആലത്തൂരിലെ ജനവിഭാഗം. തൊഴിലാളി വർഗങ്ങളും കർഷക സംഘടനകളും സജീവമാണ്. അത്കൊണ്ട് തന്നെ സിപിഎം ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്ന പ്രദേശം കൂടിയാണിത്. ഇടതുപക്ഷ തൊഴിലാളി സംഘടനകളും സജീവം. സ്വാഭാവികമായും രൂപീകൃതമായ കാലം മുതൽക്കേ എൽഡിഎഫിനോടാണ് ആലത്തൂരുകാർ അനുഭവം കാണിച്ചത്. എന്നാൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ വീശിയടിച്ച 'രാഹുലിസ'ത്തിൽ ആലത്തൂരും ഇടതുപക്ഷത്തെ കൈവിട്ടു.

കർഷകരും തൊഴിലാളികളും കൂടുതലുള്ള മേഖലയായതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രശ്ങ്ങളാണ് ആലത്തൂരുകാർ അഭിമുഖീകരിക്കുന്നത്. വരൾച്ച പ്രശ്നങ്ങൾ, നെല്ലിന്റെ സംഭരണ തുക ലഭിക്കാത്തത്, മറ്റ് കാർഷിക പ്രശ്നങ്ങൾ, വന്യജീവി ശല്യം, വികസന പ്രശ്നങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ്. ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം, സഹകരണ ബാങ്ക് തട്ടിപ്പുകൾ തുടങ്ങിയവയും മണ്ഡലത്തിലെ തിരെഞ്ഞെടുപ്പ് കാലത്തെ ചർച്ചകളാണ്.

തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?
വടകര പിടിക്കാൻ എളുപ്പവഴിയില്ല; കടത്തനാടന്‍ കളരിയില്‍ ഷാഫിയോ ശൈലജയോ?

ആലത്തൂരിലെ തിരഞ്ഞെടുപ്പുകൾ :

നേരത്തെ സൂചിപ്പിച്ചത് പോലെ സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ആലത്തൂർ. മണ്ഡലം രുപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് തന്നെ വിജയം കണ്ടു. എന്നാൽ മൂന്നാം തവണ അട്ടിമറി വിജയത്തിലൂടെ യുഡിഎഫ് മണ്ഡലം നേടി.

2009 വരെ സിപിഎമ്മിന്റെ കോട്ട തന്നെയായിരുന്നു ഒറ്റപ്പാലം മണ്ഡലം. അത് നിലനിർത്താൻ തന്നെയാണ് സിപിഎം ശ്രദ്ധിച്ചത്. 2009 ലോക്സഭാ തിരെഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. അന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ എൻ കെ സുധീർ യുഡിഎഫ് സ്ഥാനാർഥി. ബിജെപിയുടെ എം ബിന്ദുവും അത്തവണ കളത്തിൽ ഇറങ്ങി. 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി കെ ബിജു വിജയിച്ചു. 46.84 ശതമാനം ( 387,352) വോട്ടുകൾ നേടി. എതിർ സ്ഥാനാർഥിയായിരുന്ന എൻ കെ സുധീർ 44.31 ശതമാനം (3,66,392) വോട്ടുകൾ ആണ് നേടിയത്. എം ബിന്ദു 6.52 ശതമാനം നേടി ഒതുങ്ങി. സിപിഎമ്മിന്റെ ഉറച്ച കോട്ടയായി ആലത്തൂർ തുടർന്നു.

2014 ലോക്സഭാ തിരഞ്ഞെടുപ്പിലും പികെ ബിജു തന്നെയായിരുന്നു ഇടത് സ്ഥാനാർഥി. തത്തമംഗലം നഗരസഭാ ആധ്യക്ഷയായ കോൺഗ്രസിന്റെ ഷീബയായിരുന്നു എതിർ സ്ഥാനാർഥി. ബിജെപി ഷാജു മോൻ വട്ടേക്കാടിനെ കളത്തിൽ ഇറക്കി. ആകെ 12 സ്ഥാനാർഥികളാണ് അക്കൊല്ലം ആലത്തൂരിൽ മാറ്റുരച്ചത്. സിപിഎമ്മിന്റെ ഏറ്റവും മികച്ച കേഡർ സംവിധാനത്തിന്റെ ബാലത്തിൽ പികെ ബിജു മണ്ഡലം നിലനിർത്തി. ഭൂരിപക്ഷം 37,444 വോട്ടായി വര്‍ധിച്ചു. എന്നാൽ വോട്ടുവിഹിതം കുറഞ്ഞ് 44.34 ശതമാനമായി. ഒപ്പം ബിജെപിയുടെ വോട്ടു വിഹിതം ഉയർന്ന് 9.45 ശതമാനമായതും ശ്രദ്ധേയമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി അക്കുറി മണ്ഡലത്തിൽ നടന്നു. 21,417 പേർ നോട്ടക്ക് വോട്ടു രേഖപ്പെടുത്തി.

തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?
ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ

വൻ അട്ടിമറിയാണ് ആലത്തൂരിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടന്നത്. മൂന്നാമൂഴം മുന്നിൽ കണ്ട് വിജയം ഉറപ്പിച്ച് തന്നെയാണ് പികെ ബിജുവിനെ വീണ്ടും സിപിഎം ഇറക്കിയത്. കോൺഗ്രസ് അവതരിപ്പിച്ചതാകട്ടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോഴിക്കോടുകാരിയുമായ രമ്യ ഹരിദാസിനെ. അന്ന് എഐസിസി അധ്യക്ഷനായ രാഹുല്‍ ഗാന്ധി നേരിട്ട് തിരഞ്ഞെടുത്ത കേരളത്തിലെ ഏക സ്ഥാനാര്‍ഥി കൂടിയായിരുന്നു രമ്യ. ദേശീയ തലത്തിൽ രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിലൂടെ രമ്യ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസംഗത്തിനിടയിൽ നടൻ പാട്ടുകളും മറ്റും പാടുന്ന രമ്യയുടെ ശൈലിയും ആലത്തൂരിൽ വൻ തോതിൽ സ്വീകരിക്കപ്പെട്ടു.

രമ്യ ' ആലത്തൂരിന്റെ പെങ്ങളൂട്ടിയാണെന്ന' തരത്തിൽ കോൺഗ്രസ് സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ പ്രചാരണ പരിപാടികളും വിജയം കണ്ടു. ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം നേതാവ് എ വിജയരാഘവന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ രമ്യക്കെതിരെ നടത്തിയ വിവാദ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്ക് കൂടി വഴി വെച്ചതോടെ രമ്യക്ക് വിജയം ഏതാണ്ട് എളുപ്പമായി. എൻഡിഎയുടെ ഘടകകക്ഷിയെന്ന നിലയിൽ ബിഡിജെഎസ് ആണ് അത്തവണ മത്സരിച്ചത്. ടിവി ബാബു ആയിരുന്നു സ്ഥാനാർഥി.

അത്തവണ കേരളത്തിലാകെമാനം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിനൊപ്പം ആലത്തൂരും ഇടതുപക്ഷത്തെ കൈവിട്ടു. പികെ ബിജുവിനെ തള്ളി ആലത്തൂരുകാർ കോൺഗ്രസിന്റെ കൈ പിടിച്ചു. അതും ചെറിയ പരാജയമല്ല ബിജു നേരിട്ടത്. രമ്യ ഹരിദാസ് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെ പാട്ടും പാടി ജയിച്ചു. 52.4 ശതമാനം (533,815) വോട്ടുകളാണ് രമ്യ നേടിയത്. 27 വർഷത്തിന് ശേഷമാണ് ആലത്തൂരിൽ ഇടത് പക്ഷം തോൽവി അറിയുന്നത്. 36.8 ശതമാനം വോട്ട് മാത്രമാണ് പികെ ബിജു നേടിയത്. വൻ പതനമാണ് ആലത്തൂരിൽ എൽഡിഎഫ് ഇടതുപക്ഷം അക്കുറി കണ്ടത്. 2019 ൽ കേരളത്തിൽ നിന്ന് പാർലമെൻറിൽ എത്തിയ ഏക വനിതാ എംപിയാണ് രമ്യ ഹരിദാസ്. കേരളത്തിലെ രണ്ടാമത്തെ ദളിത് വനിതാ എംപിയും രമ്യയാണ്.

തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?
വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം

നിയമ സഭ മണ്ഡലങ്ങൾ :

ലോക്സഭയിൽ കോൺഗ്രസ് തൂത്തുവാരിയെങ്കിലും അടുത്തുള്ള നിയമ സഭ തിരെഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളും എൽഡിഎഫ് തിരിച്ച് പിടിച്ചിരുന്നു.

2011 മുതൽ എൽഡിഎഫ് മണ്ഡലമാണ് തരൂർ. 2011 മുതൽ 2021 വരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ആയിരുന്നു എംഎൽഎ. 2021 ൽ സിപിഎമ്മിന്റെ പിപി സുമോദ് വിജയിച്ചു. മൂന്ന് തവണയും 50 ശതമാനത്തിൽ അധികം വോട്ട് നേടിയാണ് എൽഡിഎഫ് വിജയിച്ചത്.

1996 മുതൽ 2011 വരെ കോൺഗ്രസിന്റെ കെ അച്യുതൻ ആണ് ചിറ്റൂർ‍ പ്രതിനിധീകരിച്ചത്. 2016 ണ് ശേഷം ജനതാദൾ (എസ്) ന്റെ കെ കൃഷ്ണൻ കുട്ടിയാണ് മണ്ഡലത്തിലെ എംഎൽഎ. അയ്യായിരത്തിൽ പരം വോട്ടുകൾക്കാണ് കെ അച്യുതൻ 2016 ൽ പരാജയപ്പെട്ടത്. 2021 തിരഞ്ഞെടുപ്പിൽ എത്തിയപ്പോഴേക്കും കൃഷ്‍ണൻ കുട്ടി ഭൂരിപക്ഷവും വോട്ടുവിഹിതവും ഉയർത്തിയിരുന്നു.

എൽഡിഎഫ് മണ്ഡലമാണ് നെന്മാറ. 2011 മുതൽ 2016 വരെ സിപിഎമ്മിന്റെ വി ചെന്താമരാക്ഷൻ ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2016 ലും 2021 ലും കെ ബാബു ആണ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യം 42.90% വോട്ടു നേടിയ കെ ബാബു 2021 ൽ ഭൂരിപക്ഷവും വോട്ട് വിഹിതവും വർധിപ്പിച്ചു.

എൽഡിഎഫ് മണ്ഡലം തന്നെയാണ് ആലത്തൂർ. 1996 മുതൽ സിപിഎമ്മാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് കൊണ്ടിരിക്കുന്നത്. 2001 ൽ സിപിഎമ്മിന്റെ വി ചെന്താമരാക്ഷൻ 52.92% വോട്ട് നേടി വിജയിച്ചു. 2006 ൽ 65.61% വോട്ട് നേടിയാണ് സിപിഎമ്മിന്റെ എം ചന്ദ്രൻ വിജയിച്ചത്. 2011 ലും ചന്ദ്രൻ നിലനിർത്തി. 2016 മുതൽ കെ ഡി പ്രസന്നനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 50 ശതമാനത്തിൽ കൂടുതൽ വോട്ടുകൾ നേടിയാണ് രണ്ട് തവണയും വിജയിച്ചത്.

തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?
മൂന്നാം അങ്കത്തിന് ജോയ്‌സും ഡീനും; ഇടുക്കിയില്‍ ആരാകും മിടുക്കന്‍?

ആലത്തൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ സിറ്റിംഗ് മണ്ഡലമാണ് ചേലക്കര. 1996 മുതൽ 2011 വരെ തുടർച്ചയായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത് കെ രാധാകൃഷ്ണൻ ആയിരുന്നു. 2016 ൽ സിപിഎമ്മിന്റെ യു ആർ പ്രദീപ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2021 ൽ 54.41% വോട്ട് നേടി വീണ്ടും രാധാകൃഷ്ണൻ വിജയിച്ചു.

മറ്റൊരു എൽഡിഎഫ് മണ്ഡലമാണ് കുന്നംകുളം. 2006 മുതൽ 2011 വരെ സിപിഎമ്മിന്റെ ബാബു എം പാലിശ്ശേരിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2016 മുതൽ എ സി മൊയ്‌ദീൻ ആണ് എംഎൽഎ.

എൽഡിഎഫിനോടും യുഡിഎഫിനോടും ഒരുപോലെ ചായ്‌വ് കാണിച്ചിട്ടുള്ള മണ്ഡലമാണ് വടക്കാഞ്ചേരി. 2011 ൽ കോൺഗ്രസിന്റെ സി എൻ ബാലകൃഷ്ണൻ 48.79 ശതമാനം വോട്ട് നേടി വിജയിച്ചു. 2016 ൽ കോൺഗ്രസിന്റെ അനിൽ അക്കര 41.02 ശതമാനം വോട്ട് നേടി വിജയിച്ചു. അവസാന നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സേവ്യർ ചിറ്റിലപ്പള്ളി 47.70 ശതമാനം വോട്ട് നേടി വടക്കാഞ്ചേരി പിടിച്ചു.

