പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ

പത്രപ്രവർത്തനത്തിൽ ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ

ജവഹർ ലാൽ നെഹറുവിന്റെ സ്വതന്ത്ര ജനാധിപത്യ ഇന്ത്യയെ ലോകം ഒറ്റുനോക്കാൻ തുടങ്ങിയ സമയത്ത് ഡൽഹിയിൽ പത്രപ്രവർത്തനം തുടങ്ങിയ മലയാളിയാണ് സിപി രാമചന്ദ്രൻ

"I am not a man of compromise":

C P Ramachandran

ഹിന്ദുസ്ഥാൻ ടൈംസിന്റെ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച പ്രശസ്ത പത്രപ്രവർത്തകൻ സി പി രാമചന്ദ്രൻ ഡൽഹി വിട്ട് സ്വദേശത്ത് പറളിയിലെ വീട്ടിൽ താമസമാക്കിയ കാലം. കേരളത്തിലെ രണ്ട് പ്രമുഖ മലയാള ദിനപത്രങ്ങളുടെ പത്രാധിപൻമാർ പാലക്കാട് വന്നപ്പോൾ സി പി യെ സന്ദർശിക്കാൻ പറളിയിൽ എത്തി. സി പിയെ കാണണം. സൽക്കരിക്കണം. പിന്നെ ഡൽഹിയിലെ പത്രപ്രവർത്തന കഥകൾ കേൾക്കണം. ഇതായിരുന്നു പദ്ധതി. അവർ സി പിയെ വീട്ടിൽ നിന്ന് പൊക്കി, തങ്ങൾ താമസിക്കുന്ന, പാലക്കാടുള്ള മുന്തിയ ഹോട്ടലിലേക്ക് കാറിൽ കൊണ്ടുപോയി. ഹോട്ടലിലെ ലോബിയിൽ എത്തിയപ്പോൾ സി പി അവരോട് പറഞ്ഞു 'please wait' എന്നിട്ട് റിസപ്ഷനിലേക്ക് പോയി, അവിടെയിരിക്കുന്ന സുന്ദരിയോട് പറഞ്ഞു 'please give me a key'

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
കേരളത്തിന്റെ ഭഗത് സിങ്; ഐഎന്‍എ ഹീറോ വക്കം അബ്ദുൾ ഖാദറിന്റെ ഓര്‍മകള്‍ക്ക് 80 വയസ്

സുന്ദരി അന്തം വിട്ടു. ഒരു കാവി ജുബ ധരിച്ച് മുണ്ടുടുത്ത് കുടവയറുള്ള, കണ്ണുകൾ ചുവന്ന ഒരുത്തൻ വന്ന് റൂമല്ല, റൂമിന്റെ താക്കോൽ തന്നെ ചോദിക്കുന്നു.! റിസപ്ഷനിസ്റ്റ് ഒന്ന് പരുങ്ങി. താക്കോൽ കിട്ടാതെ വന്നപ്പോൾ സി പി ഉച്ചത്തിൽ അലറി "please give me a key".

സായിപ്പിനെ വെല്ലുന്ന ഉച്ചാരണത്തിലുള്ള ഇംഗ്ലീഷ് കേട്ട് കിളി പോയ സുന്ദരി പെട്ടെന്ന് തന്നെ ഒരു താക്കോൽ എടുത്ത് സി പിക്ക് കൊടുത്തു. കൂടെ വന്ന പത്രാധിപന്മാരും, ലോബിയിലുള്ള മറ്റുള്ളവരും അന്തം വിട്ട് നോക്കി നിൽക്കെ, സി പി കുനിഞ്ഞ് തന്റെ റബർ ചെരിപ്പ് എടുത്ത്, അതിന്റെ വിട്ട് പോയ വാറ് താക്കോൽ കൊണ്ട് കുത്തി അകത്ത് കേറ്റി പ്രശ്നം പരിഹരിച്ചു. സി പി ഒരു ചെറു ചിരിയോടെ താക്കോൽ തിരികെ കൊടുത്ത് സുന്ദരിയോട് പറഞ്ഞു.

' Thanks!'

എന്നിട് തിരിഞ്ഞു നടന്നു. പകച്ച് നിൽക്കുന്ന ആ പത്രാധിപന്മാരുടെ അടുത്തേക്ക് നടന്നു. അടുത്ത ആഘോഷത്തിലേക്ക്!

പണ്ട് ശങ്കേഴ്സ് വീക്കിലിയിൽ എത്രയോ ലേഖനങ്ങളിലെഴുതിയ നർമ്മഭാവന താൻ ഇപ്പോഴും കൈവിട്ടിട്ടില്ല എന്ന് ലോകത്തെയും സ്വയം ഒന്ന് ബോധ്യപ്പെടുത്തിയതാവാം ഇത്.

സി പി രാമചന്ദ്രൻ എന്ന വിഖ്യാത പത്രപ്രവർത്തകന്റ ജന്മ ശതാബ്ദിയാണിന്ന്. ജവഹർ ലാൽ നെഹറുവിന്റെ സ്വന്തന്ത്ര ജനാധിപത്യ ഇന്ത്യയെ ലോകം ഒറ്റുനോക്കാൻ തുടങ്ങിയ സമയത്ത് ഡൽഹിയിൽ പത്രപ്രവർത്തനം തുടങ്ങിയ മലയാളിയാണ് സി പി രാമചന്ദ്രൻ.

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
കൊറിയൻ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന മലയാളി രക്തസാക്ഷി

പത്രപ്രവർത്തനം വിശുദ്ധമായിരുന്ന ആ കാലത്ത് 50 കളിലും 60 കളിലും ഡൽഹിയിലെ പത്ര രംഗം അടക്കി വാണിരുന്നത് മലയാളികളായിരുന്നു.. ആ പത്രപ്രവർത്തകരിലെ അവസാനത്തെ കണ്ണികളിലൊരാളായിരുന്നു സി പി രാമചന്ദ്രൻ.

പാലക്കാട് പറളിക്കാരൻ സി.പി രാമചന്ദ്രന്റെ പിതാവ് ആലത്ത് കൃഷ്ണൻ കുട്ടി നായർ ബർമ്മയിൽ അമേരിക്കൻ ബാപിസ്റ്റ് സ്ക്കൂളിൽ അദ്ധ്യാപികയിരുന്നു. അമ്മ സി പി ജാനകിയമ്മ. അഞ്ച് മക്കളിൽ മൂത്ത മകനായ സി പി രാമചന്ദ്രൻ നാലാം ക്ലാസ് വരെ പഠിച്ചത് ബർമ്മയിൽ യുറോപ്യൻ സ്ക്കൂളിലാണ്.

1934 ൽ കുടുംബം ഒറ്റപ്പാലത്തേക്ക് മടങ്ങി. പാലക്കാട് വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ' ഇന്ത്യയുടെ ഭാവി പൗരന്മാർ ' എന്ന വിഷയത്തിൽ ഒരു ഉപന്യാസ മത്സരം കോളേജിൽ നടത്തി. അന്ന് സി പി എഴുതിയത് വായിച്ച് മലയാളം അദ്ധ്യാപകനായ പള്ളത്ത് രാമൻ മേനോൻ വളരെ നന്നായിരിക്കുന്നു എന്ന് പറഞ്ഞു അഭിനന്ദിച്ചു.

ഇതാണ് സി പി രാമചന്ദ്രനെഴുതിയ ഒരു പക്ഷേ, മലയാളത്തിലെഴുതിയ അപൂർവ്വം ലേഖനങ്ങളിലൊന്ന്. സി പി രാമചന്ദ്രൻ മലയാള ഭാഷയെ ഇഷ്ടപ്പെട്ട മലയാളിയായ പടിഞ്ഞാറൻ ശീലങ്ങളുള്ള ഇംഗ്ലീഷിലെഴുതുന്ന പത്രപ്രവർത്തകനായിരുന്നു.

1938 ൽ ഒറ്റപ്പാലം ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി സംഘടനയായ AISF ന്റെ യൂണിറ്റ് സ്ഥാപിച്ചത് സി പി രാമചന്ദ്രനായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുമായുളള ആദ്യ ബന്ധം. പിന്നീട് വിക്ടോറിയയിൽ പഠിക്കുമ്പോൾ. കോളേജിൽ വെച്ച് സതീർത്ഥ്യനായ യജ്ഞ മൂർത്തിയെന്ന കമ്യൂണിസ്റ്റ് പ്രവർത്തകന്റെ പക്കലുണ്ടായിരുന്ന പാർടി സാഹിത്യം മുഴുവൻ വായിച്ചതോടെ സി പി കമ്യൂണിസ്റ്റ് സൈദ്ധാന്തികനായി മാറി. കുടുംബ പ്രാരബ്ദങ്ങൾ കാരണം ബോബെയിലേക്ക് പോയി നേവിയിൽ ചേർന്നു. 1946 ലെ നാവിക കലാപക്കാലത്ത് സബ്ബ് ലെഫ്റ്റന്റ് ആയ സി പിയെന്ന 23 കാരൻ നേവി വിട്ട്. പൂനയിലെ കർക്കിയിൽ ആർമി ഓഫിസറായി.

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
ഭരണകൂടം വേട്ടയാടിയ  മാധ്യമ പ്രവർത്തകർ

ഒടുവിൽ പട്ടാള സേവനം അവസാനിപ്പിച്ച് തിരികെ നാട്ടിൽ. എകെജിയുടെ കൂടെ പ്രവർത്തിച്ചു. അക്കാലത്ത് പാർട്ടി പ്രവർത്തനത്തിന് ജയിലിലും കിടന്നു. അപ്പോഴേക്കും. സിദ്ധാന്തവും പ്രയോഗിക രാഷ്ട്രീയവും സമുന്നയിച്ച ഒന്നാം കിട കമ്യൂണിസ്റ്റുകാരനായി സഖാവ് സിപി രാമചന്ദ്രൻ.

ഏറെ താമസിയാതെ ഇ.എം.എസിന്റെ ആവശ്യപകാരം സി.പി. കമ്യൂണിസ്റ്റ് വാരികയായ ' ക്രോസ് റോഡ്സ്' ൽ പ്രവർത്തിക്കാൻ ഡൽഹിയിലെത്തുന്നു. ന്യൂഡൽഹിയിലെ അസഫലി റോഡിലെ പാർട്ടിയോഫിസിൽ താമസം. ചുവപ്പ് കോട്ടയിൽ ചെങ്കൊടി ഉയർത്താനുള്ള കമ്യൂണിസ്റ്റ്കാരന്റെ സ്വപ്നവുമായി സി പി രാമചന്ദ്രൻ ഡൽഹിയിൽ തന്റെ പത്രപ്രവർത്തനം ആരംഭിക്കുന്നു. ആദ്യ ദിവസം തന്നെ കേമമായിരുന്നു. 1953 മാർച്ച് 5. ജോസഫ് സ്റ്റാലിൻ മരിച്ച ദിവസം .ക്രോസ് റോഡ്സ്ന്റെ എഡിറ്റർ വിഎൻ കൗൾ സി പിയോട് പറഞ്ഞു ' What a day to arrive'

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
നാസയുടെ ചാന്ദ്രദൗത്യത്തിലെ മലയാളി സാന്നിധ്യം; അപ്പോളോ എട്ടിന്റെ യാത്രാ സർക്യൂട്ട് ചാർട്ട് തയാറാക്കിയത് കോഴിക്കോട്ടുകാരൻ

