INDIA

സമാധാനം പുനഃസ്ഥാപിക്കണമെന്ന് മണിപ്പൂര്‍ ജനതയോട് അമിത് ഷാ; ചര്‍ച്ചകള്‍ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനത്തെത്തും

വെബ് ഡെസ്ക്

മണിപ്പൂരില്‍ രണ്ടാമതും സംഘര്‍ഷം പൊട്ടിപുറപ്പെട്ട സാഹചര്യത്തില്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. മെയ് 29ന് കേന്ദ്ര മന്ത്രി അമിത് ഷാ മണിപ്പൂരിലെത്തും. ജൂണ്‍ ഒന്നുവരെ മണിപ്പൂരില്‍ തുടരുന്ന അമിത് ഷാ മേയ്തി, കുകി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

നേരത്തെ മണിപ്പൂരിലെ അക്രമ സാഹചര്യം കൈകാര്യം ചെയ്തില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് കേന്ദ്രം വിലയിരുത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് നേരിട്ട് ഇടപെടല്‍ നടത്തുന്നത്.

മേയ്തി സമുദായത്തിന് പട്ടികവർഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയാണ് ഏറ്റുമുട്ടലുകളുടെ അടിസ്ഥാനമെന്ന് അമിത് ഷാ പറഞ്ഞു. ചര്‍ച്ചയിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഭിന്നത പരിഹരിക്കണമെന്ന് ആസാം സന്ദര്‍ശനത്തിനിടെ അമിത് ഷാ ആഹ്വാനം ചെയ്തു.

മേയ്തി സമുദായത്തെ മണിപ്പൂരിലെ പട്ടികവർ​ഗ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശുപാർശ കേന്ദ്രത്തിന് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് മാർച്ച് 27-നാണ് മണിപ്പൂർ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തവിട്ടത്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാന്‍ സുപ്രീംകോടതിയും വിസമ്മതിച്ചിരുന്നു.

മണിപ്പൂരിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് മെയ് 4 മുതൽ പ്രദേശത്താകെ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഗോത്രവിഭാഗമായ കുകികള്‍ മെയ് മൂന്നിന് സംഘടിപ്പിച്ച മാര്‍ച്ചാണ് അക്രമസംഭവങ്ങളുടെ തുടക്കം. മേയ്തി വിഭാഗം പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെയായിരുന്നു പ്രതിഷേധം. കുകികളെ സംരക്ഷിത വനമേഖലയില്‍ നിന്ന് മാറ്റിപാര്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധം ഇരട്ടിയാക്കി. മുഖ്യമന്ത്രിയായ എന്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആസൂത്രിതമായി ഗോത്ര വിഭാഗത്തെ വനങ്ങളില്‍ നിന്നും നീക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കുകികളുടെ ആരോപണം. ഇംഫാലിലും ചുരാചന്ദ്പൂരിലുമെല്ലാം കുകികള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണങ്ങളുണ്ടായി. വീടുകള്‍ തീയിടുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് അഭയസ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

മണിപ്പൂരില്‍ നീതി ഉറപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. അക്രമത്തിന് കാരണക്കാരായവരെ വെറുതെവിടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ മണിപ്പൂര്‍ ജനതയ്ക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ മണിപ്പൂര്‍ വീണ്ടും സംഘര്‍ഷ സാഹചര്യത്തിലേക്ക് മാറിയിരുന്നു .മേയ്തി - കുകി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബിഷ്ണുപൂർ ജില്ലയിൽ ഒരാൾ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യൂ പുനഃസ്ഥാപിച്ചു. ഒരു വിഭാഗം അക്രമികൾ വീടുകൾക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മണിപ്പൂരിലെ ജനസംഖ്യയില്‍ 64 ശതമാനവും മേയ്തികളാണ്. സംസ്ഥാനത്തെ 10 ശതമാനം ഭൂമി ഇവരുടെ കൈവശമാണ്. മലയോരമേഖലകളില്‍ ഗോത്ര പദവിയില്ലാത്ത മേയ്തികള്‍ക്ക് ഭൂമി വാങ്ങാന്‍ അനുവാദമില്ല. അതുകൊണ്ടുതന്നെ പട്ടികവര്‍ഗ പദവി ലഭിച്ചാല്‍ മലയോരമേഖലയില്‍ ഭൂമി വാങ്ങാനാകുമെന്ന് അവര്‍ ലക്ഷ്യം വയ്ക്കുന്നു.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും