ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം

ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം

ബുക്കർ സമ്മാനത്തിന് പരിഗണിക്കപ്പെടുന്ന നോവലുകളുടെ ഇതിവൃത്തങ്ങൾ പ്രധാനമായും കുടുംബ ബന്ധങ്ങളും കുടുംബപ്രശ്നങ്ങളും ആണെന്ന് ഒറ്റനോട്ടത്തിൽ തോന്നിയാലും അവ വിരൽചൂണ്ടുന്ന പ്രധാന വിഷയം സ്വത്വാന്വേഷണം തന്നെ

2023 ലെ ഷോർട്ട് ലിസ്റ്റുകാർ ആരും തന്നെ മുൻവർഷങ്ങളിൽ  ബുക്കർ ഷോർട്ട് ലിസ്റ്റിൽ വന്നിട്ടില്ലെന്നത് ഇത്തവണത്തെ ബുക്കർ സമ്മാനത്തിൻ്റെ പ്രത്യേകതയാണ്. സെബാസ്റ്റ്യൻ ബാരി, ടാൻ ത്വാൻ എങ്, തുടങ്ങിയ ബുക്കർ 'പാരമ്പര്യ'മുള്ള എഴുത്തുകാരുടെ ഉജ്ജ്വലരചനകളെ ഒഴിവാക്കിക്കൊണ്ടുള്ള ഷോർട്ട് ലിസ്റ്റ് പുറത്തുവന്നപ്പോഴേ ബുക്കർ 'ട്രെൻഡ്' എന്താണ് എന്നുള്ള ഊഹാപോഹങ്ങൾ പലതുമുണ്ട്. വിവിധ തുടർവിശകലനങ്ങളിൽ എഴുത്തിൻ്റെയും എഴുത്തുകാരുടെയും ഭൂമിശാസ്ത്രവും ചരിത്രവും പശ്ചാത്തലവും പരിശോധിക്കുന്നത് രസകരമായാണ്.

ആറു നോവലുകളിൽ കന്നിപ്പുസ്തകങ്ങൾ രണ്ടെണ്ണം. പോൾ എന്ന് പേരുള്ള മൂന്നു പേർ. രണ്ടു അമേരിക്കക്കാർ. രണ്ടു ഐറിഷ് എഴുത്തുകാർ. ഇന്ത്യൻ ബന്ധമുള്ള ഒരു നോവലിസ്റ്റ്. പ്രസാധകരിൽ ഇൻഡീ പബ്ലിഷേഴ്‌സ് രണ്ടു പേർ. പുസ്തകസംബന്ധമായതല്ലാത്ത പലതും കൂടുതൽ ചർച്ചയ്ക്ക് വിധേയമാകുന്നുവെന്നത് ഈ നോവലുകളിലെ വിഷയങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അവ വായിക്കപ്പെടുന്നുണ്ടോയെന്ന് പോലും സംശയം തോന്നിക്കുന്നു. 

നോവലുകളുടെ പേജെണ്ണം ബുക്കർ വേദിയിൽ മുൻപ് വിവാദമായിട്ടുള്ളതുകൊണ്ട് ആദ്യമേ എടുത്തുപറയട്ടെ, ഇത്തവണത്തെ ചുരുക്കപ്പട്ടിക അതൊരു വിഷയമാക്കിയിട്ടില്ല. 161 പേജ് മാത്രമുള്ള ചെറു നോവൽ മുതൽ 640 പേജ് വരെയുള്ള ബൃഹദ് പുസ്തകം വരെ ജൂറി അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.  

ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം
ഇന്നിന്റെ ആകുലതകളിൽ നിന്ന് രക്ഷപെടാനുള്ള 'ടൈം ഷെൽട്ടർ'

എല്ലാ നോവലുകളുടെയും ഇതിവൃത്തങ്ങൾ  പ്രധാനമായും കുടുംബ ബന്ധങ്ങളും കുടുംബപ്രശ്നങ്ങളും ആണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിയാലും അവ വിരൽചൂണ്ടുന്ന പ്രധാന വിഷയം സ്വത്വാന്വേഷണം തന്നെയാണ്. 'ആരാണ് നിങ്ങൾ?' അഥവാ 'എന്താണ് നിങ്ങൾ' എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനോ മറ്റൊരു സമൂഹത്തെ പറഞ്ഞു മനസ്സിലാക്കാനോ  വിഷമിക്കുന്ന മനുഷ്യരാണ് ഈ പുസ്തകങ്ങളിൽ ഉടനീളം. അഥവാ അങ്ങനെയൊരു ശ്രമം നിരന്തരം വേണ്ടിവരുന്ന മനുഷ്യർ.  എന്നാൽ കഥകളുടെ പശ്ചാത്തലത്തിൽ സാർവത്രികമായ പ്രമേയങ്ങൾ തന്നെയാണ്.

പ്രധാനമായും കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ കലാപം  മൂലമുള്ള പലായനം, അങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് എത്തിച്ചേരുന്ന പുതിയ ഭൂമികകളിൽ നേരിടുന്ന അന്യവൽക്കരണം, അത് കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വലുതും ചെറുതുമായ വിള്ളലുകൾ,  ദുർഭരണങ്ങളിൽ തകർന്നു വീഴുന്ന സമൂഹങ്ങളും ആ ഭൂമികുലുക്കങ്ങളിൽ ഇല്ലാതാകുന്ന ബന്ധങ്ങളും കുടുംബങ്ങളും. വർത്തമാനകാലത്തിൻ്റെ ചെറുതല്ലാത്ത അനുരണനങ്ങൾ ഇതിലെ ചില നോവലുകളുടെ പേജുകളിൽ നിന്ന് നമ്മളെ ഭയപ്പെടുത്തുന്നതും കാണാം. ഇവിടെ  പരിചയമുണ്ടെന്നു തോന്നുന്ന ചില കഥാതന്തുക്കളുണ്ടെങ്കിൽ അതിനു കാരണം കൂട്ടത്തിലെ മൂന്നു നോവലുകൾ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളവയാണ് എന്നതാണ്. 

ഇതൊക്കെ കൂടാതെ ഈ ആറ് പുസ്തകങ്ങളെയും കൂട്ടിയിണക്കുന്ന പ്രധാന കണ്ണി  മികച്ച രചന തന്നെയാണ്. ഈ അര ഡസൻ  പുസ്തകങ്ങളിൽ ഒരെണ്ണം പോലും വായനാസുഖം ഇല്ലാത്തവയല്ല. 

2023 ബുക്കർ ചുരുക്ക പട്ടിക
2023 ബുക്കർ ചുരുക്ക പട്ടിക
  • സ്റ്റഡി ഫോർ ഒബീഡിയെൻസ് (സാറ ബേൺസ്റ്റീൻ )

  • ഇഫ് ഐ സർവൈവ് യു (ജോനാഥൻ എസ്‌കോഫെറീ)

  • വെസ്റ്റേൺ ലെയിൻ (ചേതന മാരൂ)

  • പ്രൊഫെറ്റ് സോങ് (പോൾ ലിഞ്ച്)

  • ദ് ബീ സ്റ്റിങ് (പോൾ മറീ)

  • ദിസ് അദർ ഈഡൻ (പോൾ ഹാർഡിങ്) 

എന്നീ പുസ്തകങ്ങളാണ് പുരസ്കാരത്തിനായി മാറ്റുരയ്ക്കുന്നത്. 

ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം
ഗിയോർഗി ഗോസ്പദനോവിന്റെ ടൈം ഷെൽട്ടറിന് അന്താരാഷ്ട്ര ബുക്കർ പ്രൈസ്

2023 ബുക്കർ ഷോർട്ട്ലിസ്റ്റിൻ്റെ വിവിധ വശങ്ങൾ  അടിസ്ഥാനമാക്കിയുള്ള  ഒരു ഹ്രസ്വാവലോകനമാണിത്. നവംബർ 26ന് ലണ്ടൻ സമയം ഏതാണ്ട് അർധരാത്രി ആകുമ്പോഴേക്കും മറ്റൊരു ബുക്കർ ജേതാവ് കൂടി പ്രഖ്യാപിക്കപ്പെടുമ്പോൾ ഒപ്പമുണ്ടായിരുന്ന ഗംഭീര വായനകൾ മറക്കാതിരിക്കാനാണ് ഈ ചെറുകുറിപ്പുകൾ.   

സ്റ്റഡി ഫോർ ഒബീഡിയെൻസ് (സാറ ബേൺസ്റ്റീൻ )

സ്റ്റഡി ഫോർ ഒബീഡിയെൻസ്
സ്റ്റഡി ഫോർ ഒബീഡിയെൻസ്

കഥാസാരം 

പേരില്ലാത്തൊരു ജൂത പെൺകുട്ടിയാണ് ഈ കഥ പറയുന്നത്. കാലങ്ങളായി സ്വന്തം കുടുംബത്താൽ ചൂഷണം ചെയ്യപ്പെടുന്ന, ഒരുപാട് മക്കളിലെ ഏറ്റവും ഇളയ സന്തതി. അനുസരണയോടെ അച്ചടക്കത്തോടെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്ന ഇവൾ കുറച്ച്  അകലെയുള്ള തങ്ങളുടെ പ്രപിതാമഹന്മാരുടെ നാടായ ഒരു  രാജ്യത്തെ  പട്ടണത്തിലേക്ക് താമസം മാറുകയാണ്. ഭാര്യ ഉപേക്ഷിച്ചു പോയ അവളുടെ മൂത്ത സഹോദരന് വേണ്ടി ഗൃഹഭരണം നടത്തുകയാണ് ഉദ്ദേശ്യം. ആ സമയത്ത് തന്നെ  പട്ടണത്തിനു പുറത്തേക്ക് യാത്ര പോവുന്നുണ്ട് സഹോദരൻ. അതോടെ ആ നാട്ടിൽ എന്തൊക്കെയോ വിചിത്രമായ സംഭവങ്ങൾ നടക്കുന്നതായി ആഖ്യാതാവിൻ്റെ നാവിലൂടെ വായനക്കാരന് ബോധ്യമാകുന്നു.

ഒരു നായയുടെ ഇല്ലാഗർഭം, സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന ഒരു പെൺ പന്നി, പേയ്  പിടിക്കുന്ന പശുക്കൾ, പൂപ്പൽ പിടിച്ചു നശിക്കുന്ന ഉരുളക്കിഴങ്ങു കൃഷി അങ്ങനെ പലതും.  മാത്രമല്ല അന്നാട്ടുകാർക്ക് തന്നോട് എന്തോ അപ്രിയമുണ്ടെന്ന് അവൾക്ക് തോന്നുന്നു. അത് മാറ്റാനായി  അവരോടു ചേർന്ന് നിൽക്കാൻ അവൾ  ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഏശുന്നില്ല. സഹോദരനോടുള്ള ഇഷ്ടം അവർക്ക് അവളോടില്ല. അന്നാട്ടിലെ നിർഭാഗ്യകരമായ സംഭവങ്ങൾക്ക് തന്നെയല്ലേ  ആളുകൾ കുറ്റപ്പെടുത്തുന്നത് എന്നവൾക്ക് തോന്നുന്നുണ്ട്. എന്തുകൊണ്ടാവാം അങ്ങനെയൊരു അപ്രിയം വരുന്നത്?  ഈ സാഹചര്യത്തിൽ എങ്ങനെയാണ് അവൾ പ്രതികരിക്കുന്നത്?

ഒരു കഥയില്ലാക്കഥ പോലെ ആരംഭിച്ച്  ലളിതമായ കാര്യങ്ങൾ പറഞ്ഞുപറഞ്ഞു പിരിമുറുക്കത്തിൻ്റെ കൊടുമുടിയിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന നോവൽ. അന്യവൽക്കരണത്തിൻ്റെ വേദനയും അതിജീവനത്തിൻ്റെ പിടച്ചിലും രേഖപ്പെടുത്തുന്ന ധിഷണാസമ്പന്നമായ എഴുത്ത്.  കഥയുടെ ഗതി ഒരു 'വരത്തൻ്റെ' കാഴ്ചപ്പാട് എന്ന് ഒറ്റ നോട്ടത്തിൽ തോന്നുമ്പോഴും, ഇപ്പറയുന്നതെല്ലാം യുക്തിസഹമോ എന്ന് ചിന്തിക്കാൻ  ഇടയ്ക്ക് വായനക്കാരന് സൂചനകൾ നൽകിയാണ് ആഖ്യാനം മുന്നോട്ട് പോകുന്നത്. സ്ഥലവും കാലവും കഥാഗതിയിൽ  കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലാത്തതും എന്നാൽ വ്യംഗ്യത്തിൽ  ചൂണ്ടിക്കാണിക്കുന്നതുമായ  എഴുത്തുരീതിയിലൂടെ സംഘർഷഭരിതമായ ഒരു വർത്തമാനകാലത്തിനു ഭൂതകാലവുമായുള്ള ബന്ധം  വേർപെടുത്താനാവുന്നില്ല എന്ന്  വ്യക്തമാക്കുന്നു.  എല്ലാത്തിനും ഉപരി ഇന്നത്തെ ലോകം ഞങ്ങളും അവരും എന്ന വേർതിരിവ് ഇക്കാലത്തിൻ്റെ  ശരികളിൽ ഒന്നായി  സ്വീകരിച്ചിട്ടുണ്ടെന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നു. 

ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം
അറിയാം ആദ്യ ബുക്കര്‍ പ്രൈസ് ജേതാവിനെ

നോവലിസ്റ്റ്

സാറ ബേൺസ്റ്റീൻ ജൂതവംശജയാണ്. രണ്ടു തലമുറ മുൻപ് കിഴക്കൻ യൂറോപ്പിലെ ജൂത പീഡാകാലത്ത് ഒട്ടനവധി  അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബത്തിൽ പെട്ടവർ. ജനിച്ചത് കാനഡയിലെ  മോൺട്രിയാലിൽ, ഇപ്പോൾ താമസിക്കുന്നത് ബ്രിട്ടണിലെ സ്കോട്ട്ലൻഡിൽ. അവിടെ സർവകലാശാലാ അധ്യാപികയാണ്. ഇംഗ്ലീഷ് സാഹിത്യവും ക്രിയേറ്റിവ് റൈറ്റിങ്ങും പഠിപ്പിക്കുന്നു.

സാറ ബേൺസ്റ്റീൻ
സാറ ബേൺസ്റ്റീൻ

2023 അവർക്ക് നേട്ടങ്ങളുടെ വർഷമാണ്. ഇക്കൊല്ലത്തെ ഏറ്റവും മികച്ച 'യങ് ബ്രിട്ടീഷ് നോവലിസ്റ്റുകളുടെ' പട്ടികയിൽ ഗ്രാൻറ്റ മാസിക  തെരഞ്ഞെടുത്തതു കൂടാതെ അവരുടെ 'സ്റ്റഡി ഫോർ ഒബീഡിയൻസ്' എന്ന നോവൽ ഗ്രാൻറ്റ പ്രസിദ്ധീകരിക്കുകയും ചെയ്തു.   ബുക്കർ സമ്മാനത്തിൻ്റെ ചുരുക്കപ്പട്ടിക വരെ ഈ  നോവൽ ചെന്നെത്തിയിട്ടുണ്ട്.  

2023 നവംബറിൽ പിന്നെയും രണ്ടു സന്തോഷങ്ങൾ  വന്നെത്തിക്കഴിഞ്ഞു. ഒന്ന്, അവർക്കൊരു കുഞ്ഞുണ്ടായി. രണ്ട്, ഒരു ലക്ഷം കനേഡിയൻ ഡോളർ സമ്മാനത്തുക വരുന്ന സ്‌കോട്ടിയ ബാങ്ക് ഗില്ലർ പ്രൈസ് ലഭിച്ചിരിക്കുന്നു.  അങ്ങനെ  രണ്ടു രാജ്യങ്ങളുടെ സ്വന്തം എഴുത്തുകാരിയാണ് സാറ ബേൺസ്റ്റീൻ.

വാൽക്കഷണം

സ്‌കോട്ടിയ ഗില്ലർ സമ്മാനദാനച്ചടങ്ങിൽ വച്ച് ഗാസയ്ക്കും പലസ്തീനും വേണ്ടി ശബ്ദം ഉയർത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്തുവെന്ന് മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ഗില്ലർ സമ്മാനത്തിൻ്റെ സ്പോൺസറായ എൽബിറ്റ്  സിസ്റ്റംസ് ഒരു ഇസ്രായേലി ആയുധക്കമ്പനിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്ത സാറ ഇതൊന്നും ആദ്യം അറിഞ്ഞിരുന്നില്ല. എന്നാൽ അതുകഴിഞ്ഞു 1700 ൽ അധികം കനേഡിയൻ എഴുത്തുകാർ ഒപ്പു വച്ച, പ്രതിഷേധിക്കാനുള്ള അവകാശത്തെ ഉയർത്തിപ്പിടിക്കുന്ന തുറന്ന കത്തിൽ സാറ ഒപ്പു വച്ചിട്ടുണ്ട്. 

ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം
ബുക്കർ ട്രോഫിയുടെ പേരിന് പിന്നിൽ

ഇഫ് ഐ സർവൈവ് യു (ജോനാഥൻ എസ്‌കോഫെറീ)

ഇഫ് ഐ സർവൈവ് യു
ഇഫ് ഐ സർവൈവ് യു

കഥാസാരം 

ജമൈക്കയിൽനിന്ന് എഴുപതുകളുടെ അവസാനം കിങ്സ്റ്റൺ നഗരത്തിലെ കലാപങ്ങളിൽനിന്ന് ഓടിരക്ഷപ്പെട്ട്  അമേരിക്കയിലെ മയാമിയിൽ പുതിയ ജീവിതം തേടിയെത്തുന്ന ടോപ്പർ, സാനിയ ദമ്പതികളും അവരുടെ  മക്കൾ  ട്രലൗണി, ഡിലനോ, എന്നിവരും ആ  നഗരത്തിലെ അവരുടെ അതിജീവനവും   അവതരിപ്പിക്കുന്ന നോവലാണ് ഇഫ് ഐ സർവൈവ് യൂ. അവരുടെ അമേരിക്കൻ കുടിയേറ്റചിത്രങ്ങൾ  ഒരു ആൽബം പോലെ എട്ടു കഥകളായി ചേർത്തുവച്ച് പലരുടെ  കാഴ്ചപ്പാടുകളിലൂടെയാണ് കഥാഗതി മുന്നോട്ടു പോകുന്നത്. 

'ആരാണ്  നീ' എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിച്ചു കൊണ്ട് ട്രലൗണി എന്ന ജമൈക്കൻ പയ്യൻസ് എഴുതുന്ന ആദ്യ കഥയിൽ അയാളുടെ തൊലിയുടെ നിറമാണ് വിഷയം. കൃത്യമായി അടയാളപ്പെടുത്താൻ പറ്റാത്ത നിറമാണത്. കരിങ്കറുപ്പല്ല, ഒരു ഇളം തവിട്ടു നിറമുള്ള ദേഹമാണവന്. അത് ചില നേരത്ത് അവനു അനുഗ്രഹമാണ്. ചിലനേരത്ത് ശാപവും. അവൻ്റെ രക്തത്തിൽ അലിഞ്ഞിട്ടുള്ള വംശങ്ങളുടെ സങ്കരം അവനു കൊടുക്കുന്ന ആകാരമാണോ അവൻ? വെളുത്ത തൊലിയിലേക്കുള്ള പ്രയാണമാണോ അവരുടെ അന്വേഷണം? ആത്യന്തിക ലക്‌ഷ്യം? 

ട്രലൗണി എന്ന ഇളയ മകനാണ് കഥ പറയാൻ കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. അവൻ ജനിച്ചത് ജമൈക്കയിലല്ല, യു. എസ്സിൽ ആണ്. അതുകൊണ്ടു തന്നെ ജമൈക്കയിൽ അവൻ പരദേശിയാണ്. യു. എസിലും അങ്ങനെ തന്നെ. കോളേജിൽ ചേരുമ്പോഴും ആരാണ് നീ, എന്താണ് നീ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ അവൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുകയാണ്. പല തരത്തിൽ, പല സന്ദർഭങ്ങളിൽ. പല പ്രായങ്ങളിൽ അത് തുടരുന്നു. 

ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം
പതിനൊന്ന് ഭാഷകള്‍, പതിമൂന്ന് പുസ്തകങ്ങള്‍; ബുക്കേഴ്സ് ഡസൻ 2023

ട്രലൗണിയുടെ പ്രശ്നം വംശമാണെങ്കിൽ, അവൻ്റെ അച്ഛൻ  ടോപ്പറാകട്ടെ കുടുംബം കരകയറ്റാനുള്ള ഓട്ടത്തിലാണ്. ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങിയ ഒരു കുടിയേറ്റക്കാരൻ്റെ ജീവിതവ്യഥകൾ എല്ലാം അയാളുടെ ആഖ്യാനത്തിലുണ്ട്. കഠിനാധ്വാനിയും കുടുംബസ്നേഹിയും ആണെങ്കിലും അയാൾക്ക് ഇളയ മകനെ മനസ്സിലാകുന്നില്ല. അവർ തമ്മിലുള്ളത്ര മാനസിക അകലം എന്നാൽ  മൂത്തമകനായ ഡിലനോയുമായി ടോപ്പറിനില്ല. ഡിലനോയും തൻ്റെ അച്ഛനെപ്പോലെ തന്നെ  സ്വന്തം മക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. പക്ഷെ അതിനു അവർ രണ്ടു പേരും സ്വീകരിക്കുന്ന വഴികൾ ഒന്ന് തന്നെയാണോ? അവരുടെ ജമൈക്കൻ സ്വത്വം സംരക്ഷിക്കപ്പെടേണ്ടതോ, അതോ അവർ തേടുന്ന അമേരിക്കൻ സ്വത്വത്തിൽ അടിയറവു വയ്‌ക്കേണ്ടതോ എന്ന ചോദ്യവും കഥയിൽ ഉടനീളമുണ്ട്. 

ഇതിനിടയിൽ ഒരു സാമ്പത്തിക മാന്ദ്യവും, ഒരു പ്രകൃതി ദുരന്തവും ഇവരുടെ ജീവിതങ്ങളെ ബാധിക്കുന്നുണ്ട്. കുടുംബത്തിൽ ഉള്ളവർ തമ്മിലുള്ള ബന്ധങ്ങൾക്ക്‌ ഇത് വിള്ളൽ ഉണ്ടാക്കുന്നുണ്ടോ എന്നതാണ് കഥയുടെ ശേഷഗതി. 

ഈ നോവലിനെപ്പറ്റി എടുത്തു പറയേണ്ടുന്ന ചില  കാര്യങ്ങൾ : ഒന്ന്, ഇതൊരു കന്നി നോവലാണ് പക്ഷെ അങ്ങനെ ഒരു സന്ദേഹവും ഈ നോവലിന്റെ എഴുത്തിൽ തോന്നുകയില്ല.  രണ്ട്, ഇതിൻ്റെ പുതുമയാർന്ന ഘടനയും ഭാഷയും പുസ്തകം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം കൃത്യമായി വരച്ചിടുന്നുണ്ട്. മൂന്ന്: ഹാസ്യത്തിൻ്റെ മേമ്പൊടി ചേർത്ത് കുടിയേറ്റത്തിൻ്റെ സങ്കടങ്ങൾ  കുറച്ച് കാണിക്കാൻ ഒരിടത്തും നോവലിസ്റ്റ് ശ്രമിക്കുന്നില്ല എന്നത് ശ്ലാഘനീയമാണ്. എഴുത്തുകാരൻ്റെ ശൈലി അതിനൊരു  മറ മാത്രമാണ്. സ്വാർത്ഥതയും അധികാരമോഹവും പണത്തോടുള്ള കൊതിയും കൊണ്ട് മാത്രം ഈ ലോകത്ത് നടക്കുന്ന മനുഷ്യവിരചിതമായ കൊടുംക്രൂരതകളോട് കണ്ണടക്കുകയും, ഇത് അനുഭവിക്കുന്ന സമൂഹങ്ങളെ   വംശം, നിറം, വർഗം എന്നിവയുടെ പേരിൽ തിരസ്കരിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നതിന് ഇത്തരം നേർക്കാഴ്ചകൾ എല്ലാക്കാലത്തും ആവശ്യമായിരുന്നു. എന്നിട്ടും കരുണയും സഹതാപവും തോന്നാത്തവരെ ഇതിനു കാരണക്കാർ നമ്മളും കൂടിയാണ് എന്ന് മനസ്സിലാക്കാനായി  ഇവിടെ ഹാസ്യം ഒരു സങ്കേതമായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. 

നോവലിസ്റ്റ് 

ജോനാഥൻ എസ്‌കോഫെറീ കന്നിപ്പുസ്തകം എഴുതാൻ എടുത്തത് പത്തു കൊല്ലമാണ്. പാശ്ചാത്യ വായനാലോകത്തെ വിശിഷ്ടവേദികളൊക്കെയും ഈ പുസ്തകത്തെ രണ്ടുകൈയും നീട്ടി സ്വീകരിച്ചു എന്ന് അവലോകനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഒരു ഡസനിലേറെ അവാർഡുകളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു കഴിഞ്ഞ ഇഫ് ഐ സർവൈവ്, ബുക്കർ പട്ടികയിൽ വരും മുൻപ് തന്നെ ഫ്രഞ്ച്, ഇറ്റാലിയൻ, ടർക്കിഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 

ജോനാഥൻ എസ്‌കോഫെറീ
ജോനാഥൻ എസ്‌കോഫെറീ
ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം
ഇന്ത്യൻ സാഹിത്യം തേടുന്നു ആത്മാവുള്ള പരിഭാഷ

വാൽക്കഷണം 

ഒരു കുടിയേറ്റ കുടുംബത്തിലെ രണ്ടാം തലമുറക്കാരൻ എന്ന നിലയിലെ ജോനാഥൻ്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് അയാളുടെ കഥകൾ. കുട്ടിക്കാലത്തു വായിച്ച ജനപ്രിയ ബാലസാഹിത്യകൃതികളായ ഹാർഡി ബോയ്സ് പുസ്തകപരമ്പരയിൽ ജോനാഥൻ കണ്ടറിഞ്ഞ വംശീയതയിൽ നിന്നാണ് സമൂഹത്തെ  പ്രതിഫലിപ്പിക്കുന്ന കഥകളിലേക്കുള്ള പ്രയാണം തുടങ്ങിയതെന്ന് എഴുത്തുകാരൻ എടുത്തുപറയുന്നു. 

വെസ്റ്റേൺ ലെയിൻ (ചേതന മാരൂ)

വെസ്റ്റേൺ ലെയിൻ
വെസ്റ്റേൺ ലെയിൻ

കഥാസാരം

ബ്രിട്ടീഷ് ഗുജറാത്തി ചുറ്റുപാടുകളിൽ വളരുന്ന ഗോപി എന്ന പെൺകുട്ടിയുടെ കഥയാണ് വെസ്റ്റേൺ ലെയിൻ. 'അമ്മ മരിച്ച ദുഃഖം സഹിക്കാനാകാതെ  പതിനൊന്നുകാരി ഗോപിയുടെയും  രണ്ടു മൂത്ത സഹോദരിമാരുടെയും അച്ഛൻ്റെയും  ജീവിതം ഒഴുകുന്ന വഴികളാണ് വെറും 161 പേജുകളിൽ എഴുതപ്പെട്ടിരിക്കുന്നത്. അവരുടെ അടുത്ത ബന്ധുക്കളായ ദമ്പതികൾ ഇവരെ സഹായിക്കാനായി അടുത്തുണ്ട്. അമ്മയെ കാണാതെ വിഷമിക്കുന്ന കുഞ്ഞുഗോപിയുടെ മനസ്സ് പിടിച്ചു നിർത്താനാണ് അച്ഛൻ അവളെ സ്ക്വാഷ് കളിയുടെ ചിട്ടയിലേക്കു ചേർക്കുന്നത്. അവരുടെ കുടുംബത്തിൽ എല്ലാവരും സ്ക്വാഷ് കളിക്കാരാണ്. പിന്നീട്  മെല്ലെ മെല്ലെ അവൾ സഹോദരിമാരിൽനിന്ന് അകന്ന് സ്ക്വാഷിൻ്റെ കളങ്ങളിലേക്ക് താളങ്ങളിലേക്ക് ജീവിതം മാറ്റിനടുന്ന കാഴ്ചയാണ് കഥയിലുടനീളം. 

കഥ പറയുന്നത് ഗോപിയാണ്. അവൾക്ക് ഏറ്റവും അടുപ്പമുള്ളതു നേരെ മുതിർന്ന ചേച്ചിയായ പതിമൂന്നു വയസ്സുള്ള ഖുഷിയോടാണ്. ഖുഷി ചെയ്യുന്നത് എന്തും അനുകരിക്കാൻ ഗോപിക്കിഷ്ടമാണ്. പതിനഞ്ചു വയസ്സുള്ള മോന എന്ന മൂത്ത ചേച്ചി സമൂഹത്തെക്കുറിച്ചു ബോധവതിയാണെന്നു കാണാം. മോനയോടും ഗോപിക്ക് നല്ല അടുപ്പമുണ്ട്. അച്ഛൻ, 'പാ' എന്ന് വിശേഷിപ്പിക്കുന്ന മനുഷ്യനാകട്ടെ ആരോടും ഒന്നും പറയാനാവാതെ സങ്കടം കൊണ്ട് നങ്കൂരമില്ലാത്ത അവസ്ഥയിലാണ്. 

ഇതിലെന്തിരിക്കുന്നു ഉദാത്തമായ കഥ  എന്ന് സ്വാഭാവികമായും ചോദിക്കാം. ഒരു കഥ പറയാൻ ഒരു കായികകലയെ ഒരേ സമയം പശ്ചാത്തലമായും  രൂപകമായും അതിസമർത്ഥമായി അസാമാന്യമായ കയ്യടക്കത്തോടെ ഉപയോഗിച്ചിരിക്കുന്നു എന്നതാണ് ജൂറി ഈ നോവലിൽ കണ്ടതെന്ന് വായനക്കാരനും വ്യക്തമാണ്. സ്വച്ഛമായ ഭാഷയാണ് ഈ നോവലിൻ്റെ മറ്റൊരു വായനാസുഖം. കഥയ്ക്കും നമുക്കുമിടയിൽ ഞാൻ ഇവിടെയുണ്ട് എന്ന് എഴുത്തോ  എഴുത്തുകാരനോ നിരന്തരം ഓർമ്മിപ്പിക്കാത്ത, കൃത്രിമത്വം തീരെയില്ലാത്ത ശൈലി. കുടിയേറ്റകുടുംബത്തിൻ്റെ കഥ എങ്ങനെ പറയണം എന്ന വാർപ്പുമാതൃകകളെ തിരസ്കരിച്ച്,  തീർത്തും മാറ്റിയെഴുതുന്ന കഥനം. ദുഃഖം, സ്നേഹം, നഷ്ടം, കുടുംബം, എന്നിങ്ങനെയുള്ള സൂക്ഷ്മവിഷയങ്ങളിൽ കേന്ദ്രീകരിക്കുന്ന ചെറിയ കഥയിലും വലിയൊരു ലോകവും ലോകസത്യങ്ങളും എഴുതിച്ചേർക്കാനുള്ള പാടവമുള്ള എഴുത്ത് ശ്രദ്ധിക്കപ്പെടുന്നു. 

ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം
2023 ബുക്കര്‍ പ്രൈസ്; ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ വംശജയും

നോവലിസ്റ്റ് 

കെനിയയിൽ ജനിച്ച് ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന ചേതന മാരൂവിന്റെ ആദ്യ നോവലാണ് വെസ്റ്റേൺ ലെയിൻ. എഴുത്ത് തൊഴിലാക്കും മുൻപ് അവർ ഒരു അക്കൗണ്ടന്റ് ആയിരുന്നു. 

 ചേതന മാരൂ
ചേതന മാരൂ

വാൽക്കഷണം

പട്ടികയിലെ ഇന്ത്യൻ ബന്ധമുള്ള ഏക നോവലാണ് വെസ്റ്റേൺ ലെയിൻ.

ദിസ് അദർ ഈഡൻ  (പോൾ ഹാർഡിങ് )

ദിസ് അദർ ഈഡൻ
ദിസ് അദർ ഈഡൻ

കഥാസാരം

അമേരിക്കൻ ചരിത്രത്തിൽ അത്ര അറിയപ്പെടാതെ കിടക്കുന്ന ഒരേട് ചിട്ടപ്പെടുത്തിയെടുത്ത കഥയാണ് ദിസ് അദർ ഈഡൻ എന്ന ചരിത്രനോവലായി മാറിയിരിക്കുന്നത്. അടിമത്തത്തിൽനിന്ന് ജീവിതം തേടി വന്ന ഒരു കൂട്ടം മനുഷ്യർ ചെന്നടിയുന്ന ആപ്പിൾ ഐലൻഡ്. (മലഗ ഐലൻഡ് എന്ന് യഥാർത്ഥ പേര്) അവിടെയുള്ളവർ എല്ലാം തന്നെ തിരസ്കരിക്കപ്പെട്ടവരാണ്. ഇക്കൂട്ടരുടെ സന്തതിപരമ്പരകളുടെ ഇരുപതാം നൂറ്റാണ്ടിലെ ജീവിതമാണ് കഥാതന്തു. 

മെയിൻ തീരത്തിനടുത്താണ് ആപ്പിൾ  ഐലൻഡ്. അവിടെ 1792  ൽ എത്തിച്ചേർന്നവരായിരുന്നു  ബെഞ്ചമിൻ ഹണി എന്ന മുക്തനായ അടിമയും അയാളുടെ ഐറിഷ്‌കാരി ഭാര്യ പേഷ്യൻസും. അവർ കയ്യിൽ കരുതിയിരുന്ന വിത്തുകളിൽനിന്ന് അവിടെ പഴത്തോട്ടങ്ങൾ ഉണ്ടാക്കുന്നു. പിന്നീട് അവിടെ താമസിക്കുന്ന മിക്കവാറും പേരും ഇവരുടെ കുടുംബത്തിൽ പെട്ടവരാണ്. അവരിൽ എസ്തർ ഹണി എന്ന ബെഞ്ചമിൻ ഹണിയുടെ പിന്മുറക്കാരിയുടെ കുടുംബവും പ്രത്യേക സ്വഭാവക്കാരായ ഒരു പറ്റം അയൽക്കാരുമുണ്ട്. 

അയൽക്കാരുടെ ഇടയിൽ പ്രവാചകസ്വഭാവമുള്ള സക്കറി അമേരിക്കൻ ആഭ്യന്തര യുദ്ധത്തിലെ അഭയാർത്ഥിയാണ്. കൂടാതെ സമർത്ഥനായ തച്ചനുമാണ്. എതാൻ ഹണി എന്ന ഇളം തവിട്ടു നിറമുള്ള കുട്ടി വാസ്തവത്തിൽ കറുത്ത വർഗക്കാരനാണ്, കലാകാരനുമാണ്. അവൻ്റെ തൊലിയുടെ നിറം കഥയുടെ ഗതി മാറുമ്പോൾ  അവൻ്റെ നിയോഗമാവുകയാണ്. മതപ്രചാരകനും സ്‌കൂൾ ടീച്ചറുമായ മാത്യു ഡയമണ്ട് കുട്ടികളെ ദൈവ വഴി കാണിച്ചുകൊടുക്കാൻ ഉള്ള ശ്രമത്തിൽ വർഗോന്നതി വിചാരങ്ങളുള്ള ഒരു കൂട്ടം അധികാരികളോടൊപ്പം  ആപ്പിൾ ഐലൻഡിലെ സമൂഹത്തിൻ്റെ ജീവിതം മാറ്റിമറിക്കുന്നതാണ് കഥ. കഥാപാത്രങ്ങൾ അധികാരത്തിനു വഴങ്ങുമോ അതോ പുതിയ നോഹയുടെ പെട്ടകത്തിൽ കയറി രക്ഷ തേടുമോ? കാലാവസ്ഥാ വ്യതിയാനം ഓർമ്മിപ്പിക്കുന്ന ഒരു പ്രകൃതി ദുരന്തം ഇവിടെയുമുണ്ട്. 

ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം
സൂസന്‍ അബുൽഹവയുടെ മോണിങ്‌സ് ഇന്‍ ജനിന്‍

സ്വന്തം ശരികളിൽ ഊന്നിനിന്നുകൊണ്ട് അവനവനെപ്പോലെയല്ലാത്തവരുടെ ജീവിതങ്ങൾ നിഷ്കരുണം  മാറ്റിമറിക്കാൻ ഒരുങ്ങുന്ന വർത്തമാനകാല അധികാരവർഗ്ഗത്തെ ഓരോ നിമിഷവും ഓർമ്മിപ്പിക്കുന്ന കഥ. തന്മയീഭാവം വഴിഞ്ഞൊഴുകുന്ന ഭാവാത്മകമായ ശൈലി. കഥാപരിസരങ്ങളെ കൃത്യമായി കാണിച്ചുതരുന്ന മനോഹരമായ വർണനകൾ. ഒരു ദുരന്തകഥ ശക്തമായി പറയുമ്പോൾ ദിസ് അദർ ഈഡൻ ഒരു മികച്ച വായനയാകുന്നു. 

നോവലിസ്റ്റ് 

ഇംഗ്ലീഷ് സാഹിത്യവും ക്രിയേറ്റിവ് റൈറ്റിങ്ങും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പോൾ ഹാർഡിങ് 2010 ൽ റ്റിങ്കേർസ് എന്ന  തൻ്റെ ആദ്യ  നോവലിന് അക്കൊല്ലത്തെ ഫിക്ഷനുള്ള പുലിറ്റ്സർ സമ്മാനം നേടിയിരുന്നു. ബുക്കർ പട്ടികയിലുള്ളത് ഹാർഡിങ്ങിൻ്റെ  മൂന്നാമത്തെ നോവലാണ്. 

പോൾ ഹാർഡിങ്
പോൾ ഹാർഡിങ്

വാൽക്കഷണം 

മാത്യു ഡയമണ്ട് എന്ന വില്ലൻ കഥാപാത്രത്തെ പോൾ ഹാർഡിങ്  സൃഷ്ടിച്ചത് ഷേക്‌സ്പിയർ വില്ലന്മാരുടെ മാതൃകയിലാണത്രെ. അതിബുദ്ധിമാന്മാരും അവരുടെ ബുദ്ധി നിർലോഭം ഉപയോഗിക്കാനുള്ള അവസരം കഥയിൽ ലഭിക്കുന്നവരുമായ വില്ലനെ ഉപയോഗിച്ച് മാത്രമേ കഥയുടെ ഗതി ശക്തമായി തിരിച്ചുവിടാൻ കഴിയൂയെന്ന് ഹാർഡിങ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 

ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം
ഇരുപതാം നൂറ്റാണ്ടിനെ പ്രതിഫലിപ്പിച്ച കണ്ണാടി: ബുക്ക് സ്റ്റോപ്പിൽ ക്രൈം ചക്രവർത്തിനി അഗതാ ക്രിസ്റ്റി

പ്രൊഫെറ്റ് സോങ് (പോൾ ലിഞ്ച്)

പ്രൊഫെറ്റ് സോങ്
പ്രൊഫെറ്റ് സോങ്

കഥാസാരം 

ഡിസ്റ്റോപിയൻ മാനങ്ങളുള്ള ഈ നോവലിൻ്റെ പശ്ചാത്തലം സമഗ്രാധിപത്യം കയ്യടക്കിയ ഒരു സാങ്കൽപ്പിക അയർലൻഡാണ്. ജനാധിപത്യത്തിൻ്റെ സമ്പൂർണമാതൃകകളുടെ അസ്ഥിരതയെയും അതിൻ്റെ ബീഭത്സമായ സാധ്യതകളെയും കുറിച്ച്  വർത്തമാനകാലലോകത്തിനുള്ള താക്കീതാണ് ഈ പുസ്തകം.  

മഴ പെയ്ത് കറുത്തിരുണ്ട ഒരു സന്ധ്യാനേരത്ത്, ഡബ്ലിനിലെ ഒരു സാധാരണ വീട്ടമ്മയായ  ഈലിഷ്  സ്റ്റാക്ക് എന്ന നാല് മക്കളുടെ അമ്മയുടെ വീടിൻ്റെ വാതിലിൽ രഹസ്യ പോലീസ് മുട്ടുന്നതോടെയാണ് കഥ തുടങ്ങുന്നത്. ട്രേഡ് യൂണിയൻ നേതാവായ അവരുടെ ഭർത്താവിനെ തിരക്കിയാണ് പോലീസ് വന്നിരിക്കുന്നത്. ആദ്യം ഭർത്താവിനെയും പിന്നീട് മകനെയും കാണാതാവുമ്പോൾ ഇനി എന്ത് ചെയ്യണമെന്ന് അമ്പരന്നിരിക്കുന്ന ഈലിഷ്. ചുറ്റും തകർന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹം. ബ്രെഷ്ട്ടിൻ്റെ   മദർ കറേജിനെ  ഓർമിപ്പിക്കുന്നു ഈലിഷ്. നിർദ്ദയമായ ഈ ലോകത്തിലൂടെ വായനക്കാരൻ്റെ കൈപിടിച്ച് ഈലിഷ് നടക്കുമ്പോൾ അവരുടെ നിശ്ചയദാർഢ്യവും ഏതു സാഹചര്യത്തിലും മനുഷ്യത്വം വിടാതെ നിലനിൽക്കാനുള്ള കഴിവും നമുക്ക് മനസ്സിലാവുന്നു. ലോകമെങ്ങും സമഗ്രാധിപത്യം നടമാടിയ നാടുകളിൽ സംഭവിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് തന്നെയാണ് ഇവിടെയും നടക്കുന്നത്. എങ്കിലും ഇത് വർത്തമാനകാലത്തെ പാശ്ചാത്യ ലോകത്ത് നടക്കുന്നതിൻ്റെ ചിത്രമാകുമ്പോൾ ലോക സമൂഹം കൂടുതൽ  ശ്രദ്ധ കൊടുക്കുമെന്നും മനസ്സിലാക്കുമെന്നും എഴുത്തുകാരൻ കരുതുന്നുണ്ടാവാം. 

അതിസുന്ദരമായ ഗദ്യം തന്നെയാണ് നോവലിൽ  കഥയ്ക്കപ്പുറം വായനക്കാരനെ പിടിച്ചിരുത്തുന്നത്. എഴുത്തുശൈലിയ്ക്കൊപ്പം  ഓരോ വരിയും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്നു. മനസ്സിൽ മായാതെ നിൽക്കുന്ന കഥയുടെ അവസാനം എടുത്തു പറയേണ്ടുന്ന ഒന്നാണ്. മികച്ച നോവൽ എന്ന് ഈ പുസ്തകത്തെ നിസ്സംശയം വിലയിരുത്താം. 

ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം
ജെസിബി പുരസ്‌കാരം തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്; അവാര്‍ഡ് നേടിയ 'ഫയര്‍ ബേര്‍ഡ്' വിവര്‍ത്തനം ചെയ്തത് ജനനി കണ്ണന്‍

നോവലിസ്റ്റ് 

അയർലൻഡുകാരനാണ് പോൾ ലിഞ്ച്. ഇതുവരെ പ്രൊഫെറ്റ് സോങ്ങ് ഉൾപ്പെടെ അഞ്ചു നോവലുകൾ. പ്രധാന അവാർഡുകൾക്ക് പരിഗണിക്കപ്പെടുന്നത് കൂടാതെ പുസ്തകങ്ങൾ ജനപ്രിയമായും തുടരുന്നു. പോൾ ലിഞ്ചിൻ്റെ ഇന്ന് വരെയുള്ളതിൽ ഏറ്റവും മികച്ച നോവലായി പരിഗണിക്കപ്പെടുന്നത്  പ്രൊഫെറ്റ് സോങ്ങ്  തന്നെയാണ്. 

പോൾ ലിഞ്ച്
പോൾ ലിഞ്ച്

വാൽക്കഷണം

മലയാളിയായ അനിൽ മേനോൻ രചിച്ച 'ഹാഫ് ഓഫ് വാട്ട് ഐ സെ' യെ ഓർമിപ്പിക്കുന്നു പ്രൊഫെറ്റ് സോങ്ങിൻ്റെ പശ്ചാത്തലം. അവിടെ അയർലൻഡ് അല്ല എന്ന് മാത്രം. 

ദ് ബീ സ്റ്റിങ് (പോൾ മറീ )

ദ് ബീ സ്റ്റിങ്
ദ് ബീ സ്റ്റിങ്

കഥാസാരം 

ബാൺസ് കുടുംബത്തിൻ്റെ കഥയാണ് നോവൽ ഒറ്റ നോട്ടത്തിൽ. എന്നാൽ 'ബീ സ്റ്റിങ്' അതിനും അപ്പുറത്ത് ഒരു  സമൂഹത്തിൻ്റെയും കാലത്തിൻ്റെയും കഥയാണ്. 2009 ലെ സാമ്പത്തിക മാന്ദ്യത്തിൻ്റെ  കാലമാണ്. സ്ഥലം അയർലൻഡ്.  ഡിക്കി എന്ന ഗൃഹനാഥൻ നന്നായി നടത്തിക്കൊണ്ടുപോയിരുന്ന കാർ കച്ചവടം തകരുന്നു. അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനു പകരം അയാൾ ഒരു ഒളിച്ചോട്ടമെന്നത് പോലെ അടുത്തുള്ള കാട്ടുപ്രദേശത്ത് ഒരു ബങ്കർ പണിയുകയാണ്. ഇതിൽ അരിശം വന്ന ഭാര്യ ഇമെൽഡ ഓൺലൈനായി അവരുടെ ആഭരണം വിൽക്കുന്നതിൽ വ്യാപൃതയാണ്. അയൽക്കാരനായ ഒരു കൃഷിക്കാരന് ഇമെൽഡയുടെ മേൽ ഒരു കണ്ണുണ്ട്. അത് ഒഴിവാക്കലും ഇമെൽഡയുടെ ജോലിയാണ്. മാത്രമല്ല ഡിക്കിയുടെ മരിച്ചുപോയ സഹോദരൻ ഫ്രാങ്ക് ആയിരുന്നു അവളുടെ യഥാർത്ഥ പ്രണയിതാവ്. 

കൗമാരക്കാരിയായ മകൾ കാസ് പഠനത്തിൽ മിടുക്കിയായിരുന്നു, സർവകലാശാലയിൽ പഠനം തുടരണം എന്നൊക്കെ കരുതിയിരുന്നതാണ്. പക്ഷേ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മോശമാകും തോറും അതൊരു സാധ്യത അല്ലാതാകുന്നു. ഏതായാലും പരീക്ഷാക്കാലം അടുത്തപ്പോഴേക്കും കാസ് മദ്യപാനവും കൂട്ടുകെട്ടുകളുമായി നടക്കുകയാണ്.  പന്ത്രണ്ടുകാരൻ മകൻ  പി ജെയാകട്ടെ ഒളിച്ചോടിപ്പോകാനുള്ള ഒരുക്കത്തിലാണ്. അച്ഛനും അമ്മയും വേര്പിരിയുമോ എന്ന ഭയം, പഴയപോലെ സന്തോഷങ്ങൾ തിരിച്ചു വരുമോ ജീവിതത്തിൽ എന്നുള്ള ആഗ്രഹം, സ്‌കൂളിൽ അവനെ ശല്യപ്പെടുത്തുന്ന ചിലർ, അങ്ങനെ അവൻ്റെ സ്വകാര്യ നരകങ്ങൾ വേറെയാണ്.  

ഇതിനിടെ അവരുടെ ജീവിതം വഴിമാറിപ്പോകാൻ സംഭവിക്കുന്ന കുഞ്ഞു കാര്യങ്ങൾ. അതവരെ കൊണ്ട് ചെന്നെത്തിക്കുന്ന ഇടങ്ങൾ. ഡിക്കിയുടെ തീരുമാനങ്ങൾ ഉണ്ടാക്കുന്ന തിരിച്ചടികൾ. 

ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം
'പ്രിയേ നിനക്കൊരു ഗാനം': പാട്ടുകഥകളുടെ വിസ്മയപുസ്തകം

കഥ പറയാൻ അറിയാമെന്ന് മുന്നേതന്നെ തെളിയിച്ചിട്ടുള്ള പോൾ മറീയ്ക്ക് ബാൺസ് കുടുംബത്തിൻ്റെ കഥപറയുന്നത്, അതും  സരസമായി പറയുന്നത് നന്നായി വഴങ്ങുന്ന കാര്യമാണ്. പക്ഷേ ഇവിടെ അത് പറയാൻ എടുത്തത് 640 പേജുകളാണ് എന്നത് ഹ്രസ്വവായനയുടെ കാലത്ത് അലോസരപ്പെടുത്തുന്നത് ഒഴിച്ചാൽ അസ്സൽ വായന തന്നെയാണ് ബീ സ്റ്റിങ്. ഡാർക്ക് കോമിക് ഫിക്ഷൻ ഇനത്തിൽ പെടുന്ന നോവൽ. 

നോവലിസ്റ്റ് 

അയർലണ്ടുകാരനായ പോൾ മറീയുടെ മൂന്നാമത്തെ നോവലാണ് ദ് ബീ സ്റ്റിങ്. മറ്റു രണ്ടു നോവലുകളും ബുക്കർ ലോങ്‌ലിസ്റ്റ്  ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട അവാർഡുകളുടെ ലോങ്‌ലിസ്റ്റിൽ വന്നിട്ടുണ്ട്. 

പോൾ മറീ
പോൾ മറീ

വാൽക്കഷണം 

2023 ലെ  ഐറിഷ് നോവൽ ഓഫ് ദ് ഇയർ അവാർഡ് ബീ സ്റ്റിങിന് ലഭിച്ചതായി ബുക്കർ പ്രഖ്യാപനത്തിനു തൊട്ടു മുന്നിലായി പ്രഖ്യാപനം വന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in