ഇടതുപക്ഷ പത്രപ്രവർത്തകനായ റൊമേഷ് ഥാപ്പർ 1949 ൽ ആരംഭിച്ച ഈ പ്രസിദ്ധീകരണം പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കുകയായിരുന്നു. 1953 മുതൽ ഇത് 'ന്യൂ എജ് ' എന്നറിയപ്പെട്ടു.70 രൂപ ശമ്പളത്തിൽ സി പി പത്രപ്രവർത്തനം ആരംഭിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തെ അനുകൂലിക്കാത്ത കമ്യൂണിസ്റ്റ് പാർട്ടി ദേശീയ രംഗത്ത് ഒറ്റപ്പെട്ട കാലമായിരുന്നു. ഇത്തരം വിവാദങ്ങളിൽ തങ്ങളുടെ വാദഗതി ഉറപ്പിക്കുക. പാർടിയുടെ മുന്നേറ്റങ്ങളെ ദേശീയ തലത്തിൽ അവതരിപ്പിക്കുക ഇതായിരുന്നു സി പി വാരികയിൽ ചെയ്തത്. കൂടാതെ ന്യൂ എജിന്റെ പാർലമെന്റ് ലേഖകനായി.

സ്റ്റാലിന്റെ മരണത്തോടെ റഷ്യയിൽ നിന്ന് ഇരുമ്പറ നീക്കി പുറത്ത് വന്ന കാര്യങ്ങൾ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെ ആകെ ഉലച്ചു. ക്രൂഷ്ചേവിന്റെ വെളിപ്പെടുത്തലുകൾ കമ്യൂണിസ്റ്റുകളെ രണ്ട് ചേരിയിലാക്കി.

1955 ലെ ആന്ധ്രയിലെ അസബ്ലി തിരഞ്ഞെടുപ്പിൽ വൻ പ്രതീക്ഷയുണ്ടായിരുന്ന പാർട്ടി 200 സീറ്റിൽ മത്സരിച്ച് നേടിയത് ആകെ 22 എണ്ണം. ആന്ധ്രാ തിരഞ്ഞെടുപ്പ് കവർ ചെയ്ത് തിരികെ എത്തിയ സി പി നിരാശനായിരുന്നു.

റഷ്യയിലെ സംഭവങ്ങളെ വിലയിരുത്താതെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ അന്ധമായി പിൻതുണക്കുന്നതിനോട് യോജിക്കാൻ സി പിക്ക് കഴിഞ്ഞില്ല. ലോക കമ്യൂണിസം തന്നെ പല തട്ടിലായി. സ്റ്റാലിനിസം, ടിറ്റോയിസം, മാവോയിസം എന്നീ പല ആശയങ്ങളാൽ ആകെ സങ്കീർണമായി. ഇതിനെയെല്ലാം വിമർശിച്ചു കൊണ്ട് ശങ്കേഴ്സ് വീക്കിലിയിൽ ' അഗസ്ത്യ' എന്ന പേരിൽ സി പി തുടരെ ലേഖനങ്ങൾ എഴുതി.

പാർട്ടി മെമ്പർഷിപ്പ് പുതുക്കേണ്ട സമയം.

ഇഎംഎസ് നമ്പൂതിരിപ്പാട് സി പിയോട് പറഞ്ഞു നിങ്ങൾ പാർട്ടി വിരുദ്ധ കാര്യങ്ങളാണ് ബൂർഷ പേപ്പറിൽ എഴുതുന്നത്. " What you expect me to do?

സി പി: I have nothing to say.

ഇ.എം. എസ് : We are the party and you must obey the rules.

സി പി: I can't agree with the leadership. I consider myself as a better Communist than you.

അതോടെ പാർടിയുമായുള്ള സി പിയുടെ ബന്ധം അവസാനിച്ചു. സഖാവ് സി പി വെറും സി പി രാമചന്ദ്രനായി.

പക്ഷേ, നേതാക്കളോടുള്ള സൗഹൃദം സി പി കാത്തു സൂക്ഷിച്ചു. പ്രത്യേകിച്ചും ഇഎം എസിനോട്. മൂത്തമകൾ മാലതിയുടെ വിവാഹം ക്ഷണിക്കാൻ ഹിന്ദുസ്ഥാൻ ടൈംസിൽ ഇഎംഎസ് നേരിട്ട് വന്നു.

സി.പി. ചോദിച്ചു. ' മലയാളിയാണോ , അതോ മറു നാട്ടുകാരനോ?

'തനി നമ്പൂര്യന്ന്യേയ്' ഇഎംഎസ്. ചിരിച്ചു.

തന്റെ പഴയ നേതാവ് തന്നെ വിസ്മരിച്ചില്ലെ തെന്നോർത്ത് സി പി ആഹ്ലാദിച്ചിരിക്കണം.

പാർട്ടി നേതൃത്വത്തിന്റെ തെറ്റായ നയങ്ങളോടായിരുന്നു സി പിക്ക് വിയോജിപ്പ്. പിന്നീട് ഒരു മുൻ കമ്യൂണിസ്റ്റുകാരനായ സിപി പാർട്ടി നയങ്ങളെ എതിർത്ത് എഴുതാനോ അത് ആദായകരമായ വിൽപ്പനചരക്കാക്കാനോ ശ്രമിച്ചില്ല. സി പി രാമചന്ദ്രൻ എന്ന പത്രപ്രവർത്തകനെ രൂപപ്പെടുത്തിയതും നിലനിറുത്തിയതും രണ്ട് വ്യക്തികളായിരുന്നു. തന്റെ മുപ്പത് വർഷത്തെ ഡൽഹിയിലെ പത്രപ്രവർത്തന ജീവിതത്തിൽ സി പി യുടെ കടപ്പാട് ഈ രണ്ട് പേരോടു മാത്രമായിരുന്നു.

എടത്തട്ട നാരായണനായിരുന്നു അതിലാദ്യത്തെയാൾ.

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
സ്വാതന്ത്ര്യം നുകർന്ന്, വിവാദം ശ്വസിച്ച്; ജീവിതം ആഘോഷമാക്കിയ പ്രൊതിമ 

1955 ൽ പാർടി പുറത്താക്കുന്ന ഘട്ടത്തിൽ, എടത്തട്ട സിപിയോട് ചോദിച്ചു. ' Why don't you join Shanker's Weekly?'. സി പിയുടെ എഴുത്തും ഭാഷയും ശൈലിയും എടത്തട്ടയുടെ ശ്രദ്ധയിൽ പെട്ടിരുന്നു...

ശങ്കേഴ്സ് വീക്കിലിയിലെ പേര് വെയ്ക്കാത്ത എഡിറ്ററായിരുന്നു എടത്തട്ട നാരായണൻ. വീക്കിലിയുടെ ഉള്ളടക്കം രൂപപ്പെടുത്തിയതും അതിലെ പ്രശസ്തമായ മാൻ ഓഫ് ദി വീക്ക്, എഡിറ്റോറിയൽ - ഫ്രീ തിങ്കിങ്' എന്നിവ പേര് വെയ്ക്കാതെ എഴുതിയിരുന്നതും എടത്തട്ടയായിരുന്നു.

ന്യൂ ഏജ് ലെ 70 രൂപ ശമ്പളത്തിൽ നിന്ന് ഇപ്പോൾ ശങ്കേഴ്സ് വീക്കിലിയുടെ 300 രൂപ ശമ്പളത്തിലെത്തിയെങ്കിലും ഡൽഹിയിൽ വീടെടുത്ത് താമസിക്കാൻ അത് തികയില്ലായിരുന്നു. അപ്പോഴാണ് സി പി യുടെ മറ്റൊരു രക്ഷകനായി രണ്ടാമൻ അവതരിക്കുന്നത്. ആർ പി നായർ എന്ന തിരുവനന്തപുരത്തുകാരൻ

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
ഒരിത്തിരി ആനക്കാര്യം

ആർ പരമേശ്വരൻ നായർ ശങ്കേഴ്സ് വീക്കിലിയുടെ ജീവിതാത്മാവും പരമാത്മാവുമായിരുന്നു. ആർ പി വീക്കിലി ഓഫിസിലായിരുന്നു താമസം.. തന്റെ കൂടെ സി പിയെ താമസിക്കാൻ ക്ഷണിച്ചു. രാത്രിയായാൽ ഫയലും കടലാസും എടുത്ത് മാറ്റി മേശയിൽ കിടക്കാം. സി.പിയെ എഴുത്തുകാരനായി പ്രോത്സാഹിപ്പിച്ചതും നിലനിറുത്തിയതും ആർപി യായിരുന്നു.

സിപി. അവിടെ ജീവിതമാരംഭിക്കുന്നു. "ഞാൻ എഴുതാൻ പഠിച്ചത് ആ ചെറിയ മുറിയിൽ വെച്ചായിരുന്നു' സി പി ഓർക്കുന്നു. ഒരു ദിവസം സന്ധ്യക്ക് എടത്തട്ട നാരായണൻ ഫോണിൽ സി.പിയെ വിളിച്ചു. 'നിങ്ങൾ ഈയാഴ്ച 'മാൻ ഓഫ് ദി വീക്ക്' എഴുതണം.' സി പി പരിഭ്രമിച്ചു. പ്രധാനപ്പെട്ട ഫിച്ചർ താൻ എഴുതുകയോ?

'മാൻ ഓഫ് ദി വീക്ക്' ശങ്കേഴ്സ് വീക്കിലിയിലെ ഏറ്റവും പ്രശസ്തമായ പംക്തിയായിരുന്നു. നാനൂറ് വാക്കുകളിൽ ഒരാളെ കുറിച്ച് എഴുതുന്ന വ്യക്തി ചിത്രം.

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
വിനോദ് മേത്ത: എല്ലായ്‌പ്പോഴും വിജയിച്ച എഡിറ്റര്‍

സി പി രണ്ട് മണിക്കൂറെടുത്ത് വെട്ടിയും തിരുത്തിയും എഴുതി. അത് അച്ചടിച്ച് വന്നപ്പോൾ എടത്തട്ട എഴുതിയല്ലെന്ന് ആരും അറിഞ്ഞില്ല. പിന്നീട് സി പി സ്ഥിരമായി എഴുതാൻ തുടങ്ങി. കൂടാതെ ഫ്രീ തിങ്കിങ്ങ് എന്ന മുഖപ്രസംഗവും. 1957 ൽ എടത്തട്ട നാരായണൻ വീക്കിലി വിട്ട് ഫ്രീപ്രസ് ജേർണലിന്റെ എഡിറ്ററായി ബോംബയിലേക്ക് പോയി.

സി പി രാമചന്ദ്രൻ അതോടെ മുഖ്യ എഴുത്തുകാരനായി. 'എന്നെ എഡിറ്ററാക്കിയത് എടത്തട്ട നാരായണനാണ് എന്റെ ജീവത്തിലെ ഏറ്റവും വലിയ കടപ്പാടും നാരായണനോടാണ് ' സി.പി. ഒരഭിമുഖത്തിൽ പറഞ്ഞു.

ശങ്കേഴ്സ് വീക്കിലിയിലെ രചനകളാണ് സി.പി രാമചന്ദ്രൻ എന്ന പത്രപ്രവർത്തകനെ ഡൽഹിയിൽ ശ്രദ്ധേയനാക്കിയത്. ഒരു സംഭവം എഴുതുമ്പോൾ ഒരേ സമയത്ത് ഒന്നിലധികം മാനങ്ങൾ സൃഷ്ടിക്കുക. പരസ്പര ബന്ധമില്ലാത്ത വസ്തുതകളിൽ നിന്ന് വിശകലനം ചെയ്ത് ഒരു പാറ്റേൺ സൃഷ്ടിക്കുക ഇതായിരുന്നു സി പിയുടെ എഴുത്ത്. മനോഹരമായ ഭാഷയിലെഴുതാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പരന്ന വായനയും ഇംഗ്ലിഷ് ഭാഷയുള്ള പരിജ്ഞാനവും എഴുതുന്നതെല്ലാം നാടകീയമാക്കാൻ സി പിക്കു കഴിഞ്ഞു.

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
എം പി നാരായണപിള്ളയെന്ന നാണപ്പൻ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്

സിപി എഴുതിയ ലേഖനങ്ങൾ വായിച്ചാൽ വായനക്കാരന് വ്യത്യസ്തമായ ഉൾക്കാഴ്ച ലഭിക്കുന്നു. അക്കാലത്തെ മറ്റ് പത്രക്കാരിൽ നിന്ന് സി പിയെ വ്യത്യസ്തനാക്കിയത് ഇതൊക്കെയായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ശങ്കേഴ്സ് വീക്കിലി പ്രസിദ്ധീകരണം അവസാനിപ്പിക്കുകയാണെന്ന് ഹിന്ദുസ്ഥാൻ ടൈംസിലൂടെ ലോകത്തെ അറിയിച്ചത് സി പിയായിരുന്നു. ആ ലക്കത്തിൽ സി.പി. അടിയന്തരാവസ്ഥയെ നിശിതമായി വിമർശിച്ച് കൊണ്ട് അവസാന എഡിറ്റോറിയൽ എഴുതി 'എകാധിപത്യത്തിൽ ജനം ചിരിക്കേണ്ട'.

1960 ൽ സി പി ഹിന്ദുസ്ഥാൻ ടൈംസിൽ ജോലിയിൽ പ്രവേശിക്കുന്നു.. വിഖ്യാതനായ എസ്. മുൾഗോക്കറായിരുന്നു എഡിറ്റർ. ഇന്ത്യൻ മേഖലയിലേക്ക് ചൈനീസ് അധിനിവേശമുണ്ടായപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ തേജ്പ്പൂരിലേക്ക് പോയ സി പിയെ ടെലിഗ്രാം അടിച്ച് ഡൽഹിലേക്ക് തിരിച്ചു വിളിച്ചു. കാരണം പറഞ്ഞത് കമ്യൂണിസ്റ്റ് കാരനായ പത്രപ്രവർത്തകൻ അതിർത്തിയിൽ ഉള്ളത് sequrity hazard ആണെന്ന് ഇൻഫോർമേഷൻ ബ്യൂറോ റിപ്പോർട്ട് നൽകി.

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
ലോകത്തിലെ ഏറ്റവും സുന്ദരമായ പദം 'അമ്മ'

ഹിന്ദുസ്ഥാൻ ടൈംസിലെ 'ലാസ്റ്റ് വീക്ക് ഇൻ പാർലിമെന്റ് ' എറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതിൽ പ്രതൃക്ഷപ്പെടുന്നത് ഒരഗീകാരമായി അന്നത്തെ പാർലിമെന്റ് അംഗങ്ങൾ കരുതിയ കാലം. " ഈ ചെറുപ്പക്കാരൻ ഭാവിയിൽ മികച്ച പാർലിമെന്ററിയനാകുമെന്ന് സംശയം വേണ്ട' അടൽ ബിഹാരി വാജ്പേയിയുടെ ലോക്സഭയിലെ ആദ്യ പ്രസംഗത്തെക്കുറിച്ച് 'ലാസ്റ്റ് വീക്ക് ഇൻ പാർലമെന്റ്' ൽ സി പി എഴുതി. അറുപതുകളിൽ ലണ്ടനിൽ നിന്ന് ഇറങ്ങിയിരുന്ന 'ഒബ്സർവർ ' സി പി. ഒരു പംക്തി എഴുതിയിരുന്നു. ഒരു തിരുത്തു പോലുമില്ലാതെ ആ ലേഖനങ്ങൾ അതിൽ അച്ചടിച്ചു വരുമായിരുന്നു. അതിന്റെ എഡിറ്റർക്ക് സിപിയുടെ ഭാഷയിലും ശൈലിയിലും അത്രയ്ക്കു മതിപ്പായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയ സംഭവ വികാസങ്ങള വിശകലനം ചെയ്ത് 'ഒബ്സർവറിൽ ' എഴുതിയ പംക്തി വായിച്ച വി കെ കൃഷ്ണ മേനോൻ സി പിയോട് പറഞ്ഞു. 'ഇന്ത്യയെ വിദേശത്ത് താഴ്ത്തിക്കെട്ടാൻ വേണ്ടതെല്ലാം പത്ര ലേഖകന്മാർ ചെയ്യുന്നുണ്ട്.. നിങ്ങൾക്ക് അതിന്റെ ആവശ്യമില്ല.' അത് വരെ താൻ കാണാത്ത ഒരു വസ്തുത കൃഷ്ണനോന്റെ അഭിപ്രായത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞ സി പി ആ പംക്തി അതോടെ നിറുത്തി. ബുദ്ധിപരമായ സത്യസന്ധത തന്റെ പത്രപ്രവർത്തനത്തിൽ സി പി എന്നും കാത്തു സൂക്ഷിച്ചിരുന്നു.