ആലത്തൂരിലെ പോർമുഖം :

ആലത്തൂർ ലോക്സഭാ മണ്ഡലം വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി നേരിടാനൊരുങ്ങുകയാണ്. ആലത്തൂരിൽ ഇത്തവണയും രമ്യയെ തന്നെ ഇറക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം മണ്ഡലം തിരിച്ച് പിടിക്കുക എന്ന ഉത്തരവാദിത്വം ഇടതുപക്ഷം വിശ്വസിച്ചേൽപ്പിക്കുന്നത് ചേലക്കര എംഎൽഎ കൂടിയായ മന്ത്രി കെ രാധാകൃഷ്ണനെയാണ്. പ്രതീകാത്മക കുഴിമാടം ഒരുക്കിയ പ്രശ്നത്തില്‍ എസ്എഫ്ഐയുമായി ഏറ്റുമുട്ടിയ വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പൽ ടി എന്‍ സരസു ആണ് ബിജെപിയുടെ ആലത്തൂർ സ്ഥാനാർഥി.

കെ രാധാകൃഷ്ണന്‍
കെ രാധാകൃഷ്ണന്‍

കഴിഞ്ഞ തവണ സംഭവിച്ചത് ആവർത്തിക്കരുതെന്ന് സിപിഎമ്മിന് നിർബന്ധമുണ്ട്. അത് കൊണ്ടാണ് രാധാകൃഷ്ണനെക്കാൾ മികച്ച ഒരു സ്ഥാനാർഥി ഇല്ലെന്ന കണക്കു കൂട്ടലിൽ അദ്ദേഹത്തെ തന്നെ അങ്കത്തിനിറക്കാൻ നേതൃത്വം തീരുമാനിച്ചത്. ചേലക്കരയിൽ നിന്ന് 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുൻ സ്പീക്കറും മന്ത്രിയും കൂടിയായ അദ്ദേഹം നിയമസഭയിലെത്തിയത്. പാർട്ടിയിലെ ചുരുക്കം ചില ജനകീയ മുഖങ്ങളിൽ ഒരാളാണ് കെ രാധാകൃഷ്ണൻ. പാർട്ടിക്കകത്തും പുറത്തുമുള്ള ക്ലീൻ ചീറ്റ് അദ്ദേഹത്തിന് തുണയാകും. പി കെ ബിജുവിന് നേരെയുണ്ടായ അമർഷം രാധാകൃഷ്ണന് നേരെയില്ല. ഇതെല്ലം മണ്ഡലത്തിൽ സിപിഎമ്മിന് അനുകൂല ഘടകങ്ങളാണ്.ആരോഗ്യ കാരണങ്ങൾ പറഞ്ഞ് അദ്ദേഹം പിന്മാറാൻ ശ്രമിച്ചിരുന്നുവെങ്കിലും ഒടുവിൽ നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങുകയായിരുന്നു.

തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?
തിരിച്ചുപിടിക്കാന്‍ കെസി, നിലനിര്‍ത്താന്‍ ആരിഫ്, നിലയുറപ്പിക്കാന്‍ ശോഭ; ആര്‍ക്ക് പിടികൊടുക്കും ആലപ്പുഴ?

മണ്ഡലത്തിലെ നിലവിലെ സ്ഥിതി ഏറക്കുറെ സിപിഎമ്മിന് അനുകൂലമാണെന്ന് പറയാവുന്നതാണ്. ഏഴും എൽഡിഎഫ് മണ്ഡലങ്ങളാണ്. ഭൂരിഭാഗം പഞ്ചായത്തകളും എൽഡിഎഫിന് ഒപ്പമാണ്. കണക്കുകൾ പ്രകാരം മണ്ഡലം എൽഡിഎഫ് തിരിച്ച് പിടിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.

രമ്യ ഹരിദാസ്‌
രമ്യ ഹരിദാസ്‌

അതിനാൽ കഴിഞ്ഞ വർഷത്തെപ്പോലെ അത്ര എളുപ്പമാകില്ല രമ്യ ഹരിദാസിന് കാര്യങ്ങൾ. പുതുമുഖമായതിനാൽ പാട്ട് പാടി വിജയിച്ച ലാഘവത്തിൽ ഇത്തവണ മറുകണ്ടം കടക്കാനാവില്ല. മണ്ഡലത്തിലെ പ്രവർത്തനങ്ങളും ജനങ്ങൾക്കുണ്ടായ നേട്ടവും വിലയിരുത്തപ്പെടും. മണ്ഡലത്തിലെ സാധാരണക്കാർക്കിടയിൽ വളരെ സജീവമായാണ് രമ്യ ഇടപെട്ടത്. പക്ഷെ ഇത്തവണ രമ്യക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പുകൾ ഉണ്ട്. ഒരുപാട് പരാതികൾ ഇത്തരത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് വന്ന് കഴിഞ്ഞു. കഴിഞ്ഞ തവണ വിജയിച്ച് പോയതിന് ശേഷം രമ്യ പ്രാദേശിക നേതാക്കൾ വിളിച്ചാൽ ഫോൺ എടുക്കാറില്ല, പരിപാടികളിൽ സംബന്ധിക്കാറില്ല തുടങ്ങിയ പരാതികൾ ഉന്നയിച്ചത് പ്രാദേശിക നേതാക്കൾ തന്നെയാണ്.

ഇത് രമ്യയുടെ പ്രചാരണ പരിപാടികളെ വളരെ പ്രതികൂലമായി ബാധിക്കും എന്നതിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ തവണ രമ്യ പ്രചാരണത്തിനായി പോകുമ്പോൾ ആളുകൾ സ്വയം സംഘടിക്കുകയും പ്രചാരണത്തിനായി പോവുകയും ചെയ്തിരുന്നു. പക്ഷെ ഇത്തവണ അങ്ങനെ ഒന്നില്ല. രമ്യക്കൊപ്പം പാർട്ടി നിശ്ചയിച്ച ആളുകൾ മാത്രമാണുള്ളത്. പക്ഷെ സാധാരണക്കാർക്കിടയിൽ രമ്യക്കിപ്പോഴും സ്വാധീനമുണ്ട്. അതാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകം. എന്നാൽ പ്രാദേശിക നേതാക്കളുടെ ഇടച്ചിൽ തിരിച്ചടിക്കാൻ സാധ്യതയുണ്ട്. എംപി എന്ന നിലയിൽ വലിയ പ്രവർത്തനങ്ങളൊന്നും മണ്ഡലത്തിൽ രമ്യ ഹരിദാസ് കാഴ്ചവെച്ചിട്ടില്ല എന്ന ആരോപണവും ശക്തമാണ്.

തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?
തരൂരിന്റെ തട്ടകം, അന്യനല്ലാത്ത പന്ന്യന്‍, ഹൈടെക്ക് രാജീവ്

പാര്‍ലമെന്റ് മണ്ഡലത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 1734 കോടി രൂപ ചെലവഴിച്ചുവെന്നാണ് രമ്യ ഹരിദാസിന്റെ അവകാശവാദം. ആലത്തൂരിന്റെ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ 50 ലധികം തവണ സംസാരിച്ചിട്ടുണ്ടെന്നും ഇവര്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ടി എന്‍ സരസു
ടി എന്‍ സരസു

ബിജെപിയെ സംബന്ധിച്ചിടത്തോളം ആലത്തൂരുകാർക്ക് അത്ര പരിചയമില്ലാത്ത സ്ഥാനാർത്ഥിയാണ് ടി എന്‍ സരസു. സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ തന്നെ സമയം ആവശ്യമാണ്. ഒട്ടും പ്രതീക്ഷിക്കാതെ വന്നെത്തിയ സ്ഥാനാർത്ഥിയാണ് ടി എന്‍ സരസു. പാർട്ടിക്കുള്ളിൽ പോലും കാര്യമായ ബന്ധങ്ങളൊന്നും സ്ഥാനാർത്ഥിക്കില്ല. അത് ബിജെപിയെ തിരിച്ചടിക്കും. ഇവിടെ ബിജെപിയിലെ സ്ത്രീ വോട്ടുകൾ രമ്യക്ക് ലഭിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. എൽഡിഎഫിനെ തോൽപ്പിക്കുക എന്നത് ബിജെപിയുടെ മുൻഗണന. ഇനി ബിജെപി കൂടുതൽ വോട്ട് പിടിച്ചാൽ അത് എൽഡിഎഫിന് ഗുണം ചെയ്യുകയും ചെയ്യും.

പ്രധാന പ്രചാരണ വിഷയങ്ങൾ കാർഷിക പ്രശ്നങ്ങളും കുടിവെള്ള പ്രശ്നങ്ങളും തന്നെയാണ്. നെല്ല് സംഭരണം, പറമ്പിക്കുളത്തെ വെള്ളം എത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മുതലമട പ്രശ്നങ്ങൾ തുടങ്ങി പാലക്കാടിന്റെ കിഴക്കൻ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടുതൽ ചർച്ചയാകുന്നത്.

logo
The Fourth
www.thefourthnews.in