കൃഷ്ണ മേനോനുമായി സൗഹാർദത്തിലായിരുന്നു സി പി. എഡ്ഗാർ സ്നോയുടെ പ്രശസ്തമായ ' Red Star Over China ' ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ചയുടൻ 'സെഞ്ചറി ' വാരികയിൽ റെവ്യൂവിനായ് അയച്ചു. പുസ്തകം വന്നപ്പോൾ സി.പി കൃഷ്ണമേനോന്റെ അടുത്തുണ്ടായിരുന്നു. 'സെഞ്ചറിയിലുള്ളവർക്കൊന്നും ഇത് വായിച്ചാൽ മനസിലാവില്ല. ഇത് ഞാൻ റിവ്യൂ ചെയ്യാം ' എന്ന് പറഞ്ഞു സി പി ആ പുസ്തകം കൊണ്ട് പോയി. കൃഷ്ണമേനോൻ പലതവണ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഒടുവിൽ പുസ്തകവുമില്ല റിവ്യൂവുമില്ല എന്നതിൽ അവസാനിച്ചു.

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
എസ് മുള്‍ഗോക്കര്‍: പത്രപ്രവര്‍ത്തനത്തിലെ വേറിട്ട മുഖം

1969തിൽ ബി ജി വർഗീസ് ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്ററായി. സി.പി രാമചന്ദ്രന് ഒട്ടും ബോധിച്ച എഡിറ്ററായിരുന്നില്ല അദ്ദേഹം. മലയാളികളായ ഇരുവർക്കിടയിൽ പൊതുവായ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ. ബി ജി വർഗീസ് ജനിച്ചത് ബർമ്മയിൽ, സി പി പഠിച്ചത് ബർമ്മയിൽ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇൻഫോർമേഷൻ ഓഫീസറായിരുന്നതിലാകാം വലതു പക്ഷക്കാരനായ ബി ജി. വർഗീസിനെ കുറിച്ച് എഡിറ്റർ എന്ന നിലയിൽ സി പിക്ക് മതിപ്പില്ലായിരുന്നു. സിപിയുടെ മുൻ വിധിയാകാം ഇതിനു കാരണം.

ബി ജി വർഗീസിനെ കുറിച്ച് പത്രയുടമ രാംനാഥ് ഗോയിങ്ക പറഞ്ഞത് ഇങ്ങനെ' I wanted an editor, But I got a pope'. തന്റെ ജോലിക്കാരെ കുറിച്ച് അര നല്ല വാക്ക് പറയാത്ത ഗോയിങ്കയാണ് ഇത് പറഞ്ഞതെന്നോർക്കണം. ബി ജി വർഗീസ് 1982 മുതൽ 1986 വരെ ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്ററായിരുന്നു.

ഇന്ദിരാഗാന്ധി സിക്കിമിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർത്ത നടപടിയെ വിമർശിച്ചു കൊണ്ട് ബി ജി ഹിന്ദുസ്ഥാൻ ടൈംസിലെഴുതിയ ' കാഞ്ചൻ ഗംഗ ഞങ്ങൾ വരുന്നു.' എന്ന എഡിറ്റോറിയൽ അച്ചടിച്ച് വന്നത് ഇന്ദിരാഗാന്ധിയേയും കോൺഗ്രസുകാരേയും ക്ഷുഭിദരാക്കി. അതോടെ പത്രയുടമയായ കെ കെ ബിർള ബി.ജി. വർഗീസിനെ എഡിറ്റർ പദവിയിൽ നിന്ന് നീക്കം ചെയ്തു. ഇന്ദിരാ ഗാന്ധിയോട് ആലോചിക്കാതെ കെ.കെ. ബിർള എഡിറ്റർ നിയമനങ്ങൾ നടത്താറില്ലെന്നൊരാരോപണം ഡൽഹിയിലെ പത്രലോകത്ത് അക്കാലത്ത് പ്രചരിച്ചിരുന്നു.

ബി.ജി. വർഗീസാകട്ടെ ഇന്ദിരാ ഗാന്ധിയുടെ ഇൻഫോർമേഷൻ ഓഫീസറായിക്കെയാണ് ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്ററാവുന്നത്.

ബി.ജി.വർഗീസിനെ എഡിറ്റർ സ്ഥാനത്തു നിന്ന് പുറത്താക്കിയത് പത്രലോകത്ത്

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
ലണ്ടനിൽ എലിസബത്തിന്റെ കിരീട ധാരണം; എവറസ്റ്റിൽ ബ്രിട്ടന്റെ പട്ടാഭിഷേകം

വൻ കോളിളക്കം സൃഷ്ടിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ഒരു പത്രയുടമ തന്റെ എഡിറ്ററെ പുറത്താക്കുന്ന ആദ്യ സംഭവം. മാദ്ധ്യമങ്ങളിൽ ഇത് പരക്കെ ചർച്ചയായി.

ഇതിനെ പരിഹസിച്ച് വന്ന ഒരു കാർട്ടൂണിന്റെ തലവാചകം ശ്രദ്ധേയമായിരുന്നു.

' Mrs Gandhi Admired; Verghese hired.

Mrs Gandhi tired ; Verghese Fired!'

ബി.ജി. വർഗീസ് എന്ന എഡിറ്ററുടെ അഭിമാനം സംരക്ഷിക്കാൻ ഹിന്ദുസ്ഥാൻ ടൈംസ് എപ്ലോയേഴ്സിന് വേണ്ടി സി.പി. രംഗത്തിറങ്ങി. ഇതിനെ ചോദ്യം ചെയ്ത് ആദ്യം പ്രസ് കൗൺസിലിനും പിന്നീട് കോടതിയിലും പോയി. വർഗീസിനെതിരെയുള്ള നടപടികൾ സ്‌റ്റേ ചെയപ്പെട്ടു.

ഹിന്ദുസ്ഥാൻ ടൈംസ് ഇതിനെതിരെ ഹൈക്കോടതിയിൽ പോയി. 19ാം വകുപ്പ് എഡിറ്റർക്ക് പ്രത്യേക സ്വാതന്ത്യമൊന്നും നൽകുന്നില്ലെന്നും. അഭിപ്രായ സ്വാതന്ത്യം എഡിറ്ററെ മാറ്റാനുള്ള മാനേജ്മെന്റ് സ്വാതന്ത്ര്യം കൂടിയാണെന്നും ബിർള വാദിച്ചു. കോടതിയതഗീകരിച്ചില്ല.

പത്രത്തിന്റെ നയം നിശ്ചയിക്കാനും എഡിറ്ററെ നിയമിക്കാനും ഉടമക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഉള്ളടക്കം നിശ്ചയിക്കാനുള്ള അവകാശം എഡിറ്റർക്കാണെന്ന് കോടതി വിധിച്ചു. ബിർളയുടെ ഹർജി തള്ളിയെന്ന് മാത്രമല്ല സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള അനുമതിയും നിഷേധിച്ചു. കോടതി അങ്ങനെ പ്രസ് കൗൺസിൽ തീരുമാനം അംഗീകരിച്ചു. എഡിറ്ററുടെ അഭിമാനം സംരക്ഷിച്ച ചരിത്ര പ്രധാനമായ വിധി അന്ന് സി പി രാമചന്ദ്രൻ നേടി. ബി ജി വർഗീസ് എഡിറ്റർ സ്ഥാനത്ത് തുടർന്നു.

പക്ഷേ, വിജയം അൽപ്പായുസ്സായിരുന്നു. 'അടിയന്തരാവസ്ഥ ' പ്രഖ്യാപിച്ചപ്പോൾ പ്രസ് കൗൺസിൽ ഇല്ലാതെയായി. പിറ്റേനാൾ ബി ജി വർഗീസ് ഹിന്ദുസ്ഥാൻ ടൈംസിന്റെ ഓഫീസിലെ കോറിഡോർ ഇറങ്ങി വരുമ്പോൾ ഒരു പ്യൂൺ ഒരു പേപ്പർ വർഗീസിന് കൊടുത്തു.' ഡിസ്മിസൽ ഓഡർ'. അങ്ങനെ ബി ജി വർഗീസ് പുറത്തായി. 'കോറിഡോർ ഡിസ്മിസൽ' എന്നാണ് ഒരു പത്രം ഇതിനെ വിശേഷിപ്പിച്ചത്. (പടിക്ക് പുറത്ത് ! അഥവാ, കടക്ക് പുറത്ത്!). പത്രയുടമ ബിർളയെ കോടതി കേറ്റിയ സി പി ഹിന്ദുസ്ഥാൻ ടൈംസിൽ തുടർന്നും 12 വർഷം ജോലി ചെയ്തു. എന്ന അൽഭുതമാണ് ഈ കേസിന്റെ ബാക്കിപത്രം.

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
ഫ്രീ പ്രസ്സ് ജേർണലിലെ എ ബി നായരും ബാൽതാക്കറെയും പിന്നെ കാമ്പിശ്ശേരിയും!

1974 ൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം പ്രസിദ്ധീകരണത്തിന്റെ 50ാം വർഷം ആഘോഷിച്ചപ്പോൾ പത്രത്തിന്റെ ചരിത്രം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. സി പിയായിരുന്നു എഴുതിയത്. മനോഹരമായ ഭാഷയിൽ സി പി എഴുതിയതിൽ കൗതുകരമായ പല കഥകളുമുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഹിന്ദുസ്ഥാൻ ടൈംസിന്റെ ആദ്യത്തെ ലണ്ടൻ ലേഖകൻ വി കെ കൃഷ്ണ മേനോനാണെന്ന് ഡൽഹിയിലെ പത്രക്കാർ പോലും അറിയുന്നത്.

എഡ്വിന മൗണ്ട്ബാറ്റൻ ഹിന്ദുസ്ഥാൻ ടൈംസിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് വാർത്തയിലല്ല. 'പോണ്ട്സ് ഫെയ്സ് ക്രീമിന്റെ 'മോഡലായാണ്. മൗണ്ട് ബാറ്റൻ ഇന്ത്യയെ കുറിച്ച് അന്ന് കേട്ടിട്ടു പോലുമില്ല. സി പി ചരിത്രത്തെ തന്റെ നർമ്മം ചാലിച്ചെഴുതി. പക്ഷേ, സി പിയെഴുതിയ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഈ ചരിത്രം ഒരിക്കലും വെളിച്ചം കണ്ടില്ല.

ഒരിക്കൽക്കൂടി ഒരു പത്രത്തിന്റെ ചരിത്രമെഴുതാൻ സി പിക്ക് ക്ഷണം വന്നു. ശതാബ്ദി ആഘോഷിക്കുന്ന മലയാള മനോരമ ദിനപത്രത്തിന്റെ ചരിത്രം ഇംഗ്ലീഷിലെഴുതാൻ. ആദ്യം സി പി തയ്യാറായെങ്കിലും പിന്നീട് നിരസിച്ചു. 1986 ൽ ഹിന്ദുസ്ഥാൻ ടൈംസിൽ നിന്ന് വിരമിച്ച്. ഡൽഹി വിട്ട് പറളിയിൽ സഹോദരിയുടെ വീടായ 'ശ്രീരാഗ' ത്തിൽ സി പി തന്റെ സായാഹ്ന ജീവിതമാരംഭിച്ചു. കെ എം പണിക്കർ, പോത്തൻ ജോസഫ്, എടത്തട്ട നാരായണൻ ബി ജി വർഗീസ് എന്നീ പ്രശസ്‌തരായ മലയാളികൾ ഡൽഹിയിലെ ദിനപത്രങ്ങളിൽ എഡിറ്റർമാരായപ്പോൾ. നിർഭാഗ്യവശാൽ സി പി രാമചന്ദ്രൻ അതായില്ല. കാരണം. എന്തായിരിക്കാം ?

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
അപ്പന്‍ തമ്പുരാന്റെ 'ഭൂതരായര്‍'ക്ക് നൂറ് വയസ്

അത് വ്യക്തമായി പറഞ്ഞത് സി പിയെ കുറിച്ച് ഏറ്റവും നല്ല വിശകലനം നടത്തിയ എം പി നാരായണ പിള്ളയെന്ന നാണപ്പനായിരുന്നു. സി പി രാമചന്ദ്രന്റെ മരുമകൻ. നാണപ്പന്റെ വീക്ഷണത്തിൽ 'സ്വയം ഒരു പത്രാധിപരാകാനുള്ള ക്ഷമയും പ്രതിപക്ഷ ബഹുമാനവും സി പി. രാമചന്ദ്രന് ഒരിക്കലും ഉണ്ടായിരുന്നില്ല.'

1963 ൽ സി പി രാമചന്ദ്രൻ പാറ്റ്നയിലെ' 'സർച്ച് 'ലൈറ്റിന്റെ' എഡിറ്ററായിരുന്നു. കുറച്ചു ദിവസം മാത്രം. സി പി അത് ഉപേക്ഷിച്ച് ഡൽഹിയിൽ തിരിച്ചെത്തി. ഒരു എഡിറ്ററുടെ ക്യാബിനിൽ ഇരുന്ന് പത്രമോഫിസ് നിയന്ത്രിക്കാനുള്ള സെൽഫ് ഡിസിപ്ലിൻ സിപിക്കില്ലായിരുന്നു.

പറളിയിൽ ഒന്നുമെഴുതാതെ സി പി കഴിഞ്ഞു കൂടി. അതൊരു അൽഭുതമായിരുന്നു. കാൽ നൂറ്റാണ്ട് കാലം പ്രതിദിനം രണ്ട് പെഗ് അടിക്കുകയും രണ്ട് പേജ് എഴുതുകയും ചെയ്യുന്ന ഒരു പത്രപ്രവർത്തകൻ ഒന്നുമെഴുതാതെയിരിക്കുക. മനസിൽ എന്തൊക്കെയോ പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും ആരോടും പറഞ്ഞില്ല. പത്രപ്രവർത്തകനുള്ള അംഗീകാരമോ പുരസ്ക്കാരമോ ഒരിക്കലും സിപിയെ തേടി വന്നില്ല. എഴുതിയ ലേഖനങ്ങളൊന്നും സമാഹരിച്ച് പ്രസിദ്ധീകരിക്കാനും കഴിഞ്ഞില്ല.

പറളി വിട്ട് എവിടെയും പോയില്ല.

ആത്മകഥ മനസിൽ ഉണ്ടെങ്കിലും എഴുതിയില്ല. എഴുതുന്ന വാക്കുകളിലെ സത്യസന്ധതയെ മാനിച്ചിരുന്നതിനാൽ എല്ലാം എഴുതാനാവില്ല എന്ന തിരിച്ചറിവിൽ മായ്ച്ചു കളയുകയായിരുന്നു.

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
വൈക്കം സത്യഗ്രഹ ശതാബ്ദി വേളയിൽ മറക്കാമോ ബാരിസ്റ്റർ ജോർജ് ജോസഫിനെ!

1958 ൽ കലാകാരിയും എഴുത്തുകാരിയുമായ ജലബാല വൈദ്യയെ സി.പി. വിവാഹം കഴിച്ചു. ആറു വർഷത്തിന് ശേഷം വിവാഹ മോചിതനായി. രണ്ട് കുട്ടികൾ. മകൾ അനസൂയയും 2014 ൽ അന്തരിച്ച മകൻ ജയ് കിൻ. ഈ കഴിഞ്ഞ ഏപ്രിലിൽ ജല ബാല വൈദ്യ അന്തരിച്ചു.

സി പി രാമചന്ദ്രൻ ശങ്കേഴ്സ് വീക്കിലിയിൽ മുമ്പൊരിക്കൽ എഴുതി, 'ധീര കൃത്യങ്ങൾ ഐതിഹാസമാകുന്നത് മനുഷ്യന് അവ തെരഞ്ഞെടുക്കാൻ വേണ്ട സ്വാതന്ത്ര്യം ലബ്ദമാകുമ്പോൾ മാത്രമാണ്.' ആ സ്വാതന്ത്ര്യം ഉണ്ടായിട്ടും സി പി തന്റെ ആത്മകഥയെന്ന ധീരകൃത്യത്തിനായി ഉപയോഗിച്ചില്ല. പകരം തന്റെ ജീവിതം ഒരു വാചകത്തിലൊതുക്കി. 'After all, what is life my friend !

പത്രപ്രവർത്തനത്തിൽ  ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
കാലത്തെ ഭേദിച്ച് പായുന്ന വെടിയുണ്ട

അറുപതുകളിൽ ശങ്കേഴ്സ് വീക്കിലിയിൽ ഒ വി വിജയൻ എഴുതി ' സമകാലീന ഭാരതത്തിലെ നാലോ അഞ്ചോ വലിയ മനുഷ്യരെ ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ സംശയം കൂടാതെ അവരിൽ ഒരുത്തന്റെ പേര് ഞാൻ പറയും - പറളിക്കാരൻ ,

ചിറ്റിനിപ്പാട്ട് പട്ടഞ്ചേരി രാമചന്ദ്രൻ.

logo
The Fourth
www.thefourthnews.in